തോറ്റിടത്തു നിന്നും തുടങ്ങും, കിക്‌സിന്റെ പകരക്കാരനെ കണ്ട് പകച്ച് ക്രെറ്റയും സെൽറ്റോസും
ഇന്ത്യയിൽ അത്ര നല്ല ഓർമകളില്ലാത്ത വാഹന നിർമാതാക്കളാണ് നിസാൻ. വിപണിയിൽ അവതരിപ്പിച്ച ഒട്ടുമിക്ക മോഡലുകളും തോറ്റുതുന്നം പാടിയപ്പോൾ പിടിച്ചു നിന്നത് മൈക്രാ, സണ്ണി, ടെറാനോ എന്നീ കാറുകളുടെ ചെറിയ വിൽപ്പനയിലായിരുന്നു. അതോടൊപ്പം ഡാറ്റ്സൻ എന്ന ബജറ്റ് ബ്രാൻഡിലൂടെയും പിടിച്ചുനിൽക്കാൻ നിസാൻ പല ശ്രമങ്ങൾ നടത്തി. പക്ഷേ തൊട്ടതെല്ലാം പാളിയെങ്കിലും മാഗ്നൈറ്റ് എത്തിയതോടെ ശ്വാസം നേരെവീണു.
പിന്നെ നിസാന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെങ്കിലും ഒരു ജനപ്രിയ വാഹനമെത്താൻ 2020 വരെ കാത്തിരിക്കേണ്ടി വന്നു. മിടുക്കനായൊരു മോഡലാണെങ്കിലും കൂട്ടത്തിലെ വമ്പൻമാർക്കിടയിൽ പെട്ടുപോയൊരു നിസാൻ എസ്‌യുവിയാണ് കിക്‌സ്. മികച്ച എഞ്ചിനും പെർഫോമൻസുമെല്ലാം ഉണ്ടെങ്കിലും ക്രോസ്ഓവർ രൂപവും ഫീച്ചറുകളുടെ കുറവും കാരണം ഇതിനെ ആരും തിരിഞ്ഞു നോക്കിയില്ല. ലക്ഷങ്ങളുടെ ഓഫറുകൾ വാരിയെറിഞ്ഞിട്ടും കിക്‌സ് വിറ്റുപോയില്ല. എന്നാൽ കിക്‌സ് തോറ്റിടത്തു നിന്നും വീണ്ടും തുടങ്ങാൻ പോവുകയാണ് ജാപ്പനീസ് ബ്രാൻഡ്.

ഇതിനായി ഒരു പകരക്കാരനെയും നിസാൻ കണ്ടെത്തി. ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും മാരുതി ഗ്രാൻഡ് വിറ്റാരയുമെല്ലാം അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് അവതാരപ്പിറവിയെടുക്കുന്നത് ആഗോളതലത്തിൽ വൻഹിറ്റായ ജൂക്ക് എന്ന മിടുക്കനാണ്. നേരത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോവുന്ന പുത്തൻ എസ്‌യുവികളെ രാജ്യത്ത് പ്രദർശിപ്പിച്ച കൂടെ ഈ മിടുക്കനുമുണ്ടായിരുന്നുവെന്നത് വാഹനപ്രേമികൾ ശ്രദ്ധിച്ചുകാണുമായിരിക്കുമല്ലോ.
ഫീച്ചറുകളിലും ലുക്കിലും കിക്‌സ് പോരെന്ന വാദമുന്നയിക്കുന്നവർക്കുള്ള ഉത്തരമാവും ജൂക്ക് എന്നതിന് ഒരു സംശയവും കാണില്ല. ഡിസൈനിവേക്ക് നോക്കിയാൽ മുൻവശത്ത് നിസാന്റെ സിഗ്നേച്ചർ ഗ്രില്ലിനൊപ്പം ചരിഞ്ഞ ഡിആർഎല്ലുകളുമായാണ് എസ്‌യുവി വരിക. ഹെഡ്‌ലാമ്പുകൾ ട്രൈ-ആരോ തീം ഉള്ള ഒരു വൃത്താകൃതിയിലുള്ള കട്ടൗട്ടിൽ സ്ഥാപിച്ചിരിക്കുന്നതും ഒരു വിദേശിയുടെ ഫീൽ നൽകും.

സൈഡ് പ്രൊഫൈലിൽ ചില ഷാർപ്പ് ലൈനുകൾ സമ്മാനിച്ചിരിക്കുന്നത് വാഹനത്തിന്റെ മസ്ക്കുലാരിറ്റി എടുത്തുകാണിക്കും. പിന്നിൽ മനോഹരമായുള്ള ടെയിൽ ലാമ്പുകൾ കൂടി ചേരുന്നതോടെ മൊത്തത്തിൽ നിസാൻ ജൂക്ക് സ്റ്റൈലിഷാവുന്നു. ഒരു സ്പോർട് യൂട്ടിലിറ്റി വാഹനത്തിലുപരി ഒരു ക്രോസ്ഓവർ എന്നുവിളിക്കുന്നതാവും ഉചിതം. റൂഫിൽ ഘടിപ്പിച്ച സ്‌പോയിലർ, വിൻഡ്‌സ്‌ക്രീൻ എന്നിവയെല്ലാം ഈ രൂപത്തിന് അടിവരയിടുന്നു. 4.2 മീറ്ററിലധികം നീളമുള്ള ജൂക്ക് ക്രെറ്റയേക്കാൾ അൽപ്പം ചെറുതാണ്.
നിസാന്റെ CMF-B പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ജൂക്ക് നിർമിച്ചിരിക്കുന്നത്. വലിപ്പമനുസരിച്ച് 4210 മില്ലീമീറ്റർ നീളവും 1800 മില്ലീമീറ്റർ വീതിയും 1595 മില്ലീമീറ്റർ ഉയരവുമാണ് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെത്തുന്ന ജാപ്പനീസ് കാറിനുണ്ടാവുക. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഫീച്ചറുകളുള്ള കാറല്ല ജൂക്ക്. എങ്കിലും സെഗ്മെന്റ് നിറയാനുള്ള എല്ലാത്തരം ജാലവിദ്യകളും നിസാൻ ഇന്ത്യയിലെത്തുമ്പോൾ നൽകിയേക്കും.

6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം എന്നിങ്ങനെ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് നിസാൻ ജൂക്ക് വരുന്നത്. ജൂക്കിന്റെ മൊത്തത്തിലുള്ള ലേഔട്ട് ആഡംബരത്തേക്കാൾ പ്രായോഗികമാണെന്ന കാര്യവും ജാപ്പനീസ് ബ്രാൻഡ് ഉയർത്തിക്കാട്ടിയേക്കും. എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാലും എതിരാളികൾക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കാനുള്ള കെൽപ്പുണ്ടാവും.
115 bhp പവറിൽ 200 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാവും ഇന്ത്യയിൽ അവതരിപ്പിക്കുക. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവലും DCT ഗിയർബോക്സും ഉൾപ്പെടും. 4-സിലിണ്ടർ പെട്രോൾ എഞ്ചിനുമായി ജോടിയാക്കിയ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ കൂടിയെത്തിയാൽ വിപണി പിടിക്കാൻ ജൂക്കിന് സാധിക്കും. ഇത് ഇലക്ട്രിക് മോട്ടോറുമായി സംയോജിച്ച് 143 bhp കരുത്ത് വരെ നൽതാൻ പ്രാപ്തമാണ്.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെയും ടൊയോട്ട ഹൈറൈഡറിന്റെയും ഹൈബ്രിഡ് സജ്ജീകരണങ്ങൾ മികച്ച വിൽപ്പന നേടിയതിനാൽ നിസാൻ ഈ ഹൈബ്രിഡ് സജ്ജീകരണം ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നതാണ് വ്യക്തിപരമായ അഭിപ്രായം. ജൂക്കിന്റെ അവതരണം എന്നുണ്ടാവുമെന്ന് നിസാൻ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഈ വർഷം അവസാനത്തോടെ സി-സെഗ്മെന്റ് എസ്‌യുവി ശ്രേണിയിലേക്ക് വാഹനം കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് അടുത്ത വർഷം തുടക്കത്തോടെ നിസാൻ വിൽപ്പന ആരംഭിക്കുകയും ചെയ്‌തേക്കും.


Click it and Unblock the Notifications








