സിറ്റിക്കൊത്തെ കിങ്കരൻ! മോഹവിലയിൽ അത്യാഡംബരവുമായി പുതിയ വെർണ വിപണിയിൽ
ഹോണ്ട സിറ്റിയുടെ നീണ്ട ചരിത്രത്തിനും പാരമ്പര്യത്തിനും എതിരെ പോരാടി നിലനിന്നു പോന്ന കിങ്കരനാണ് ഹ്യുണ്ടായി വെർണ. 2006 മുതൽ ജാപ്പനീസ് കാറിനെതിരെ അഞ്ചുതമലുറ ആവർത്തനങ്ങളിലൂടെയാണ് വെർണ പൊരുതിയത്. സാൻട്രോയിലൂടെയും ആക്‌സെന്റിലൂടെയും ഹ്യുണ്ടായി തീർത്ത വിസ്‌മയം ഏറ്റെടുത്താണ് പ്രീമിയം സെഡാൻ ഇന്ത്യയിൽ ഓടിത്തുടങ്ങിയതും.
ഇപ്പോൾ സെഡാനുകൾക്ക് ഇന്ത്യയിൽ കാര്യമായ വിപണിയില്ലെങ്കിലും ആളുകളെ കൈയിലെടുക്കാനുള്ള കിടിലൻ മാറ്റങ്ങളും പരിഷ്ക്കാരങ്ങളുമായി ഹോണ്ട സിറ്റി, സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വെർട്ടസ് പോലുള്ള കിടിലൻ മോഡലുകൾ രംഗത്തുണ്ട്. ഈ നിരയിലേക്ക് അത്യാധുനികമായി പിറവിയെടുത്തിരിക്കുകയാണ് പുതുതലമുറ ഹ്യുണ്ടായി വെർണ. വരവിന് മുമ്പ് തന്നെ ആകാംക്ഷയുണർത്തുന്ന ടീസറുകളുമായി ഈ സി-സെഗ്മെന്റ് സെഡാൻ ഇന്റർനെറ്റ് ലോകത്ത് തിളങ്ങി നിൽക്കുകയായിരുന്നു.

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് വെർണ വിപണിയിൽ എത്തിയിരിക്കുകയാണിപ്പോൾ. എല്ലാ തലമുറകളിലും വാഹനപ്രേമികളുടെ ഹൃദയം കീഴടക്കുന്ന ഈ വാഹനത്തിന്റെ 2023 ആവർത്തവും ആളുകളെ കൈയിലെടുക്കുമെന്ന് ഉറപ്പാണ്. 10.89 ലക്ഷം രൂപ മുതൽ 17.37 ലക്ഷം രൂപ വരെയാണ് പുത്തൻ വെർണയുടെ എക്സ്ഷോറൂം വില വരുന്നത്. പുതിയ ടർബോ പെട്രോൾ എഞ്ചിൻ, ADAS അല്ലെങ്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റം പോലുള്ള കിടിലൻ സജ്ജീകരണങ്ങളുമായാണ് സെഡാന്റെ ഇത്തവണത്തെ വരവ്.
| Hyundai Verna | 1.5L MPi Petrol | 1.5L Turbo GDi Petrol |
| EX 6MT | ₹10,89,900 | - |
| S 6MT | ₹11,95,500 | - |
| SX 6MT | ₹12,98,500 | ₹14,83,500 |
| SX 7DCT | - | ₹16,08,000 |
| SX IVT | ₹14,23,500 | - |
| SX (O) 6MT | ₹14,65,900 | ₹15,98,900 |
| SX (O) 7DCT | - | ₹17,37,900 |
| SX (O) IVT | ₹16,19,500 | - |
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇടത്തരം സെഡാനുകളിൽ ഒന്നാണ് വെർണ. കൃത്യമായ ഇടവേളകളിൽ പരിഷ്ക്കാരങ്ങൾ വാഹനത്തിലേക്ക് കൊണ്ടുവരാൻ ഹ്യുണ്ടായിക്ക് കഴിയുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. പുതുതലമുറ ആവർത്തനത്തിന്റെ വിശേഷങ്ങളിലേക്ക് കടന്നാൽ സാധാരണ ഹ്യുണ്ടായി കാറുകളിൽ കാണുന്ന അതേ ഫാഷൻ തന്നെയാണ് വെർണയുടെ പുതുതലമുറ ആവർത്തനവും മുന്നോട്ടുകൊണ്ടുപോവുന്നത്. മുൻഗാമികളുമായി താരതമ്യപ്പെടുത്താനെ സാധിക്കാത്ത സൗന്ദര്യമാണ് കാറിന് ഇത്തവണയുള്ളത്. ക്രെറ്റയെ പോലെ വളഞ്ഞ ആകൃതിയാണ് മോഡൽ പിന്തുരടർന്നിരിക്കുന്നത്.

പുറംഭാഗം ഏറ്റവും പുതിയ സെൻസ്യൂസ് സ്‌പോർട്ടിനസ് തത്വശാസ്ത്രം പിന്തുടരുന്നു. കൂടാതെ ആഗോള തലത്തിലുള്ള എലാൻട്ര, സൊനാറ്റ സെഡാനുകളിൽ നിന്ന് ധാരാളം പ്രചോദനം ഉൾക്കൊണ്ടാണ് വെർണയെ ദക്ഷിണ കൊറിയൻ ബ്രാൻഡ് മെനഞ്ഞെടുത്തിരിക്കുന്നത്. പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകൾക്ക് മുകളിൽ പ്രവർത്തിക്കുന്ന വിശാലവും മെലിഞ്ഞതുമായ എൽഇഡി സ്ട്രിപ്പാണ് പ്രധാന ആകർഷണം. ഇതോടൊപ്പം പാരാമെട്രിക് ജുവൽ ഫ്രണ്ട് ഗ്രില്ലും കൂടിച്ചേരുന്നതോടെ സംഭവം കളറാവുന്നുണ്ട്.
സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്ററാണ് മുൻവശത്ത് ഒരുക്കിയിരിക്കുന്നത്. ആരോ ഷേപ്പ് ഫിനിഷുള്ള ബമ്പർ, പുതിയ ബോണറ്റ് ഘടനയിൽ ശ്രദ്ധേയമായ ക്രീസുകൾ എന്നിവയും പുതിയ ഭാവത്തിലേക്ക് ഇഴുകിച്ചേരുന്നുണ്ട്. വശക്കാഴ്ച്ചയിലേക്ക് നീങ്ങുമ്പോൾ വലിപ്പത്തിന്റെ കാര്യത്തിലും ആളിച്ചിരി മുറ്റാണെന്ന് വ്യക്തമാവും. കൂടാതെ വശങ്ങളിലെ എഡ്ജി ക്യാരക്ടർ ലൈനുകൾ, പുത്തൻ ഡയമണ്ട് കട്ട് അലോയ് വീലുകളും മനോഹരം തന്നെ. ഫാസ്റ്റ്ബാക്ക് ശൈലിയിലുള്ള റൂഫ് പിൻഭാഗത്തേക്ക് ചെരിഞ്ഞ് ഒഴുകിയിറങ്ങുന്നതും വെർണയെ വേറെ തലത്തിലെത്തിക്കുന്നുണ്ടെന്ന് പറയാം.

പിൻവശത്ത് ടെയിൽ ലാമ്പുകൾക്കിടയിൽ ബന്ധിപ്പിച്ച എൽഇഡി ലൈറ്റ് ബാറാണ് ഹൈലൈറ്റ്. കൂടാതെ ഭംഗിയായി പണികഴിപ്പിച്ച സ്‌പോയിലറോട് കൂടിയ സ്ലീക്ക് ബൂട്ട്, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ എന്നിവയും ശ്രദ്ധപിടിച്ചു പറ്റുന്നുണ്ട്. പുത്തൻ വെർണ ഇപ്പോൾ ഏഴ് സിംഗിൾ ടോൺ എക്സ്റ്റീരിയർ നിറങ്ങളിലും രണ്ട് ഡ്യുവൽ ടോൺ നിറങ്ങളിലും സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കൾക്കുണ്ട്. 4,535 mm നീളവും 1,765 mm വീതിയും 1,475 mm ഉയരവും 2,670 mm വീൽബേസുമാണ് കാറിനുള്ളത്.
ഇന്റീരിയറിലേക്ക് കടന്നാൽ ആഡംബര കാറുകളോട് കിടപിടിക്കുന്ന അകത്തളമാണ് ഹ്യുണ്ടായി പുതിയ വെർണയിൽ ഒരുക്കിയിരിക്കുന്നത്. ടൂ ടോൺ ഫിനിഷുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവ ഒറ്റ ലേഔട്ടിലേക്ക് സംയോജിപ്പിച്ചിരിക്കുന്നതാണ് ഹൈലൈറ്റ്. മൾട്ടി-ഫങ്ഷൻ സ്റ്റിയറിംഗ് വീൽ, കോൺട്രാസ്റ്റ് റെഡ് ആക്‌സന്റുകളോട് കൂടിയ ഇന്റീരിയർ തീം, വെന്റിലേറ്റഡ്, മെസേജ് ഫംഗ്‌ഷൻ ഉള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് അകത്തെ മറ്റ് വിശേഷങ്ങൾ.

12 ഭാഷകൾക്കുള്ള പിന്തുണയുള്ള 10.25 ഇഞ്ച് HD ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും TFT MID സ്ക്രീനുള്ള ഡിജിറ്റൽ ക്ലസ്റ്ററും കർവി ഷേപ്പിലാണ് ഒരുക്കിയിരിക്കുന്നത് എന്ന കാര്യവും പ്രത്യേകം എടുത്തു പറയേണ്ടതായുണ്ട്. എട്ട് സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64-ലൈറ്റ് ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജിംഗ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, പവർ ഡ്രൈവർ സീറ്റ്, ലെതർ സീറ്റുകൾ എന്നിവയാണ് കാറിലെ മറ്റ് പ്രധാന സവിശേഷതകൾ.
6 എയർബാഗുകൾ ഇബിഡി ഉള്ള എബിഎസ്, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ട്രാക്ഷൻ കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ലെവൽ. ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഫോളോ അസിസ്റ്റ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം എന്നിവയുൾപ്പെടുന്ന ലെവൽ 2 ADAS അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകളാണ് കാറിലുള്ളത്.
ADAS വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ ഇന്ത്യയിലെ മൂന്നാമത്തെ മോഡലാണിത്. ഡീസൽ വെർണ ഓർമയായതിനാൽ എഞ്ചിൻ ഓപ്ഷനിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് ഹൃദയങ്ങളാവും കാറിന് തുടിപ്പേകാൻ എത്തുക. ഇതിൽ ആദ്യത്തെ NA എഞ്ചിൻ 115 bhp പവറിൽ 144 Nm torque നൽകാൻ ശേഷിയുള്ളതാണ്. അതേസമയം രണ്ടാമത്തെ ടർബോ എഞ്ചിന് 160 bhp കരുത്തിൽ 253 Nm torque ഉത്പാദിപ്പിക്കാനാവും.
ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ്, 7 സ്പീഡ് ഡിസിടി എന്നിവയാണ് പുതിയ വെർണയിൽ വാഗ്ദാനം ചെയ്യുന്നത്. മൈലേജിലേക്ക് നോക്കിയാൽ കാറിന്റെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുള്ള മാനുവൽ പതിപ്പിന് 18.6 കിലോമീറ്ററും സിവിടി ഓട്ടോമാറ്റിക്കിന് 19.6 കിലോമീറ്ററുമാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. അതേസമയം ടർബോയിൽ ഇന്ധനക്ഷമത മാനുവലിന് 20 കി.മീ. ഡിസിടിയിൽ 20.6 കിലോമീറ്റർ എന്നിങ്ങനെയുമാണ്.


Click it and Unblock the Notifications








