40 കിലോമീറ്റർ മൈലേജോ? ഉള്ളത് പറഞ്ഞ് സുസുക്കി; പുത്തൻ സ്വിഫ്റ്റിന് കിട്ടുന്ന ഇന്ധനക്ഷമത ദേ ഇതാണ്

ലോകം കാത്തിരിക്കുന്ന കാറുകളിൽ ഒന്നാണ് സുസുക്കി സ്വിഫ്റ്റ്. ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ഫാൻസുള്ളതെങ്കിലും ആഗോള വിപണിയിലെ ഹാച്ച്ബാക്ക് സ്റ്റാറാണ് സ്വിഫ്റ്റ്. ഇക്കഴിഞ്ഞ 2023 ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ പ്രദര്‍ശിപ്പിച്ച പുത്തന്‍ പതിപ്പിനെ കുറിച്ചുള്ള ഓരോ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി കാത്തിരിക്കുകയാണ് ഫാന്‍സ്. ആദ്യം ജപ്പാനിലാവും കാർ അവതരിപ്പിക്കുന്നതെങ്കിലും പിന്നീട് ഇന്ത്യയിൽ ഉൾപ്പടെ പറക്കാൻ വാഹനം ഉടനടിയെത്തും.

മിനി കൂപ്പർ സ്റ്റൈൽ, മികച്ച ഫീച്ചറുകൾ, താങ്ങാവുന്ന വില എന്നിവയെല്ലാമാണ് സാധാരണക്കാരെയും കാര്‍പ്രേമികളെയും ഒരേ പോലെ സ്വിഫ്റ്റിന്റെ ഫാൻസാക്കി മാറ്റിയത്. ടോക്കിയോയിലെ പ്രദര്‍ശനം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് ഇപ്പുറം പുതിയ സ്വിഫ്റ്റ് ഇന്ത്യയില്‍ പരീക്ഷണത്തിന് ഇറങ്ങുകയും ചെയ്‌തിട്ടുണ്ട്. അടുത്ത വർഷം തുടക്കത്തിൽ തന്നെ ഹാച്ച്ബാക്ക് കിങ് രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി വാഹനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സുസുക്കി.

New Maruti Suzuki Swift Mileage Figures

2024 മാരുതി സുസുക്കി സ്വിഫ്റ്റ് ഒരു പുതിയ പെട്രോൾ എഞ്ചിനുമായാവും വരുന്നത്. അത് 40 കിലോമീറ്റർ വരെ ഉയർന്ന ഇന്ധനക്ഷമതയാവും നൽകുന്നതെന്നാണ് പലരും പ്രചരിപ്പിച്ചത്. എന്നാൽ അഭ്യൂഹങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് വാഹനത്തിന്റെ ഔദ്യോഗിക മൈലേജ് കണക്കുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് സുസുക്കി. അതിലേക്ക് വരുന്നതിനു മുമ്പ് പുത്തൻ എഞ്ചിനെ കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞു തരാം.

2024 മാരുതി സുസുക്കി സ്വിഫ്റ്റിന് കരുത്തേകുന്നത് പുതിയ 1.2-ലിറ്റർ 3-സിലിണ്ടർ, Z12E പെട്രോൾ എഞ്ചിനാണ്. എന്നിരുന്നാലും ഇതിന്റെ പവർ, ടോർക്ക് കണക്കുകൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും നിലവിലുള്ള 1.2L NA പെട്രോൾ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പുതിയ പവർട്രെയിൻ ഉയർന്ന പവറും ടോർക്കും നൽകുമെന്ന് തന്നെയാണ് ആരാധക്കൂട്ടത്തിന്റെ പ്രതീക്ഷ.

New Maruti Suzuki Swift Mileage Figures

ഈ പുതിയ എഞ്ചിൻ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് വിദേശ വിപണികളിൽ എത്തുക. ജനപ്രിയ ഹാച്ച്ബാക്കിന് ഹൈബ്രിഡ് പതിപ്പും ഉണ്ടാവുമെന്നത് ഇരട്ടി സന്തോഷം തരുന്ന കാര്യമാണ്. പക്ഷേ ഇത് ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പുതിയ സ്വിഫ്റ്റിന്റെ ഹൈബ്രിഡ് അല്ലാത്ത പതിപ്പ് ലിറ്ററിന് 23.40 കിലോമീറ്റർ മൈലേജ് നൽകുമെന്ന് മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.

മറുവശത്ത് ഹൈബ്രിഡ് പതിപ്പ് 24.50 കിലോമീറ്റർ ഇന്ധനക്ഷമത നൽകും. മാനുവൽ, എഎംടി വേരിയന്റുകൾക്ക് യഥാക്രമം 22.38 കി.മീ, 22.56 കി.മീ മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്ന 1.2 ലിറ്റർ, 4-സിലിണ്ടർ, ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് നിലവിലുള്ള മോഡലിന് കരുത്ത് പകരുന്നത്. എന്തായാലും ഇതോടെ മുമ്പ് പ്രചരിപ്പിച്ച 40 കിലോമീറ്റർ എന്ന വിസ്മയിപ്പിക്കുന്ന മൈലേജ് കണക്കുകളൊന്നും പുത്തൻ സുസുക്കി സ്വിഫ്റ്റിനില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

New Maruti Suzuki Swift Mileage Figures

പുതിയ സ്വിഫ്റ്റിന് 3860 മില്ലീമീറ്റർ നീളവും 1695 മില്ലീമീറ്റർ വീതിയും 1500 മില്ലീമീറ്റർ ഉയരവും 2450 മില്ലീമീറ്റർ വീൽബേസും ഉണ്ട്. അതായത് നിലവിലുണ്ടായിരുന്ന മോഡലിനെ അപേക്ഷിച്ച് 2024 മാരുതി സുസുക്കി സ്വിഫ്റ്റിന് 15 മില്ലീമീറ്റർ അധിക നീളമുണ്ട്. പക്ഷേ, കാറിന്റെ വീതിയും ഉയരവും യഥാക്രമം 40 മില്ലീമീറ്ററും 30 മില്ലീമീറ്ററും കുറഞ്ഞിട്ടുണ്ടെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇനി ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ മുൻഗാമിക്ക് ഏതാണ്ട് സമാനമായ രൂപം തന്നെയാണ് പുത്തൻ സ്വിഫ്റ്റ് നാലാം തലമുറ ആവർത്തനത്തിലും ആവാഹിച്ചിരിക്കുന്നത്. എങ്കിലും എൽഇഡി പ്രൊജക്ടർ ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള (ഡിആർഎൽ) ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, ഇരുണ്ട ക്രോം ആക്‌സന്റുകളുള്ള പുതിയതും വലുതുമായ ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബമ്പർ, പുതിയ റിയർ ഡോർ, പുതിയ ടെയിൽഗേറ്റ് ഡിസൈൻ എന്നിവയെല്ലാം ഹാച്ച്ബാക്കിന് ഫ്രഷ് ലുക്ക് സമ്മാനിക്കുന്നുണ്ട്.

New Maruti Suzuki Swift Mileage Figures Announced

ഇന്റീരിയറും അടിമുടി പുതുക്കി പണിയാൻ സുസുക്കി മനസ് കാട്ടിയിട്ടുണ്ട്. പുതിയ മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 9 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഫ്രോങ്ക്സ്-പ്രചോദിത HVAC കൺട്രോളുകൾ എന്നിവയുമായാണ് ഇത് വരുന്നത്.

ബലേനോ, ഫ്രോങ്ക്സ് ക്രോസ്ഓവർ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ഇന്റീരിയറാണ് ഹാച്ച്ബാക്കിലേക്ക് കൊണ്ടുവന്നിരിക്കുന്നതെന്ന് ആദ്യ നോട്ടത്തിൽ തന്നെ മനസിലാക്കാം. ടോക്കിയോ ഷോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റ് മോഡൽ ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സാങ്കേതിക വിദ്യയുമായാണ് വരിക. പക്ഷേ ഇന്ത്യയിൽ വില പിടിച്ചു നിർത്താനായി ഈ ഹൈടെക് ഫീച്ചർ മാരുതി കൊണ്ടുവരില്ല.

More from DriveSpark

Article Published On: Wednesday, November 15, 2023, 18:35 [IST]
English summary
New maruti suzuki swift mileage figures announced details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X