ഹൈബ്രിഡ് എഞ്ചിൻ, മിനി കൂപ്പർ ലുക്ക്; പുത്തൻ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും തമ്മിലുള്ള മാറ്റങ്ങൾ അറിയാം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള കാറുകളിൽ ഒന്നാമൻ ആരെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേയുള്ളൂ അത് മാരുതി സ്വിഫ്റ്റ് എന്നായിരിക്കും. ഈ ബജറ്റിൽ ഇത്രയും സ്റ്റൈലിഷായ മറ്റൊരു കാർ ചിലപ്പോൾ തെരഞ്ഞെടുക്കാൻ പാടായിരിക്കും. പുതിയത് ഒന്ന് വാങ്ങിയാൽ ആ വാങ്ങിയ വിലയിൽ അധികം നഷ്‌ടമില്ലാതെ തന്നെ സെക്കൻഡ് ഹാൻഡ് വിപണിയിൽ വിറ്റഴിക്കുകയും ചെയ്യാം.
ഇന്നും യൂസ്‌ഡ് കാർ വിപണിയിൽ നല്ലൊരു സ്വിഫ്റ്റ് കിട്ടണമെങ്കിഷ 4.50 ലക്ഷം രൂപയ്ക്ക് മുകളിൽ മുടക്കേണ്ട അവസ്ഥയാണുള്ളത്. മാത്രമല്ല, യുവാക്കളുടെ ബജറ്റിൽ ഇണങ്ങുന്നൊരു കിടിലൻ പെർഫോമൻസ് ഹാച്ച് കൂടിയാണിതെന്ന് പറയാം. ഒരു അലോയ് വീൽ കയറ്റിയാൽ സ്വിഫ്റ്റിന്റെ ലുക്ക് തന്നെ ആകെ മാറും. എന്തായാലും നാലാംതലമുറ ആവർത്തനത്തിലേക്ക് ചേക്കേറുകയാണ് നമ്മുടെ ഏവരുടേയും പ്രിയങ്കരമായ സ്വിഫ്റ്റ്.

40 കിലോമീറ്റർ മൈലേജുമായി ഇന്ത്യയിൽ ഏറ്റവും അധികം മൈലേജുള്ള കാറായി മാറാൻ ഒരുങ്ങുകയാണ് സ്വിഫ്റ്റ് എന്ന് കേട്ടതോടെ ആളുകളെല്ലാം ഇതിനായുള്ള വെയിറ്റിംഗാണ്. ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും പുത്തൻ സ്വിഫ്റ്റിന്റെ കൺസെപ്റ്റ് പതിപ്പിനെ കഴിഞ്ഞ ദിവസം സുസുക്കി വെളിപ്പെടുത്തിയിരുന്നു. 2023 ഒക്ടോബർ 26 മുതൽ നവംബർ 5 വരെ ടോക്കിയോയിൽ നടക്കാനിരിക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോയ്ക്കായി തയാറെടുക്കുന്നതിന്റെ ഭാഗമായാണ് പുതുതലമുറ സ്വിഫ്റ്റ് കൺസെപ്റ്റിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.
അകത്തും പുറത്തും ഗംഭീര മാറ്റങ്ങളുമായാവും സ്വിഫ്റ്റ് നാലാം തലമുറയിലേക്ക് ചേക്കേറുക. എങ്കിലും നിലവിലെ മോഡലുമായി ചെറിയ സാമ്യങ്ങളൊക്കെ ഹാച്ച്ബാക്കിനുണ്ടേ. പക്ഷേ കൂടുതലും മാറ്റങ്ങളാണ് കാണാനാവുക. അടുത്ത വർഷം എപ്പോഴെങ്കിലും ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. നിലവിലുള്ള സ്വിഫ്റ്റിനെ അപേക്ഷിച്ച് വരാനിരിക്കുന്ന നാലാം തലമുറ സ്വിഫ്റ്റിനെക്കുറിച്ചുള്ള ശ്രദ്ധേയമായ ചില അപ്‌ഡേറ്റുകൾ എന്തെല്ലാമെന്ന് നമുക്കൊന്നു നോക്കിയാലോ?

ഡിസൈൻ: ആദ്യം ലുക്കിന്റെ കാര്യത്തിലേക്ക് കടക്കുന്നതാവും ഏവർക്കും അറിയാൻ ആഗ്രഹം. നിലവിലെ മോഡലിന്റെ അടിസ്ഥാന രൂപം അതേപടി നിലനിർത്തിയാണ് കൺസെപ്റ്റ് കാറിനും സുസുക്കി രൂപംകൊടുത്തിരിക്കുന്നത്. നിർമാണത്തിലേക്ക് കടക്കുമ്പോൾ ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ വരുമോ എന്നത് കണ്ടറിയണം. പണ്ടേ കേൾക്കുന്ന മിനി കൂപ്പറുമായുള്ള സാദൃശ്യം ഇത്തവണയും ഡിസൈനിൽ പ്രകടമാണ്.
പുതുതലമുറ സ്വിഫ്റ്റ് തീർച്ചയായും നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നതിനായുള്ള പരിഷ്ക്കാരങ്ങളും സുസുക്കി നടപ്പിലാക്കിയിട്ടുണ്ട്. മെഷ് പോലെയുള്ള ഇൻസെർട്ടുകളോട് കൂടിയ പുതിയ ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ ഫീച്ചർ ചെയ്യുന്ന റീഡിസൈൻ ചെയ്‌ത മുൻവശമാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഫ്രണ്ട് ബമ്പർ ക്രോം ട്രിമ്മുള്ള മെലിഞ്ഞ എയർ ഡാം ഉൾക്കൊള്ളുന്നതും ശ്രദ്ധേയമാണ്.

ഹെഡ്‌ലൈറ്റുകൾ മിനുസമാർന്നതും പുതിയ L ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ടതുമാണ്. ഗ്രില്ലിന് തൊട്ടുമുകളിൽ സുസുക്കി ലോഗോയും കാണാം. ബോണറ്റ് ചെറുതായി രൂപാന്തരപ്പെടുത്തിയിരിക്കുന്നതും കാഴ്ച്ചയിൽ മിഴിവേകുന്ന കാര്യമാണ്. ഇനി വശക്കാഴ്ച്ചയിലെ മാറ്റങ്ങളിലേക്ക് വന്നാൽ പുതിയ അലോയ് വീൽ ഡിസൈനുകളും പിൻ ഡോർ ഹാൻഡിലുകളുടെ സ്ഥാനം വിൻഡോ ഡിസിയുടെ കീഴിൽ കൂടുതൽ പരമ്പരാഗത സ്ഥലത്തേക്ക് മാറ്റിയതുമാണ് എടുത്തു പറയാനാവുന്നത്.
പിൻഭാഗത്ത് ടെയിൽ ലൈറ്റുകൾക്ക് പുതിയ പിക്‌സലേറ്റഡ് എൽഇഡി ട്രീറ്റ്‌മെന്റാണ് സുസുക്കി സമ്മാനിച്ചിരിക്കുന്നത്. കൂടാതെ ബമ്പർ സിൽവർ ട്രിമ്മിനുള്ളിൽ പൊതിഞ്ഞ ഹൗസ് റിഫ്‌ളക്ടറുകളിലേക്ക് റീപ്രൊഫൈൽ ചെയ്യുകയും ചെയ്‌തു. 2024 സ്വിഫ്റ്റിലെ പുതിയ എസ്‌യുവി പോലുള്ള ഫ്ലാറ്റ് ക്ലാംഷെൽ ബോണറ്റാണ് മറ്റൊരു പ്രധാന മാറ്റം. ഇതോടൊപ്പം ഫ്രണ്ട് ഫെൻഡറുകളിലും ടെയിൽഗേറ്റിലുമുള്ള ഹൈബ്രിഡ് ബാഡ്ജുകൾ പുതിയ തലമുറ സ്വിഫ്റ്റിന് പുതിയ ഹൈബ്രിഡ് എഞ്ചിൻ ലഭിക്കുന്നതിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.

ഇന്റീരിയർ: പുതിയ ബലേനോ, ബ്രെസ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര എന്നീ മോഡലുകൾക്ക് സമാനമായ ഡിസൈനാണ് പുത്തൻ സ്വിഫ്റ്റിന്റെ അകത്തളത്തിലും കാണാനാവുക. ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ ഉൾപ്പെടെ വരാനിരിക്കുന്ന സ്വിഫ്റ്റിന്റെ ക്യാബിനിനുള്ളിൽ കൂടുതൽ പ്രധാന അപ്‌ഡേറ്റുകൾ കാണാം. HVAC കൺട്രോളുകൾക്കായി സ്റ്റിയറിംഗ് വീലും ടോഗിൾ സ്വിച്ചുകളും പോലും മുകളിൽ സൂചിപ്പിച്ച മോഡലുകൾക്ക് സമാനമായ രൂപം നൽകുന്നു. ഡാഷ്‌ബോർഡിന് ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് വൈറ്റ് തീമാവും ഒരുക്കുക.
ഫീച്ചറുകൾ: ഇക്കാര്യത്തിലേക്ക് വന്നാലും നിലവിലെ മോഡലിനെ അപേക്ഷിച്ച് വലിയ നവീകരണങ്ങൾ തന്നെ കാണാം. പുതുതലമുറ സ്വിഫ്റ്റിന് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയോടെയാണ് വരുന്നത്. അത് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ സപ്പോർട്ട് ചെയ്യും. കാറിൽ ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്റർ സജ്ജീകരിക്കുമെന്ന് ക്യാമറകളുള്ള ബ്ലാക്ക്-ഔട്ട് ഒആർവിഎമ്മുകളായിരിക്കും സുസുക്കി സമ്മാനിക്കുക.

ഓട്ടോണമസ് ബ്രേക്കിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം, കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ നൂതന സുരക്ഷാ ഫീച്ചറുകൾ നാലാം തലമുറ സ്വിഫ്റ്റിന് കരുത്തേകും. പക്ഷേ ഇവിടെ കൂടുതൽ ബജറ്റ് ഫ്രണ്ട്ലി സെഗ്മെന്റിൽ എത്തുന്നതിനാൽ ഇന്ത്യ-സ്പെക്ക് മോഡലിൽ ഈ സേഫ്റ്റി ഫീച്ചറുകൾ ഒന്നും പ്രതീക്ഷിക്കേണ്ടതേയില്ല.
എഞ്ചിൻ: സ്വിഫ്റ്റിൽ 48V ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 1.4 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇതും വിദേശ വിപണികൾക്കായി പരിമിതപ്പെടുത്തുമ്പോൾ ഇന്ത്യയിൽ അതേ 1.2-ലിറ്റർ ഡ്യുവൽ-ജെറ്റ് വിവിടി നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാവും ഇടംപിടിക്കുക. ഇത് 89 bhp പവറിൽ പരമാവധി 113 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടിയായിരിക്കും ട്രാൻസ്മിഷൻ ഓപ്ഷനുകൾ.


Click it and Unblock the Notifications








