കരുത്തും സൗന്ദര്യവും ഒന്നിച്ച്, 73.50 ലക്ഷത്തിന് മെർസിഡീസിന്റെ പുതിയ ആഡംബര കാർ എത്തി
ഇന്ത്യക്കാർക്ക് ആഡംബരമെന്നാൽ എന്നാൽ ബെൻസ് കാറാണ്. ആ ചിഹ്നവും പേരുമൊന്നും ഒരിക്കലും മറക്കാനാവാത്ത വിധത്തിൽ ആളുകളുടെ മനസിൽ കയറിയിട്ടുണ്ട്. ലക്ഷ്വറി സെഗ്മെന്റിൽ മറ്റേത് വലിയ ബ്രാൻഡ് വന്നാലും മെർസിഡീസ് ബെൻസിന്റെ ലെവൽ അത് വേറെ തന്നെയാണ്. ഔഡിയും ബിഎംഡബ്ല്യുവുമെല്ലാം രാജ്യത്ത് തിമിർത്താടുന്നുണ്ടെങ്കിലും ബെൻസ് കാറുകളാണ് കൂടുതൽ ആളുകൾക്കും പ്രിയങ്കരം.
ഇന്ത്യയിൽ കൂടുതൽ സജീവമാവുന്നതിന്റെ ഭാഗമായി മെർസിഡീസ് ബെൻസ് രണ്ടാം തലമുറ GLC കൂപ്പെ എസ്‌യുവിയെ വിപണിയിൽ എത്തിച്ചിരിക്കുകയാണ്. 73.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. 300 4മാറ്റിക് പെട്രോൾ, GLC 220d 4മാറ്റിക് ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ GLC എസ്‌യുവി വാങ്ങാനാവും. രണ്ട് വേരിയന്റുകളും കൂടുതൽ കാര്യക്ഷമമാക്കാൻ 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും സ്റ്റാൻഡേർഡായി ഇടംപിടിച്ചിട്ടുമുണ്ട്.

മുൻ തലമുറ മോഡലിന്റെ 13,000 യൂണിറ്റുകളാണ് മെർസിഡീസ് ഇന്ത്യയിൽ ഇതുവരെ വിറ്റഴിച്ചിരിക്കുന്നത്. അതിനാൽ തന്നെ പുതിയ GLC എസ്‌യുവി കൂപ്പെയിലും ബ്രാൻഡിന് വലിയ പ്രതീക്ഷകളാണുള്ളത്. ഡിസൈനിലേക്ക് നോക്കിയാൽ വിപ്ലവാത്മക മാറ്റത്തേക്കാളുപരി വാഹനത്തിന്റെ ഡിസൈനിംഗില്‍ ഒരു പരിണാമം കൊണ്ടുവരാനാണ് ജർമൻ ബ്രാൻഡ് ശ്രമിച്ചിരിക്കുന്നത്.
മുന്‍വശത്ത് അല്‍പ്പം വലിയ ഗ്രില്ലും അതിന്റെ മധ്യഭാഗത്ത് കൂറ്റന്‍ മെര്‍സിഡീസ് ത്രീ-പോയിന്റഡ് സ്റ്റാര്‍ ബാഡ്ജും എഡ്ജുകളിലേക്ക് നീളുന്ന ക്രോം ബാറുകളുമാണ് കാണാനാവുന്നത്. പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലൈറ്റുകൾ ഇപ്പോൾ ഗ്രില്ലുമായി ബന്ധിപ്പിച്ചിരിക്കുന്നതും മനോഹരമാണ്. വശക്കാഴ്ച്ചയിൽ മാറ്റങ്ങൾ ഒന്നുമില്ലെങ്കിലും പുതിയ 19 ഇഞ്ച് അലോയ് വീലുകളിലൂടെ പരിഷ്ക്കാരം കൊണ്ടുവരാനും മെർസിഡീസ് ശ്രമിച്ചിട്ടുണ്ട്.

പിൻഭാഗത്ത് പുതിയ GLC ഒരു 3D ഇഫക്റ്റിൽ ട്വീക്ക് ചെയ്ത ടെയിൽ ലൈറ്റ് ഡിസൈനാണ് നൽകിയിരിക്കുന്നത്. ക്രോം ഫിനിഷിൽ പൂർത്തിയാക്കിയ അതേ അണ്ടർ ഗാർഡും ഇവിടെയുണ്ട്. ഇനി ഇന്റീരിയറിലേക്ക് കയറിയാലും ലക്ഷ്വറി ഫീൽ നൽകുന്ന എല്ലാത്തരം സജ്ജീകരണങ്ങളും മെർസിഡീസ് ബെൻസ് ഒരുക്കിയിട്ടുണ്ടെന്നു വേണം പറയാൻ. ക്യാബിൻ ഏറ്റവും പുതിയ C-ക്ലാസ് സെഡാനിന് സമാനമാണെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല.
ഇതിന് 11.9 ഇഞ്ച് പോർട്രെയ്റ്റ്-സ്റ്റൈൽ ടച്ച്‌സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. പിൻസ്‌ട്രൈപ്പ് പാറ്റേൺ ലഭിക്കുന്നതിനാൽ ഡാഷ്‌ബോർഡ് ട്രിം മെയ്ബാക്ക് S-ക്ലാസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്‌ക്കുന്ന മെർസിഡീസിന്റെ ഏറ്റവും പുതിയ ടെലിമാറ്റിക്‌സും പുത്തൻ GLC എസ്‌യുവിക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്.

ഇൻഫോടെയ്ൻമെന്റും HVAC നിയന്ത്രണങ്ങളും ഇപ്പോൾ ടച്ച്‌സ്‌ക്രീനിലേക്ക് സംയോജിപ്പിച്ചിരിക്കുന്നതും പ്രീമിയം ഫീലിലാണ് നൽകിയിരിക്കുന്നത്. എയർ പ്യൂരിഫയർ, 360-ഡിഗ്രി ക്യാമറ, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് ലക്ഷ്വറി എസ്‌യുവിയിലെ മറ്റ് സവിശേഷതകളായി മെർസിഡീസ് ഉയർത്തിക്കാട്ടുന്നത്.
എസ്‌യുവിക്ക് ഗ്രൗണ്ട് ക്ലിയറൻസ് 20 മില്ലീമീറ്റർ വർധിപ്പിക്കാനാവുന്നതിനു പുറമെ ഓഫ്-റോഡ് ഡ്രൈവിംഗ് മോഡും ലഭിക്കും. മുൻ ക്യാമറയിൽ നിന്നുള്ള ഫീഡ് ഉപയോഗിച്ച് എസ്‌യുവിയുടെ താഴെ എന്താണെന്ന് കാണിക്കാൻ ക്യാമറയും വെർച്വൽ 'ട്രാൻസ്പെരന്റ് ബോണറ്റ്' ഫീച്ചറും മെർസിഡീസ് ബെൻസ് GLC എസ്‌യുവിയുടെ ഓഫ്-റോഡ് സവിശേഷതകളിൽ ഉൾപ്പെടുന്നുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും ആള് പുലിയാണ്.

ഏഴ് എയർബാഗുകൾ, പ്രീ-സേഫ്, ADAS ടെക് എന്നിവ ഉൾപ്പെടുന്ന GLC എസ്‌യുവിയിൽ ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ്, ആക്റ്റീവ് ലെയ്ൻ കീപ്പ് അസിസ്റ്റ്, അറ്റൻഷൻ അസിസ്റ്റ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ആക്റ്റീവ് പാർക്കിംഗ് അസിസ്റ്റ് എന്നീ സുരക്ഷാ ഫീച്ചറുകളാണ് മെർസിഡീസ് ബെൻസ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുമ്പ് പറഞ്ഞതുപോലെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം വാങ്ങാം.
ഹൈബ്രിഡ് സിസ്റ്റവുമായി വരുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് പരമാവധി 280 bhp പവറിൽ പരമാവധി 600 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ എഞ്ചിന് 197 bhp കരുത്തിൽ 440 Nm torque വരെയാണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് എഞ്ചിനുകൾക്കും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ലഭിക്കുന്നത്. കൂടാതെ മെർസിഡീസിന്റെ 4മാറ്റിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ശ്രേണിയിലുടനീളം സ്റ്റാൻഡേർഡ് ആണെന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








