ഇന്ത്യൻ ടെസ്‌ലയാവാൻ ഓല, ആദ്യ ഇലക്‌ട്രിക് കാറിന്റെ രൂപംകണ്ട് ഞെട്ടി സാക്ഷാൽ മസ്‌ക്
ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്ത് വിപ്ലവം തീർത്തവരാണ് ഓല. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഇവി കമ്പനികളിൽ ഒന്നായി ഈ ബ്രാൻഡ് മാറിയതും കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു. പൂർണമായും ഓൺലൈനായി പ്രവർത്തനം ആരംഭിച്ച് ചരിത്രം കുറിച്ച ഓല വൻ പദ്ധതികളുമായാണ് രാജ്യത്തെ വാഹന രംഗത്തേക്ക് ചുവടുവെച്ചിരിക്കുന്നതു തന്നെ.
S1 ഇലക്ട്രിക് സ്‌കൂട്ടറുകളിലൂടെ രാജ്യംവെട്ടിപ്പിടിച്ച ഓല വൈദ്യുത കാർ രംഗത്തേക്കും പ്രവേശിക്കാൻ ഒരുങ്ങുന്ന വാർത്തകളും നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. വൈദ്യുത കാറുകളും ലിഥിയം അയണ്‍ ബാറ്ററികളും നിര്‍മിക്കുന്നതിന് ഓല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് തമിഴ്നാട്ടില്‍ 7,614 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. 2024 അവസാനത്തോടെയെങ്കിലും തങ്ങളുടെ ഇലക്ട്രിക് കാറിനെ ഇന്ത്യക്കായി സമർപ്പിക്കാമെന്നാണ് കമ്പനി കരുതുന്നത്.

അണിയറയിൽ പുത്തൻ ഇവിയുടെ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുമ്പോൾ വാഹനത്തിന്റെ ഡിസൈൻ സൂചനകൾ നൽകുന്ന പുതിയ പേറ്റൻ്റ് ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ. പേറ്റന്റ് ചിത്രത്തിലെ രൂപകൽപ്പനയ്ക്ക് മുമ്പത്തെ ടീസറുകളുമായി ബന്ധമുണ്ടെന്നതാണ് ശ്രദ്ധേയം. ആദ്യ കാഴ്ച്ചയിൽ ടെസ്‌ല കാറുകളോട് സമാനമായ ശൈലിയാണ് ഓലയുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാർ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ അമേരിക്കൻ വൈദ്യുത വാഹന നിർമാതാക്കൾ എത്തിയില്ലെങ്കിലും നമ്മുടെ സ്വന്തം ടെസ്‌ലയാവാനാണ് ഓലയുടെ ശ്രമം.
നിലവിൽ ഈ കാർ കൺസെപ്റ്റ് ഘട്ടത്തിലായതിനാൽ പ്രൊഡക്ഷൻ പതിപ്പിൽ എത്തുമ്പോൾ ഡിസൈനിലെല്ലാം ചെറിയ വ്യത്യാസങ്ങൾ വന്നേക്കും. ഇനി പേറ്റന്റ് ചിത്രങ്ങളുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്നാൽ വരാനിരിക്കുന്ന ഓല ഇലക്ട്രിക് ഫോർ വീലറിന്റെ രൂപം മോഡൽ S, മോഡൽ 3 എന്നീ ടെസ്‌ല സെഡാനുകളുമായി സാമ്യമുള്ളതാണെന്ന് നേരത്തെ പറഞ്ഞല്ലോ. കൂപ്പെ പോലെ പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫാണ് മറ്റൊരു ശ്രദ്ധേയകരമായ കാര്യം.

എയറോഡൈനാമിക്‌സിനെ സഹായിക്കുന്ന തരത്തിലുള്ള ഡിസൈൻ ബിറ്റുകളും ചിത്രങ്ങളിലൂടെ കാണാം. സാധാരണ ഇവികൾക്ക് സമാനമായി ഗ്രില്ലില്ലാതെയാണ് ഓല ഇലക്ട്രിക് കാറും ഒരുങ്ങുക. എന്നാൽ എയറോഡൈനാമിക്‌സ് കൈവരിക്കുന്നതിനായി മുൻവശത്ത് എയർ ഇൻടേക്കുകൾ ഇടംപിടിച്ചിട്ടുണ്ട്. ബമ്പറിന് മുകളിൽ ഹെഡ്‌ലാമ്പ് അസംബ്ലിയാണ് ഓല ഇലക്ട്രിക് കാറിന് നൽകിയിരിക്കുന്നത്. ബോണറ്റിന് കുറുകെ പുത്തൻ ഹ്യുണ്ടായി വെർണയിലെല്ലാം കാണുന്നതുപോലുള്ള എൽഇഡി സ്ട്രിപ്പാണ് ഹെഡ്‌ലൈറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്നത്.
ഫ്രണ്ട് ഫെൻഡറിന് പിന്നിൽ ഒരു പ്രമുഖ എയർ വെന്റും ഫ്ലഷ് ഡോർ ഹാൻഡിലുകളുള്ള ഒരു സ്‌കൂപ്പ് ഫ്രണ്ട് ഡോറുമാണ് പേറ്റന്റ് ചിത്രത്തിലൂടെ വെളിപ്പെടുന്ന മറ്റൊരു കാര്യം. പരമ്പരാഗത വിംഗ് മിററുകൾക്ക് പകരം കാമറകളാവും കാറിൽ ഉണ്ടാവുക. റിയർ സ്റ്റൈലിംഗിനെക്കുറിച്ച് ഇതുവരെ ഐഡിയയൊന്നുമില്ല. എക്സ്റ്റീരിയർ വിശേഷങ്ങൾ ഇവിടെ അവസാനിക്കുമ്പോൾ അകത്തളത്തെ വിശേഷങ്ങൾ അറിയാനാവും പലരും ഇനി കാത്തിരിക്കുന്നത്. മുമ്പ്, വരാനിരിക്കുന്ന ഇലക്ട്രിക് ഫോർ വീലറിന്റെ ഇന്റീരിയർ ഓല ടീസറിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഇതനുസരിച്ച് ഹാപ്‌റ്റിക് കൺട്രോളുകളുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഫ്രീ-സ്റ്റാൻഡിംഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്ലോട്ടിംഗ് ഡിസൈനുള്ള കൂറ്റൻ ലാൻഡ്‌സ്‌കേപ്പ് ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ എന്നിവയെല്ലാം ഇവിയിൽ വന്നെത്തും. ഫിസിക്കൽ കൺട്രോൾ ഇല്ലാത്ത ഒരു മിനിമലിസ്റ്റ് ഡിസൈനാവും ഓല ഇലക്ട്രിക് കാർ പിന്തുടരുക. ഓലയുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാറിനെക്കുറിച്ചുള്ള സാങ്കേതിക വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
എന്നാൽ 500 കിലോമീറ്ററിലധികം റേഞ്ചുള്ള 70-80kWh ബാറ്ററി പായ്ക്കായിരിക്കും ഓല ഇലക്ട്രിക് കാർ വാഗ്‌ദാനം ചെയ്യുകയെന്നാണ് സൂചന. 4 സെക്കൻഡിൽ താഴെ മാത്രം സമയമെടുത്ത് 0-100 കി.മീ വേഗത കൈയെത്തി പിടിക്കുന്ന ഇവി 0.21Cd ഡ്രാഗ് കോഫിഫിഷ്യന്റാണ് ലക്ഷ്യമിടുന്നതെന്ന് ബ്രാൻഡ് മുമ്പ് പറഞ്ഞിരുന്നു. വാഹനത്തിന് അസിസ്റ്റഡ് ഡ്രൈവിംഗ് കഴിവുകൾ, കീലെസ്, ഹാൻഡിൽലെസ് ഡോറുകൾ, മറ്റ് നൂതന സവിശേഷതകൾ എന്നിവയും ലഭിക്കും. കൂടാതെ ഓലയുടെ ഇൻ-ഹൗസ് MoveOS സോഫ്‌റ്റ്‌വെയറിൽ ഇത് പ്രവർത്തിക്കും.


Click it and Unblock the Notifications








