യൂറോപ്പിൽ നിന്നൊരു 'സൂപ്പർബ്' കാർ, സ്കോഡയുടെ ഷോറൂം നിറയ്ക്കാൻ വരുന്ന സെഡാൻ പൊളിയാണ്
ഇന്ത്യൻ വിപണിയിൽ നിന്നും അടുത്തിടെ പിൻവാങ്ങിയെങ്കിലും ഏറെ ഫാൻസുള്ള സ്കോഡയുടെ ഒരു കാറായിരുന്നു സൂപ്പർബ് എന്ന പ്രീമിയം എക്‌സിക്യൂട്ടീവ് സെഡാൻ. രാജ്യത്തെ പല ആഡംബര കാറുകൾക്കും സമ്മാനിക്കാവാത്തത്ര രാജകീയ യാത്രയാണ് ഈ സെഡാൻ വാഗ്‌ദാനം ചെയ്‌തിരുന്നത്. പുതിയ മലിനീകരണ ചട്ടങ്ങൾ കാരണം പിൻവാങ്ങിയ മോഡൽ പുതുതലമുറയിലേക്ക് ആവാഹിക്കപ്പെടുകയാണ് ഇപ്പോൾ.
ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ നവംബർ രണ്ടിന് പുതുപുത്തൻ സൂപ്പർബ് പ്രീമിയം സെഡാനെ വിപണിയിൽ അവതരിപ്പിക്കും. അകവും പുറവും അടിമുടി പൊളിച്ചെഴുതിക്കൊണ്ടാണ് വാഹനത്തിന്റെ ഇനിയുള്ള വരവ്. ഇന്റീരിയർ, ഫീച്ചറുകൾ, എഞ്ചിൻ തുടങ്ങി എല്ലാ പുതിയ സെഡാനെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഹൈപ്പ് കൂട്ടാനും സ്കോഡയ്ക്ക് സാധിച്ചിട്ടുണ്ട്.

പുതിയ സൂപ്പർബ് ഒരു എസ്റ്റേറ്റ് മോഡലായും വിദേശ വിപണികളിൽ എത്തുമെങ്കിലും ഇന്ത്യയിൽ സെഡാനായെങ്കിലും തിരികെയെത്തുമോ എന്ന കാത്തിരിപ്പിലാണ് ഇന്ത്യക്കാർ. പുതിയ സ്‌കോഡ സൂപ്പർബിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങളും പരിഷ്ക്കാരങ്ങളുമെല്ലാം നമുക്കൊന്ന് നോക്കിയാലോ? ജർമൻ ബ്രാൻഡുകളിൽ നിന്നുള്ള ലക്ഷ്വറി കാറുകളേക്കാൾ കേമനായി എത്തുന്ന സെഡാൻ എന്തുകൊണ്ടും നല്ലൊരു ചോയ്‌സായിരിക്കും.
സൂപ്പർബ് അതിന്റെ മുൻഗാമിയുമായി ഏറ്റവും സാമ്യമുള്ള ഒരു വശം അതിന്റെ സ്‌റ്റൈലിംഗിൽ ആയിരിക്കും. ടീസർ ചിത്രങ്ങൾ സ്‌കോഡയുടെ സിഗ്നേച്ചർ ക്രിസ്റ്റലിൻ ഘടകങ്ങളുള്ള ചെറിയ ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും, പുതുക്കിയ ഗ്രില്ലും ബമ്പറുകളുമെല്ലാം പരിഷ്ക്കാരത്തിന് വിധേയമായിട്ടുണ്ടെങ്കിലും മൊത്തത്തിലുള്ള രൂപവും ക്യാരക്ടർ ലൈനുകളും ഗ്ലാസ് ഹൗസുമെല്ലാം അതേപടി നിലനിർത്തിയിട്ടുണ്ടെന്ന് വേണം പറയാൻ.

എങ്കിലും പുതുരൂപം ആവാഹിക്കുന്നതിൽ സ്കോഡ വിജയിച്ചിട്ടുണ്ട്. വലിപ്പത്തിലേക്ക് നോക്കിയാൽ പുതിയ സൂപ്പർബിന് 4,912 മില്ലീമീറ്റർ നീളവും 1,849 മില്ലീമീറ്റർ വീതിയും 1,481 മില്ലീമീറ്റർ ഉയരവും 2,841 മില്ലീമീറ്റർ വീൽബേസുമുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇത് മുൻഗാമിയെ അപേക്ഷിച്ച് 43 mm നീളവും 12 mm ഉയരവും കൂടുതലുണ്ടെങ്കിലും വീതി 15 mm ചെറുതാണ്. അതേസമയം വീൽബേസ് മാറ്റമില്ലാതെ മുമ്പോട്ടു കൊണ്ടുപോവാനാണ് സ്കോഡ ശ്രമിച്ചിട്ടുള്ളത്.
ഇന്റീരിയർ മൂന്നാം തലമുറ സൂപ്പർബിൽ നിന്ന് പൂർണമായും വ്യതിചലിച്ചിട്ടുണ്ടെന്നു വേണം പറയാൻ. കൊഡിയാക് എസ്‌യുവിയിൽ നിന്നുള്ള വലിയ 12.9 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീനാണ് ഡാഷ്ബോർഡിൽ ആധിപത്യം പുലർത്തുന്നത്. കൂടാതെ ഡാഷ്‌ബോർഡിന് വുഡ്, ലെതർ ഉൾപ്പെടുത്തലുകളുള്ള ലേയേർഡ് ഡിസൈനുമുണ്ട്. വെർട്ടിക്കൽ ഡാഷ്‌ബോർഡ് ഇൻലേകൾ കൊണ്ട് മറച്ചിരിക്കുന്ന എസി വെന്റുകൾ പ്രീമിയം ഫീലാണ് സെഡാനിലേക്ക് കൊണ്ടുവരുന്നത്.

അതേസമയം രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ ഇവിടെ ഇന്ത്യയിൽ ലഭ്യമായ മോഡലുകളിൽ നിന്ന് പരിചിതമാണ്. പുതിയ സൂപ്പർബിന് സ്റ്റിയറിംഗ് കോളം മൗണ്ടഡ് ഡ്രൈവ് സെലക്ടറും ഉണ്ടായിരിക്കും. എസി വെന്റുകൾക്ക് താഴെയായി മാറാവുന്ന മൂന്ന് റോട്ടറി നോബുകൾ ഉണ്ട്, അത് താപനില, ബ്ലോവർ വേഗത, സീറ്റ് വെന്റിലേഷൻ, എയർ ദിശ, ഡ്രൈവ് മോഡുകൾ എന്നിവ പോലെ എല്ലാത്തരം പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു.
പുതിയ സൂപ്പർബിന് ADAS ഫീച്ചറുകളുടെ അകമ്പടിയുമുണ്ടായിരിക്കുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. രണ്ട് പെട്രോൾ, രണ്ട് ഡീസൽ, ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് എന്നിവ ഉൾപ്പെടുന്ന എഞ്ചിൻ ഓപ്ഷനുകളായിരിക്കും പുതിയ സൂപ്പർബിന് തുടിപ്പേകാൻ എത്തുക. ശേഷി കൂടിയ പെട്രോൾ യൂണിറ്റിൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കും. സെഡാന്റെ ഹൈബ്രിഡ് മോഡലുകൾക്ക് 100 കിലോമീറ്റർ ഇലക്ട്രിക് റേഞ്ചും ഉണ്ടാകുമെന്നാണ് ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്.

നാലാം തലമുറ സൂപ്പർബ് അടുത്ത വർഷം തുടക്കത്തോടെ വിദേശ വിപണികളിൽ വിൽപ്പനയ്‌ക്കെത്തും. പക്ഷേ ഉടനടിയിത് ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയ്ക്ക് പദ്ധതികളൊന്നുമില്ല. പകരം പരിമിതമായ അളവിൽ പൂർണമായ ഇറക്കുമതി എന്ന നിലയിൽ സൂപ്പർബിന്റെ നിലവിലെ പതിപ്പിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ കമ്പനിന താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇത്തവണ ഏറ്റവും പുതിയ എമിഷൻ ചട്ടങ്ങൾ പാലിക്കുന്നതിനായി കാറിന്റെ എഞ്ചിനെല്ലാം സ്കോഡ പരിഷ്ക്കരിക്കുമെന്ന് വേണം കരുതാൻ. ഈ രംഗത്ത് കൂടുതൽ വികസനം ഉണ്ടായിട്ടില്ലെങ്കിലും നാലാം തലമുറ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തുന്നതുവരെ ഇത് വിൽപ്പനയിൽ തുടരാനും സാധ്യതയുണ്ട്. നിലവിൽ ഈ സെഗ്മെന്റിൽ മോഡലുകളൊന്നുമില്ലെങ്കിലും ബിഎംഡബ്ല്യു, മെർസിഡീസ് ബെൻസ്, ഔഡി പോലുള്ള ബ്രാൻഡുകളുടെ എൻട്രി ലെവൽ കാറുകളുമായാവും സ്കോഡ സൂപ്പർബ് മത്സരിക്കുക.


Click it and Unblock the Notifications








