ഇന്നേക്ക് അഞ്ചാംപൊക്കം ആറാട്ട്, മുഖംമാറ്റിയ എസ്‌യുവികളുടെ എഴുന്നള്ളത്തിന് തീയതി കുറിച്ച് ടാറ്റ
ഇന്ത്യൻ എസ്‌യുവി സെഗ്മെന്റിൽ രണ്ട് പുത്തൻ മോഡലുകൾ ഇറക്കി കൊടുങ്കാറ്റാവാൻ ശ്രമിക്കുകയാണ് ടാറ്റ മോട്ടോർസ്. നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം മുഖംമിനുക്കി ഹാരിയറും സഫാരിയും വിപണിയിലേക്ക് എത്തുകയാണ്. ഇതിനോടകം ഔദ്യോഗിക ചിത്രങ്ങളിലൂടെ മോഡലുകളെ പരിചയപ്പെടുത്തിയ കമ്പനി പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾക്കായുള്ള പ്രീ-ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
നിരവധി വിഷ്വൽ പരിഷ്ക്കാരങ്ങൾക്കൊപ്പം വരുന്ന ഹാരിയറിനേയും സഫാരിയേയും അവതരിപ്പിക്കുന്ന തീയതിയും പുറത്തുവിട്ട് ഹൈപ്പ് കൂട്ടിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. കിടിലൻ മാറ്റങ്ങളുമായി വരുന്ന രണ്ട് എസ്‌യുവികളെയും കമ്പനി ഒക്‌ടോബർ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും. അന്നേ ദിവസം തന്നെ മോഡലുകളുടെ വിലയും ബ്രാൻഡ് പ്രഖ്യാപിക്കും. അടുത്തിടെ ആധുനിക എതിരാളികൾക്കിടെ പ്രതാപം നഷ്‌ടപ്പെട്ടു പോയ രണ്ട് മോഡലുകളാണ് ഹാരിയറും സഫാരിയും.

എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന മാറ്റങ്ങളിലൂടെ നഷ്‌ടപ്പെട്ട പ്രതാപം തിരികെ പിടിക്കാനാവുമെന്ന വിശ്വാസത്തിലാണ് ടാറ്റ മോട്ടോർസ്. ആരേയും മോഹിപ്പിക്കുന്ന രൂപവും അത്യുഗ്രൻ ഫീച്ചറുകളുടെ അകമ്പടിയുമായി രണ്ട് എസ്‌യുവികളും വരുന്നത്. സഫാരി മൂന്ന് നിരകളുള്ള വാഹനമാണെങ്കിലും, ഹാരിയർ വീണ്ടും ലക്ഷ്യമിടുന്നത് എസ്‌യുവി വാങ്ങാൻ പോവുന്ന യൂത്തിനെ ഉന്നംവെച്ചാണ് പണിതിറക്കിയിരിക്കുന്നത്.
എസ്‌യുവികൾക്കുള്ള നിരന്തരമായ ഡിമാൻഡ് കണ്ടുള്ള പൊളിച്ചെഴുത്താണ് രണ്ട് മോഡലുകൾക്കും ഇത്തവണ സമ്മാനിച്ചിരിക്കുന്നത്. ഇതിനോടകം വലിയ സ്വീകര്യത നേടാനും ഇരുവർക്കുമായിട്ടുണ്ട്. പെട്രോൾ എഞ്ചിൻ ഓപ്ഷനില്ലാഞ്ഞിട്ട് പോലും എതിരാളികൾക്ക് മുന്നിൽ നെഞ്ചുവിരിച്ചു നിൽക്കാനും സാധിക്കുന്നുണ്ട്. ഹാരിയർ ആദ്യമായി 2019-ലാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് ഇതുവരെ ടാറ്റ മോട്ടോർസ് എസ്‌യുവിയുടെ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കുകയും ചെയ്‌തിട്ടുണ്ട്.

മറുവശത്ത് 6,7 സീറ്റർ ഓപ്ഷനുകളിൽ വരുന്ന സഫാരി 2021-ലാണ് വിപണിയിലേക്ക് എത്തുന്നത്. ഐതിഹാസിക എസ്‌യുവിയുടെ കഴിവുകളൊന്നുമില്ലാതെ ആ പേര് മാത്രമാണ് കമ്പനി കടമെടുത്തിരിക്കുന്നത്. ഇതുവരെ മോഡലിന്റെ ഏകദേശം 46,000 യൂണിറ്റുകൾ വിറ്റു. ഇനി പുതിയ 2023 ഫെയ്‌സ്‌ലിഫ്റ്റ് ഹാരിയറിലും സഫാരിയിലും കൊണ്ടുവന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ എന്തെല്ലാമെന്ന് ഒന്നു പരിശോധിച്ചാലോ?
പുതുക്കിയ ടാറ്റ ഹാരിയർ പുതിയതും ബോൾഡുമായ കളർ ഓപ്ഷനുകളിലാവും വിപണിയിലെത്തുക. വളരെ പുതുമയുള്ള ലുക്കിനൊപ്പം ഈ നിറങ്ങളും വണ്ടിക്ക് മാറ്റേകുന്നുണ്ട്. ഓൾ-ഔട്ട് മസ്‌കുലർ എന്നതിലുപരി സ്‌പോർട്ടിയർ ശൈലിയാണ് ഇത്തവണ 5 സീറ്റർ എസ്‌യുവി പിന്തുടരുന്നതെന്നും കമ്പനി പറയുന്നു. ദൂരെ നിന്നു നോക്കിയാൽ ലാൻഡ് റോവർ എസ്‌യുവിയുടെ പകർപ്പല്ലേ എന്നുവരെ തോന്നിപോവുന്ന ഡിസൈൻ ചർച്ചയായിട്ടുണ്ട്.

മുൻവശത്ത് അപ്‌ഡേറ്റ് ചെയ്‌ത ഗ്രില്ലും ഹെഡ് ലൈറ്റുകൾക്കും ഫോഗ് ലൈറ്റുകൾക്കുമായി പുതുക്കിയ വെർട്ടിക്കൽ ഹൗസിംഗും ഹാരിയറിന് ലഭിക്കുന്നു. വലിയ എൽഇഡി ഡിആർഎൽ ബാറും അതുപോലെ തന്നെ നീട്ടിയ ടെയിൽ ലൈറ്റ് എൽഇഡി ബാറുമാണ് മറ്റൊരു ഹൈലൈറ്റ്. അലോയ് ഡിസൈനിലും ടാറ്റ മോട്ടോർസ് മാറ്റം വരുത്തിയിട്ടുണ്ട്. അകത്തളവും ഗംഭീരമായ മാറ്റങ്ങൾക്കാണ് വിധേയമായിരിക്കുന്നത്. മൊത്തത്തിലൊരു ലക്ഷ്വറി കാർ ഫീൽ തരാനും ഇന്റീരിയറിന് സാധിച്ചിട്ടുണ്ട്.
ജെബിഎൽ സൗണ്ട് മോഡുകൾ, 10 ഇഞ്ച് ഓൾ-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ആമസോൺ അലക്‌സ, ഗൂഗിൾ ഹോം എന്നിവയ്‌ക്കുള്ള സപ്പോർട്ട്, നേറ്റീവ് ടാറ്റ വോയ്‌സ് കമാൻഡ് ഇന്റഗ്രേഷൻ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മൂഡ് ലൈറ്റിംഗ് എന്നിവയ്‌ക്കൊപ്പം പുതിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, എയർ പ്യൂരിഫിക്കേഷൻ സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ് തുടങ്ങിയ കിടിലൻ ഫീച്ചറുകളാണ് ടാറ്റ ഹാരിയറിന് ലഭിക്കുന്നത്.

ഹാരിയറിന്റേതു പോലെ തന്നെ സഫാരി ഫെയ്‌സിലിഫ്റ്റിലും പുതുപുത്തൻ കളർ ഓപ്ഷനുകൾ തന്നെയാണ് ടാറ്റ മോട്ടോർസ് അവതരിപ്പിക്കുന്നത്. അടിമുടി മാറ്റവുമായെത്തുന്ന മുൻവശം ഗംഭീരമാണ്. അടിസ്ഥാന രൂപം മുൻഗാമിക്ക് സമാനമാണെങ്കിലും പുതിയ ഗ്രില്ലും ഹെഡ് ലൈറ്റുകൾക്കും ഫോഗ് ലൈറ്റുകൾക്കുമായി അപ്‌ഡേറ്റ് ചെയ്ത കേസിംഗമെല്ലാം ആധുനികത കൈവരിച്ചിട്ടുണ്ട്. 'വെൽക്കം', 'ഗുഡ്‌ബൈ' സിഗ്നേച്ചർ ലൈറ്റിനൊപ്പം വരുന്ന നീളമേറിയ ഡിആർൽ ലൈറ്റ് ബാറാണ് മുൻവശത്ത് നീളത്തിലോടുന്നത്.
സ്ട്രെച്ചഡ് ലൈറ്റ് ബാർ എസ്‌യുവിയുടെ പിൻഭാഗത്തേക്കും എത്തുന്നുണ്ട്. അതേസമയം അലോയ് ഡിസൈനും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. വലിയ 19 ഇഞ്ച് വീലുകൾ വണ്ടിയുടെ ലുക്കിനൊപ്പം ഇഴുകിചേരുന്നുണ്ട്. മുഖംമിനുക്കിയെത്തുന്ന പുതിയ സഫാരിയുടെയും ഹാരിയറിന്റെയും മെക്കാനിക്കൽ വശങ്ങളിൽ ടാറ്റ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതേ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവികൾക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.


Click it and Unblock the Notifications








