19.70 കി.മീ.മൈലേജുള്ള ഈ ഓട്ടോമാറ്റിക് എസ്‌യുവിക്ക് ഇപ്പോൾ വില കൂടില്ല, നിസാന്റെ പുതിയ തന്ത്രം അറിഞ്ഞോ?
ഓട്ടോമാറ്റിക് കാറുകളുടെ ആവശ്യം ഇന്ത്യൻ വിപണിയിലും കൂടിവരികയാണ്. നിരത്തുകളിലെ വലിയ തിരക്കും ഓടിക്കാനുള്ള എളുപ്പവുമെല്ലാം കാരണം ഗിയർലെസ് വാഹനങ്ങൾ ഇന്ന് ഏവർക്കും പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ട്രെൻഡിംഗായ എസ്‌യുവി സെഗ്മെന്റിലും ഓട്ടോമാറ്റിക് മോഡലുകളാണ് ഏവരും തേടിയെത്തുന്നത്. മാനുവൽ കാറുകളേക്കാൾ മൈലേജും ഇവയ്ക്കുണ്ടെന്നതും ഹൈലൈറ്റാണ്.
ഈയൊരു ട്രെൻഡിൽ ആളെപ്പിടിക്കാനാണ് ഇക്കഴിഞ്ഞയിടയ്ക്ക് കുറഞ്ഞ വിലയും കിടിലൻ മൈലേജും വിട്ടുവീഴ്ച്ചയില്ലാത്ത സേഫ്റ്റിയും കൂടിക്കലർന്ന ബജറ്റ് ഫ്രണ്ട്‌ലി മോഡലായ നിസാൻ മാഗ്നൈറ്റ് എസ്‌യുവിയിലേക്ക് കമ്പനി കൂടുതൽ താങ്ങാനാവുന്ന എഎംടി ഗിയർബോക്‌സ് അവതരിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും അഫോർഡബിളായ ഓട്ടോമാറ്റിക് എസ്‌യുവിയായാണ് ഇതറിയപ്പെടുന്നത്. 6.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വാഹനത്തെ നിസാൻ പുറത്തിറക്കിയത്.

എന്നാൽ ഇത് ആമുഖ വിലയായിരിക്കുമെന്നും പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഈ വിലയിൽ മാഗ്നൈറ്റ് എഎംടി വാങ്ങാനാവുമെന്നുമാണ് നിസാൻ അവതരണ വേളയിൽ പ്രഖ്യാപിച്ചത്. എന്നാൽ വാഹനത്തിന് ഇന്ത്യയിൽ നിന്നും മികച്ച സ്വീകാര്യത ലഭിച്ചതോടെ മാഗ്‌നൈറ്റ് എഎംടിയുടെ പ്രാരംഭ വില കുറച്ചുകാലത്തേക്ക് കൂടി നീട്ടാനാണ് ജാപ്പനീസ് ബ്രാൻഡിന്റെ പുത്തൻ തീരുമാനം. 2023 നവംബർ 30 വരെ 6.50 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ ഈ ക്ലച്ച്ലെസ് എസ്‌യുവി വാങ്ങാനാവും.
EZ-ഷിഫ്റ്റ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എഎംടി) എന്നുവിളിക്കുന്ന വേരിയന്റ് 2023 നവംബർ 30 വരെ ഉപഭോക്താക്കൾക്ക് ഇതേ വിലയിൽ ബുക്ക് ചെയ്യാൻ കഴിയും. ഇതിനു ശേഷം വിലയിൽ ചെറിയൊരു വർധനവ് കൊണ്ടുവരാനാണ് നിസാൻ പദ്ധതിയിട്ടിരിക്കുന്നത്. മാഗ്നൈറ്റ് എഎംടിക്കായുള്ള ഡെലിവറികൾ ഈ വർഷാവസാനം ആരംഭിക്കും. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് എസ്‌യുവി ലഭ്യമാകുന്നത്.

പുതിയ നിസാൻ മാഗ്‌നൈറ്റ് EZ-ഷിഫ്റ്റിലെ 1.0 ലിറ്റർ പെട്രോൾ എഞ്ചിന് 71 bhp കരുത്തിൽ പരമാവധി 96 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5-സ്പീഡ് എഎംടിക്ക് പുറമെ 5-സ്പീഡ് മാനുവൽ പതിപ്പിലും കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കാനാവും. മൈലേജിന്റെ കാര്യത്തിലും ആള് പുലിയാണ് കേട്ടോ. മാനുവലിന് 19.35 കിലോമീറ്ററും എഎംടിക്ക് 19.70 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി അവകാശപ്പെടുന്നത്.
കൂടാതെ, ഡ്യുവൽ ഡ്രൈവിംഗ് മോഡ്, ഇന്റലിജന്റ് ക്രീപ്പ് ഫംഗ്ഷൻ, ആന്റി-സ്റ്റാൾ, കിക്ക്-ഡൗൺ ഫീച്ചറുകൾ എന്നിവയോടെയാണ് മാഗ്നൈറ്റ് എഎംടി വരുന്നത്. ഇതോടൊപ്പം വെഹിക്കിൾ ഡൈനാമിക് കൺട്രോൾ (VDC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA) എന്നീ സവിശേഷതകളും മാഗ്നൈറ്റിന്റെ EZ-ഷിഫ്റ്റ് വേരിയന്റിലുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. എസ്‌യുവിയുടെ എഎംടി ഗിയർബോക്‌സ് ഓപ്ഷൻ XE, XL, XV, XV പ്രീമിയം വേരിയന്റുകളിലും അടുത്തിടെ പുറത്തിറക്കിയ മാഗ്നൈറ്റ് കുറോ സ്പെഷ്യൽ എഡിഷനിലും ലഭ്യമാകും.

എഎംടിയിൽ പുതിയ ഡ്യുവൽ-ടോൺ ബ്ലൂ,ബ്ലാക്ക് കളർ ഓപ്ഷനും ജാപ്പനീസ് വാഹന നിർമാതാക്കൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവരെ സിവിടി ഓട്ടോമാറ്റിക്കിൽ മാത്രം വിപണിയിൽ എത്തിയിരുന്ന മാഗ്നൈറ്റ് വിൽപ്പന കൊഴുപ്പിക്കാനായി എഎംടി വേരിയന്റിനെ കൊണ്ടുവന്നത് സെഗ്മെന്റിലെ പ്രധാന ശത്രുക്കളായ ടാറ്റ പഞ്ചിനും ഹ്യുണ്ടായി എക്സ്റ്ററിനും വലിയ തിരിച്ചടിയായിട്ടുണ്ട്.
പ്രത്യേകിച്ച് വില നിർണയം. താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ പഞ്ചിന്റെ എഎംടി എൻട്രി ലെവൽ അഡ്വഞ്ചർ വേരിയന്റിന് 7.50 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം ഹ്യുണ്ടായി എക്‌സ്‌റ്റർ എഎംടിക്ക് 8.09 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. പവർ കണക്കുകളിൽ നിസാൻ മാഗ്നൈറ്റ് അതിന്റെ എതിരാളികൾക്ക് ഏറെ പിന്നിലാണെന്ന് പറയുന്നവരുണ്ടെങ്കിലും ബജറ്റിന് ഇണങ്ങുന്ന വിലയും സിറ്റി റൈഡിംഗ് കംഫർട്ടും എസ്‌യുവിയെ വേറിട്ടു നിർത്തുന്ന കാര്യമാണ്.

ഇനി കൂടുതൽ പവർ വേണമെന്നുള്ളവർത്ത് നിസാൻ മാഗ്‌നൈറ്റ് 1.0 ലിറ്റർ ടർബോ പെട്രോൾ ഓപ്ഷനിലേക്ക് മാറാനും സാധിക്കും. 5-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് ഇതെത്തുന്നത്. ഫീച്ചറുകൾ നിറഞ്ഞ ക്യാബിനും വിശാലമായ ഇന്റീരിയറും മാഗ്‌നൈറ്റ് ജനപ്രിയമാണ്. ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ ഫോർ സ്റ്റാർ സുരക്ഷാ റേറ്റിംഗും ഈ കാറിന് ലഭിച്ചിട്ടുണ്ട്.
സബ് കോംപാക്റ്റ് എസ്‌യുവി വിദേശത്തും വളരെയധികം ഹിറ്റാണ്. സീഷെൽസ്, ബംഗ്ലാദേശ്, ഉഗാണ്ട, ബ്രൂണെ എന്നിവയുൾപ്പെടെ 15 ആഗോള വിപണികളിലേക്ക് ഇന്ത്യയിൽ നിന്ന് മാഗ്നൈറ്റിനെ കയറ്റുമതി ചെയ്യുന്നുണ്ട്. നിസാൻ ഇന്ത്യയുടെ പ്രാഥമിക കയറ്റുമതി വിപണിയിൽ ഇപ്പോൾ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ് എന്നിവയും ഉൾപ്പെടുന്നുണ്ട്.


Click it and Unblock the Notifications








