ഒത്തിരി വേരിയന്റുകളും ഓപ്ഷനുകളും! സാധാരണക്കാരിലേക്ക് ഇറങ്ങിചെല്ലാൻ പുത്തൻ ഹോണ്ട സിറ്റി
എസ്‌യുവികൾക്കിടയിൽ പ്രതാപം നഷ്‌ടപ്പെട്ട സെഡാൻ മോഡലുകളെ ഇപ്പോഴും പിടിച്ചു നിർത്തുന്നത് ഹോണ്ട സിറ്റി പോലുള്ള ഇതിഹാസങ്ങളാണെന്ന് നിസംശയം പറയാം. കഴിഞ്ഞു പോയ നല്ലകാലം വീണ്ടും തിരികെ വരുമെന്ന പ്രതീക്ഷയിൽ ഹ്യുണ്ടായി വെർണയും സിറ്റിയും എല്ലാം പുതിയ വേഷമണിഞ്ഞ് എത്തുകയാണ്.
രണ്ട് മോഡലുകളും 2023 മാർച്ച് മാസത്തിൽ വിപണിയിൽ എത്തുമ്പോൾ വലിയ മത്സരമാവും സെഗ്മെന്റ് സാക്ഷ്യംവഹിക്കുക. പുതിയ സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ മാറ്റങ്ങൾ എടുത്തു കാണിക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. കാര്യമായ പരിഷ്ക്കാരങ്ങളൊന്നും കാഴ്ച്ചയിൽ പറയാനില്ലെങ്കിലും മിനുങ്ങിയെത്തുന്നത് ഒരു പുത്തൻ കാറിന്റെ ഫീൽ നൽകാൻ സഹായകരമാവും. പുതിയ സിറ്റിയുടെ വേരിയന്റുകൾ, ഫീച്ചറുകൾ, കളർ ഓപ്ഷനുകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്കറിയാം.

ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് സെഡാൻ ഇപ്പോൾ ബുക്ക് ചെയ്യാനും അവസരമുണ്ട്. മുകളിൽ പറഞ്ഞതുപോലെ വ്യത്യസ്‌തമായ 9 വേരിയന്റുകളിൽ അണിഞ്ഞൊരുങ്ങിയാവും വാഹനം നിരത്തിലേക്ക് എത്തുക. ഇതിൽ ഒരു പുതിയ എൻട്രി ലെവൽ SV പതിപ്പും ഉണ്ടാകുമെന്നതാണ് ശ്രദ്ധേയം. ഇത് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂവെന്നാണ് വിവരം. ഡീസൽ എഞ്ചിൻ ഉപേക്ഷിക്കുന്നതിനാൽ പെട്രോൾ, പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് ഹൃദയവുമായാവും വാഹനം നിരത്തിലേക്ക് എത്തുക.
ജനപ്രിയമായ സിറ്റിയുടെ ഡീസൽ എഞ്ചിൻ പടിയിറങ്ങുന്നത് വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന കാര്യം കണ്ടറിയാം. പുതിയ സിറ്റി പെട്രോൾ വേഷത്തിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി ലഭിക്കുന്ന SV, V, VX, ZX എന്നീ നാല് വകഭേദങ്ങളിൽ ലഭ്യമാകും. കൂടാതെ, V, VX, ZX വേരിയന്റുകളിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ലഭിക്കും. സെഡാന്റെ പെട്രോൾ മോഡലുകൾക്ക് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ ADAS ഫീച്ചറുകളും ഇത്തവണയുണ്ടാകുമെന്നത് വലിയ തരംഗമായേക്കും.

സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉയർന്ന വകഭേദങ്ങളിൽ ആറ് എയർബാഗുകൾ, ഔട്ട്സൈഡ് റിയർ വ്യൂ മിററിൽ ഘടിപ്പിച്ച ലെയ്ൻ-വാച്ച് ക്യാമറകൾ, മൾട്ടി ആംഗിൾ റിയർ വ്യൂ ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TMPS), വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുള്ള പിൻ സീറ്റുകൾ എന്നിവയുമായാവും വിപണിയിലേക്ക് ഇറങ്ങുക. ഡീസൽ പടിയറങ്ങുന്നതോടെ രണ്ട് പെട്രോൾ എഞ്ചിനുകളാവും കാറിന് തുടിപ്പേകുക.
അതിൽ ആദ്യത്തെ 1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 121 bhp കരുത്തിൽ പരമാവധി 145 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഗിയർബോക്‌സ് ഓപ്ഷന്റെ കാര്യത്തിൽ അഞ്ചു സ്പീഡ് മാനുവലും ഒരു സിവിടി ഓട്ടോമാറ്റിക് യൂണിറ്റുമായിരിക്കും ഇനിയും തെരഞ്ഞെടുക്കാനാവുക. രണ്ടാമത്തെ ഹൈബ്രിഡ് ടെക്നോടുകൂടിയ 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ എഞ്ചിന് 126 bhp പവറിൽ 253 Nm torque വരെയും നൽകാനാവും.

ഹൈബ്രിഡ് സജ്ജീകരണത്തോടെ എത്തുമ്പോൾ ഒരു eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സ്റ്റാർട്ട്/സ്റ്റോപ്പ് അവസ്ഥകളിൽ മുൻഗണനയുള്ള ഇലക്ട്രിക്-ഒൺലി മോഡും ലഭിക്കും. സിറ്റി ഹൈബ്രിഡ് 26.5 കിലോമീറ്റർ മൈലേജും 1,000 കി.മീ. റേഞ്ചും നൽകുമെന്ന് പറയുമ്പോൾ പെട്രോൾ പതിപ്പ് 18.4 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. വരാനിരിക്കുന്ന റിയൽ ഡ്രൈവിംഗ് എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ട് എഞ്ചിനിൽ ചില പരിഷ്ക്കാരങ്ങളും ഹോണ്ട നടപ്പിലാക്കിയേക്കും.
നിലവിലെ എതിരാളികളായ ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്‌കോഡ സ്ലാവിയ എന്നിവയിൽ നിന്ന് മാത്രമല്ല മാർച്ച് 21-ന് വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും പുതിയ ഹ്യുണ്ടായി വെർണയിൽ നിന്നും പുതിയ സിറ്റി ശക്തമായ മത്സരം നേരിടും. എന്നാൽ ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ നേട്ടം വാഹനത്തിനുണ്ടാവും. ജനങ്ങള്‍ സെഡാനെയെല്ലാം വിട്ട് എസ്‌യുവികള്‍ക്ക് പിന്നാലെ പായുമ്പോഴും മാന്യമായ വില്‍പ്പനയുമായി സിറ്റി ഹോണ്ടക്ക് താങ്ങാകുന്നുണ്ട്. പുതിയ അവതാരത്തിലും ഇതേ മികവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








