ഏറ്റവും വിലകുറവുള്ള ഓട്ടോമാറ്റിക് എസ്‌യുവിയാവാൻ മാഗ്നൈറ്റ് എഎംടി? നിസാന്റെ പുതിയ ഐഡിയ കൊള്ളാം
സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ഇന്ത്യയിൽ ട്രെൻഡ് സെറ്ററായത് എത്രവേഗത്തിലാണെന്ന് ചിന്തിക്കാൻ കൂടി വയ്യ. ഹാച്ച്ബാക്ക് അല്ലെങ്കിൽ സെഡാൻ വാഹനങ്ങളുടെ പിന്നാലെ ഓടിയിരുന്ന വിപണി പെട്ടന്ന് യൂടേണടിച്ച് എസ്‌യുവികൾക്ക് പിന്നാലെ പായാൻ തുടങ്ങിയത് നല്ലൊരു കാഴ്ച്ചയായിരുന്നു. നേരത്തെ പ്രീമിയം സെഗ്മെന്റിൽ മാത്രം ലഭ്യമായിരുന്ന ഈ മോഡലുകൾ ഇന്ന് ഹാച്ച്ബാക്കുകളുടെ വിലയിൽ വരെ സുലഭമായി കിട്ടും.
അതിനു കാരണമായത് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാനാണെന്ന് നിസംശം പറയാം. ആരും കയറാതിരുന്ന ഷോറൂമുകളിൽ വൻജനാവലി തീർത്തത് മാഗ്നൈറ്റ് എന്ന മിടുക്കൻ കോംപാക്‌ട് എസ്‌യുവിയുടെ വരവാണ്. ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള എസ്‌യുവിയായി വിപണിയിലേക്ക് എത്തിയതോടെ നിസാന്റെ രാശി തെളിഞ്ഞു. 2020-ൽ ഏകദേശം 4.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മാഗ്നൈറ്റിനെ അവതരിപ്പിച്ചത്. മികച്ച നിർമാണ നിലവാരത്തിനൊപ്പം സേഫ്റ്റിയിലും 4-സ്റ്റാർ ലെവലുള്ള ഈ ബജറ്റ് ഫ്രണ്ട്‌ലി മോഡൽ അതിവേഗമാണ് ഹിറ്റടിച്ചത്.

ഇപ്പോൾ സെഗ്മെന്റിൽ എതിരാളികളുടെ എണ്ണം കൂടിയതോടെ ഡിമാന്റിൽ ചെറിയൊരു കുറവുണ്ടായത് സത്യമാണ്. എന്നാൽ ഇതിനെ മറികടക്കാനുള്ള പദ്ധതികളുമായാണ് നിസാൻ ഇപ്പോൾ കടന്നുവന്നിരിക്കുന്നത്. അതിന്റെ ഭാഗമായി ഇന്ത്യയിൽ മാഗ്നൈറ്റിന്റെ പുതിയ കുറോ എഡിഷനെ ജാപ്പനീസ് ബ്രാൻഡ് പുറത്തിറക്കിയിരിക്കുകയാണ്. ഇതോടൊപ്പം മാഗ്നൈറ്റ് Z-ഷിഫ്റ്റ് എന്നൊരു പുത്തൻ വേരിയന്റും കോംപാക്‌ട് എസ്‌യുവിയിലേക്ക് എത്തിയിട്ടുണ്ട്.
മാഗ്നൈറ്റിന്റെ സ്റ്റാൻഡേർഡ് 1.0 ലിറ്റർ പെട്രോൾ എഞ്ചിനിലേക്ക് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (AMT) ചേർക്കുന്നതിനെയാണ് Z-ഷിഫ്റ്റ് എന്നു കമ്പനി വിളിക്കുന്നത്. കുറോ എഡിഷൻ ശരിക്കും എസ്‌യുവിയുടെ ബ്ലാക്ക് എഡിഷനാണെന്ന് ലളിതമായി പറയാം. മാഗ്നൈറ്റിന്റെ ഈ പുത്തൻ മോഡലുകൾ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി കാർ ബുക്ക് ചെയ്യാം.

ഈ മാസം അവസാനം ലോഞ്ച് ചെയ്തതിന് ശേഷം ഡെലിവറികൾ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇനി മാഗ്നൈറ്റ് കുറോ എഡിഷന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് വരാം. സ്‌പെഷ്യൽ എഡിഷൻ എസ്‌യുവിയെ സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് വ്യത്യസ്തമാക്കുന്നതിനായി ഓൾ-ബ്ലാക്ക് എക്സ്റ്റീരിയറും ഇന്റീരിയറുമാണ് നിസാൻ അവതരിപ്പിക്കുന്നത്. പൂർണമായും കറുപ്പിലൊരുങ്ങിയിരിക്കുന്ന കുറോ ശരിക്കും സ്പോർട്ടി ഫീലാണ് സമ്മാനിക്കുന്നത്.
ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ, ഗ്രിൽ സറൗണ്ടുകൾ, സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയിലുകൾ, ഡോർ ഹാൻഡിലുകൾ, അലോയ് വീലുകൾ, ഹെഡ്‌ലൈറ്റുകളിലെ ആക്‌സന്റുകൾ എന്നിവയാണ് വാഹനത്തിന് മിഴിവേകുന്ന മറ്റു കാര്യങ്ങൾ. അകത്തേക്ക് കയറിയാൽ റൂഫ് ലൈനർ, സൺ വൈസറുകൾ, ഡോർ ട്രിംസ്, ഡോർ ഹാൻഡിലുകൾ, സ്റ്റിയറിംഗ് വീൽ, എസി വെന്റ് ചുറ്റുപാടുകൾ എന്നിവയിൽ സമാനമായ ബ്ലാക്ക്ഡ് ഔട്ട് ട്രീറ്റ്മെന്റ് നിസാൻ തുടരുകയാണ്.

മാഗ്‌നൈറ്റ് കുറോ എഡിഷൻ ടോപ്പ് എൻഡ് XV വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഇതിന് വയർലെസ് ചാർജർ, 360-ഡിഗ്രി ക്യാമറ, പിൻ എസി വെന്റുകൾ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആറ് സ്പീക്കറുകൾ എന്നീ കിടിലൻ ഫീച്ചറുകളും ലഭിക്കും. 2023 ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക കാർ മാഗ്നൈറ്റ് ആയിരിക്കും. ഇതിന്റെ സ്മരണയ്ക്കായാണ് പുത്തൻ വേരിയന്റിനെ പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
72 bhp പവറിൽ 96 Nm torque നൽകുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനും 100 bhp കരുത്തിൽ 160 Nm torque ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുമായി മാഗ്‌നൈറ്റ് കുറോ എഡിഷൻ വാങ്ങാനാവും. കൂടാതെ മാഗ്‌നൈറ്റിൽ 5 സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നീ എല്ലാ ഗിയർബോക്‌സ് ഓപ്ഷനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഇനി രണ്ടാമത്തെ Z-ഷിഫ്റ്റ് എന്നുവിളിക്കുന്ന പുത്തൻ വേരിയന്റിലേക്ക് വരാം. നിലവിൽ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രം വിൽപ്പനയ്ക്ക് എത്തിയിരുന്ന മാഗ്‌നൈറ്റിലേക്ക് കൂടുതൽ മൈലേജ് ലഭിക്കുന്നതും താങ്ങാനാവുന്നതുമാക്കാൻ എഎംടി ഓപ്ഷൻ സഹായിക്കും. ഇതോടെ 1.0 ലിറ്റർ NA പെട്രോളിൽ ഉപഭോക്താക്കൾക്ക് എഎംടിയും വാങ്ങാം. XE, XL, XV, XV പ്രീമിയം എന്നിങ്ങനെ മുഴുവൻ ശ്രേണിയിലും ഈ എഎംടി ഗിയർബോക്‌സ് ലഭ്യമാകും.
പുതിയ മാഗ്നൈറ്റ് കുറോ എഡിഷന്റെ വില ഒക്ടോബർ ഏഴിനായിരിക്കും നിസാൻ പ്രഖ്യാപിക്കുക. അതേസമയം, മാഗ്‌നൈറ്റ് എഎംടി വേരിയന്റുകളുടെ വിലകൾ ഒക്ടോബർ 12-ന് കമ്പനി വെളിപ്പെടുത്തും. മാഗ്‌നൈറ്റ് നിലവിൽ 6 ലക്ഷം രൂപ മുതൽ 10.86 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് വിപണനത്തിന് എത്തുന്നത്. എഎംടി വരുന്നതോടെ ഓട്ടോമാറ്റിക് മോഡലുകൾ കൂടുതൽ താങ്ങാനാവുന്നതാവും.


Click it and Unblock the Notifications








