കുറഞ്ഞ വിലയുള്ള ഈ എസ്‌യുവി വാങ്ങൽ ഇനി എളുപ്പമാവില്ല, കാരണം ഇതാണ്
ആഗോള വിപണിയിൽ രാജാക്കൻമാരാണെങ്കിലും ഇന്ത്യയിൽ കാര്യമായി ക്ലച്ചുപിടിക്കാതെ പോയ വണ്ടിക്കമ്പനിയാണ് നിസാൻ. ബ്രാൻഡിന്റെ അന്താരാഷ്‌ട്ര നിരയിലേക്ക് നോക്കിയാൽ കണ്ണുതള്ളിപ്പിക്കുന്ന അജഗജാന്തര വാഹനങ്ങളാണ് നിസാൻ പുറത്തിറക്കുന്നത്. സ്പോർട്‌സ് കാറുകൾ, ഇലക്ട്രിക് മോഡലുകൾ, ആഡംബര എസ്‌യുവികൾ അങ്ങനെ നീളം ഈ നിര. പക്ഷേ നമ്മുടെ നിരത്തുകളിൽ കാര്യമായി ഫാൻസില്ലാതിരുന്ന ബ്രാൻഡ് ഒരൊറ്റ മോഡലിന്റെ ബലത്തിൽ മാത്രമാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്.
മറ്റൊരുമല്ല, മാഗ്നൈറ്റ് എന്ന കോംപാക്‌ട് എസ്‌യുവി തന്നെയാണ് ആ രാജാവ്. ഹാച്ച്ബാക്കിന്റെ വിലയ്ക്ക് എസ്‌യുവി നൽകിയ ആദ്യ കമ്പനി കൂടിയാണ് ഈ ജാപ്പനീസ് വാഹന നിർമാതാക്കൾ. ഈയൊരു ഒറ്റ കാരണം കൊണ്ട് നിസാൻ ഷോറൂമുകൾ നിറഞ്ഞുകവിഞ്ഞ കാര്യം പലരും ഇപ്പോഴും ഓർമിക്കുന്നുണ്ടാവും. ടാറ്റ പഞ്ചും ഹ്യുണ്ടായി എക്സ്റ്ററുമെല്ലാം എത്തുന്നതിനു മുമ്പ് വിപ്ലവം രചിച്ച കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനമായ മാഗ്നൈറ്റ് ഇന്നും പലരുടേയും ഇഷ്‌ട വണ്ടികളിൽ ഒന്നാണ്.

അടുത്തിടെ എഎംടി ഗിയർബോക്‌സ് കൊണ്ടുവന്ന് രാജ്യത്തെ ഏറ്റവും വില കുറഞ്ഞ എസ്‌യുവിയെന്ന ഖ്യാതിയും മാഗ്നൈറ്റ് നേടിയെടുത്തിരുന്നു. പക്ഷേ ഇതിനെല്ലാം അന്ത്യം കുറിച്ചുകൊണ്ട് മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ആകെയുള്ള മാഗ്നൈറ്റ് പുതുവർഷം മുതൽ കൂടുതൽ ചെലവേറിയതാകുമെന്ന് സാരം. ജാപ്പനീസ് വാഹന നിർമാതാവ് 2024 ജനുവരി മുതൽ എസ്‌യുവിയുടെ എല്ലാ വേരിയന്റുകളുടെയും വില പരിഷ്‌കരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉയർന്നു വരുന്ന ഇൻപുട്ട്, മെറ്റീരിയൽ ചെലവുകളും പണപ്പെരുപ്പവും കണക്കിലെടുത്താണ് ഇന്ത്യയിലെ തങ്ങളുടെ കാറുകൾക്ക് വില വർധിപ്പിക്കുന്നതെന്ന് നിസാൻ അറിയിച്ചു. എന്നാൽ കൃത്യമായ വില വർധനവ് എത്രയായിരിക്കുമെന്ന് ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ 6 ലക്ഷം രൂപ മുതലുള്ള എക്സ്ഷോറൂം വിലയിലാണ് നിസാൻ മാഗ്നൈറ്റ് വിപണനത്തിന് എത്തുന്നത്. അതേസമയം ടോപ്പ് എൻഡ് വേരിയന്റിന് 11.02 ലക്ഷം വരെയാണ് മുടക്കേണ്ടി വരുന്നത്.

വാഹനം ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് 2023 ഡിസംബർ 31 വരെ മികച്ച ഇയർ എൻഡ് ആനുകൂല്യങ്ങളും ലഭിക്കും. എസ്‌യുവി വാങ്ങാൻ താത്പര്യമുള്ളവർക്ക് 2023 ഡിസംബർ മാസത്തിൽ 97,550 വരെയുള്ള ഓഫറുകളാണ് നിസാൻ വാഗ്ദാനം ചെയ്യുന്നത്. ഈ ആനുകൂല്യങ്ങളിൽ ആക്സസറികൾ, ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, ഫിനാൻസ് ഓഫറുകൾ, കോർപ്പറേറ്റ് ഡിസ്കൗണ്ടുകൾ എന്നിവയാണ് ഉൾപ്പെടുന്നത്.
XE, XL, XV, XV പ്രീമിയം, കുറോ എഡിഷൻ, ഗെസ എഡിഷൻ എന്നിവയുൾപ്പെടെ ഒന്നിലധികം വേരിയന്റുകളിലാണ് നിസാൻ മാഗ്നൈറ്റ് ഇപ്പോൾ വിപണിയിലെത്തുന്നത്. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. അഞ്ച് സ്പീഡ് മാനുവൽ, എഎംടി, സിവിടി ഗിയർബോക്സ് എന്നിവയാണ് വാഹനത്തിലെ ഗിയർബോക്‌സ് ഓപ്ഷനുകൾ.

നിലവിൽ ഒരൊറ്റ മോഡൽ മാത്രമാണ് നിസാന്റെ ഇന്ത്യൻ നിരയിലുള്ളതെങ്കിലും 2024 മുതൽ ഒരു എംപിവി, രണ്ട് എസ്‌യുവികൾ, ഒരു എൻട്രി ലെവൽ ഇവി എന്നിവ പുറത്തിറക്കാനുള്ള പദ്ധതികൾ കമ്പനി ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിൽ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് എന്നിവയ്‌ക്കെതിരെ സ്ഥാനം പിടിക്കുന്ന പുതിയ മിഡ്-സൈസ് എസ്‌യുവിയാവും ആദ്യം വിപണിയിലെത്തുക.
കൂടാതെ X-ട്രെയിലും അടുത്ത വർഷത്തോടെ നിരത്തിലെത്തും. പിന്നീട് റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ എംപിവിയുടെ നിർമാണത്തിലും കമ്പനി ശ്രദ്ധകേന്ദ്രീകരിക്കും. മിഡ്-സൈസ് എസ്‌യുവിക്ക് പിന്നീലെ മാഗ്നൈറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലും അരങ്ങേറ്റം കുറിക്കുമെന്നാണ് വിവരം. വിപണിയിൽ എത്തിയിട്ട് 3 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് വാഹനത്തിലേക്ക് കൂടുതൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ നിസാൻ തയാറെടുക്കുന്നത്.

പലരും മാഗ്നൈറ്റിന് ചില മാറ്റങ്ങൾ ആഗ്രഹിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചുള്ള മാറ്റങ്ങളാവും വാഹനത്തിൽ പ്രതീക്ഷിക്കുന്നത്. പുതിയ നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 2024 പകുതിയോടെ വിപണിയിലെത്തുമെന്നാണ് വിവരം. നിലവിലുള്ള ഡാറ്റ്സൻ സ്റ്റൈലിൽ നിന്നും പൂർണമായും പുറത്തുകടക്കാനുള്ള ശ്രമങ്ങൾ നടത്തിയാൽ സഭവം കളറാവും. അതോടൊപ്പം തന്നെ എക്സ്റ്റർ പോലുള്ള എതിരാളികളുമായി മുട്ടാനായി കൂടുതൽ മോഡേൺ ഫീച്ചറുകൾ എസ്‌യുവിയിലേക്ക് കടന്നുവരും.


Click it and Unblock the Notifications








