8.27 ലക്ഷത്തിന് എല്ലാ സൗകര്യവുമുള്ള എസ്‌യുവി, മാഗ്നൈറ്റ് കുറോ എഡിഷൻ 'സംഭവം വസൂലാണ് കേട്ടോ'
ഇന്ത്യയിൽ പുതിയ കോംപാക്‌ട് എസ്‌യുവിയിലൂടെ ജീവൻ നിലനിർത്തിയ ജാപ്പനീസ് വാഹന നിർമാതാക്കളാണ് നിസാൻ. ഹാച്ച്ബാക്കിന്റെ വിലയിലെത്തിയ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമായ മാഗ്നൈറ്റ് വിപണിയിലെത്തിയതോടെയാണ് നിസാന്റെ ഷോറൂമുകളിൽ ആളെത്തിത്തുടങ്ങിയത്. അതുവരെ 10 ലക്ഷത്തിനൊക്കെ മാത്രം എസ്‌യുവികൾ കിട്ടിയിരുന്നിടത്ത് വെറും 5 ലക്ഷത്തിന് എസ്‌യുവി താരമെന്ന് പറഞ്ഞാണ് നിസാനെ ബ്രാൻഡ് പരിചയപ്പെടുത്തിയത്.
പിന്നെ സംഭവം കയറിയങ്ങ് കൊളുത്തി. വിപണിയിലെത്തിയിട്ട് മൂന്ന് വർഷമാകുമ്പോഴെക്കും സെഗ്മെന്റിൽ എതിരാളികളുടെ എണ്ണം കൂടിയതോടെ മാഗ്നൈറ്റിന്റെ പ്രതാപത്തിന് ചെറിയ മങ്ങലേൽക്കുകയും ചെയ്‌തു. ഇതിനെ മറികടക്കാനായി പുതിയ തന്ത്രങ്ങൾ പയറ്റിക്കൊണ്ട് കളംനിറയുകയാണ് നിസാൻ ഇപ്പോൾ. അതിന്റെ ഭാഗമായി മാഗ്നൈറ്റിന് കുറോ എഡിഷൻ എന്നൊരു പ്രത്യേക പതിപ്പിനെയും കമ്പനി അടുത്തിടെ വിപണിയിൽ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മോഡലിന്റെ വില പ്രഖ്യാപിച്ച് എതിരാളികളെ അമ്പരപ്പിച്ചിരിക്കുകയാണ്.

ഐസിസി ലോകകപ്പ് ക്രിക്കറ്റിനെ അനുസ്മരിക്കുന്ന പ്രത്യേക പതിപ്പായ മാഗ്‌നൈറ്റ് കുറോ എഡിഷന് 8.27 ലക്ഷം രൂപ മുതൽ ഇന്ത്യയിൽ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. കഴിഞ്ഞ മാസം 11,000 രൂപയ്ക്ക് ഈ സ്പെഷ്യൽ എഡിഷനായുള്ള ബുക്കിംഗ് കാർ നിർമാതാക്കൾ ആരംഭിച്ചിരുന്നു. കുറോ എന്നാൽ ജാപ്പനീസ് ഭാഷയിൽ കറുപ്പ് എന്നാണ് അർഥമാക്കുന്നത്. ഇക്കാര്യം അന്യർഥമാക്കുന്നതു പോലെ പൂർണമായും കറുപ്പിലാണ് എസ്‌യുവിയെ നിസാൻ ഒരുക്കിയിരിക്കുന്നത്.
ബ്ലാക്ക് നിറത്തിലുള്ള വാഹനങ്ങളോടുള്ള ഇന്ത്യക്കാരുടെ കമ്പം മുതലെടുക്കാൻ ബ്രാൻഡിന് ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. കൂട്ടിന് കിടിലൻ വില നിർണയവും കൂടിയാവുമ്പോൾ സംഭവം കലക്കും. മാഗ്നൈറ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് കുറോ എഡിഷനെ പണിതിറക്കിയിരിക്കുന്നത് എന്നതിനാൽ എല്ലാ സൗകര്യങ്ങളും സവിശേഷതകളും വണ്ടിയിൽ കിട്ടുകയും ചെയ്യും.

കുറോ പെട്രോൾ മാനുവൽ, കുറോ ടർബോ-പെട്രോൾ മാനുവൽ, കുറോ ടർബോ-പെട്രോൾ സിവിടി എന്നീ വകഭേദങ്ങളിലാണ് വാഹനത്തെ പുറത്തിറക്കിയിരിക്കുന്നതും. മാഗ്‌നൈറ്റ് കുറോ എഡിഷന് നേരിട്ടുള്ള എതിരാളികൾ ഇല്ലെങ്കിലും കഴിഞ്ഞ മാസം പുറത്തിറക്കിയ റെനോ കൈഗർ എസ്‌യുവിയുടെ അർബൻ നൈറ്റ് പ്രത്യേക പതിപ്പുമായി മത്സരിക്കാനാണ് റെഡിയായി എത്തിയിരിക്കുന്നത്. പിന്നെ സെഗ്മെന്റിലെ മുഖ്യ ശത്രുക്കളായ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റർ എന്നിവയുടെ മിഡ്, ടോപ്പ് വേരിയന്റുകളുമായും മത്സരമുണ്ടാവും.
വിലയുടെ കാര്യത്തിലേക്ക് കൂടുതൽ വിശദമായി കടന്നാൽ നിസാൻ മാഗ്നൈറ്റ് കുറോ പെട്രോൾ മാനുവൽ പതിപ്പിന് 8.27 ലക്ഷവും കുറോ ടർബോ-പെട്രോൾ മാനുവൽ വേരിയന്റിന് 9.65 ലക്ഷവും കുറോ ടർബോ-പെട്രോൾ സിവിടി ഓട്ടോമാറ്റിക്കിന് 10.46 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. ഇനിയീ സ്പെഷ്യൽ എഡിഷനിൽ എന്താണ് അധികമായുള്ളതെന്ന് നോക്കിയാൽ അങ്ങനെയൊന്നും സംഭവം കണ്ടുപിടിക്കാനാവില്ല.

എങ്കിലും സ്റ്റാൻഡേർഡ് വേരിയന്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ മാഗ്നൈറ്റ് കുറോ എഡിഷന് ഗ്രിൽ, ഗ്രിൽ സറൗണ്ടുകൾ, സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയിലുകൾ, ഡോർ ഹാൻഡിലുകൾ, അലോയ് വീലുകൾ, വിൻഡോ ആക്‌സന്റുകൾ, ഹെഡ്‌ലൈറ്റുകളിലെ ആക്‌സന്റുകൾ എന്നിവയെല്ലാം കറുപ്പിലാണ് ഒരുക്കിയിരിക്കുന്നതെന്ന് കാണാം. അകത്തേക്ക് കയറിയാലും ചില സംഭവികാസങ്ങൾ പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്.
റൂഫ് ലൈനർ, സൺ വൈസറുകൾ, ഡോർ ഹാൻഡിലുകൾ, സ്റ്റിയറിംഗ് വീൽ, എസി വെന്റ് ചുറ്റുപാടുകൾ എന്നിവയ്ക്ക് ബ്ലാക്ക് ട്രീറ്റ്മെന്റ് സമ്മാനിച്ചിട്ടുണ്ട്. കൂടാതെ വയർലെസ് ചാർജർ, റിയർ എസി വെന്റുകൾ തുടങ്ങിയ ഫീച്ചറുകളും കുറോ എഡിഷന് നിസാൻ നൽകിയിട്ടുണ്ട്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 360 ഡിഗ്രി ക്യാമറ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും എസ്‌യുവിയിലെ മറ്റ് സവിശേഷതകളാണ്.

മെക്കാനിക്കൽ വശങ്ങളിൽ ഒരു പരിഷ്ക്കാരവുമില്ലെന്നത് ഊഹിക്കാമല്ലോ. ആയതിനാൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ അല്ലെങ്കിൽ 1.0 ലിറ്റർ ടർബോ പെട്രോൾ ഓപ്ഷനുകളിൽ തന്നെയാണ് നിസാൻ മാഗ്നൈറ്റ് കുറോ എഡിഷനും വിപണിയിൽ എത്തുന്നത്. NA പതിപ്പിന് 71 bhp കരുത്തിൽ 96 Nm torque വരെ നിർമിക്കാനാവുമ്പോൾ ടർബോ വേരിയന്റ് 99 bhp പവറിൽ പരമാവധി 152 Nm torque വരെ നൽകാൻ കഴിയും.
5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനാണ് മാഗ്നൈറ്റ് കുറോ എഡിഷനിൽ വാഗ്‌ദാനം ചെയ്യുന്നത്. ഒക്‌ടോബർ 12-ന് നിസാൻ എസ്‌യുവിയുടെ പുതിയൊരു വേരിയന്റ് കൂടി പുറത്തിറക്കുന്നുണ്ട്. എഎംടി ഗിയർബോക്‌സുമായി വരുന്ന ഈ പതിപ്പിനെ Z ഷിഫ്റ്റ് വേരിയന്റ് എന്നായിരിക്കും വിളിക്കും. ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള ഓട്ടോമാറ്റിക് എസ്‌യുവി ആയിരിക്കുമോ ഇതെന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.


Click it and Unblock the Notifications








