ടാറ്റയെ പേടിപ്പിക്കുന്ന വിവരങ്ങളെത്തി, നെക്സോണിന്റെ വില്ലനാവാൻ സോനെറ്റ് എത്തുന്നത് ഡീസൽ മാനുവലുമായി
ഇന്ത്യൻ വിപണിയിൽ എസ്‌യുവികൾ അരങ്ങുവാഴുമ്പോൾ ഏറ്റവും കൂടുതൽ കച്ചോടം പിടിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് കിയ. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ നിർമിക്കുന്നതിൽ സ്പെഷ്യലിസ്റ്റുകളായ കമ്പനി പുത്തനൊരു മോഡലുമായി കളംനിറയാൻ എത്തുകയാണ്. മറ്റാരുമല്ല, ജനപ്രിയനായ സോനെറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായാണ് ബ്രാൻഡ് കളത്തിലേക്കിറങ്ങുന്നത്. ഡിസംബർ 14-ന് അരങ്ങേറ്റം കുറിക്കാൻ പോവുന്ന സോനെറ്റിനെ കാത്തിരിക്കുകയാണ് ഫാൻസ്.
സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ നെക്സോണുമായി സെഗ്മെന്റ് ഭരിക്കുന്ന ടാറ്റയെ പേടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കോംപാക്‌ട് എസ്‌യുവിയുടെ ഔദ്യോഗിക അരങ്ങേറ്റത്തിന് ഒരാഴ്ച്ച മാത്രം ബാക്കിയുള്ളപ്പോൾ കൊറിയൻ കാർ നിർമാതാവിന്റെ പ്രീ-ലോഞ്ച് മാർക്കറ്റിംഗ് ക്യാമ്പയിനുകളും തകൃതിയായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി മോഡലിന്റെ ബ്രോഷർ ഓൺലൈനിലൂടെ ചോർന്നിട്ടുണ്ട്.

പുത്തൻ മോഡലിന്റെ ഹൈപ്പ് വർധിപ്പിക്കുന്നതിന് ഘട്ടം ഘട്ടമായി പുതിയ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തുന്നതിനോടൊപ്പമാണ് ബ്രോഷർ വിവരങ്ങളും ആകാംക്ഷ നൽകുന്നത്. പുതിയ ഫീച്ചറുകൾ, എഞ്ചിൻ, വേരിയന്റുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പ്രധാന വിശദാംശങ്ങളും പുറത്തുവിടുന്നു. ലെവൽ-1 ADAS പോലുള്ള കിടിലൻ ഫീച്ചറുകൾ വാഹനത്തിലുണ്ടാവുമെന്ന് ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസർ വീഡിയോയും വെളിപ്പെടുത്തുന്നുണ്ട്.
ലെവൽ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ഡ്രൈവർ അറ്റൻഷൻ വാണിംഗ്, ഹൈ ബീം അസിസ്റ്റ് എന്നിവയും അതിലേറെയും ഉൾപ്പെടെ 8 ഫീച്ചറുകൾ സാങ്കേതികവിദ്യ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിലേക്ക് കൊണ്ടുവരും. ഹ്യുണ്ടായി വെന്യുവിൽ അടുത്തിടെ അവതരിപ്പിച്ച് അതേ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സ്യൂട്ടാണ് കിയ മോട്ടോർസ് ഇന്ത്യയും ഉപയോഗിച്ചിരിക്കുന്നത്.

ഡ്രൈവർ സീറ്റിനായി നാല്-വഴിയുള്ള ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റും പുതിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കും. ഇതിനുപുറമെ റിയർ ഡിസ്‌ക് ബ്രേക്കുകളും 360 ഡിഗ്രി പാർക്കിംഗ് ക്യാമറ സംവിധാനവും എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റുകളുടെ ഭാഗവുമാവും. അങ്ങനെ മൊത്തത്തിൽ മുടക്കുന്ന വിലയ്ക്ക് ഒരു സംഭവം തന്നെയായിരിക്കും കിയ ഒരുക്കുക. യാത്രക്കാരുടെ അനുഭവം വർധിപ്പിക്കുന്നതിനായി ഇന്റീരിയറിൽ ധാരാളം മാറ്റങ്ങൾ കാണാനാവും.
പുതുക്കിയ സോനെറ്റിൽ 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ കോക്ക്പിറ്റും ഉണ്ടാകും. സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൽ നമ്മൾ കണ്ട അതേ യൂണിറ്റാണിതും. സബ്-4-മീറ്റർ എസ്‌യുവിക്ക് സാന്റ്, മഡ്, വെറ്റ് എന്നിങ്ങനെയുള്ള ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് ട്രാക്ഷൻ മോഡുകളും ലഭിക്കും. നിലവിലുള്ള ഡ്രൈവ് മോഡുകൾക്കൊപ്പം ഓട്ടോമാറ്റിക് വേരിയന്റുകളിൽ മാത്രമേ ഇവ വാഗ്ദാനം ചെയ്യൂവെന്നത് മാനുവൽ പ്രേമികളിൽ നിരാശയുളവാക്കാൻ സാധ്യതയുണ്ട്.

എഞ്ചിൻ ഓപ്ഷനുകളിൽ മാറ്റമൊന്നും ഉണ്ടാവില്ലെങ്കിലും കിയ 1.5 ലിറ്റർ CRDi ഡീസൽ എഞ്ചിനിനൊപ്പം മാനുവൽ ട്രാൻസ്മിഷൻ തിരികെ കൊണ്ടുവരുമെന്ന് ബ്രോഷർ സൂചന നൽകിയിട്ടുണ്ട്. ഇത് ശരിക്കും കൈയടി അർഹിക്കുന്ന കാര്യമാണ്. സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ ഇത് അരങ്ങേറ്റം കുറിച്ചതിനു ശേഷം സെൽറ്റോസിലേക്കും കാരെൻസിലേക്കും ഡീസൽ മാവുവൽ എത്തുമെന്നാണ് ഇതിനർഥം.
ഇതുകൂടാതെ 1.0 ലിറ്റർ tGDi പെട്രോളും 1.2 ലിറ്റർ സ്‌മാർട്ട്‌സ്ട്രീം പെട്രോൾ ഓപ്ഷനും മുൻമോഡലിലേതിനു സമാനമായി കിയ നിലനിർത്തും. പരിചിതമായ മാനുവൽ, ഡിസിടി, ഐഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുമായാവും ഇത് ജോടിയാക്കുക. വേരിയന്റ് ലൈനപ്പും അവയുടെ പേരുമെല്ലാം അതേപടി നിലർത്തിയാവും കിയ സോനെറ്റിനെ പുറത്തിറക്കുക. എന്നിരുന്നാലും, കുറച്ച് ഫീച്ചറുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്, കൂടാതെ എല്ലാ ട്രിമ്മുകളും മുമ്പത്തേക്കാൾ മികച്ചതായി ലോഡുചെയ്തതായി തോന്നുന്നു.

അലോയ് വീൽ ഡിസൈനുകളും പുതിയതാണ്. കൂടാതെ വേരിയന്റിനെ ആശ്രയിച്ച് 3 വ്യത്യസ്ത ഡിസൈനുകൾ ഓഫറിലുണ്ടെന്നാണ് വിവരം. കളർ ഓപ്ഷനിലേക്ക് വന്നാൽ പ്യൂറ്റർ ഒലിവ് എന്ന നിറം വാഹനത്തിലേക്ക് കമ്പനി ഇത്തവണ അവതരിപ്പിക്കും. എക്‌സ്‌ക്ലൂസീവ് മാറ്റ്-ഗ്രാഫൈറ്റ് നിറം ടോപ്പ്-എൻഡ് X-ലൈൻ വേരിയന്റിനായി നീക്കിവച്ചിരിക്കുന്നു. പുതുക്കിയ മുൻവശത്തിലൂടെ ഫ്രഷ് ലുക്ക് നൽകാൻ വാഹനത്തിനാവും.
അതേസമയം എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം ലംബമായി അടുക്കിയ രീതിയിലുള്ള പുതിയൊരു കൂട്ടം എൽഇഡി ഹെഡ്‌ലാമ്പുകളും എസ്‌യുവിക്ക് ഷാർപ്പ് ലുക്ക് സമ്മാനിക്കും. പിന്നിലേക്ക് വന്നാൽ പുതിയ എൽഇഡി ടെയിൽ ലാമ്പുകളാണ് ഇടംപിടിക്കുക. ഇത് റിയർ ഡിസൈനിനെ പൊളിച്ചെഴുതുന്നതിനൊപ്പം വണ്ടിക്ക് ഫ്രഷ് ലുക്ക് നൽകും. ഇന്നേവരെ പലർക്കും സോനെറ്റിൽ ഇഷ്‌ടപ്പെടാതിരുന്നത് ഈ പിൻഭാഗമായിരുന്നു.


Click it and Unblock the Notifications








