കൂടുതൽ മിടുക്കനായി മാഗ്നൈറ്റ്, ഈ സേഫ്റ്റി ഫീച്ചറുകൾ ഇനി സ്റ്റാൻഡേർഡായി കിട്ടും
ഇന്ത്യയിൽ നിസാൻ എന്ന കമ്പനിക്ക് പുതുജീവനേകിയ മോഡലാണ് മാഗ്നൈറ്റ്. രാജ്യത്ത് വളർന്നുവരുന്ന എസ്‌യുവി വിപണി പിടിക്കാനായി ബജറ്റ് സെഗ്മെന്റിലേക്കാണ് ഈ മിടുക്കൻ എത്തിയതു തന്നെ. കുറഞ്ഞ വിലയും കിടിലൻ സേഫ്റ്റിയും ഡിസൈനും ഒത്തിണങ്ങിയതോടെ നിസാൻ ഷോറൂമുകളിൽ ആളുകൾ തടിച്ചുകൂടുകയായിരുന്നു.
കൊവിഡ്-19 മഹാമാരിയുടെ ആദ്യ കൊടുങ്കാറ്റിന് ശേഷം 2020 ഡിസംബറിലാണ് വാഹനം വിപണിയിൽ എത്തുന്നത്. പിന്നീട് നിസാന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നു വേണം പറയാൻൽ മാഗ്നൈറ്റിന്റെ വിജയത്തിന്റെ ചുവടുപിടിച്ച് അധികം വൈകാതെ തന്നെ തങ്ങളുടെ മോഡൽ നിര വിപുലീകരിക്കാനുള്ള നീക്കവും ജാപ്പനീസ് വാഹന നിർമാതാക്കൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈ വർഷം X-ട്രെയിൽ, ജൂക്ക് പോലുള്ള പ്രീമിയം മോഡലുകൾ അണിനിരത്തിയാവും കമ്പനിയുടെ കളികൾ.

എന്തായാലും ഇതിനിടയിൽ ജനപ്രിയനായ മാഗ്നൈറ്റിനെ പരിഷ്ക്കരിക്കാനും നിസാൻ മറക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ 2023 ഏപ്രിൽ ഒന്നു മുതൽ നടപ്പിലാവുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്കും RDE ചട്ടങ്ങൾക്കും അനുസൃതമായി സബ്-4 മീറ്റർ എസ്‌യുവിയെ നവീകരിച്ച് വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 2023 മോഡൽ അപ്ഡേറ്റ് എന്നു വിളിക്കാവുന്ന മാറ്റങ്ങളിൽ കാറിന്റെ സേഫ്റ്റി സവിശേഷതകളിൽ കാര്യമായ പരിഷ്ക്കാരങ്ങളാണ് നിസാൻ പരിചയപ്പെടുത്തിയിരിക്കുന്നത്.
അതും സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചർ നിരയിലാണ് കമ്പനി മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത് എന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. വെഹിക്കിൾ ഡൈനാമിക് കൺട്രോൾ (VDC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് (HBA), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയ സുരക്ഷാ ഫീച്ചറുകളോടെയാണ് ഇപ്പോൾ മാഗ്നൈറ്റിന്റെ എല്ലാ വേരിയന്റുകളും എത്തുന്നത് എന്നുവേണം പറയാൻ.

ഇബിഡി ഉള്ള എബിഎസ്, ഡ്യുവൽ ഫ്രണ്ടൽ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ എസ്‌യുവിയിൽ സ്റ്റാൻഡേർഡായി 2020 ഡിസംബർ മുതൽ ലഭ്യമാണ്. നിസാൻ മാഗ്‌നൈറ്റിന്റെ എൻട്രി ലെവൽ XE വേരിയന്റിന്റെ വില 6 ലക്ഷം രൂപയിൽ നിന്നാണ് ഇപ്പോൾ ആരംഭിക്കുന്നത്. അതേസമയം ടോപ്പ് എൻഡ് XV ടർബോ പ്രീമിയം (O) ഡ്യുവൽ ടോൺ മോഡലിന് 10.94 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.
ഈ വില നിലവാരത്തിൽ ലഭിക്കുന്ന ഏറ്റവും വാല്യു ഫോർ മണി മോഡൽ തന്നെയാണ് ഈ കോംപാക്‌ട് എസ്‌യുവി എന്നുവേണം പറയാൻ. 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗും കിടിലൻ ഫീച്ചറുകളുമെല്ലാം നിസാൻ മാഗ്നൈറ്റിനെ വേറിട്ടു നിർത്തുന്നുവെന്നു വേണം പറയാൻ. XE, XL, XV എക്സിക്യൂട്ടീവ്, XV, XV പ്രീമിയം, XV റെഡ് എഡിഷൻ എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലാണ് മോഡൽ ഇപ്പോൾ വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത്.

ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, 360-ഡിഗ്രി ക്യാമറ, ആന്റി-തെഫ്റ്റ് അലാറം, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, ഇംപാക്ട് സെൻസിംഗ് അൺലോക്ക് എന്നിവയും അതിലേറെയും പോലുള്ള സുരക്ഷാ ഫീച്ചറുകൾ മാഗ്നൈറ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിൽ അണിനിരത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിലും നിസാൻ മാഗ്‌നൈറ്റ് പങ്കെടുത്തിരുന്നു. സബ്-കോംപാക്‌ട് എസ്‌യുവി മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിനായി 4 സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സുരക്ഷയ്ക്കായി 2 സ്റ്റാറും നേടി.
അതേസമയം കാറിന്റെ ബോഡിഷെൽ സമഗ്രത സ്ഥിരതയുള്ളതായി റേറ്റുചെയ്‌തതും നിസാന് പൊൻതൂവലായി. രണ്ട് വ്യത്യസ്ത പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് നിസാൻ മാഗ്നൈറ്റ് ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. അതിൽ ആദ്യത്തെ 1.0 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 72 bhp കരുത്തിൽ പരമാവധി 96 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. അതേസമയം രണ്ടാമത്തെ 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 100 bhp പവറിൽ 160 Nm torque വരെ ഉത്പാദിപ്പിക്കും.

രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി 5-സ്പീഡ് മാനുവൽ ഗിയർബോക്‌സോടെയാണ് വരുന്നത്. അതേസമയം ടർബോ പെട്രോൾ എഞ്ചിന് ഓപ്ഷണൽ CVT ഓട്ടോമാറ്റിക് ഓപ്ഷൻ ലഭിക്കുന്നുണ്ട്. ഒരു ഹാച്ച്ബാക്ക് സ്വന്തമാക്കുന്ന വിലയ്ക്ക് എസ്‌യുവി വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാനുള്ള കിടിലൻ ഓപ്ഷനാണ് നിസാൻ മാഗ്നൈറ്റ്. നിലവിൽ സെഗ്മെന്റിൽ ടാറ്റ പഞ്ചാണ് പ്രധാന എതിരാളിയെങ്കിലും ടാറ്റ നെക്സോൺ, മാരുതി ബ്രെസ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു പോലുള്ള കാറുകളും മാഗ്നൈറ്റിന് വെല്ലുവിളിയാവാറുണ്ട്.


Click it and Unblock the Notifications








