മാർച്ച് രണ്ടിന് വിപണി ഉണരും, മുഖംമിനുക്കി ഹോണ്ട സിറ്റിയുടെ എഴുന്നള്ളത്ത്
ഇന്ത്യയിൽ ഒരു സ്റ്റാറ്റസ് സിമ്പലായി പലരും കണക്കാക്കുന്ന വാഹനമാണ് ഹോണ്ട സിറ്റി. കൈയിലൊരു സിറ്റിയുണ്ടെങ്കിൽ അതിന്റെ ഗമ ഒന്നു വേറെ തന്നെയാണ്. പെട്രോൾ, ഡീസൽ, സ്ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ പല വേഷത്തിൽ ഈ കേമനെ ഇന്നു സ്വന്തമാക്കാനാവുമെങ്കിലും പണ്ട് പെട്രോളിൽ മാത്രമാണ് ഇവൻ നിരത്തുകളിൽ നിറഞ്ഞു നിന്നത്.
പിന്നീട് ഡീസൽ എത്തിയപ്പോൾ പെട്രോൾ വിറ്റ് ഓയിൽ ബർണർ പതിപ്പ് വരെ സ്വന്തമാക്കിയവർ നമുക്കിടയിലുണ്ടാവും. കാറുകള്‍ക്ക് ഇന്ന് കാണുന്ന സ്വീകാര്യതയൊന്നും കൈവന്നിട്ടില്ലാത്ത തൊണ്ണൂറുകളുടെ അവസാനത്തില്‍ വിപണിയില്‍ എത്തി അഞ്ച് തലമുറകള്‍ പിന്നിട്ട് ഇന്നും തിളങ്ങി നിൽക്കാൻ റേഞ്ച് ഒന്നു വേറെ തന്നെ വേണം. രണ്ടരക്കൊല്ലത്തിന് മുമ്പാണ് ഇന്നു കാണുന്ന സിറ്റി ഇന്ത്യയിൽ അവതരിക്കപ്പെടുന്നത്. ഇപ്പോൾ ചെറുതായൊന്ന് മിനുങ്ങാൻ സമയമായെന്ന് മനസിലക്കിയ ഹോണ്ട സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കൊണ്ടുവരാൻ ഒരുങ്ങുകയാണ്.

ഇന്ത്യൻ വിപണിയിലേക്ക് പുതിയ മോഡൽ വരുന്നുവെന്ന് കേൾക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ തീയതിയൊന്നും ജാപ്പനീസ് വാഹന നിർമാതാക്കൾ പുറത്തുവിട്ടിരുന്നില്ല. എന്നാൽ സർപ്രൈസുകളെല്ലാം മറനീക്കി ജനപ്രിയ മിഡ്-സൈസ് സെഡാനായ ഹോണ്ട സിറ്റി 2023 മാർച്ച് രണ്ടിന് വിപണിയിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി വൃത്തങ്ങൾ. പുത്തൻ മോഡലിനെ വരവേൽക്കാൻ ഡീലർഷിപ്പുകളും ഒരുങ്ങി കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഫെയ്‌സ്‌ലിഫ്റ്റിന്റെ വിലകളും അതേ ദിവസം തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
മിക്ക ഹോണ്ട മിഡ്-ലൈഫ് അപ്‌ഡേറ്റുകൾ പോലെ സിറ്റി ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങൾ വളരെ ചുരുക്കമായിരിക്കും. ഗ്രില്ലിൽ ഒരു പുതുമ എന്തായാലും കാണാനാവും. അതോടൊപ്പം അലോയ് വീലുകൾക്ക് പുതിയ ഡിസൈൻ സമ്മാനിക്കുന്നതിനൊപ്പം പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകളും കമ്പനി പരിചയപ്പെടുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ ഫീച്ചറുകളോടെ സിറ്റി നവീകരിക്കപ്പെടുമെന്ന് ഞങ്ങളുടെ ഡീലർമാരും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇതിന്റെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കൂടാതെ വേരിയന്റ് നിരയിലും പരിഷ്ക്കാരങ്ങൾ ഉണ്ടാവും.

പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ ഹോണ്ട സിറ്റിയിൽ നിന്നും ഐതിഹാസികമായ i-DTEC ഡീസൽ എഞ്ചിൻ പടിയിറങ്ങുന്നത് സങ്കടകരമായ കാഴ്ച്ചയാവും. വരാനിരിക്കുന്ന റിയൽ ഡ്രൈവിംഗ് എമിഷൻ (RDE) മാനദണ്ഡങ്ങൾ കാരണമാണ് കമ്പനി ഇന്ത്യയിൽ നിന്നും ഡീസൽ എഞ്ചിനുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. ഇതിനു പകരമായി ഹൈബ്രിഡ് വേരിയന്റിന് ജാപ്പനീസ് ബ്രാൻഡ് ഊന്നൽ നൽകും. അങ്ങനെ ആദ്യകാലത്തെന്ന പോലെ സിറ്റി പെട്രോൾ മാത്രമുള്ള സെഡാൻ ആയി മാറും.
കാറിലെ നിലവിലെ പെട്രോളും ഹൈബ്രിഡ് എഞ്ചിനുകൾ ആർഡിഇ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം E20 ഇന്ധനം (20 ശതമാനം എഥനോൾ മിശ്രിതം) പാലിക്കുന്ന തരത്തിൽ നവീകരിക്കപ്പെടും. 121 bhp കരുത്തിൽ 145 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 പെട്രോൾ എഞ്ചിൻ ശ്രേണിയിൽ തുടരും. ഇത് ആറു സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ ഇത് തെരഞ്ഞെടുക്കാനാവും.

അതേസമയം പുതുക്കിയ ഹൈബ്രിഡ് എഞ്ചിനും പവർ കണക്കുകളിലൊന്നും മാറ്റമുണ്ടാവില്ല. ഇത് ഇലട്രിക് മോട്ടോറുമായി ജോടിയാക്കി 126 bhp പവറോളം കരുത്ത് ഉത്പാദിപ്പിക്കും. ഇ-സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാവും ഇത് വാങ്ങാനാവുക. നിലവിൽ e:HEV വേരിയന്റ് ഒരൊറ്റ ZX ടോപ്പ് വേരിയന്റിൽ മാത്രമാണ് വിപണിയിലേക്ക് വരുന്നതെങ്കിൽ ഫെയ്‌സ്‌ലിഫ്റ്റ് ഹൈബ്രിഡിന് ഒരു ബേസ് വേരിയന്റും കൂടിയുണ്ടാവുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെ പെട്രോളും ഹൈബ്രിഡും തമ്മിലുള്ള വിടവ് നികത്താനും കമ്പനിക്ക് സാധിക്കും.
സിറ്റി പെട്രോളിന് നിലവിൽ 11.87 ലക്ഷം മുതൽ 15.62 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന് നിലവിലെ മോഡലിനേക്കാൾ ഒരു ലക്ഷം രൂപ വരെ അധികം മുടക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചന. ഇന്ത്യയിലെ സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വെർട്ടിസ്, മാരുതി സുസുക്കി സിയാസ്, വരാനിരിക്കുന്ന പുത്തൻ ഹ്യുണ്ടായി വെർണ തുടങ്ങിയ വമ്പൻമാരുമായി തന്നെയാവും പുതിയ ഹോണ്ട സിറ്റിയുടെ മത്സരവും.


Click it and Unblock the Notifications








