Euler HiLoad EV 4 ലക്ഷം രൂപ വിലയുള്ള 'പെട്ടിഓട്ടോ' പുതിയ ഭാവത്തിൽ യൂലർ ഹൈലോഡ് ഇവി
ഇലക്‌ട്രിക് വാഹന രംഗം ഇന്ത്യയിൽ ചൂടുപിടിക്കുമ്പോൾ ഏറ്റവും കൂടുതൽ വിൽപ്പന ലഭിക്കുന്നത് പാസഞ്ചർ വിഭാഗത്തിലാണ്. എന്തിന് കമ്പനികൾ പോലും കൂടുതലും മുൻഗണ കൊടുക്കുന്നത് കാറുകൾക്കും ടൂവീലറുകൾക്കുമാണ്. എന്നാൽ മറുവശത്ത് വാണിജ്യ വാഹന രംഗത്തും വൈദ്യുത വിപ്ലവം ശക്തമാണെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്.
ശരിക്കും ഇലക്‌ട്രിക് വാഹന രംഗം വ്യാവസായിക മേഖലക്ക് കൂടുതൽ ഊന്നൽ നൽകേണ്ടത് അനിവാര്യമാണ്. ത്രീവീലർ വിഭാഗത്തിൽ കമ്പനികൾ ഇവി മോഡലുകൾക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട്. പാസഞ്ചർ ഓട്ടോറിക്ഷകൾ എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. പക്ഷേ വാണിജ്യ ആവശ്യങ്ങൾക്കായുള്ള, അതായത് സാധനങ്ങളും മറ്റ് ലോഡുകളുമെല്ലാം കയറ്റാൻ കഴിവുള്ള ഇലക്ട്രിക് മുചക്ര വാഹനങ്ങൾക്ക് ഇന്ത്യയിൽ ഇതുവരെ കാര്യമായ പ്രചാരം ലഭിച്ചിട്ടില്ല. പല പ്രമുഖ ബ്രാൻഡുകൾ ഇതിൽ നിന്നും വിട്ടുനിൽക്കുന്നതാണ് പ്രധാന കാര്യം.

എന്നാൽ ചില സ്റ്റാർട്ടപ്പ് കമ്പനികൾ ഈ വിഭാഗത്തിലേക്ക് ഇറങ്ങിയിരിക്കുന്നത് കൂടുതൽ ഉണവേർകും. വാണിജ്യ ഇവി രംഗത്തെ പ്രമുഖരായ യൂലർ മോട്ടോർസ് സെഗ്‌മെന്റിലെ ഏറ്റവും വലിയ ബാറ്ററി പായ്ക്കും ഉയർന്ന റേഞ്ചുമുള്ള ഹൈലോഡ് E3W മോഡലിന്റെ പുതുക്കിയ 2023 മോഡൽ പുറത്തിറക്കിയിരിക്കുകയാണിപ്പോൾ. മുമ്പത്തെ 12.4 kWh ബാറ്ററി പായ്ക്കിനെ അപേക്ഷിച്ച് 2023 പതിപ്പിന് 12.96 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നുവെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
ഹൈലോഡ് ഇവിയുടെ പുതിയ പതിപ്പിന് ARAI സാക്ഷ്യപ്പെടുത്തിയ 170 കിലോമീറ്റർ റേഞ്ച് ഉണ്ടെന്നും ഇത് മുൻ പതിപ്പിനേക്കാൾ 20 കിലോമീറ്റർ കൂടുതലാണെന്നും യൂലർ മോട്ടോർസ് അവകാശപ്പെടുന്നു. പേപ്പറിലെ കണക്കുകളാണിത് എങ്കിലും യഥാർഥ സാഹചര്യങ്ങളിൽ വാഹനം 100 മുതൽ 120 കിലോമീറ്റർ വരെ റേഞ്ച് എങ്കിലും നൽകുമെന്ന ഉറപ്പും കമ്പനി നൽകുന്നുണ്ട്. ഇവി ബ്രാൻഡ് ഹൈ-ലോഡ് ഇലക്ട്രിക് മോഡലിന്റെ പേലോഡ് കപ്പാസിറ്റി 30 ശതമാനം വരെ വർധിപ്പിച്ച് 688 കിലോഗ്രാം ആയി ഉയർത്തുകയും ചെയ്‌തു.

ആയതിനാൽ ഉപഭോക്താക്കൾക്ക് വരുമാനത്തിൽ 30 പോയിന്റ് വർധനവ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയിലെ മറ്റേതൊരു ത്രീ-വീലർ കാർഗോ മോഡലിനേക്കാളും 30 ശതമാനം കൂടുതൽ വരുമാനമാണ് പുതിയ ഹൈലോഡ് E3W ഇവിക്ക് നൽകാനാവുമെന്നാണ് യൂലർ മോട്ടോർസ് പറയുന്നത്. ഏത് തരത്തിലുള്ള പേലോഡും വഹിക്കുന്നതിനായാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. ഇനി ഡിസൈനിലേക്ക് നോക്കിയാലും ആളൊരു സുന്ദരൻ തന്നെയാണ്.
ഡിസൈൻ അപ്‌ഗ്രേഡുകളുടെ കാര്യത്തിൽ എക്സ്റ്റീരിയർ ഡിസൈൻ ഇപ്പോൾ ഷാർപ്പർ സ്റ്റൈലിംഗ് ഉപയോഗിച്ച് കമ്പനി പുതുക്കുകയുണ്ടായി. വിശാലമായ വിൻഡ്‌ഷീൽഡും സ്ലൈഡർ വിൻഡോകളും പുതിയ ഹാലൊജൻ ഹെഡ്‌ലാമ്പ് യൂണിറ്റുകളും ഒപ്റ്റിമൈസ് ചെയ്ത ക്യാബിൻ എർഗണോമിക്‌സും ഇപ്പോൾ വാഹനത്തിൽ ചേർത്തിരിക്കുന്നുവെന്നത് ആളുകളെ ആകർഷിക്കാൻ സഹായിക്കുന്ന കാര്യമാണ്. ഹൈലോഡ് ഇവിക്ക് 200 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകൾ, ഒരു ഇൻഡിപെൻഡൻ്റ് ആക്‌സിൽ, മികച്ച റോഡ് ഗ്രിപ്പുള്ള വലിപ്പം കൂടിയ ടയറുകൾ എന്നിവയും യൂലർ വാഗ്ദാനം ചെയ്യുന്നു.

മികച്ച സസ്പെൻഷനും സ്റ്റിയറിംഗ് നിയന്ത്രണവും ഈ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നുവെന്നത് ഡ്രൈവിംഗിൽ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. പേലോഡ് കപ്പാസിറ്റിയിൽ വർധനവുണ്ടായിട്ടും 2023 ഹൈലോഡ് ഇവിക്ക് മുൻ പതിപ്പിനേക്കാൾ 30 കിലോ ഭാരം കുറവാണെന്നതും അതിശയിപ്പിക്കുന്ന കാര്യമാണ്. പബ്ലിക് ചാർജിംഗ് കോംപാറ്റിബിലിറ്റി, റിമോട്ട് ഇമോബിലൈസേഷൻ തുടങ്ങിയ നിർണായക സോഫ്റ്റ്‌വെയർ ഫീച്ചറുകൾ ഇവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.
പേറ്റന്റ് ലിക്വിഡ് കൂളിംഗും DC ഫാസ്റ്റ് ചാർജിംഗുമുള്ള ഇവിയുടെ 13 kWh ബാറ്ററി പായ്ക്ക് ഇപ്പോൾ AIS 156 ഭേദഗതി III ഘട്ടം 2 മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നുണ്ട്. ഹൈലോഡ് PV, ഹൈലോഡ് DV, ഹൈലോഡ് HD എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായിരിക്കും ഇലക്ട്രിക് വാണിജ്യ വാഹനം വിപണിയിലെത്തുക. 2023 മോഡൽ ഹൈലോഡ് ഇവി സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വാഹനം ഇപ്പോൾ ബുക്ക് ചെയ്യാനാവും.
പുതിയ മോഡലിന്റെ വിലകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നിലവിലുണ്ടായിരുന്ന മോഡലിന് 3.78 ലക്ഷം മുതൽ 4.03 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. സാധാരണ ഡീസൽ, സിഎൻജി മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വില അൽപം കൂടുതലാണെങ്കിലും മെയിന്റനെൻസ്, ഇന്ധന ചെലവുകൾ എന്നിവ നോക്കുമ്പോൾ തികച്ചും യൂലർ ഇവി തികച്ചും ലാഭകരമാണ്. നിലവിൽ മോഡലിന്റെ നിർമാണം ഹരിയാനയിലെ പ്ലാവാളിലുള്ള അത്യാധുനിക നിർമാണ കേന്ദ്രത്തിലാണ് നടക്കുന്നത്. 24 സാമ്പത്തിക വർഷത്തിൽ 6000 യൂണിറ്റുകൾ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








