സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില കാത്തിരിക്കുകയാണോ? മുഷിപ്പിക്കില്ലെന്ന് കിയ
മുഖംമിനുക്കി മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് എത്തിയ കിയ സെൽറ്റോസ് (Kia Seltos) ഏവരുടേയും മനംകവർന്നിട്ടുണ്ട്. മാരുതി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസറുമെല്ലാം വിപണി പിടിച്ച് മുന്നോട്ടുകയറിവരുന്ന സമയത്താണ് കിടിലൻ മാറ്റങ്ങളുമായി സെൽറ്റോസ് വീണ്ടും ഒരുങ്ങിയിരിക്കുന്നത്. ഇതെന്തായാലും ജാപ്പനീസ് ബ്രാൻഡുകൾക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ.
ഹൈബ്രിഡ് ഓപ്ഷനൊന്നുമില്ലല്ലോ എന്നു പറയുന്നവർക്ക് മുന്നിലേക്ക് ADAS പോലുള്ള സേഫ്റ്റി ഫീച്ചറുകളെല്ലാം അണിനിരത്തിയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ വായടപ്പിക്കുന്നത്. എല്ലാക്കാര്യങ്ങളും അറിഞ്ഞെങ്കിലും വില മാത്രം ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഇതിനായി കാത്തിരിക്കുന്നവരെ അധികം മുഷിപ്പിക്കാതെയും വൈകാതെയും ബ്രാൻഡ് കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള വില പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

2023 സെൽറ്റോസിന്റെ വില ഈ മാസം അവസാനത്തോടെ ആഭ്യന്തര വിപണിയിൽ പ്രഖ്യാപിക്കും. എന്തായാലും നിലവിലുണ്ടായിരുന്ന മോഡലിനേക്കാൾ വില കൂടുതൽ മുടക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. പ്രത്യേകിച്ച് അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റമെല്ലാം എസ്‌യുവിയിലേക്ക് എത്തിയതിനാൽ. എങ്കിലും വിലയിൽ വലിയൊരു കുതിച്ചു ചാട്ടമുണ്ടാകുമെന്നും പ്രതീക്ഷിക്കേണ്ടതില്ല.
ടെക് ലൈൻ, ജിടി ലൈൻ, X ലൈൻ എന്നിങ്ങനെ മൂന്ന് വേരിയന്റ് തലങ്ങളിൽ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് തെരഞ്ഞെടുക്കാം. ടെക് ലൈനിനെ HTE, HTK, HTK+, HTX, HTX+ എന്നിങ്ങനെ അഞ്ച് ട്രിമ്മുകളായി കിയ തിരിക്കും. ജൂലൈ 14-നാണ് പുതിയ മിഡ്-സൈസ് എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുക. സിംഗിൾ ടോൺ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിൽ പുതിയ മിഡ്-സൈസ് സ്പോർട്ട് യൂട്ടിലിറ്റി വാഹനം സ്വന്തമാക്കാനാവും.

പുതിയ പ്യൂറ്റർ ഒലിവർ, ക്ലിയർ വൈറ്റ്, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഗ്ലേസിയർ വൈറ്റ്, ഇന്റെൻസ് റെഡ്, ഇംപീരിയൽ ബ്ലൂ എന്നിവയാണ് സിംഗിൾ-ടോൺ കളർ ഓപ്ഷനുകൾ. ഡ്യുവൽ-ടോൺ ഓപ്ഷനുകളിൽ അറോറ ബ്ലാക്ക് ഉള്ള ഗ്ലേസിയർ വൈറ്റ് പേൾ എന്നിവയാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഇനി 2023 കിയ സെൽറ്റോസ് ഫെയ്‌ലിഫ്റ്റിന്റെ ഡിസൈൻ പരിഷ്ക്കാരങ്ങളിലേക്ക് നോക്കിയാൽ ശരിക്കും പുതുമയാർന്ന ലുക്കുമായാണ് എസ്‌യുവിയുടെ വരവെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.
എക്സ്റ്റൻഡഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, വിശാലമായ എയർ ഇൻടേക്കും ലോവർ ട്രിമ്മുകളുമുള്ള പുതുക്കിയ ബമ്പർ എന്നിവയാണ് മുൻവശത്തെ പുതിയ കാഴ്ച്ചകൾ. ഇതോടൊപ്പം പുതുതായി രൂപകൽപ്പന ചെയ്‌ത ഡ്യുവൽ-ടോൺ അലോയ് വീലുകൾ, തിരശ്ചീനമായ എൽഇഡി ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന വിപരീത L-ആകൃതിയിലുള്ള എൽഇഡി സിഗ്‌നേച്ചറുകളുള്ള പിൻവശം, പുതിയ സ്‌കിഡ് പ്ലേറ്റുകളോടെ മിനുക്കിയ ബമ്പർ എന്നിവയാണ് വാഹനത്തിലെ മറ്റ് മാറ്റങ്ങൾ.

പുറത്തെ പോലെ അകത്തും നിരവധി നവീകരണങ്ങൾ കൊണ്ടുവരാൻ കിയക്ക് സാധിച്ചിട്ടുണ്ട്. ഇതിൽ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് ഇപ്പോൾ രണ്ട് 10.25 ഇഞ്ച് ഡിസ്‌പ്ലേകളുള്ള ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം ലഭിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പുതുതായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന HVAC വെന്റുകൾ, ഡ്യുവൽ പാൻ സൺറൂഫ്, വയർലെസ് ചാർജിംഗ് സൗകര്യം, ആറ് എയർബാഗുകൾ എന്നിവയെല്ലാമാണ് ഇന്റീരിയറിന് പ്രീമിയം ഫീൽ നൽകുന്നത്.
പഴയ 1.5 ലിറ്റർ NA ഫോർ-സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനുകൾ അതേപടി നിലനിർത്തിയ കിയ ഇന്ത്യ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പവർഫുള്ളായ പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷൻ കൂടി അവതരിപ്പിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം. ആറ് സ്പീഡ് iMT ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് പരമാവധി160 bhp കരുത്തിൽ 253 Nm torque വരെ നൽകാനാവുമെന്നത് പെർഫോമൻസ് പ്രേമികളെ ആകർഷിക്കുന്ന കാര്യമാണ്.


Click it and Unblock the Notifications








