പുലികൾ വാഴുന്ന കാട്ടിലെ നരിയാവാൻ ഹോണ്ടയുടെ എസ്‌യുവി; അരങ്ങേറ്റം ജൂൺ ആറിന്
ഇന്ത്യയിൽ ഏവരും എസ്‌യുവികളുടെ പിന്നാലെ പായുമ്പോൾ ഗ്യാലറിയിൽ ഇരുന്ന് കളികണ്ടിരുന്നവരാണ് ഹോണ്ട (Honda). സിറ്റി (City), അമേസ് (Amaze) എന്നീ സെഡാൻ (Sedan) മോഡലുകളുടെ പിൻബലത്തിൽ മാത്രം ഇത്രയും കാലം മുന്നോട്ടു പോയ കമ്പനി അടവൊന്ന് മാറ്റിപ്പിടിക്കാൻ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്.
എസ്‌യുവി എന്തേ വാരാത്തേയെന്ന ചോദ്യത്തിന് ഉത്തരം പറയാൻ ഹോണ്ട തയാറെടുക്കുകയാണെന്ന് സാരം. പണ്ട് CR-V പോലുള്ള തട്ടുപൊളിപ്പൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ പുറത്തിറക്കിയിരുന്ന ഹോണ്ടയ്ക്ക് ഇതൊന്നും അത്ര പുത്തിരിയുള്ള കാര്യമൊന്നുമല്ല. കൃത്യമായ സമയത്ത് വിപണിയുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാനാവുന്നവരാണ് ഹോണ്ട. എന്തായാലും പുത്തനൊരു എസ്‌യുവിയെ ഇന്ത്യൻ വിപണിക്കായി അണിയറയിൽ ഒരുക്കുന്ന തിരക്കിലായിരുന്നു ബ്രാൻഡ്.

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ വമ്പൻമാർ വാഴുന്ന മിഡ് സൈസ് എസ്‍യുവി സെഗ്മെന്റാണ് ഹോണ്ടയുടെ ഉന്നം. അതിനായുള്ള എല്ലാ തയാറെടുപ്പുകളും ജാപ്പനീസ് ബ്രാൻഡ് പൂർത്തിയാക്കിയതായാണ് വിവരം. 2023 ജൂൺ ആറിന് ന്യൂഡൽഹിയിൽ വെച്ച് ഇന്ത്യക്കായി നിർമിച്ച പുത്തൻ എസ്‌യുവിയുടെ ആഗോള അവതരണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഹോണ്ടയിപ്പോൾ. ഇന്ത്യയ്‌ക്ക് വേണ്ടി നിർമിച്ച മോഡൽ എന്ന ഖ്യാതിയോടെയാണ് കമ്പനി വാഹനത്തെ കൊണ്ടുവരുന്നത് തന്നെ.
വൻപുലികൾ വാഴുന്ന കാട്ടിൽ ഒരു നരിയെങ്കിലുമാവാതെ രക്ഷയില്ലെന്ന് ഹോണ്ടക്ക് നന്നായി അറിയാം. അതിനാൽ വളരെ കരുതിയാണ് കമ്പനിയുടെ നീക്കങ്ങളെല്ലാം. എലിവേറ്റ് എന്ന് പേരിട്ടാവും പുതിയ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുക. പേര് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏറെക്കുറെ ധാരണയായെന്നാണ് സൂചന. വിപണിയിൽ പരാജയപ്പെട്ടുപോയ BR-V-യിൽ നിന്നും ചില പാഠങ്ങളും ഉൾക്കൊണ്ടാണ് പുതിയ മോഡലിനെ പണികഴിപ്പിച്ചിരിക്കുന്നത്. അതായത് യഥാർഥ എസ്‌യുവി ഡിസൈൻ തന്നെയാവും വാഹനത്തിനുണ്ടാവുക. ഇത് പരീക്ഷണ ചിത്രങ്ങളിൽ നിന്നും വ്യക്തവുമായിട്ടുണ്ട്.

വിദേശ വിപണികളിലുള്ള CR-V, HR-V എന്നിവയ്ക്ക് സമാനമായ സ്റ്റൈലിംഗോടെയാവും മിഡ്-സൈസ് എസ്‌യുവി അണിഞ്ഞൊരുങ്ങുക. തായ്‌ലൻഡിൽ നടന്ന ഒരു സ്വകാര്യ പ്രിവ്യൂവിൽ എസ്‌യുവി പ്രദർശിപ്പിച്ചപ്പോൾ ഹോണ്ട ഡീലർമാർ ഈ ഡിസൈനിൽ സന്തുഷ്ടരായിരുന്നുവെന്നാണ് റിപ്പോർട്ട്. മാത്രമല്ല ഈ പുതിയ വാഹനം ഇന്ത്യയിൽ വൻഹിറ്റാവുമെന്ന അഭിപ്രായങ്ങളും ഉയർന്നുവെന്നാണ് വിവരം. ചങ്കി ക്ലാഡിംഗ്, മസ്ക്കുലാർ വീൽ ആർച്ചുകൾ, ധാരാളം ക്രോം എന്നിവയെല്ലാം ഇതിൽ പ്രതീക്ഷിക്കാം.
ലൈറ്റുകളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. അതായത് മുൻവശത്ത് എൽഇഡി ഹെഡ്‌ലാമ്പുകൾക്കൊപ്പമാവും വണ്ടിവരിക. ടെയിൽ-ലൈറ്റുകൾ ഇന്തോനേഷ്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും പുതിയ WR-V പോലുള്ള പുതിയ ഹോണ്ട ഉൽപ്പന്നങ്ങൾക്ക് സമാനമാണ്. ക്രെറ്റ, സെൽറ്റോസ്, ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ, ടൈഗൂൺ, കുഷാഖ് തുടങ്ങിയ കൊലകൊമ്പൻമാർ വാഴുന്ന വിഭാഗത്തിൽ വ്യത്യസ്‌തത നിലനിർത്താൻ ഹോണ്ടയ്ക്ക് സാധിക്കണം. ഇന്ത്യയിൽ പ്രതിമാസം ഈ എസ്‌യുവിയുടെ 8,000 യൂണിറ്റുകൾ നിർമിക്കാനാണ് ഹോണ്ട പദ്ധതിയിടുന്നതും.

ആയതിനാൽ ഹ്യുണ്ടായി ക്രെറ്റ പോലുള്ള വാഹനങ്ങളുടെ മുകളിൽ കമ്പനി വിൽപ്പന പ്രതീക്ഷിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇന്റീരിയർ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതുപുത്തൻ സിറ്റിയിലുള്ള എല്ലാ ആധുനിക ഫീച്ചറുകളും മിഡ്-സൈസ് എസ്‌യുവിയും കടംകൊള്ളും. വലിയ ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളുമെല്ലാം സെഗ്മെന്റിലെ തന്നെ മികച്ചതാവുമെന്നാണ് വിലയിരുത്തൽ. അഞ്ചാം തലമുറയിലുള്ള സിറ്റി സെഡാന്റെ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് പുതിയ മിഡ്-സൈസ് എസ്‌യുവി നിർമിക്കുന്നത്.
അതോടൊപ്പം എഞ്ചിൻ ഓപ്ഷനുകളും പങ്കിടുന്നതിനാൽ കാര്യങ്ങൾ കൂടുതൽ ലളിതമാവും. ഡീസൽ എഞ്ചിൻ ഓപ്ഷനില്ലാത്ത പോരായ്‌മ എങ്ങനെ മറികടക്കുമെന്ന് കണ്ടറിയാം. ഹോണ്ടയുടെ പുതിയ ട്വിൻ ക്യാം 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ എസ്‌യുവിയിൽ ഉണ്ടാവുമോ എന്ന കാര്യവും ഉറപ്പായിട്ടില്ല. ഗിയർബോക്‌സ് ഓപ്‌ഷനുകൾ സിറ്റിയിൽ ഇതിനകം നൽകിയതിന് സമാനമായിരിക്കും. 6-സ്പീഡ് മാനുവലും 1.5-പെട്രോളിന് ഒരു സിവിടി ഓട്ടോമാറ്റിക്കുമാണ് ലഭിക്കുക.

സേഫ്റ്റി പ്രധാന പരിഗണനയായതിനാൽ സിറ്റിയിൽ അവതരിപ്പിച്ച ADAS ഫീച്ചറും ഹോണ്ട എലിവേറ്റിൽ ഇടംപിടിക്കും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് സിസ്റ്റം, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോ ഹൈ ബീം തുടങ്ങിയ ഫീച്ചറുകളാവും ഇതിലുണ്ടാവുക. 6 എയർബാഗുകൾ, ESC, VSM, ഹിൽ ലോഞ്ച് അസിസ്റ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ എന്നിവയും വാഹനത്തിന് അകമ്പടിയേകും.
എതിരാളിയായ ഹ്യുണ്ടായി ക്രെറ്റക്ക് 12 ലക്ഷത്തിനും 19 ലക്ഷത്തിനും ഇടയിലാണ് വില വരുന്നത്. ഇതിനോട് അടുത്ത് വിലയായിരിക്കും പുത്തൻ മിഡ്-സൈസ് എസ്‌യുവിക്കും ഹോണ്ട നിർണയിക്കുക. 2023 ജൂൺ ആറിന് അവതരണം നടക്കുമെങ്കിലും വില പ്രഖ്യാപനവും ലോഞ്ചും എല്ലാം ഉത്സവ സീസണിനോട് അനുബന്ധിച്ചായിരിക്കും നടക്കുക. ഇതിനു പുറമെ WR-V ക്രോസ്ഓവറിന് പകരമായി ഒരു സബ്-4 മീറ്റർ എസ്‌യുവിയെയും പുറത്തിറക്കാനുള്ള പദ്ധതിയും ഹോണ്ടയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications








