ഇനി 'ഹൈനസ്' അർബാനിയ; ഉദയ്‌പൂർ രാജകുടുംബത്തിലേക്ക് ഫോഴ്‌സിന്റെ പ്രീമിയം വാൻ
ഇന്ത്യയിലെ ഏറ്റവും വലിയ വാൻ നിർമാതാക്കളായ ഫോഴ്‌സ് മോട്ടോർസിനെ അറിയാത്തവരായി ആരും തന്നെ കാണില്ല. ട്രാവലർ എന്ന ഒറ്റ മോഡൽ മതി ബ്രാൻഡിന്റെ ലെവലറിയാൻ. ആംബുലന്‍സായും ടൂറിസ്റ്റ് വാഹനങ്ങളായും നിരത്തുകൾ നിറഞ്ഞോടുന്ന മോഡലിന് ധാരാളം ആരാധകരും നമുക്കിടയിലുണ്ട്. അടുത്തിടെ ഫോഴ്‌സ് വിപണിയിൽ അവതരിപ്പിച്ച മറ്റൊരു താരമാണ് അർബാനിയ.
ട്രാവലറിന്റെ കൂടുതൽ ലക്ഷ്വറി പതിപ്പെന്ന് വേണമെങ്കിൽ ഇതിനെ നമുക്ക് വിശേഷിപ്പിക്കാം. 28.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ വിപണിയിൽ അവതരിപ്പിച്ച അർബാനിയയുടെ ഔദ്യോഗിക ഡെലിവറികൾ രാജകീയമായി ആരംഭിച്ചിരിക്കുകയാണ് ഫോഴ്‌സ് മോട്ടോർസ്. ഉദയ്പൂരിലെ രാജകുടുംബത്തിന് വാഹനം കൈമാറിയാണ് തുടക്കം. ലക്ഷ്യരാജ് സിംഗ് മേവാർ ആണ് അർബാനിയ വാങ്ങിയിരിക്കുന്നത്. മേവാറിലെ രാജകുടുംബം രണ്ട് ഫോഴ്‌സ് അർബാനിയ വാഹനങ്ങളാണ് തങ്ങളുടെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് പ്രീമിയം യാത്രാനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫോഴ്‌സ് മോട്ടോർസ് അർബാനിയ എന്ന പേരിൽ ഒരു പ്രത്യേക സബ് ബ്രാൻഡ് രൂപീകരിച്ചിരിക്കുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ഇത് T1N എന്ന രഹസ്യനാമം നൽകി ഇലക്ട്രിക് രൂപത്തിലും വാഹനത്തെ കമ്പനി അന്ന് പ്രദർശിപ്പിച്ചിരുന്നു. മുൻവശത്ത് ഫോഴ്‌സ് ലോഗോ ഷെഡ് ചെയ്യുന്നത് കമ്പനിയെ ഒരു പ്രത്യേക ഐഡന്റിറ്റി രൂപപ്പെടുത്താൻ സഹായിക്കുന്നുണ്ട്. പ്രീമിയം വാഹനമെന്നല്ല, വേള്‍ഡ് ക്ലാസ് മോഡലെന്നാണ് ഇതിനെ കമ്പനി വിശേഷിപ്പിക്കുന്നതു തന്നെ.
അത്യാഡംബര കാരാവാനുകള്‍ക്ക് സമാനമായാണ് അര്‍ബാനിയ ഒരുങ്ങിയെത്തിയിരിക്കുന്നത്. ഇറ്റാലിയന്‍ വിദഗ്ധരുടെ കരവിരുതിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ യൂറോപ്യൻ വാൻ ഡിസൈനാണ് ഇതിന് ലഭിക്കുന്നത്. ആദ്യ കാഴ്ച്ചയിൽ ആരായാലും ഒന്നു നോക്കി നിന്നു പോവുമെന്ന് ചുരുക്കം. എൽഇഡി ഡിആർഎല്ലകൾ, ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, സീൽ ചെയ്ത ഗ്ലാസ് പാനലുകൾ, ട്രിപ്പിൾ എസി സിസ്റ്റം, റിക്ലൈനിംഗ് സീറ്റുകൾ, വ്യക്തിഗത എസി വെന്റുകൾ, വ്യക്തിഗത യുഎസ്ബി പോർട്ടുകൾ എന്നിവ ഇതിന് പ്രീമിയം ഫീലാണ് നൽകുന്നത്.

തീരുന്നില്ല, ഡ്രൈവറിന് ടിൽറ്റ്, ടെലിസ്‌കോപിക് സ്റ്റിയറിംഗ് അഡ്‌ജസ്റ്റ്മെന്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവയും മറ്റും വരെ ലഭിക്കുന്നുണ്ട്. മോഡുലാർ മോണോകോക്ക് പാനൽ വാൻ പ്ലാറ്റ്ഫോം,ഹിൽ ഹോൾഡ് അസിസ്റ്റ്, ESP, ABS, EBD, ETDC, ഓൾ വീൽ വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയവയും മോഡലിന്റെ പ്രത്യേകതകളാണ്.
ഡ്രൈവർ, കോ-ഡ്രൈവർ എയർബാഗ് എന്നിവയും ഇതിലുണ്ട്. ക്രാഷ്, റോൾഓവർ, കാൽനട സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിൽ അർബാനിയ പ്രത്യേകം ശ്രദ്ധകൊടുത്തിട്ടുമുണ്ട്. ഈ വാഹനം, തന്നെപ്പോലുള്ള ആറടി ഉയരമുള്ള ഒരാളെ യാതൊരു പ്രശ്‌നവുമില്ലാതെ ഉള്ളിൽ നിൽക്കാൻ അനുവദിക്കുന്നതെല്ലാം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ലക്ഷ്യരാജ് സിംഗ് മേവാർ പറഞ്ഞു. രാജകുടുംബത്തിലെ അതിഥികൾക്കും സുഹൃത്തുക്കൾക്കും സഞ്ചരിക്കാനാണ് അർബാനിയ വാനുകൾ ഹിസ് ഹൈനസ് വാങ്ങിയിരിക്കുന്നത്.

ഉദയ്പൂരിലെ റോയൽ സിറ്റി പാലസിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്ന് വിശിഷ്ടാതിഥികളെ എത്തിക്കുകയാണ് ഈ വാനുകളുടെ ചുമതല. യഥാർഥ ലോകോത്തര വാഹനങ്ങൾ നിർമിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളുമായി ഫോഴ്‌സ് മോട്ടോർസിന്റെ അർബാനിയ എന്ന പേര് പ്രതിധ്വനിക്കുന്നുവെന്നും ലക്ഷ്യരാജ് സിംഗ് വാഹനത്തെ പുകഴ്ത്തി. ഷോര്‍ട്ട്, മീഡിയം, ലോങ്ങ് എന്നീ മൂന്ന് വീല്‍ബേസുകളിലാണ് വാഹനം തെരഞ്ഞെടുക്കാനാവുന്നത്. അതായത് ഇത് 10, 13, 17 സീറ്റിംഗ് ഓപ്ഷനിൽ തെരഞ്ഞെടുക്കാനാവുമെന്ന് സാരം.
മിഡിൽ ഈസ്റ്റ്, ആസിയാൻ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത വിപണികളിൽ ഫോഴ്‌സ് അർബാനിയ വിൽപ്പനയ്ക്ക് ലഭ്യമാകും. 29.50 ലക്ഷം, 28.99 ലക്ഷം, 31.25 ലക്ഷം രൂപ എന്നിങ്ങനെയാണ് ഫോഴ്‌സ് അർബാനിയയ്ക്ക് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. മെർസിഡീസ് ബെൻസിന്റെ 2.6 ലിറ്റർ CR ED TCIC ഡീസൽ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്. ഇത് 113 bhp കരുത്തിൽ പരമാവധി 350 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








