പരീക്ഷണത്തിനിറങ്ങി 40 കി.മീ. മൈലേജുള്ള മാരുതി കാർ, ഇന്ത്യക്കാരെ കൊതിപ്പിച്ച് പുത്തൻ സ്വിഫ്റ്റ്
ഹാച്ച്ബാക്ക് എന്നു കേൾക്കുമ്പോഴേ മനസിലേക്ക് ഓടിയെത്തുന്ന ആദ്യപേരുകളിൽ ഒന്നായിരിക്കാം മാരുതി സുസുക്കി സ്വിഫ്റ്റിന്റേത്. കാലംകുറേയായിട്ടും ഇന്നും രാജ്യത്ത് ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന കാറാണിത്. പെർഫോമൻസ് കാറെന്ന ഖ്യാതി പണ്ടേയുണ്ടായിരുന്ന മോഡലിന് സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും അത്യുഗ്രൻ ഡിമാന്റാണുള്ളത്. സ്വിഫ്റ്റിന്റെ 2013 മോഡലിന് പോലും 4 ലക്ഷം രൂപയ്ക്ക് മുകളിലാണ് മാർക്കറ്റ് വില.
ഏകദേശം 2 പതിറ്റാണ്ടുകളായി നമുക്ക് സുപരിചിതയമായ ഈ കാർ വിശ്വാസത്തിന്റെയും പെർഫോമൻസിന്റെയും റിഫൈൻമെന്റിന്റെയും പ്രതീകം കൂടിയാണ്. മിനി കൂപ്പർ പോലുള്ള രൂപവും, മികച്ച ഇന്റീരിയറും, ഡ്രൈവിംഗ് ഹാൻഡിലിംഗ് മികവ് എന്നിവയെല്ലാമാണ് സ്വിഫ്റ്റിന്റെ വിജയ രഹസ്യം. ഇന്ന് മൂന്നാംതലമുറ ആവർത്തിനത്തിലുള്ള മാരുതി സ്വിഫ്റ്റ് നാലാംതലമുറയിലേക്ക് ചേക്കേറാൻ പോവുന്ന വിവരം ഇതിനോടകം ഏവരും അറിഞ്ഞ കാര്യമാണ്.

പുത്തൻ മോഡലിനെ അടിമുടി പരിഷ്ക്കാരത്തോടെ സുസുക്കി കഴിഞ്ഞ ദിവസം ജപ്പാൻ മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു. സ്‌പോർടി അപ്പീൽ, യൂത്ത്‌ഫുൾ ഡിസൈൻ എന്നിവയെല്ലാം കോർത്തിണക്കിയെത്തുന്ന വാഹനത്തിനായുള്ള കാത്തിരിപ്പിലാണ് നമ്മൾ ഇന്ത്യക്കാരും. അടുത്ത വർഷം എന്തായാലും പുതുതലമുറ സ്വിഫ്റ്റ് ഇന്ത്യയിലും പിറവിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിന്റെ ഭാഗമായിതാ പുത്തൻ ഹാച്ച്ബാക്കിന്റെ പരീക്ഷണയോട്ടം നമ്മുടെ നിരത്തുകളിലും ആരംഭിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ടോക്കിയോ മോട്ടോർ ഷോയിൽ അരങ്ങേറ്റം കുറിച്ച പുതിയ സ്വിഫ്റ്റിൽ നമ്മൾ കണ്ട എല്ലാ മാറ്റങ്ങളും പരീക്ഷണയോട്ടത്തിനിറക്കിയ മോഡലിലും കാണാനാവുന്നുണ്ട്. മുൻവശത്തേക്ക് നോക്കിയാൽ ആകർഷകമായ രൂപം നൽകുന്നതിനായി ഒരു ക്ലാംഷെൽ ബോണറ്റ്, ആംഗ്രിയർ ഗ്രില്ലുള്ള പുതിയ ഗ്രിൽ, സ്പോർട്ടിയർ ബമ്പർ എന്നിവയാണ് കാറിലേക്ക് എത്തിയിരിക്കുന്നത്.

ലൈറ്റിംഗിലും കൗതുകകരമായ കാര്യങ്ങൾ കാണാനാവും. രസകരമായ എൽഇഡി ഡിആർഎൽ പാറ്റേണുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ ശരിക്കും സ്വിഫ്റ്റിലേക്ക് പുതുരൂപം ആവാഹിക്കാൻ ഏറെ സഹായകരമായിട്ടുണ്ട്. ലോവർ ബമ്പർ ഇപ്പോൾ വിടർന്ന പുഞ്ചിരിയോടെയുള്ള മുൻവശമാണ് ഹാച്ച്ബാക്കിന് സമ്മാനിക്കുന്നത്. രണ്ട് വശങ്ങളിലായും ഫോഗ് ലൈറ്റുകളും ഇടംപിടിച്ചിട്ടുണ്ട്. മൊത്തത്തിൽ പണ്ടുമുതലേ പിന്തുടർന്നു പോരുന്ന മിനി കൂപ്പറിന്റെ ശൈലി ന്യൂ-ജെൻ പതിപ്പിലും കാണാം.
പുതിയ സ്റ്റൈലിലുള്ള അലോയ് വീലുകൾ, ക്യാമറകളുള്ള ബ്ലാക്ക്ഡ്-ഔട്ട് ORVM-കൾ, കറുത്ത നിറത്തിലുള്ള റൂഫും പില്ലറുകളും, ഡോർ പാനലുകൾക്ക് കുറുകെ പ്രവർത്തിക്കുന്ന ക്യാരക്‌ടർ ലൈനുകളും സ്വിഫ്റ്റിന് സ്പോർട്ടിനെസ് സമ്മാനിക്കുന്നു. നിലവിലെ സ്വിഫ്റ്റിൽ നിന്ന് വ്യത്യസ്തമായി പിൻവശത്തെ ഡോർ ഹാൻഡിലുകൾ പരമ്പരാഗത സ്ഥലത്തേക്ക് വീണ്ടും പുനസ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്.

ഇനി അകത്തളത്തിലേക്ക് കയറിയാൽ ഞെട്ടിപ്പോവുന്ന പ്രീമിയം ഫീൽ തരുന്ന ഇന്റീരിയറായിരിക്കും സ്വിഫ്റ്റിനുണ്ടാവുക. പുനർരൂപകൽപ്പന ചെയ്ത ഡാഷ്ബോർഡിനെയും സെന്റർ കൺസോളിന്റെയും രൂപത്തിൽ അടിസ്ഥാന മാറ്റങ്ങൾ എത്തുമ്പോൾ ഹെഡ്‌സ്-അപ്പ്-ഡിസ്പ്ലേ (HUD), വലിയ 9 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 6 എയർബാഗുകൾ എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകളാൽ വാഹനം സമ്പന്നമായിരിക്കും.
ടോഗിൾ-സ്റ്റൈൽ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ പാനൽ ബലേനോയിൽ നിന്ന് കടമെടുത്തേക്കും. പഴയ വൃത്താകൃതിയിലുള്ള ഡയലുകൾക്ക് പകരം സ്‌പോർട്ടിയായി തോന്നുന്ന ഇന്റഗ്രേറ്റഡ് ഡിസ്‌പ്ലേകളും ഉപയോഗിക്കും. അങ്ങനെ മൊത്തത്തിൽ മാറുന്ന ഇന്റീരിയറിനേക്കാൾ ആളുകൾ കാത്തിരിക്കുന്നത് എഞ്ചിൻ ഓപ്ഷനിലേക്കാണ്. 48V സെൽഫ് ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് 3-സിലിണ്ടർ Z-സീരീസ് 1.2 ലിറ്റർ NA പെട്രോൾ എഞ്ചിൻ നാലാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.

ഈ എഞ്ചിൻ ഉപയോഗിച്ചുള്ള മൈലേജ് ലിറ്ററിന് 40 കി.മീ വരെ ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അങ്ങനെയെങ്കിൽ കാർ സ്വന്തമാക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്വിഫ്റ്റ്, ഡിസയർ മോഡലുകൾക്ക് ഹൈബ്രിഡ് എഞ്ചിൻ ഉണ്ടാവുമെന്നാണ് സൂചന. ഹാച്ച്ബാക്കിന് ശേഷം ഡിയർ കോംപാക്‌ട് സെഡാനും ഇന്ത്യയിലെത്തും.
ഇതോടൊപ്പം 1.2 ലിറ്റർ K12 പെട്രോൾ എഞ്ചിനും സ്വിഫ്റ്റിന്റെ ബേസ് മോഡലുകളിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്. ഇന്ധനക്ഷമത എല്ലാക്കാലത്തും ഇന്ത്യൻ വിപണിയിൽ ഒരു സുപ്രധാന ഘടകമായതിനാൽ സംഭവം ഹിറ്റാവുമെന്ന് ഉറപ്പാണ്. ഇതിനെല്ലാം ആക്രണമാത്മകമായി വില നിർണയം നടത്തേണ്ടതുമുണ്ടെന്ന കാര്യം മാരുതിയെ ആരും പ്രത്യേകം പഠിപ്പിക്കേണ്ടതില്ലല്ലോ. എന്തായാലും അടുത്ത വർഷം പുത്തൻ സ്വിഫ്റ്റ് ഇന്ത്യൻ നിരത്തുകളിൽ ഓടിത്തിമിർക്കാൻ എത്തുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications