പഞ്ചിനും എക്സ്റ്ററിനും മറുപടി, മാഗ്നൈറ്റ് ഗെസ എഡിഷൻ വിപണിയിലെത്തിച്ച് നിസാൻ
ലോകംവെട്ടിപ്പിടിച്ച വാഹന നിർമാതാക്കളാണ് നിസാൻ എങ്കിലും ഇന്ത്യയിൽ കാലിടറിയ കാഴ്ച്ച വണ്ടിഭ്രാന്തൻമാരെ സങ്കടത്തിലാഴ്‌ത്തിയിരുന്നു. ഫോർഡ് രാജ്യംവിടുന്നതിനു മുമ്പ് നിസാൻ വിപണിയിൽ നിന്നും മടങ്ങുവെന്ന വിചാരിച്ചിരുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ആഭ്യന്തര തലത്തിൽ ജാപ്പനീസ് ബ്രാൻഡിന് പുതുജീവനേകി മാഗ്നൈറ്റ് എന്ന കോംപാക്‌ട് എസ്‌യുവി ആളുകളെ കൈയിലെടുത്തു.
നിസാൻ ഡീലർഷിപ്പുകളിലേക്ക് ഇത്രയും ആളുകൾ ഇരച്ചെത്തിയ കാഴ്ച്ചകണ്ട് കമ്പനി വരെ ഞെട്ടിയിട്ടുണ്ടാവാം. കുറഞ്ഞ വിലയും കിടിലൻ സേഫ്റ്റിയും ഡിസൈനും ഒത്തിണങ്ങിയ മാഗ്നൈറ്റ് ചെറുകാർ സെഗ്മെന്റിൽ അതിവേഗം തന്നെ തന്റേതായ സ്ഥാനം കണ്ടെത്തി. അടിക്കടി മോഡൽ നിരയിൽ ചെറിയ നവീകരണങ്ങൾ കൊണ്ടുവന്ന് ആളുകൾക്കിടയിൽ നിറംമങ്ങാതെ ഈ സബ്-4 മീറ്റർ മോഡൽ അരങ്ങുതകർക്കുകയാണ്. ഇപ്പോഴിതാ മാഗ്നൈറ്റിന്റെ പുതിയ ഗെസ സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കിയാണ് നിസാൻ എതിരാളികളെ ഞെട്ടിച്ചിരിക്കുന്നത്.

7.39 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് നിസാൻ മാഗ്നൈറ്റ് ഗെസ എഡിഷൻ നിരത്തിലേക്ക് ഇറങ്ങുന്നത്. ബ്ലേഡ് സിൽവർ, ഫ്ലെയർ ഗാർനെറ്റ് റെഡ്, സ്‌ട്രോം വൈറ്റ്, സാൻഡ്‌സ്റ്റോൺ ബ്രൗൺ, ഓനിക്‌സ് ബ്ലാക്ക് എന്നിങ്ങനെ മൊത്തം അഞ്ച് കളർ ഓപ്ഷനുകളിൽ എസ്‌യുവിയുടെ ഈ പുതിയ മോഡൽ സ്വന്തമാക്കാനാവും. വാഹനത്തിനുള്ളിലെ യാത്രാനുഭവം കൂടുതൽ മികച്ചതാക്കാനുള്ള പരിഷ്ക്കാരങ്ങളുമായാണ് പുതിയ ഗെസ എഡിഷൻ എത്തുന്നതു തന്നെ.
ഇതിനായി മെച്ചപ്പെടുത്തിയ ഫീച്ചർ ലിസ്റ്റാണ് നിസാൻ മാഗ്നൈറ്റ് ഗെസ എഡിഷനിൽ അവതരിപ്പിക്കുന്നത്. പുത്തൻ വേരിയന്റ് വാങ്ങാനാഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 11,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. കൂടുതൽ നൂതനമായ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ജെബിഎല്ലിൽ നിന്നുള്ള ഓഡിയോ സിസ്റ്റവുമാണ് അകത്തളത്തിലേക്ക് എത്തുന്ന പുതിയ സവിശേഷതകൾ. തീർന്നില്ല, ഇതോടൊപ്പം റിവേഴ്‌സ് ക്യാമറയ്‌ക്കൊപ്പം വയർലെസ് ആൻഡ്രിയോഡ് ഓട്ടോ കോംപാറ്റിബിലിറ്റിയും ഷാർക്ക് ഫിൻ ആന്റിനയും നിസാൻ വാഗ്ദാനം ചെയ്യുന്നു.

ഇനി മുതൽ കാറിലെ ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം ഒരു സ്‌മാർട്ട്‌ഫോൺ ആപ്പ് വഴി പ്രവർത്തിപ്പിക്കാനാവുമെന്നും നിസാൻ പറയുന്നു. ബീജ് നിറത്തിലുള്ള അപ്‌ഹോൾസ്റ്ററിയുടെ സാന്നിധ്യം കൊണ്ട് മൊത്തത്തിലുള്ള ഇന്റീരിയർ ഫീൽ വർധിപ്പിക്കാനും മാഗ്നൈറ്റ് ഗെസ എഡിഷന് സാധിച്ചിട്ടുണ്ട്. മോഡലിലെ ഷാർക്ക് ഫിൻ ആന്റിന മൊത്തത്തിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ തീർച്ചയായും സഹായിക്കുന്ന ഒന്നാണ്. 1.0 ലിറ്റർ ത്രീ-സിലിണ്ടർ NA പെട്രോൾ എഞ്ചിൻ മാത്രമാണ് ഈ സ്പെഷ്യൽ എഡിഷൻ വാങ്ങാനാവുക.
ഇത് പരമാവധി 71 bhp പവറിൽ പരമാവധി 96 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനോടെയാണ് വിപണിയിൽ എത്തുന്നത്. ഓട്ടോമാറ്റിക്കിൽ ഈ വേരിയന്റ് ഇപ്പോൾ ലഭ്യമാവില്ലെന്നാണ് വിവരം. ചുരുങ്ങിയ ബജറ്റിൽ ഒരു മികച്ച സബ്-4 മീറ്റർ എസ്‌യുവി ഓപ്ഷൻ തിരയുന്ന ആളുകൾക്ക് സ്വന്തമാക്കാനാവുന്ന ഏറ്റവും അഭിലഷണീയമായ മോഡലുകളിൽ ഒന്നാണ് മാഗ്നൈറ്റ്. നിലവിൽ അഞ്ച് വകഭേദങ്ങളിൽ വാഹനം ലഭ്യമാണ്.

മാഗ്നൈറ്റിന്റെ ബേസ് XE വേരിയന്റിന് 6 ലക്ഷം രൂപയാണ് വില വരുന്നത്. അതേസമയം ടോപ്പ് എൻഡ് XV പ്രീമിയം (O) ടർബോ സിവിടി ഓട്ടോമാറ്റിക് മോഡലിന് 10.86 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്. NA പെട്രോൾ എഞ്ചിന് പുറമെ ഒരു ടർബോ എഞ്ചിനും മാഗ്നൈറ്റിന്റെ ഭാഗമാണ്. 99 bhp കരുത്തിൽ 160 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ യൂണിറ്റാണിത്.
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ പദവിയും നിസാൻ മാഗ്നൈറ്റിനുണ്ട്. ഇതിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), വെഹിക്കിൾ ഡൈനാമിക് കൺട്രോൾ (VDC), ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് (HBA) എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകൾ സ്റ്റാൻഡേർഡായി നിസാൻ അവതരിപ്പിക്കുന്നുമുണ്ട്.
ഇബിഡിയുള്ള എബിഎസ്, ഡ്യുവൽ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ എസ്‌യുവിയിൽ സ്റ്റാൻഡേർഡായി 2020 ഡിസംബർ മുതൽ ലഭ്യമാണ് എന്നതും കൈയടി അർഹിക്കുന്ന കാര്യമാണ്. ഇന്ത്യയിൽ ടാറ്റ പഞ്ച്, റെനോ കൈഗർ, സിട്രൺ C3, വരാനിരിക്കുന്ന ഹ്യുണ്ടായി എക്സ്റ്റർ തുടങ്ങിയ മോഡലുകളുമായാണ് മാഗ്നൈറ്റ് നേരിട്ടു മത്സരിക്കുന്നത്.


Click it and Unblock the Notifications








