സേഫ്റ്റി ഗ്യാരണ്ടി, ലോംഗ് റേഞ്ചിനൊപ്പം എംജി ZS ഇവിയിൽ ഇനി ലെവൽ 2 ADAS ഫീച്ചറും
ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളെന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് ടാറ്റ നെക്സോൺ ഇവി പോലുള്ളവയാണെങ്കിലും ശരിക്കും സ്റ്റാർ എംജി ZS ഇവിയാണെന്ന് വേണം പറയാൻ. ഇതുവരെ അധികം കുറ്റങ്ങളോ കുറവുകളോ കേൾക്കാതെ മുന്നേറുന്ന വാഹനത്തിൽ അടിക്കടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും എംജി മോട്ടോർസ് ശ്രമിക്കാറുണ്ട്. അത്തരത്തിൽ ചില കിടിലൻ മാറ്റങ്ങളുമായി ZS ഇവിയുടെ പുത്തൻ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് എംജി.
എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ ZS ഇലക്ട്രിക് എസ്‌യുവിയുടെ പുതിയ വേരിയന്റാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 17 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വാഗ്ദാനം ചെയ്യുന്ന ലെവൽ-2 ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റമാണ് പുതിയ വേരിയന്റിലുള്ളത്. ഇതിന് 27.89 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതായത് വൈദ്യുത വാഹനത്തിന്റെ ടോപ്പ് എൻഡ് മോഡലായി ഇത് സ്ഥാനംപിടിക്കുമെന്ന് സാരം.

ADAS ഫീച്ചറിന് പുറമെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയും സംയോജിപ്പിച്ച് അസാധാരണമായ ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യാനാണ് എംജി മോട്ടോർസിന്റെ ശ്രമം. ഓട്ടോണമസ് ലെവൽ-2 (ADAS) ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ പ്യുവർ-ഇലക്‌ട്രിക് ഇന്റർനെറ്റ് എസ്‌യുവിയായി മാറുന്നതോടെ വിപണിയിലെ മറ്റ് എതിരാളികളേക്ക് മുന്നിൽ നെഞ്ചുവിരിച്ചു നിൽക്കാൻ ZS ഇവിയെ പ്രാപ്‌തമാക്കുന്നു. ഇനി പുതിയ മോഡലിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാം.
ZS ഇവിയുടെ ADAS സാങ്കേതികവിദ്യ വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ സഹായവും സുരക്ഷയും നൽകുന്ന, സംവേദനക്ഷമതയുടെയും മുന്നറിയിപ്പിന്റെയും മൂന്ന് തലങ്ങളായി തരംതിരിച്ചിരിക്കുന്ന 17 സവിശേഷതകളുമായാണ് വരുന്നത്. ട്രാഫിക് ജാം അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ വാർണിംഗ്, ഓട്ടോണമസ് ബ്രേക്കുകൾ, സ്പീഡ് അസിസ്റ്റ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയാണ് ഇലക്‌ട്രിക് എസ്‌യുവിയുടെ ലെവൽ 2 ADAS ഫീച്ചറുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ട്രാഫിക് ജാം അസിസ്റ്റ് (TJA) തിരക്കേറിയ ട്രാഫിക്കിൽ സുഗമമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു. അതേസമയം ഫോർവേഡ് കൊളിഷൻ വാർണിംഗ് (FCW) അപകട സാധ്യതയുള്ള കൂട്ടിയിടികളെക്കുറിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുകയും ആവശ്യമെങ്കിൽ ഓട്ടോണമസ് ഡിസിലറേഷൻ പ്രയോഗിക്കുകയും ചെയ്യുന്നു. സ്പീഡ് അസിസ്റ്റ് സിസ്റ്റം (SAS) അമിതവേഗത തടയുന്നു.
കൂടാതെ ലെയ്ൻ ഫംഗ്ഷനുകൾ മനഃപൂർവമല്ലാത്ത ലെയ്ൻ വ്യതിയാനം തടയാനും ഡ്രൈവറെ സഹായിക്കുന്ന സവിശേഷതയാണ്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC) മുന്നിലുള്ള വാഹനത്തിൽ നിന്ന് കൃത്യമായ അകലം പാലിച്ച് സൗകര്യവും സുരക്ഷയും വർധിപ്പിക്കുന്നു. ADAS ഫീച്ചറുകമായി എത്തുന്ന എംജി ZS ഇവിയുടെ മറ്റെല്ലാ വിശദാംശങ്ങളും ഒരു വർഷം മുമ്പ് പുറത്തിറക്കിയ ഫെസ്‌ലിഫ്റ്റ് പതിപ്പിന് സമാനമാണ്.

ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈനൊപ്പം എത്തുന്ന വാഹനത്തിൽ പൂർണ എൽഇഡി ഹോക്ക് ഐ ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകൾ, പൂർണ ഡിജിറ്റൽ ക്ലസ്റ്റർ, സെഗ്‌മെന്റിലെ മുൻനിര HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് റിയർ എസി വെന്റ് തുടങ്ങിയ സവിശേഷതകളുള്ള സുഖപ്രദവും സൗന്ദര്യാത്മകവുമായ ഫീച്ചറുകളും എംജി ഒരുക്കിയിട്ടുണ്ട്.
സേഫ്റ്റിയുടെ കാര്യത്തിലും ZS ഇവി വേറെ ലെവലാണ്. 360-ഡിഗ്രി വ്യൂ ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഡിസന്റ് കൺട്രോൾ (HDC), ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവയെല്ലാമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 50.3 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് എസ്‌യുവിയുടെ ഹൃദയം.

പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സുരക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് ബാറ്ററി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കർശനമായ സുരക്ഷയും പെർഫോമൻസ് ആവശ്യകതകളും നിറവേറ്റുന്നതിായി വികസിപ്പിച്ച ബാറ്ററിയാണ് ZS ഇവിയുടെ ഹൈലൈറ്റ്. ഇതിന് UL2580 സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റവും ASIL-D മെച്ചപ്പെടുത്തിയ സുരക്ഷാ ഇന്റഗ്രിറ്റി ലെവൽ റേറ്റിംഗും ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
ഒറ്റ ചാർജിൽ 461 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ എംജി ZS ഇവിക്ക് സാധിക്കും. ഇത് ദീർഘദൂര യാത്രകൾക്ക് ആത്മവിശ്വാസവും നൽകുന്ന കാര്യമാണ്. വാഹനത്തിന്റെ പ്രവർത്തനച്ചെലവ് 60 പൈസ/കിമി ആണെന്നാണ് എംജി മോട്ടോർസ് പറയുന്നത്. ആന്തരിക ജ്വലന എഞ്ചിനുകളുള്ള എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്ന് വർഷത്തിനുള്ളിൽ ഗണ്യമായ ലാഭത്തിലേക്ക് നയിക്കുന്ന കാര്യമാണ്.


Click it and Unblock the Notifications








