ഏയ് ഓട്ടോ, 117 കിലോമീറ്റർ റേഞ്ചുമായി ഒമേഗ സെയ്‌കിയുടെ പുത്തൻ ഓട്ടോറിക്ഷകൾ വിപണിയിൽ
ഇന്ത്യൻ നിരത്തുകളിലെ സ്ഥിരസാന്നിധ്യമാണ് ഓട്ടോറിക്ഷകൾ (Auto-Rickshaw). അതുമാത്രമല്ല, ഈ മുചക്ര വാഹനങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ കൂടി ഭാഗമാണെന്നു വേണം പറയാൻ. ഒരുതവണയെങ്കിലും ഓട്ടോയിൽ കയറാത്ത മനുഷ്യൻമാർ ഈ രാജ്യത്തേയുണ്ടാവാനേ സാധ്യതയില്ല. വാണിജ്യ വാഹന വിഭാഗത്തിന്റെ (Commercial Vehicle Segment) നട്ടെല്ലു കൂടിയാണ് ഓട്ടോറിക്ഷകൾ.
ദേ ഇപ്പോൾ ഈ വിഭാഗത്തിലേക്ക് വാണിജ്യ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഒമേഗ സെയ്കി മൊബിലിറ്റി സ്ട്രീം സിറ്റി ഇലക്ട്രിക് ഓട്ടോറിക്ഷകൾ ATR, 8.5 എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ വൈദ്യുത വാഹന രംഗത്തിന് ഊർജം പകരുന്നതാണീ പുത്തൻ മോഡലുകൾ. സ്വാപ്പബിൾ ബാറ്ററിയുമായി വരുന്ന ഒമേഗ സെയ്കി സ്ട്രീം സിറ്റി ATR പതിപ്പിന് 1.85 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

അതേസമയം ഫിക്സഡ് ബാറ്ററിയുമായി വരുന്ന സ്ട്രീം സിറ്റി 8.5 റിക്ഷകൾക്ക് 3.01 ലക്ഷം രൂപയും എക്സ്ഷോറൂം വില നൽകണം. ഇലക്ട്രിക് പാസഞ്ചർ മൊബിലിറ്റി വാഹന നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിപണിയിലെത്തിച്ചിരിക്കുന്നത്. സ്ട്രീം സിറ്റി ATR വേരിയന്റിന് 6.3kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്.
ഇത് സാധാരണ ഓൺ-റോഡ് സാഹചര്യങ്ങളിൽ 80 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ പ്രാപ്‌തമാണ്. അതേസമയം സ്ട്രീം സിറ്റി 8.5 പതിപ്പിന് 117 കിലോമീറ്റർ ഓൺ-റോഡ് റേഞ്ച് നൽകുന്ന ഒരു നിശ്ചിത 8.5kWh ബാറ്ററി പായ്ക്കാണ് ഒമേഗ സെയ്കി മൊബിലിറ്റി ഒരുക്കിയിരിക്കുന്നത്. 8.5 മോഡൽ വീട്ടിൽ തന്നെ ചാർജ് ചെയ്യാം എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.

പൂർണ ചാർജിനായി ഏതാണ്ട് 4 മണിക്കൂർ സമയമാണ് വേണ്ടിവരിക. ഒമേഗ സെയ്കി മൊബിലിറ്റി സ്ട്രീം സിറ്റിയുടെ രണ്ട് പതിപ്പുകളും 12.8 bhp കരുത്തിൽ ഏതാണ്ട് 430 Nm torque വരെ പുറപ്പെടുവിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിക്കുന്നത്. ഒമേഗ സെയ്കി മൊബിലിറ്റി സ്ട്രീം സിറ്റി ഓട്ടോറിക്ഷ മോഡലുകൾക്ക് മണിക്കൂറിൽ 48 കിലോമീറ്റർ വേഗത വരെ പുറത്തെടുക്കാനാവും.
16 ശതമാനം ഗ്രേഡബിലിറ്റിയോടെ കയറ്റങ്ങൾ കയറാനും ഇവ മിടുക്കരാണ്. സ്ട്രീം സിറ്റി ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് 2,800 mm നീളവും 1,320 mm വീതിയും 1,802 mm വീതിയും 1,940 mm നീളമുള്ള വീൽബേസുമുണ്ട്. അതേസമയം 175 mm ഗ്രൗണ്ട് ക്ലിയറൻസും 451 കിലോഗ്രാം ഭാരവുമുള്ള ഇവയ്ക്ക് 3 + 1 എന്ന അതിമനോഹരമായ സീറ്റിംഗ് കപ്പാസിറ്റിയുമുണ്ടെന്നും ഒമേഗ സെയ്കി മൊബിലിറ്റി പറയുന്നു.

യാത്രക്കാരുടെ സുഖ സൗകര്യങ്ങൾക്ക് മുൻഗണന നൽകുന്നതിന് സൂക്ഷ്മമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന OSM സ്ട്രീം സിറ്റിയുടെ മുൻവശത്തെ സസ്പെൻഷൻ ഡാംപെനറുകളുടെയും ഹെലിക്കൽ സ്പ്രിംഗുകളുടെയും സിംഫണി ഉൾക്കൊള്ളുന്നുണ്ട്. അതേസമയം പിൻ സസ്‌പെൻഷൻ ഷോക്ക് അബ്‌സോർബറുകളുള്ള റബ്ബർ ഡാംമ്പറുകളെ മനോഹരമായാണ് ഇലക്ട്രിക് വാഹന നിർമാതാക്കൾ സമന്വയിപ്പിച്ചിരിക്കുന്നത്.
നിലവിൽ ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ ഒമേഗ സെയ്കി 100 മില്യൺ ഡോളർ സമാഹരിച്ച് അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ തങ്ങളുടെ ഉത്പാദനം വർധിപ്പിക്കാൻ പദ്ധതിയിടുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ത്രീ-വീലർ പ്ലാന്റ് നിർമിക്കകയാണ് കമ്പനിയുടെ നീക്കം. ഇലക്ട്രിക് കാർഗോ ത്രീ വീലറുകൾ നിർമിക്കുന്നതിൽ വിദഗ്‌ധരായ ബ്രാൻഡ് 2023 സാമ്പത്തിക വർഷത്തിൽ 6,000 യൂണിറ്റുകളുടെ വിൽപ്പനയാണ് ഇന്ത്യയിൽ നിന്നും നേടിയെടുത്തത്.

കാർഗോ സെഗ്‌മെന്റിന്റെ അഞ്ചിരട്ടി വലിപ്പമുള്ള മാർക്കറ്റ് ത്രീ-വീലർ ഇലക്ട്രിക് പാസഞ്ചർ നിരയും കമ്പനിയുടെ വരാനിരിക്കുന്ന വലിയ പദ്ധതികളാണ്. നിലവിൽ കമ്പനിക്ക് പ്രതിവർഷം 40,000 യൂണിറ്റുകൾ പുറത്തിറക്കാൻ കഴിയും. ഫരീദാബാദിൽ മൂന്ന് പ്ലാന്റുകളും പൂനെയിലെ ചകാനിൽ ഒരു പ്ലാന്റും ഉണ്ട്. ടയർ II, III, IV നഗരങ്ങളുടെ ടാർഗെറ്റ് മാർക്കറ്റിനൊപ്പം ഈ വർഷം 100 ടച്ച് പോയിന്റുകൾ കൂടി ആരംഭിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.


Click it and Unblock the Notifications








