വില 11.50 ലക്ഷം മുതൽ? ടിയാഗോ ഇവിയെ വിറപ്പിക്കാൻ സിട്രൺ eC3 ഇലക്‌ട്രിക്
ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകൾക്കുള്ള സ്വീകാര്യത ദിനംപ്രതി വർധിച്ചു വരികയാണ്. ടാറ്റയിൽ നിന്നും വിപണിയിൽ എത്തിയ ടിഗോർ ഇവിയും ടിയാഗോ ഇവിയുമെല്ലാം വിപണിയിൽ എത്തിയതോടെ സാധാരണക്കാരനും ഒരു ഇലക്‌ട്രിക് കാർ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടു. വിപണിയിൽ ഇത്തരം കാറുകൾക്കായി ജനം ഇരച്ചെത്തിയപ്പോൾ പല ബ്രാൻഡുകൾക്കും കാഴ്ച്ചക്കാരനാവാൻ മാത്രമാണ് സാധിച്ചത്.
ടാറ്റ മോട്ടോർസിന് നിലവിൽ ശക്തരായ എതിരാളികളൊന്നുമില്ലാത്തതിനാൽ വിപണിയിലെ അതികായകൻമാരായി കമ്പനി കുതിക്കുകയാണ്. അടുത്തിടെ ജനപ്രിയനായ നെക്സോൺ ഇവിയെ വെല്ലുവിളിച്ചുകൊണ്ട് മഹീന്ദ്ര XUV400 പുറത്തിറക്കുകയും ചെയ്‌തു. എന്നാൽ ഇതൊന്നും കണ്ട് ടാറ്റ കുലുങ്ങിയിട്ടില്ലെന്നു വേണം പറയാൻ. പക്ഷേ മറുവശത്ത് മറ്റൊരു എതിരാളി പൊന്തിവരുന്നത് കണ്ട് അൽപം അസസ്ഥരാണ് ടാറ്റ മോട്ടോർസ്. മറ്റാരുമല്ല ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ ഇലക്ട്രിക് രംഗത്തേക്കുള്ള ചുവടുവെപ്പാണ് ടാറ്റയ്ക്ക് തലവേദനയായിരിക്കുന്നത്.

ടിയാഗോ വന്നതിനു പിന്നാലെ eC3 ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്ക് അവതരിപ്പിച്ചുകൊണ്ടാണ് സിട്രൺ ഏവരേയും അമ്പരിപ്പിച്ചത്. വില പ്രഖ്യാപനം മാത്രം ബാക്കി നിൽക്കുമ്പോൾ ഇതിനെ പ്രതിരോധിക്കാൻ ടാറ്റ എന്ത് തന്ത്രം മെനയുമെന്നാണ് ഇനി കണ്ടറിയേണ്ടത്. അതിനിടയ്ക്ക് ഫ്രഞ്ച് ബ്രാൻഡിന്റെ പുതിയ ഇവിയുടെ വില സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. 11.50 ലക്ഷം രൂപ മുതൽ 12.50 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ eC3 വിൽപ്പനയ്ക്ക് എത്തുമെന്നാണ് കാർആൻഡ്ബൈക്ക് പുറത്തുവിട്ടിരിക്കുന്ന വിവരം.
ഫ്രഞ്ച് വാഹന നിർമാതാക്കളിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനമാണിത്. നിലവിലുള്ള പ്രീമിയം ഹാച്ച്ബാക്ക് C3-യുടെ വൈദ്യുത പതിപ്പാണ് സിട്രൺ eC3. നിലവില്‍ രണ്ട് പെട്രോള്‍ എഞ്ചിനുകളില്‍ മാത്രം ഇന്ത്യയില്‍ എത്തിയിട്ടുള്ള മോഡൽ ഇപ്പോൾ കാര്യമായ ചലനങ്ങളൊന്നും വിപണിയിലുണ്ടാക്കിയിട്ടില്ല. എന്നാൽ ഇവി വരുന്നതോടെ കളികളെല്ലാം മാറുമെന്നാണ് വിലയിരുത്തൽ. C3-യുടെ സാധാരണ പെട്രോൾ പതിപ്പിന് 5.98 ലക്ഷം രൂപ മുതൽ 8.25 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

പെട്രോളിനേക്കാൾ 4 ലക്ഷം രൂപ മാത്രമാണ് ഇതിന്റെ ഇലക്ട്രിക് മോഡലിനായി അധികം മുടക്കേണ്ടി വരുന്നത്. കാഴ്ച്ചയിൽ പെട്രോൾ പതിപ്പുമായി കാര്യമായ വ്യത്യാസമില്ലാതെയാണ് eC3 പുറത്തിറങ്ങിയിരിക്കുന്നത്. അതേ ഡിസൈൻ, സ്റ്റൈലിംഗ്, കളർ ഓപ്ഷനുകൾ എന്നിവ ഉൾക്കൊള്ളിച്ചാണ് ഇവിയും ഒരുക്കിയെടുത്തിരിക്കുന്നത്. അകത്തളവും പെട്രോൾ വകഭേദത്തിനോട് സാമ്യമുള്ളതാണ്. എന്നാൽ ചില പുതിയ ഘടകങ്ങളും കൊണ്ടുവന്നത് വ്യത്യസ്‌തമാവാൻ സിട്രൺ ശ്രമിച്ചിട്ടുണ്ട്. അതിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ കുറച്ച് വ്യത്യസ്തമാണെന്നതാണ് എടുത്തു പറയാനാവുന്നത്.
ഇത് ഇലക്ട്രിക് കാർ ഓടിക്കുമ്പോൾ ആവശ്യമായ എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. ചാർജിന്റെ അവസ്ഥയും ശേഷിക്കുന്ന റേഞ്ചും പോലുള്ള നിർണായക വിവരങ്ങളും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ നൽകും. പ്രീമിയം തോന്നിക്കുന്ന ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് വാഹനത്തിന് സമ്മാനിച്ചിരിക്കുന്നത്. 56 bhp കരുത്തിൽ 143 Nm torque ഉത്പാദിപ്പിക്കാൻ പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറിനെ പ്രാപ്തമാക്കുന്ന 29.2 kWh ബാറ്ററി പായ്ക്കിലാണ് eC3 പ്രവർത്തിക്കുന്നത്.

6.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും പുതിയ സിട്രൺ eC3 ഇവിക്കാവും. ഒറ്റ ചാർജിൽ 320 കിലോമീറ്റർ റേഞ്ചാണ് പ്രീമിയം ഇലക്ട്രിക് ഹാച്ച്ബാക്കിൽ കമ്പനി അവകാശപ്പെടുന്നത്. ഇലക്ട്രിക് ഹാച്ച്ബാക്കിന് റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റത്തിനൊപ്പം ഇക്കോ, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളും ഉണ്ടായിരിക്കും. ചാർജിംഗ് സമയത്തെ സംബന്ധിച്ചിടത്തോളം 15amp സോക്കറ്റിൽ പ്ലഗ് ചെയ്യുമ്പോൾ 10 മുതൽ 100 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ ഏകദേശം 10.5 മണിക്കൂർ സമയം വേണ്ടി വരും.
ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ പത്തിൽ നിന്ന് 80 ശതമാനം ചാർജ് ആകാൻ 57 മിനിറ്റ് മാത്രം മതി. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇന്‍സ്റ്റാളേഷനിലും ഉപയോഗത്തിലും വരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് വാള്‍ ബോക്സുകള്‍ക്ക് പകരം 15A സോക്കറ്റ്-ടൈപ്പ് ചാര്‍ജര്‍ ആണ് സിട്രണ്‍ നിര്‍ദേശിക്കുന്നത്. ബാറ്ററി പായ്ക്കിന് ഏഴ് വർഷം അല്ലെങ്കിൽ 1,40,000 കിലോമീറ്റർ വാറണ്ടി, ഇലക്ട്രിക് മോട്ടോറിന് അഞ്ച് വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വാറണ്ടി, വാഹനത്തിന് മൂന്ന് വർഷം അല്ലെങ്കിൽ 1,25,000 കിലോമീറ്റർ വാറണ്ടി എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications