Fortuner ഒന്നു കരുതിയിരുന്നോ... നിസാന്റെ തുറുപ്പുചീട്ട് കളത്തിലേക്ക് വരുന്നു
Nissan X-Trail (നിസാൻ X-ട്രെയിൽ) എസ്‌യുവി ഇന്ത്യ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായി. ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാന്റെ എന്നുകേട്ടാൽ ഇന്ത്യക്കാരുടെ മനസിലേക്ക് ഇപ്പോൾ ഓടിയെത്തുന്ന മോഡൽ മാഗ്നൈറ്റാവും. എന്നാൽ ഈ ചിത്രം അധികംവൈകാതെ മാറ്റിവരയ്ക്കാൻ തയാറിയാക്കോളൂ...
2022 ഒക്ടോബറിൽ കഷ്‌കായ്, X-ട്രെയിൽ, ജൂക്ക് എസ്‌യുവികൾ ഇന്ത്യയിൽ പ്രദർശിപ്പിച്ച കമ്പനി ആഭ്യന്തര വിപണിയിലെ സ്പോർട്ട് യൂട്ടിലിറ്റി വാഹന നിര കീഴടക്കാൻ പോവുകയാണ്. അതിന്റെ ഭാഗമായി ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന X-ട്രെയിൽ ഈ വർഷം അവസാനത്തോടെ നിരത്തുകളിൽ ഇടംപിടിക്കും. ഫുൾ-സൈസ് പ്രീമിയം എസ്‌യുവി വിഭാഗത്തിലെ അതികായകനായ ടൊയോട്ട ഫോർച്യൂണറുമായി നേരിട്ട് മത്സരിക്കാനാണ് വാഹനത്തിന്റെ വരവ്.

കഴിഞ്ഞ വർഷം ജപ്പാനിൽ ആഗോളമായി അരങ്ങേറ്റം കുറിച്ച പുതിയ തലമുറ നിസാൻ X-ട്രെയിൽ മോഡലാണ് ഇന്ത്യൻ വിപണിക്കായും ഒരുങ്ങുന്നത്. അതായത് റെനോ-നിസാന്റെ CMF-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള നാലാം തലമുറ മോഡലായിരിക്കും ഇതെന്ന് ചുരുക്കം. അവതരണത്തോട് അനുബന്ധിച്ച് എസ്‌യുവിക്കായുള്ള പരീക്ഷണയോട്ടവും തകൃതിയായി നടക്കുകയാണിപ്പോൾ. X-ട്രെയിലിന്റെ ആദ്യ രണ്ട് തലമുറ ആവർത്തനങ്ങൾ ഇന്ത്യയിൽ വിപണനം ചെയ്‌തിരുന്നതിനാൽ ഈ പേര് ഏവർക്കും സുപരിചയമായിരിക്കും.
പരിമിതമായ യൂണിറ്റുകളിൽ കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് ഇക്കുമതി വാഹനമായാവും ഈ ഫുൾ-സൈസ് എസ്‌യുവി ഇത്തവണ വിൽപ്പനയ്ക്ക് ഒരുങ്ങുക. ഇന്ത്യയിലെ ആദ്യത്തെ നിസാൻ ഇ-പവർ ഹൈബ്രിഡ് മോഡലായിരിക്കും ഇതെന്നതും ശ്രദ്ധേയമാണ്. പുത്തൻ X-ട്രെയിലിനെ ഉത്സവ സീസണിൽ വിപണിയിലെത്തിച്ച് ആളെ പിടിക്കാനാണ് നിസാന്റെ ശ്രമം. പൂർണമായും ഇറക്കുമതി ചെയ്യുന്നതിനാൽ വില ഏകദേശം 40 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമെന്നാണ് വിലയിരുത്തൽ. എന്നാൽ വണ്ടി വാങ്ങാൻ ആളുണ്ടെങ്കിൽ പിന്നീട് പ്രാദേശികമായി മോഡലിന്റെ നിർമാണം കമ്പനി ആരംഭിക്കും.

സമീപഭാവിയിൽ കനത്ത രീതിയിൽ പ്രാദേശികവൽക്കരിച്ച CMF-B പ്ലാറ്റ്‌ഫോം അധിഷ്ഠിത മോഡലുകളുടെ വരവിനു മുന്നോടിയായി ഇന്ത്യയിൽ തങ്ങളുടെ പ്രീമിയം വാഹനനിര ശക്തിപ്പെടുത്താൻ നിസാൻ പദ്ധതിയിടുന്നതിനാലാണ് X-ട്രെയിൽ രൂപമെടുത്തിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഫാൻബേസിന്റെ കാര്യത്തിൽ വൻ ഫാൻബേസുള്ള ഫോർച്യൂണറിനെ വെല്ലുവിളിക്കാൻ ശേഷി ഇതിനുണ്ടോയെന്ന സംശയം ആളുകൾ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ അവതരണത്തോടെ ഇക്കാര്യങ്ങളിലെല്ലാം വ്യക്തതയുണ്ടാവുമെന്നാണ് നിസാന്റെ വശം.
ഏറ്റവും പുതിയ X-ട്രെയിൽ എസ്‌യുവി അഞ്ച് അല്ലെങ്കിൽ ഏഴ് സീറ്റർ ഓപ്ഷനിലാണ് വിൽക്കുന്നത്. കൂടാതെ CMF-C ആർക്കിടെക്ച്ചറാണ് ഇതിന് അടിസ്ഥാനമായിരിക്കുന്നതും. ഇ-പവർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി 1.5 ലിറ്റർ പെട്രോൾ എഞ്ചിനിൽ എസ്‌യുവി ലഭ്യമായാൽ ഫോർച്യൂണറിനെ ഓവർടേക്ക് ചെയ്യാൻ സഹായകരമാവും. റേഞ്ച് എക്സ്റ്റെൻഡർ ഹൈബ്രിഡ് സിസ്റ്റം X-ട്രെയിലിന് അതിന്റെ എതിരാളികളേക്കാൾ വ്യക്തമായ നേട്ടം നൽകണം. പക്ഷേ അത് വിജയിക്കുമോ ഇല്ലയോ എന്നതിൽ വില നിർണയം ഒരു പ്രധാന പങ്കുവഹിക്കും.

ഇ-പവർ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 2WD, AWD ഡ്രൈവ്ട്രെയിൻ ഓപ്ഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്തേക്കും.ഡിസൈനിലേക്ക് നോക്കിയാൽ വിദേശ വിപണികളിലുള്ള നിസാൻ മോഡലുകളുടെ അതേ സൗന്ദര്യമാണ് നമുക്ക് കാണാനാവുക. ഷാർപ്പ് ലുക്കിംഗ് സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, വി-മോഷൻ ബ്ലാക്ക് ഗ്രിൽ, മസ്‌കുലാർ ബോണറ്റ്, റേക്കഡ് ഫ്രണ്ട് വിൻഡ്‌ഷീൽഡ് എന്നിവയെല്ലാം ജാപ്പനീസ് ലുക്ക് വിളിച്ചോതുന്നു.
ഇതിനു പുറമെ കറുപ്പിൽ ഒരുക്കിയിരിക്കുന്ന പില്ലറുകൾ, ഇംപോസിംഗ് വീൽ ആർച്ചുകൾ, റാപ്പറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ഫ്രണ്ട് ആൻഡ് റിയർ സ്‌കിഡ് പ്ലേറ്റുകൾ, ഒരു വലിയ സൺറൂഫ്, സംയോജിത സ്‌പോയിലർ മുതലായവയും നിസാൻ X-ട്രെയിലിന്റെ ഡിസൈൻ ഹൈലൈറ്റുകളാണ്. ഇനി വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 4680 mm നീളവും 2065 mm വീതിയും 1725 mm ഉയരവും 2750 mm വീൽബേസും 205 mm ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്.

പുറംപോലെ അകത്തളവും പ്രീമിയം ഫീലാണ് ഒരുക്കുന്നത്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, ADAS അടിസ്ഥാനമാക്കിയുള്ള ഡ്രൈവർ അസിസ്റ്റീവ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), ട്രൈ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, മറ്റ് സുരക്ഷാ സവിശേഷതകൾ തുടങ്ങിയ എല്ലാക്കാര്യങ്ങളും നിസാൻ X-ട്രെയിലിലുണ്ട്.
എട്ടു വർഷങ്ങൾക്ക് ശേഷം X-ട്രെയിൽ ഇന്ത്യയിലേക്ക് തിരികെയെത്തുമ്പോൾ വാഹനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കാനാണ് സാധ്യത. ഫോർഡ് എൻഡവർ ഒഴിഞ്ഞ സ്ഥാനം വെട്ടിപ്പിടിക്കാനുള്ള അവസരം കൂടിയാണ് നിസാന് കൈവന്നിരിക്കുന്നത്. വ്യത്യസ്ത പവർട്രെയിനുകളും ഡ്രൈവ്ട്രെയിനുകളുമായി വാഹനത്തിന് മികച്ച വില കൂടി നൽകിയാൽ എല്ലാം ജാപ്പനീസ് ബ്രാൻഡിന് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്യും.


Click it and Unblock the Notifications








