ബേസിൽ തന്നെ ഇത്രയധികം ഫീച്ചറുകളോ? പുതിയ നെക്സോൺ ഇവിയും വേരിയന്റുകളും 'ജോറാണ്'
രാജ്യത്തെ ഇലക്‌ട്രിക് വാഹന വ്യവസായം അതിന്റെ ഏറ്റവും നല്ലകാലത്താണ് ഇപ്പോൾ. ഇവികളിലേക്ക് ചേക്കേറാൻ നിർബന്ധിതമാക്കിയത് സെഞ്ചുറിയടിച്ചു പോയ പെട്രോൾ, ഡീസൽ വിലയാണ്. അതോടൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകി വന്ന സബ്‌സിഡികളും ആളുകൾക്ക് പ്രോത്സാഹനമായി. ടൂവീലർ വിപണിയാണ് വൈദ്യുത വാഹന രംഗത്ത് മിന്നി നിൽക്കുന്നതെങ്കിലും പാസഞ്ചർ കാർ വിപണിയും ഉണർന്നിട്ടുണ്ട്.
ഇതിന് കാരണമായത് ബജറ്റിന് ഇണങ്ങുന്ന ഇലക്‌ട്രിക് കാറുകൾ ടാറ്റയും എംജിയും പുറത്തിറക്കിയതാണ്. നെക്സോൺ ഇവിയിലൂടെ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായി വളർന്ന ടാറ്റ ഇന്ന് ഈ രംഗത്തെ തലതൊട്ടപ്പൻമാരാണെന്ന് പറയാം. അടുത്തിടെ കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കി കമ്പനി ഞെട്ടിക്കുകയുമുണ്ടായി. ശരിക്കും പറഞ്ഞാൽ ആഡംബര കാറുകളോട് കിടപിടിക്കുന്ന രീതിയിലാണ് നെക്സോണിനെ പണിതിറക്കിയിരിക്കുന്നത്.

മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് പതിപ്പുകളിലായി ക്രീയേറ്റീവ് പ്ലസ്, ഫിയർലെസ്, ഫിയർലെസ് പ്ലസ്, ഫിയർലെസ് പ്ലസ് S, എംപവേർഡ്, എംപവേർഡ് പ്ലസ് എന്നിങ്ങനെ 6 വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. ലോക ഇവി ദിനമായ ഇന്നു മുതൽ പുതിയ ടാറ്റ നെക്സോൺ ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റ് ബുക്ക് ചെയ്യാനുമാവും. തുടർന്ന് സെപ്റ്റംബർ 14-ന് വില പ്രഖ്യാപിക്കും. വരാനിരിക്കുന്ന മോഡലിന്റെ വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കിയാലോ?
ക്രീയേറ്റീവ് പ്ലസ്: നെക്സോൺ ഇവിയുടെ ബേസ് മോഡലാണിത്. എങ്കിലും കിടിലൻ ഫീച്ചറുകളാൽ സമ്പന്നമാണ് ഈ ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവി. ഓൾ എൽഇഡി ലൈറ്റിംഗ്, ആറ് എയർബാഗുകൾ, EBD, ESP എന്നിവയ്‌ക്കൊപ്പം എബിഎസ്, റീജൻ മോഡുകൾക്കുള്ള പാഡിൽ ഷിഫ്റ്റർ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലുള്ള ഉഗ്രൻ സവിശേഷതകൾ ഈ ബേസ് വേരിയന്റിലുണ്ട്.

കഴിഞ്ഞില്ല, ബാക്ക്‌ലൈറ്റ് ലോഗോയുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഡ്രൈവ് മോഡുകൾ (സിറ്റി, സ്‌പോർട്ട്, ഇക്കോ), ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM-കൾ, ടെയിൽഗേറ്റ് ഇലക്ട്രിക് ഓപ്പണിംഗ് ഫങ്ഷൻ, ഉയരം ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, 3.3kW ചാർജർ, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി പോലുള്ള ഫീച്ചറുകളും പുതിയ ടാറ്റ നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്രീയേറ്റീവ് പ്ലസ് മീഡിയം റേഞ്ച് ബേസ് വേരിയന്റിൽ ലഭ്യമാണ്.
ഫിയർലെസ്: മീഡിയം, ലോംഗ് റേഞ്ച് പതിപ്പുകളിൽ ലഭ്യമാവുന്ന പുതിയ നെക്സോണിന്റെ ഈ വേരിയന്റിലേക്ക് വന്നാൽ ബേസിൽ കിട്ടുന്നവയ്ക്ക് പുറമെ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ലൈറ്റ് ബാർ, സ്വീകൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ, കോർണറിംഗ് ഫംഗ്‌ഷനോടുകൂടിയ ഫോഗ് ലൈറ്റുകൾ, എയ്‌റോ ഇൻസെർട്ടുകളുള്ള 16 ഇഞ്ച് അലോയ് വീലുകൾ, 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ കാര്യങ്ങൾ അധികമായി ലഭ്യമാവും.

അതേടൊപ്പം നാല് സ്പീക്കറുകളും നാല് ട്വീറ്ററുകളും, റിയർ വൈപ്പറും വാഷറും, 45W ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, റിയർ എസി വെന്റുകൾ തുടങ്ങിയവയുമുണ്ട്. ഫിയർലെസ് ലോംഗ് റേഞ്ച് പതിപ്പിൽ V2V ചാർജിംഗ്, V2L സാങ്കേതികവിദ്യ, ഓട്ടോ ഹോൾഡ് ഫംഗ്‌ഷനുള്ള EPB, റിയർ ഡിസ്ക് ബ്രേക്കുകൾ, 7.2kW എസി ഫാസ്റ്റ് ചാർജർ പോലുള്ള അധിക സവിശേഷകളും ഉപഭോക്താക്കൾക്കായി ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഫിയർ ലെസ് പ്ലസ്: മീഡിയം, ലോംഗ് റേഞ്ച് പതിപ്പുകളിൽ നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ ഈ വേരിയന്റും ലഭ്യമാവും. മുകളിലെ മോഡലുകളിൽ ഒരുക്കിയിട്ടുള്ള ഫീച്ചറുകൾക്ക് പുറമെ AudioworX, ഫ്രണ്ട് ആംറെസ്റ്റ്, വയർലെസ് ചാർജർ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ അധിക സംവിധാനങ്ങളാണ് ഇതിൽ ടാറ്റ മോട്ടോർസ് കരുതിവെച്ചിട്ടുള്ളത്. ലോംഗ് റേഞ്ച് മോഡലിൽ അധിക റേഞ്ചും ഉണ്ടാവുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഫിയർലെസ് പ്ലസ് S: മീഡിയം, ലോംഗ് റേഞ്ച് ബാറ്ററി ഓപ്ഷനുകളിലാണ് ഈ വേരിയന്റും വരുന്നത്. അധികമായി മുടക്കുന്ന തുകയ്ക്ക് റെയിൻ-സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, വോയിസ് അസിസ്റ്റഡ് ഇലക്ട്രിക് സൺറൂഫ് പോലുള്ള സംവിധാനങ്ങളാണ് ടാറ്റ നെക്സോൺ ഇവി ഫെയ്‌സലിഫ്റ്റിന്റെ ഈ ഫിയർലെസ് പ്ലസ് S വേരിയന്റിൽ നൽകുന്നത്.
എംപവേർഡ്: മീഡിയം റേഞ്ച് പതിപ്പിൽ മാത്രം ലഭ്യമാവുന്ന ഇതിൽ മറ്റ് വേരിയന്റുകളിൽ ലഭ്യമാവുന്ന ഫീച്ചറുകൾക്ക് പുറമെ വെൽക്കും ആൻഡ് ഗുഡ്ബൈ ഫങ്ഷൻ ലൈറ്റുകൾ, ചാർജിംഗ് ഇൻഡിക്കേറ്റർ, 4 സ്പീക്കറുകൾ, 4 ട്വീറ്ററുകൾ, 1 സബ് വൂഫർ, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസർ, എയർ പ്യൂരിഫയർ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, വെന്റിലേഷൻ ഫംഗ്‌ഷനോടുകൂടിയ ലെതറെറ്റ് സീറ്റുകൾ, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, രണ്ടാം നിരയ്ക്കുള്ള ആംറെസ്റ്റ് പോലുള്ള സവിശേഷതകളും ഉണ്ടാവും.

എംപവേർഡ് പ്ലസ്: പുതിയ ടാറ്റ നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റായ എംപവേർഡ് പ്ലസിൽ അധികമായി 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റവും SOS കോൾ സംവിധാനവുമാണ് കിട്ടുക. ഈ വേരിയന്റ് ഇലക്ട്രിക് എസ്‌യുവിയുടെ ലോംഗ് റേഞ്ച് പതിപ്പുകളിൽ മാത്രമാണ് വാങ്ങാനാവുന്നത്. ഇവയെല്ലാമാണ് പുത്തൻ നെക്സോൺ ഇവിയുടെ വേരിയന്റുകളും അതുതിരിച്ചുള്ള സവിശേഷതകളും


Click it and Unblock the Notifications








