ആ എഞ്ചിൻ എങ്കിലും ഒന്നു മാറ്റണേ... പുതിയ 7 സീറ്റർ എംപിവിയുമായി നിസാൻ വരുന്നു
ഇന്ത്യയിൽ മരണത്തോട് മല്ലടിച്ചു കിടന്നൊരു കാലമുണ്ടായിരുന്നു പ്രതാപിയായിരുന്ന നിസാന്. ഒരു മോഡലും രാജ്യത്ത് ക്ലച്ചുപിടിക്കാതെ പോയതോടെ കമ്പനി ഇപ്പോൾ പൂട്ടുമെന്ന അവസ്ഥ വരെ എത്തിയിരുന്നു. അപ്പോഴാണ് കോംപാക്‌ട് എസ്‌യുവിയുടെ രൂപത്തിൽ മാഗ്നൈറ്റ് അവതാരപ്പിറവിയെടുക്കുന്നത്. പിന്നെ നിസാൻ്റെ ഡീസലർഷിപ്പുകളിലേക്ക് ആളുകൾ ഇരച്ചെത്തുകയും ചെയ്‌തു.
എന്നാൽ മൂന്നാമത്തെ വർഷമായിട്ടും പുതിയൊരു മോഡൽ കൊണ്ടുവരാത്തതിനാൽ മാഗ്നൈറ്റിനെ ആശ്രയിച്ചാണ് നിസാൻ ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. കൂട്ടിനുള്ള കിക്‌സിനെയാവട്ടെ ആർക്കും വേണ്ട താനും. അവിടെയാണ് പുതിയ തന്ത്രം പയറ്റാൻ ജാപ്പനീസ് ബ്രാൻഡ് ഒരുങ്ങുന്നത്. പങ്കാളിയായ റെനോയുടെ നിരയിൽ നിന്നുമുള്ള ട്രൈബർ കോംപാക്‌ട് മൾട്ടി പർപ്പസ് വാഹനത്തെ അടിസ്ഥാനമാക്കി പുതിയ 7 സീറ്റർ മോഡൽ പുറത്തിറക്കാനാണ് നിസാൻ ഒരുങ്ങുന്നത്. ഈ വാർത്ത ഇതിനോടകം എയറിൽ എത്തിയിരുന്നെങ്കിലും സംഭവം കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

റെനോയും നിസാനും തങ്ങളുടെ പങ്കാളിത്തം പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിനെ തുടർന്ന് ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഫ്രഞ്ച്-ജാപ്പനീസ് ബ്രാൻഡുകളുടെ തയാറെടുപ്പ്. രണ്ട് ബ്രാൻഡുകളും ഇന്ത്യയിൽ അവതരിപ്പിക്കുന്ന പുതിയ വാഹനങ്ങളെ സംബന്ധിച്ചാണ് പങ്കാളിത്തത്തിൽ നിന്നുള്ള ചില പ്രധാന വാർത്തകൾ പുറത്തുവരുന്നത്. ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന 7 സീറ്റർ എംപിവിയായ റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള ഒരു കാർ തങ്ങൾ അവതരിപ്പിക്കുമെന്ന് നിസാൻ പ്രഖ്യാപിച്ചു.
അതിനാൽ ഈ വർഷം അല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തോടെ നിസാൻ പുതിയ 7 സീറ്റർ വാഹനത്തെ ഇന്ത്യയിൽ നിരത്തുകളിൽ എത്തിക്കും. കൈഗർ-മാഗ്നൈറ്റ് പോലെ തന്നെ കാഴ്ച്ചയിൽ ഒരു സാമ്യവും ഇവർ തമ്മിൽ ഉണ്ടാവില്ലെന്ന് തീർത്തു പറയാനാവും. ഇന്ത്യൻ വിപണിയിലെ പുതിയ എസ്‌യുവികളെക്കുറിച്ചും പ്രഖ്യാപനങ്ങളിൽ പരാമർശമുണ്ട്. ഇന്ത്യൻ വിപണിയിലെ ഏറ്റവും മത്സരാധിഷ്ഠിത സെഗ്‌മെന്റുകളിലൊന്നായ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ കൈഗർ, മാഗ്നൈറ്റ് എന്നിവ നിർമാതാക്കൾക്ക് വലിയ വിജയമാണ് നേടിക്കൊടുത്തത്. ഇതേ പ്ലാറ്റ്ഫോമാണ് ട്രൈബറിനും അടിവരയിടുന്നത്.

റെനോ-നിസാൻ പങ്കാളിത്തത്തിന് ഇന്ത്യയിൽ പ്ലാറ്റ്ഫോം / എഞ്ചിൻ പങ്കിടൽ ഇതിനകം നടന്നിട്ടുണ്ട്. പണ്ട് ഡസ്റ്ററും ടെറാനോയും സണ്ണിയും സ്‌കാലയും പങ്കുവെച്ചിരുന്നു. മാഗ്‌നൈറ്റ് സ്ഥാപിച്ച ആക്കം തുടരാൻ പുത്തൻ എംപിവിക്കും സാധിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പണ്ടത്തെ ഗോ പ്ലസ് ഉപയോഗിച്ച് ഡാറ്റ്‌സൻ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ച ഒരു ഫോർമുലയാണ് ഇത്തവണയും അടിസ്ഥാനമാവുക. എന്നാൽ കൂടുതൽ മികച്ച ഡിസൈനും പ്രീമിയം ഫീലും വണ്ടിക്ക് നൽകാനാവും.
എൻട്രി ലെവൽ സെഗ്‌മെന്റിന് 7 സീറ്റർ കാർ അനുഭവം നൽകുന്ന തരത്തിലാണ് ട്രൈബർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇവിടെയാണ് റെനോ വിജയം കണ്ടത്. തിരശ്ചീനമായി ഘടിപ്പിച്ച 1.0 ലിറ്റർ യൂണിറ്റിന് എഞ്ചിൻ ബേ ആവശ്യമില്ല. അതിനാൽ ബോണറ്റ് ചെറുതാക്കാനും തുടർന്ന് സ്പേസ് ലാഭിക്കാനുമായി. അങ്ങനെയാണ് ട്രൈബറിനെ ഡിസൈൻ ചെയ്‌ത് എടുത്തിരിക്കുന്നത്. നിസാനിൽ നിന്നും വരാനിരിക്കുന്ന ഈ 4 മീറ്ററിൽ താഴെയുള്ള ലൈഫ്‌സ്‌റ്റൈൽ എംപിവിക്ക് ട്രൈബറിന് സമാനമായ വലിപ്പം തന്നെയാവും ഉണ്ടായിരിക്കുക.

കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, രണ്ടാം നിര റിക്ലൈൻ, 2, 3 വരി റൂഫ് മൗണ്ടഡ് എസി വെന്റുകൾ, നീക്കം ചെയ്യാവുന്ന മൂന്നാം നിര സീറ്റുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം എന്നിവ കാറിന്റെ ഫീച്ചറുകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ട്രൈബറിന്റേതിന് സമാനമായി എഞ്ചിൻ നിലനിർത്താനാണ് സാധ്യത. പക്ഷേ ഇക്കാര്യത്തിൽ മാത്രമാണ് വാഹനം അൽപം പിന്നോട്ടു നിൽക്കുന്നത്. കൂടുതൽ ശേഷിയുള്ള 1.2 ലിറ്റർ അല്ലെങ്കിൽ 1.5 ലിറ്റർ എഞ്ചിൻ നൽകിയാൽ സംഭവം ഹിറ്റാകുമെന്ന് ഉറപ്പാണ്.
നിലവിലുള്ള 1000 സിസി ത്രീ-സിലിണ്ടർ നാച്ചുറൽ ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിൻ 71 bhp പവറിൽ പരമാവധി 96 Nm torque വരെ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഇതേ എഞ്ചിൻ്റെ ടർബോ യൂണിറ്റ് നിസാൻ ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഇതിന് 100 bhp കരുത്തിൽ 160 Nm torque ഓളം നൽകാനാവും. മറ്റ് സവിശേഷതകളിൽ എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ പോലുള്ള അടിസ്ഥാന കാര്യങ്ങളും വരാനിരിക്കുന്ന നിസാൻ എംപിവിയിൽ ഉണ്ടാവും.
വില വിവരങ്ങളെ സംബന്ധിച്ചിടത്തോളം റെനോ ട്രൈബറിന് സമാനമായിരിക്കും വരാനിരിക്കുന്ന നിസാൻ എംപിവിയുടെ വിലയും. 6.34 ലക്ഷം രൂപ മുതൽ 8.98 ലക്ഷം രൂപയ്ക്കിടയിലാവും സ്ഥാനംപിടിക്കുക. പുതിയ ബോഡി പാനലുകൾക്കായുള്ള ടെസ്റ്റിംഗ് ഘട്ടം ഉടൻ ആരംഭിക്കാനും 2023 അവസാനത്തോടെ വാഹനത്തിന്റെ സീരീസ് ഉത്പാദനം ആരംഭിക്കാനുമാണ് സാധ്യതകളുള്ളത്.


Click it and Unblock the Notifications