പഞ്ചും എക്സ്റ്ററും വേറെ വഴി നോക്കേണ്ടി വരുമോ? മിനുങ്ങിയെത്താൻ ഈ ബജറ്റ് എസ്‌യുവി
എസ്‌യുവികൾ ട്രെൻഡിംഗായി തുടങ്ങിയപ്പോൾ തന്നെ പലരും ചിന്തിച്ചിട്ടില്ലാത്ത വിലയിലെത്തിയ തട്ടുപൊളിപ്പൻ സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നു നിസാൻ മാഗ്നൈറ്റ്. ആരും കയറാതിരുന്ന ഷോറൂമുകളിൽ ആളുകളെ ക്യൂ നിർത്തിയത് ഒരേയൊരു കാര്യമായിരുന്നു 'വില'. ഒരു സാധാരണ ഹാച്ച്ബാക്ക് വാങ്ങുന്ന വിലയ്ക്കാണ് ജാപ്പനീസ് ബ്രാൻഡ് മാഗ്നൈറ്റിനെ പുറത്തിറക്കിയത്.
പിന്നീട് പല നിർമാതാക്കളും ഇതേ തന്ത്രം ഉപയോഗിച്ച് മൈക്രോ എസ്‌യുവി സെഗ്മെന്റിന് രൂപംകൊടുത്തു. ടാറ്റ മോട്ടോർസും ഹ്യുണ്ടായിയും അരങ്ങുവാഴുന്നിവിടെ ഇതേ വിലയ്ക്ക് കുറച്ചുകൂടി വിശാലമായ എന്തേലും വാങ്ങണമെന്ന് വിചാരിക്കുന്നവർക്കുള്ള ഓപ്ഷനാണ് ഇപ്പോൾ നിസാൻ മാഗ്നൈറ്റ്. വന്നിട്ട് 3 വർഷം പൂർത്തിയാക്കുന്ന വേളയിൽ മോഡലിലേക്ക് കൂടുതൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ പോവുകയാണ് ബ്രാൻഡ്. മാഗ്നൈറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ തന്നെയാണിത്.

പഴയ പോലെ ഷോറൂമുകൾ കാലിയാവാതിരിക്കാനുള്ള നിസാന്റെ തന്ത്രങ്ങളിൽ ഒന്നുമാത്രമാണിത്. 2025-ഓടെ വിപണിയിൽ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് എന്നിവയ്‌ക്കെതിരെയാണ് പുതിയ എസ്‌യുവി സ്ഥാനം പിടിക്കുക. കൂടാതെ X-ട്രെയിലും ഉടൻ നിരത്തിലെത്തും. പിന്നീട് റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ എംപിവിയുടെ നിർമ്മാണത്തിലും കമ്പനി ശ്രദ്ധകേന്ദ്രീകരിക്കും.
പുതിയ മിഡ്-സൈസ് എസ്‌യുവി അവതരിപ്പിക്കുന്നതിന് മുമ്പ് മാഗ്‌നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ നവീകരിച്ച പതിപ്പ് നിസാൻ അവതരിപ്പിക്കും. പലരും മാഗ്നൈറ്റിന് ചില മാറ്റങ്ങൾ ആഗ്രഹിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചുള്ള മാറ്റങ്ങളാവും വാഹനത്തിൽ പ്രതീക്ഷിക്കുന്നത്. പുതിയ നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 2024 പകുതിയോടെ വിപണിയിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

ഇതോടൊപ്പം മെക്‌സിക്കോ പോലുള്ള ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് (LHD) വിപണികളിലേക്ക് പുതുക്കിയ മാഗ്‌നൈറ്റ് നിസാൻ കയറ്റുമതി ചെയ്യാനും തുടങ്ങും. പുതിയ മാഗ്‌നൈറ്റിനൊപ്പം ജാപ്പനീസ് നിർമാതാവിന്റെ ഇന്ത്യൻ വിഭാഗം ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവയുൾപ്പെടെ പുതിയ വിപണികളും മോഡലിനെ പര്യവേക്ഷണം ചെയ്യും. അങ്ങനെ മൊത്തത്തിൽ ആഗോള തലത്തിലേക്ക് വണ്ടിയെ എത്തിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
നിസാൻ നിലവിൽ മാഗ്നൈറ്റ് സബ്-4 മീറ്റർ എസ്‌യുവിയുടെ 25,000 മുതൽ 30,000 യൂണിറ്റ് വരെ പ്രതിവർഷം വിൽക്കുന്നുണ്ട്. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതോടെ എസ്‌യുവിയുടെ ഉത്പാദന അളവ് പ്രതിവർഷം 40,000 മുതൽ 50,000 യൂണിറ്റുകളായി ഉയർത്താനാകും. പുതിയ നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എസ്‌യുവിക്ക് സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങളുണ്ടാവും.

നിലവിലെ ഡാറ്റ്സൻ സ്റ്റൈലിൽ നിന്നും പൂർണമായും പുറത്തുകടക്കാനുള്ള ശ്രമങ്ങൾ നടത്തിയാൽ സഭവം കളറാവും. നിലവിൽ പലർക്കും യോജിപ്പില്ലാത്ത സ്റ്റൈലാണ് വാഹനത്തിന്റെ ഫ്രണ്ട് ഗ്രിൽ. ഇത് പൂർണമായും ഉടച്ചുവാർത്താൽ നിസാൻ മാഗ്നൈറ്റിന് ഒരു പ്രീമിയം ടച്ച് ലഭിക്കും. ഇന്റീരിയറിലും ചെറിയ ചില പരിഷ്ക്കാരങ്ങൾ മാത്രമാവും ഉണ്ടാവുക. എക്സ്റ്റർ പോലുള്ള എതിരാളികളുമായി മുട്ടാനായി കൂടുതൽ മോഡേൺ ഫീച്ചറുകൾ എസ്‌യുവിയിലേക്ക് കടന്നുവരും.
എന്നാൽ മെക്കാനിക്കലായി വണ്ടിക്ക് മാറ്റങ്ങളൊന്നും ഉണ്ടാവില്ല. നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകൾ എസ്‌യുവിയിൽ തുടർന്നും ലഭ്യമാവും. ഇതിന് ഒരു സിഎൻജി പതിപ്പും ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. XE, XL, XV, XV പ്രീമിയം വേരിയന്റുകളിലും അടുത്തിടെ ലോഞ്ച് ചെയ്ത കുറോ സ്പെഷ്യൽ എഡിഷനിലെത്തുന്ന മാഗ്നൈറ്റിന് 1.0 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഇപ്പോഴുള്ളത്.

NA പതിപ്പിന് 71 bhp കരുത്തിൽ 96 Nm torque വരെ നിർമിക്കാനാവുമ്പോൾ ടർബോ വേരിയന്റ് 99 bhp പവറിൽ പരമാവധി 152 Nm torque വരെ നൽകാൻ കഴിയും. ഗിയർബോക്‌സ് കോമ്പിനേഷനുകളിൽ 5-സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള ഓട്ടോമാറ്റിക് എസ്‌യുവി കൂടിയാണ് നിസാൻ മാഗ്നൈറ്റ്. ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിക്കുമ്പോൾ വില കൂടുതലായിരിക്കും.


Click it and Unblock the Notifications








