ഫ്രോങ്ക്സും ബ്രെസയും വെള്ളം കുടിക്കും, പുത്തൻ നെക്സോണിന്റെ അവതരണത്തിന് സമയം കുറിച്ച് ടാറ്റ
ഇന്ത്യൻ വിപണി ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ മോഡലുകളിൽ ഒന്നാണ് നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റ്. കാലതീതമായ മാറ്റങ്ങളും പരിഷ്ക്കാരങ്ങളുമായി എത്തുന്ന മാരുതി ബ്രെസയുടെ എതിരാളിയെ വരവേൽക്കാൻ വിപണിയും തയാറെടുത്തു കഴിഞ്ഞു. നിലവിൽ അവസാനവട്ട പണികളിലേക്ക് കടന്ന ടാറ്റ മോട്ടോർസ് കോംപാക്‌ട് എസ്‌യുവിയുടെ അവതരണത്തിനായുള്ള സമയം കുറിച്ചിരിക്കുകയാണ്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പുതിയ 2023 ടാറ്റ നെക്സോൺ സെപ്റ്റംബർ 14-ന് ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കും. പെട്രോൾ, ഡീസൽ പതിപ്പുകൾക്കൊപ്പം മാറ്റങ്ങളുമായെത്തുന്ന എസ്‌യുവിയുടെ ഇലക്‌ട്രിക് വേരിയന്റും കമ്പനി അന്നേ ദിവസം തന്നെ വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. XE, XM, XM+, XZ+, XZ+ ലക്‌സ് എന്നീ വേരിയന്റുകൾ പേരുകൾ ഉപേക്ഷിച്ച് പുതിയ വേരിയന്റുകളിലാവും വാഹനം അറിയപ്പെടുക. എസ്‌യുവി മൊത്തത്തിൽ 11 ട്രിമ്മുകളിൽ വാഗ്‌ദാനം ചെയ്യുമെന്ന് കരുതുന്നു.

സ്‌മാർട്ട്, സ്‌മാർട്ട് പ്ലസ്, സ്‌മാർട്ട് പ്ലസ് (S), പ്യൂവർ, പ്യൂവർ (S), ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ്, ക്രിയേറ്റീവ് പ്ലസ് (S), ഫിയർലെസ്, ഫിയർലെസ് (S), ഫിയർലെസ് പ്ലസ് (S) എന്നീ വ്യത്യസ്‌ത വേരിയന്റുകളിലായിരിക്കും ഇനി മുതൽ നെക്സോൺ വാങ്ങാനാവുക. അകത്തും പുറത്തും നിരവധി ഉടച്ചുവാർക്കലാണ് ഇത്തവണ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ലഭിക്കുക. പുറത്ത് നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് ഒരു പ്രധാന രൂപമാറ്റം സംഭവിക്കും.
എന്നാൽ അടിസ്ഥാന രൂപം നിലവിലെ മോഡലിൽ നിന്നും അതേപടി മുന്നോട്ടു കൊണ്ടുപോവും. നെക്‌സോണിന്റെ രണ്ടാമത്തെ പ്രധാന ഫെയ്‌സ്‌ലിഫ്റ്റ് ആണിത്. പുതിയ സ്‌പ്ലിറ്റ്-ഹെഡ്‌ലാമ്പ് സജ്ജീകരണം, പൂർണ വീതിയുള്ള എൽഇഡി ടെയിൽലൈറ്റ്, അലോയ് വീലുകൾക്ക് ഒരു പുതിയ ഡിസൈൻ, പഴയ നെക്‌സോണിന്റെ Y-ആകൃതിയിലുള്ള ഡിസൈൻ മോട്ടിഫുകളുടെ ഒഴിവാക്കൽ എന്നിവയും അതിലേറെയും പോലുള്ള മാറ്റങ്ങളാവും സബ്-4 മീറ്റർ എസ്‌യുവിക്ക് ലഭിക്കുക.

പലരും ഇഷ്‌ടപ്പെടാതെ പോയ നെസോണിന്റെ നിലവിലെ റിയർ ഡിസൈനിൽ കാര്യമായ ഉടച്ചുവാർക്കലുമായാണ് ടാറ്റ എത്തുന്നത്. ഇതുതന്നെയാണ് ഡിസൈനിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്. ഇത് വലിയൊരു എസ്‌യുവിയുടെ പ്രതീതിയാണ് പുത്തൻ നെക്സോണിന് സമ്മാനിക്കുന്നത്. മുൻ മോഡലിന്റെ കാസ്‌കേഡിംഗ് ഡിസൈനിനേക്കാൾ ഫ്ലാറ്റാണ് പിൻ ഡിസൈൻ എന്നും പറയാം.
ഇനി അകത്തേക്ക് കയറിയാൽ ഇതൊരു പുതിയ മോഡലല്ലേ എന്ന തോന്നൽ ജനിപ്പിക്കുന്ന തരത്തിലായിരിക്കും ടാറ്റ മോട്ടോർസ് നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ ഒരുക്കുക. മെലിഞ്ഞ എസി വെന്റുകൾ, ടച്ച് അധിഷ്‌ഠിത HVAC കൺട്രോൾ പാനൽ, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയുള്ള പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ് വാഹനത്തിന് പ്രീമിയം ടച്ചാവും സമ്മാനിക്കുക.

ഇത്തരം നവീകരണങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ടാറ്റ മോട്ടോർസ് നെക്സോണിന്റെ റോട്ടറി ഡ്രൈവ് മോഡ് സെലക്ടറും മാനുവൽ ഹാൻഡ്‌ബ്രേക്കും അതേപടി നിലനിർത്തിയിട്ടുണ്ട്. ഇനി എഞ്ചിൻ വിശദാംശങ്ങളിലേക്ക് വന്നാൽ നിലവിലെ മോഡലിലുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയുമായി തന്നെ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് മുന്നോട്ടുപോവും.
പുതിയ 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്, 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി എന്നിങ്ങനെ നാല് ഗിയർബോക്സുകൾ പെട്രോൾ നെക്സോണിൽ തെരഞ്ഞെടുക്കാനും അവസരം കിട്ടും. എന്നാൽ ഡീസൽ എഞ്ചിന് 6 സ്പീഡ് ഗിയർബോക്സുകൾ മാത്രമേ ലഭിക്കൂ. ഇതുകൂടാതെ പെട്രോൾ എഞ്ചിൻ കൂടുതൽ പെർഫോമൻസ് ലഭിക്കാനായി റീട്യൂൺ ചെയ്യുമെന്ന സംസാരവും എയറിലുണ്ട്.
അങ്ങനെ നെക്സോണിന്റെ ടർബോ പെട്രോൾ എഞ്ചിന് 125 bhp കരുത്തിൽ 225 Nm torque വരെ നിർമിക്കാനാവും. മാരുതി സുസുക്കി ബ്രെസ, മഹീന്ദ്ര XUV300, മാരുതി ഫ്രോങ്ക്‌സ്, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, റെനോ കൈഗർ, നിസാൻ മാഗ്‌നൈറ്റ് എന്നീ മോഡലുകളുമായാണ് ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ടാറ്റ മോട്ടോർസ് മത്സരിക്കുന്നത്. മറുവശത്ത് നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് മഹീന്ദ്ര XUV400 ഇവിക്ക് എതിരാളിയായി തുടരും.


Click it and Unblock the Notifications








