ഫോർച്യൂണറിന്റെ മെയിൻ വില്ലൻ, X-ട്രെയിലിന്റെ വരവ് ഉറപ്പിച്ച് നിസാൻ; തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാന്ന് ടൊയോട്ട
കുറച്ചുകാലം മുമ്പ് ആരും കയറാതിരുന്ന ഷോറൂമുകളിൽ ഒന്നായിരുന്നു നിസാന്റേത്. എന്നാൽ മാഗ്നൈറ്റ് എന്ന കോംപാക്‌ട് എസ്‌യുവി വന്നതോടെ പഴയ പ്രതാപത്തിലേക്ക് ഈ ജാപ്പനീസ് ബ്രാൻഡ് എത്തുകയായിരുന്നു. കൂട്ടിന് ആർക്കും വേണ്ടാത്തൊരു കിക്‌സായിരുന്നു ഒപ്പമുണ്ടായിരുന്നെങ്കിൽ അതും പതിയെ വിപണിയോട് അടുത്തിടെ വിടപറഞ്ഞിരുന്നു. ഇന്ന് ഒറ്റയാനായി വിപണിയിൽ പിടിച്ചുനിൽക്കുന്ന മാഗ്നൈറ്റിനൊപ്പം നിസാന്റെ വല്യേട്ടൻമാർ കൂടി അധികം വൈകാതെ കളത്തിലെത്തും.
2022 ഒക്ടോബറിൽ കാഷ്‌കായ്, X-ട്രെയിൽ, ജൂക്ക് എസ്‌യുവികൾ ഇന്ത്യയിൽ പ്രദർശിപ്പിച്ച നിസാൻ ഇന്ത്യയിലെ സ്പോർട്ട് യൂട്ടിലിറ്റി വാഹന നിര കീഴടക്കാൻ പോവുകയാണ്. ഇതിന്റെ ഭാഗമായി ആദ്യം X-ട്രെയിൽ എന്ന കൊമ്പനെയാവും കമ്പനി കൊണ്ടുവരിക. ഇക്കാര്യം നിസാൻ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഫോർച്യൂണറിനെയും എംജി ഗ്ലോസ്റ്ററിനും എതിരിടാനാണ് ഈ ഫുൾ-സൈസ് എസ്‌യുവി പുനർജന്മം എടുക്കുന്നത്.

ഫോർഡ് എൻഡവറിന് ശേഷം ഫുൾ-സൈസ് പ്രീമിയം എസ്‌യുവി വിഭാഗത്തിലെ അതികായകനായ ടൊയോട്ട ഫോർച്യൂണറുമായി നേരിട്ട് മത്സരിക്കാൻ ഇതുവരെ ഒരു മോഡലിനുമായിട്ടില്ല. ഈ വിടവി നികത്താൻ X-ട്രെയിലിനാവുമെന്നാണ് നിസാൻ ഫാൻസിന്റെ വിശ്വാസം. കഴിഞ്ഞ വർഷം ജപ്പാനിൽ ആഗോളമായി അരങ്ങേറ്റം കുറിച്ച പുതിയ തലമുറ നിസാൻ X-ട്രെയിൽ മോഡലാണ് ഇന്ത്യൻ വിപണിക്കായും ഒരുങ്ങുന്നത്.
നിലവിൽ നാലാം തലമുറ ആവർത്തനത്തിലുള്ള നിസാൻ X-ട്രെയിൽ 5-സീറ്റർ, 7-സീറ്റർ പതിപ്പുകളിലാണ് വിദേശ നിരത്തുകളിൽ ഓടിത്തിമിർക്കുന്നത്. എന്നാൽ ഇന്ത്യയിലെത്തുമ്പോൾ പെട്രോളിൽ പ്രവർത്തിക്കുന്ന 7 സീറ്റർ എസ്‌യുവിയായാവും ഈ ഇതിഹാസത്തെ വിപണനം ചെയ്യുക. ഇപ്പോൾ രാജ്യത്ത് പരിമിതമായ സംഖ്യയിലാണ് വിൽപ്പന മുന്നോട്ടു നീങ്ങുന്നതെങ്കിലും ഇന്ത്യയിൽ X-ട്രെയിൽ പ്രാദേശികമായി നിർമിക്കാനുള്ള സാധ്യത വിലയിരുത്തുകയാണ് ജാപ്പനീസ് ബ്രാൻഡ്. അല്ലെങ്കിൽ വിലയുടെ കാര്യത്തിൽ ആളെപ്പിടിക്കാൻ കമ്പനിക്കായേക്കില്ല.

ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്‌കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ തുടങ്ങിയ പ്രധാന എതിരാളികൾക്കെതിരെ മത്സരാധിഷ്ഠിത വിലനിലവാരം നൽകാൻ നിസാനെ ഈ തന്ത്രം സഹായിക്കും. ലോ-വോളിയം സെഗ്‌മെന്റിലേക്ക് പ്രവേശിക്കുന്നത് കണക്കിലെടുക്കുമ്പോൾ, കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) റൂട്ടിലൂടെ X-ട്രെയിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള ഓപ്ഷനും ബ്രാൻഡ് പരിഗണിച്ചേക്കാം.
നിലവിലെ നിയന്ത്രണങ്ങൾ പ്രകാരം ഹോമോലോഗേഷന്റെ ആവശ്യമില്ലാതെ 2,500 യൂണിറ്റുകൾ വരെ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റ് വഴി ഇറക്കുമതി ചെയ്യാൻ കാർ നിർമാതാക്കൾക്ക് ഇന്ത്യയിൽ അനുമതിയുണ്ട്, ഇത് X-ട്രെയിൽ ഇന്ത്യയിലേക്ക് അവതരിപ്പിക്കുന്നതിനുള്ള കൂടുതൽ പ്രായോഗികമായ ഓപ്ഷനാക്കി മാറ്റുന്നു. ഡിമാന്റിന് അനുസരിച്ച് പിന്നീട് പ്രാദേശിക നിർമാണത്തിലേക്ക് കടക്കാനും നിസാനെ ഇത് സഹായിക്കും.

X-ട്രെയിലിന്റെ ആദ്യ രണ്ട് തലമുറ ആവർത്തനങ്ങൾ ഇന്ത്യയിൽ വിപണനം ചെയ്‌തിരുന്നതിനാൽ ഈ പേര് ഏവർക്കും സുപരിചയമായിരിക്കും. അന്ന് അത്ര വിജയമായിരുന്നില്ലെങ്കിലും ഇന്നത്തെ വിപണി സാഹചര്യം മാറിയതിനാൽ കമ്പനിക്ക് പിടിച്ചുനിൽക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ നിസാൻ ഇ-പവർ ഹൈബ്രിഡ് മോഡലായിരിക്കും ഇതെന്നതും ശ്രദ്ധേയമാണ്. പുത്തൻ X-ട്രെയിലിനെ ഉത്സവ സീസണിൽ വിപണിയിലെത്തിച്ച് ആളെ പിടിക്കാനായിരുന്നു നിസാന്റെ ആദ്യ ശ്രമം. എന്നാൽ അടുത്ത വർഷം തുടക്കത്തോടെയാവും ചിലപ്പോൾ വാഹനത്തിന്റെ അവതരണം നടക്കുക.
റെനോ-നിസാന്റെ CMF-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിസാൻ X-ട്രെയിൽ പണികഴിപ്പിച്ചിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ഷാർപ്പ് ലുക്കിംഗ് സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, വി-മോഷൻ ബ്ലാക്ക് ഗ്രിൽ, മസ്‌കുലാർ ബോണറ്റ്, റേക്കഡ് ഫ്രണ്ട് വിൻഡ്‌ഷീൽഡ്, കറുപ്പിൽ ഒരുക്കിയിരിക്കുന്ന പില്ലറുകൾ, ഇംപോസിംഗ് വീൽ ആർച്ചുകൾ, റാപ്പറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ഫ്രണ്ട് ആൻഡ് റിയർ സ്‌കിഡ് പ്ലേറ്റുകൾ, ഒരു വലിയ സൺറൂഫ്, സംയോജിത സ്‌പോയിലർ എന്നിവയെല്ലാമാണ് ഫുൾ സൈസ് എസ്‌യുവിക്ക് ലുക്ക് നൽകുന്നത്.

4680 mm നീളവും 2065 mm വീതിയും 1725 mm ഉയരവും 2750 mm വീൽബേസും 205 mm ഗ്രൗണ്ട് ക്ലിയറൻസുമാണ് X-ട്രെയിൽ എസ്‌യുവിക്കുള്ളത്. ഇന്റീരിയറും കിടിലമാണ്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, ADAS അടിസ്ഥാനമാക്കിയുള്ള ഡ്രൈവർ അസിസ്റ്റീവ്, HUD, ട്രൈ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ എല്ലാക്കാര്യങ്ങളും നിസാൻ X-ട്രെയിലിലുണ്ട്.
ഇ-പവർ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് നിസാൻ എസ്‌യുവിയുടെ ഹൃദയം. 2WD, AWD ഡ്രൈവ്ട്രെയിൻ ഓപ്ഷനുകൾക്കൊപ്പം X-ട്രെയിൽ വാഗ്ദാനം ചെയ്തേക്കും. ഫ്രണ്ട്-വീൽ ഡ്രൈവ് പതിപ്പ് 204 bhp കരുത്തിൽ 330 Nm torque നൽകുമ്പോൾ ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ 213 bhp പവറിൽ 500 Nm torque ആണ് നിസാൻ ഒരുക്കിയിരിക്കുന്നത്. ഈ രണ്ട് പതിപ്പുകളിൽ ഏതാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുകയെന്ന് വ്യക്തമല്ല.


Click it and Unblock the Notifications








