ഇനി മൈലേജും കൂടും വിലയും കുറയും, പഞ്ചിനെ പൊളിക്കാൻ നിസാൻ കണ്ടെത്തിയ തന്ത്രം കണ്ടോ?
ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള എസ്‌യുവിയായി വിപണിയിലേക്ക് എത്തിയ വാഹനമാണ് നിസാൻ മാഗ്നൈറ്റ്. മികച്ച നിർമാണ നിലവാരത്തിനൊപ്പം സേഫ്റ്റിയിലും 4-സ്റ്റാർ ലെവലുള്ള ഈ ബജറ്റ് ഫ്രണ്ട്‌ലി മോഡൽ അതിവേഗമാണ് ഹിറ്റടിച്ചത്. വലിയ അളവിൽ വിറ്റഴിക്കുന്നില്ലെങ്കിലും എല്ലാ മാസവും സ്ഥിരമായ വിൽപ്പന നേടിയെടുക്കാൻ മാഗ്നൈറ്റിന് സാധിക്കുന്നുണ്ട്.
2020-ൽ ഏകദേശം 4.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് നിസാൻ മാഗ്നൈറ്റിനെ അവതരിപ്പിച്ചത്. മൂന്ന് വർഷങ്ങൾക്കിപ്പുറം അടിക്കടി മാറ്റംവരുത്തി വിലയിൽ ചെറിയ വർധനവും ഉണ്ടായിട്ടുണ്ട്. ഇന്ന് ഏകദേശം 6 ലക്ഷം രൂപയിൽ നിന്നാണ് വണ്ടിയുടെ വില ആരംഭിക്കുന്നത് തന്നെ. എങ്കിലും സബ്-4-മീറ്റർ എസ്‌യുവി വിഭാഗത്തിലെ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനുകളിലൊന്നാണ് മാഗ്‌നൈറ്റ്.

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ എത്തുന്ന മോഡൽ ശ്രേണിയിൽ ചെറിയൊരു മാറ്റത്തിന് തയാറെടുക്കുകയാണ്. കുറഞ്ഞ വിലയിൽ ഓട്ടോമാറ്റിക് കാർ തേടുന്നവർക്കുള്ള സമ്മാനമായി മാഗ്നൈറ്റിന്റെ വില കുറയാൻ പോവുകയാണ്. എന്നാൽ നേരിട്ട് വില കുറക്കുകയല്ല ജാപ്പനീസ് ബ്രാൻഡ് ചെയ്യാൻ പോവുന്നത്. പക്ഷേ അതിനായി കണ്ടുപിടിച്ചിരിക്കുന്ന ട്രിക്ക് സമ്മതിച്ചേ മതിയാവൂ.
നിസാൻ മാഗ്നൈറ്റിന്റെ 1.0 ലിറ്റർ NA പെട്രോൾ എഞ്ചിനൊപ്പം AMT ഗിയർബോക്‌സ് ഓപ്ഷൻ കൊണ്ടുവന്നാണ് വില കൂടുതൽ താങ്ങാനാവുന്നത് ആക്കുന്നത്. നിലവിലെ സിവിടി ഓട്ടോമാറ്റിക്കിനെ അപേക്ഷിച്ച് നോക്കുമ്പോൾ എഎംടി വേരിയന്റുകൾക്ക് വില കുറവായിരിക്കും. ഈ പരിഷ്ക്കാരത്തിലൂടെ ഉത്സവ സീസണിൽ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഒരേ പ്ലാറ്റ്ഫോമിൽ അധിഷ്ഠിതമായ നിസാൻ മാഗ്നൈറ്റിനും റെനോ കൈഗറിനും സമാനമായ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. എന്നാൽ കൈഗറിന് 1.0 ലിറ്റർ NA പെട്രോൾ എഞ്ചിനൊപ്പം എഎംടി ഓപ്ഷൻ ലഭിക്കുന്നുണ്ട്. ഈ എഎംടി ഓപ്ഷൻ തന്നെയാണ് ഇപ്പോൾ മാഗ്‌നൈറ്റിനൊപ്പം അവതരിപ്പിക്കാൻ പോവുന്നതും. സിവിടിയേക്കാൾ മികവുറ്റ ഗിയർലെസ് മോഡലായിരിക്കില്ലെങ്കിലും വില കുറക്കാൻ കഴിയുന്നത് തീർച്ചയായും വലിയ കാര്യമായിരിക്കും.
എഎംടിയിലേക്ക് മാറുകയാണെങ്കിലും പവർ കണക്കുകളിൽ ഒന്നും മാറ്റമുണ്ടാവില്ല. നിസാൻ മാഗ്നൈറ്റിലെ 1.0 ലിറ്റർ NA പെട്രോൾ എഞ്ചിന് പരമാവധി 72 bhp പവറിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സിറ്റി യാത്രകളിലും മറ്റും മൈലേജ് വർധിപ്പിക്കാനും എഎംടിക്ക് സാധിക്കും. ഇനി ഗിയർലെസ് മോഡൽ വേണ്ടെന്നാണെങ്കിൽ സ്റ്റാൻഡേർഡായി 5-സ്പീഡ് മാനുവൽ ഓപ്ഷനും ഉപഭോക്താക്കൾക്ക് ലഭിക്കും.

ഇനി പെർഫോമൻസ് തിരയുന്നയാളാണ് നിങ്ങളെങ്കിൽ അതിനും നിസാൻ മാഗ്നൈറ്റിൽ ഉത്തരമുണ്ട്. 100 bhp കരുത്തിൽ 160 Nm torque നൽകുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ ഓപ്ഷനും ഈ കോംപാക്‌ട് എസ്‌യുവിയിലുണ്ട്. മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്കിലാണ് ഇതും സ്വന്തമാക്കാനാവുന്നത്. ഇവിടെ എഎംടി പ്രായോഗികമല്ലാത്തതിനാൽ അവതരിപ്പിക്കാനുള്ള സാധ്യതയില്ല. NA പെട്രോൾ എഞ്ചിനിൽ 18.75 കിലോമീറ്റർ മൈലേജും ടർബോ യൂണിറ്റിൽ 20 കിലോമീറ്റർ മൈലേജുമാണ് കിട്ടുന്നത്.
ഇങ്ങനെ മൊത്തത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബജറ്റ് എസ്‌യുവികളിൽ ഒന്നാണ് നിസാൻ മാഗ്നൈറ്റ്. എഎംടി ഓപ്ഷന്റെ അവതരണം ഉത്സവ സീസണുമായി ഒത്തുപോകുന്നതിനാൽ, വിൽപ്പനയിൽ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കാനാകും. മാഗ്‌നൈറ്റ് എഎംടി വേരിയന്റുകൾക്ക് അവയുടെ മാനുവൽ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 55,000 രൂപ മാത്രമാകും അധികമായി മുടക്കേണ്ടി വരിക.

നിലവിലുള്ള മോഡലിന് 6 ലക്ഷം മുതൽ 11.02 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നിവയാണ് നിസാന്റെ പ്രധാന എതിരാളികൾ. എങ്കിലും ഇപ്പോഴത്തെ പ്രധാന മത്സരം ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്‌റ്റർ, സിട്രൺ C3 പോലുള്ള മൈക്രോ എസ്‌യുവികളോടാണ്.
എന്തായാലും എഎംടി ഓപ്ഷന് പുറമെ മാഗ്‌നൈറ്റിൽ മറ്റ് വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. ടോപ്പ്-സ്പെക്ക് വേരിയന്റുകൾ ഇതിനകം തന്നെ ഒരു സമഗ്രമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ അക്കാര്യത്തിലും പേടിക്കാനൊന്നുമില്ല. പ്രീമിയം എയർ ഫിൽട്ടർ, റിയർ എസി വെന്റുകൾ, ഉയരം ക്രമീകരിക്കാവുന്ന സീറ്റുകൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 7-ഇഞ്ച് TFT ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 50-ൽ അധികം കണക്റ്റിവിറ്റി ഫീച്ചറുകൾ എന്നീ ഫീച്ചറുകളോടെയാണ് വണ്ടിയുടെ വരവ്.

സുരക്ഷുടെ കാര്യത്തിലും ആള് കേമനാണ്. റിയർ പാർക്കിംഗ് സെൻസറുകൾ, ആന്റി തെഫ്റ്റ് അലാറം, പ്രൊജക്ഷൻ ഗൈഡുള്ള പിൻ ക്യാമറ, വെഹിക്കിൾ ഡൈനാമിക്സ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, 360 ഡിഗ്രി സറൗണ്ട് വ്യൂ മോണിറ്റർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയെല്ലാം കോർത്തിണക്കിയാണ് നിസാൻ മാഗ്നൈറ്റിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.


Click it and Unblock the Notifications








