ഇനി ഞെക്കണ്ട, ടച്ച് മതി; ഫുൾ ടച്ച് കൺട്രോളുമായി ടാറ്റ നെക്സോൺ
എസ്‌യുവികളെ (SUV) ഇന്ത്യയിൽ ഇത്രയും ജനപ്രിയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച മോഡലുകളിൽ ഒന്നാണ് ടാറ്റ നെക്സോൺ (Tata Nexon). നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനവും ഇതുതന്നെയാണ്. 2020-ൽ ഫെയ്‌സ്‌ലിഫ്റ്റ് വന്നതോടെയാണ് ടാറ്റയുടെ വണ്ടിക്ക് ഇത്രയും ഫാൻസ് ഉണ്ടായതെന്നു വേണം പറയാൻ.
ദേ ഇപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ നെക്സോണിന് ഒരു പുതുതലമുറ ആവർത്തനം വരികയാണ്. നേരത്തെ കുറവുകളൊന്നും അധികം ചൂണ്ടിക്കാണിക്കാൻ ഇല്ലായിരുന്നുവെങ്കിലും ഇത്തവണത്തെ വരവിൽ ചില കിടിലൻ പരിഷ്ക്കാരങ്ങളോടെയാവും ടാറ്റയുടെ ചുണക്കുട്ടൻ പിറവിയെടുക്കുക. കോംപാക്‌ട് സെഗ്മെന്റിന് പുറമെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ നിന്നുള്ള മത്സരത്തെയും മുന്നിൽ കണ്ടാണ് ടാറ്റ മോട്ടോർസ് രണ്ടാംതലമുറ നെക്സോണിനെ ഒരുക്കുന്നത്.

2023 ഓഗസ്റ്റിൽ പുതുതലമുറ നെക്സോണിനെ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വാഹനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തുവരികയാണ്. ഏറ്റവും പുതിയ ഡിസൈൻ പേറ്റന്റ് ലീക്കുകൾ കർവ് കൺസെപ്റ്റ് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചില വിവരങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ഇന്റീരിയറിൽ സമഗ്രമായ പരിഷ്ക്കാരങ്ങളാണ് ടാറ്റ മോട്ടോർസ് കൊണ്ടുവരുന്നത്.
പുതിയ ടു-സ്‌പോക്ക്, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവയ്ക്ക് പുറമെ പുത്തൻ നെക്സോണിൽ കർവ് കൺസെപ്റ്റിൽ കാറിൽ നിന്നുമുള്ള ടച്ച് അധിഷ്‌ഠിത എയർ കണ്ടീഷനിംഗ് കൺട്രോളുകളും ഉണ്ടാവുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് HVAC കൺട്രോളുകളുള്ള ഒരു പുതിയ പാനൽ ലഭിക്കുമെന്നും മറ്റ് ചില ഫംഗ്‌ഷനുകൾക്കൊപ്പം ഇത് എയർ-കോൺ വെന്റുകൾക്ക് കീഴിലായി സ്ഥാപിക്കുനമെന്നും ഡിസൈൻ പേറ്റന്റ് ചിത്രങ്ങളും വെളിപ്പെടുത്തുന്നുണ്ട്.

ഈ പാനൽ നെക്സോണിന്റെ സെന്റർ കൺസോളിലേക്ക് സംയോജിപ്പിക്കും. കൂടുതൽ പ്രായോഗികമാക്കുന്നതിന് ഫാൻ സ്പീഡിനും ടെംപ്രേച്ചർ നിയന്ത്രണത്തിനുമായി രണ്ട് ഫിസിക്കൽ ടോഗിളുകളും ടാറ്റ അവതരിപ്പിക്കും. ഈ ടോഗിൾ സ്വിച്ചുകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഹാപ്‌റ്റിക് ടച്ച് കൺട്രോളുകളിലൂടെ ഇക്കോ മോഡ്, സ്‌പോർട്ട് മോഡ്, ഹസാർഡ് ലാമ്പ്, ഫ്രണ്ട് ആൻഡ് റിയർ ഫോഗ് ലാമ്പ്, ബൂട്ട് റിലീസ്, ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ്, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ എന്നിവ പ്രവർത്തിപ്പിക്കാനുമാവും.
എക്സ്പ്രസ് കൂൾ, എയർ റീസർക്കുലേഷൻ, ഫ്രണ്ട്, റിയർ ഡീഫോഗർ തുടങ്ങിയ ക്ലൈമറ്റ് കൺട്രോൾ സംവിധാനത്തിന് മാത്രമാണ് ലോവർ കൺട്രോളുകൾ ഉപയോഗിക്കുക. ഈ പുതിയ പാനൽ ടാറ്റയുടെ പ്രീമിയം കാറുകളായ ഹാരിയറിലേക്കും സഫാരിയിലേക്കും പിന്നീട് എത്തിയേക്കാം. ഇതുകൂടാതെ പുതിയ 10.25 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കർവിൽ കൺസെപ്റ്റിൽ കണ്ട ഇൻസ്പേർഡ് ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും അതിലേറെയും നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറിലേക്ക് വന്നെത്തും.

സാധാരണയായി മെർസിഡീസ് ബെൻസ് പോലുള്ള പ്രീമിയം ബ്രാൻഡുകളിൽ കാണപ്പെടുന്നൊരു സവിശേഷതകളാണിത്. കൂടാതെ വാഹനമോടിക്കുമ്പോൾ ട്രാൻസ്മിഷൻ അപ്‌ഷിഫ്റ്റ് ചെയ്യാനോ ഡൗൺഷിഫ്റ്റ് ചെയ്യാനോ അനുവദിക്കുന്ന പാഡിൽ ഷിഫ്റ്ററുകളും നെക്സോണിന് പ്രീമിയം ഫീൽ നൽകും. ഇന്റീരിയറിലെ ഈ കിടിലൻ മാറ്റങ്ങൾക്ക് പുറമെ ഡിസൈനിലും അടിപൊളി പരിഷ്ക്കാരങ്ങൾ തന്നെ പ്രതീക്ഷിക്കാം. മുൻവശവും പിൻവശവുമെല്ലാം കമ്പനി ഉടച്ചുതന്നെ വാർക്കും.
2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച പുതിയ 1.2 ലിറ്റർ tGDi എഞ്ചിൻ രാനിരിക്കുന്ന നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം അരങ്ങേറും. ഇതിന് 125 bhp കരുത്തിൽ പരമാവധി 225 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ സ്റ്റാൻഡേർഡായി വരുമ്പോൾ ഓട്ടോമാറ്റിക് പ്രേമികൾക്കായി ഒരു പുതിയ DCT ട്രാൻസ്മിഷനും ടാറ്റ ഒരുക്കിയേക്കാം. ടാറ്റ ആൾട്രോസിൽ കാണുന്നതിന് സമാനമായ ഒന്നാണിത്.
നിലവിലുള്ള 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ കമ്പനി അതേപടി നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും അടുത്തിടെ പുറത്തുവന്ന വാർത്തകൾ പ്രകാരം ടാറ്റ ഡീസൽ എഞ്ചിനോട് വിടപറയാനുള്ള ഒരുക്കത്തിലാണ്. എന്തായാലും നിലവിലെ ഓയിൽ ബർണർ യൂണിറ്റിന് 115 bhp പവറിൽ 260 Nm torque വരെ നൽകാനാവും. സിഎൻജി ഓപ്ഷൻ നെക്സോണിലേക്ക് എത്തുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ട കാര്യം.


Click it and Unblock the Notifications