സച്ചിനെ കറക്കി വീഴ്ത്തി മഹീന്ദ്രയുടെ 'സ്വന്തം' ഹൈപ്പർ കാർ; ബാറ്റിസ്റ്റയിൽ ചുറ്റിയടിച്ച് ഇതിഹാസം
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ കാർ ഡിസൈൻ കമ്പനിയും കോച്ച് ബിൽഡറുമായ പിനിൻഫരീനയെ കുറിച്ച് കേൾക്കാത്തവരായി അധികമാരും ഉണ്ടാവില്ല. പിനിൻഫരീനയോടൊപ്പം കൂട്ടിവായിക്കാനാവുന്ന പേരുകളിൽ ഒന്നാണ് 'ബാറ്റിസ്റ്റ' ഇലക്ട്രിക് ഹൈപ്പർകാർ. മഹീന്ദ്രയുടെ മേൽനോട്ടത്തിൽ നിർമിച്ചെടുത്ത ഈ മോഡൽ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ഇ-മോട്ടോർ ഷോയിൽ ആദ്യമായി പ്രദർശിപ്പിക്കുകയുണ്ടായി.
2022/23 ഫോർമുല ഇ സീസണിലെ നാലാം റൗണ്ടായ ഗ്രീൻകോ ഹൈദരാബാദ് ഇ-പ്രിക്‌സിനായി തയാറാക്കിയ സ്ട്രീറ്റ് സർക്യൂട്ടിലേക്ക് 1900 bhp കരുത്തുള്ള ഇവി ഹൈപ്പർകാർ എത്തിയതും കാണികളിൽ ആവേശമുണർത്തിയിരുന്നു. ഇതാദ്യമായാണ് പിനിൻഫരിന ബാറ്റിസ്റ്റ ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്. ഇലക്ട്രിക് കാർ റേസ് കാണാനെത്തിയ മുഖ്യാഥിതികളായ സച്ചിൻ തെൻഡുൽക്കറും എംഎസ് ധോണിയും വരെ ബാറ്റിസ്റ്റയുടെ ഭംഗിയിൽ വീണുവെന്നു വേണം പറയാൻ.

മഹീന്ദ്ര റേസിംഗ് ഫോർമുല ഇ ടീം റിസർവ് ഡ്രൈവർ ജെഹാൻ ദാരുവാല ഓടിച്ചിരുന്ന സ്ട്രീറ്റ് സർക്യൂട്ടിലെ പിനിൻഫറിന ബാറ്റിസ്റ്റയിൽ താരങ്ങൾ സവാരി നടത്തുകയും ചെയ്‌തു. 'ക്രിക്കറ്റിന്റെ ദൈവം' എന്ന് വിളിക്കുന്ന സച്ചിന് ഇറ്റാലിയൻ ഹൈപ്പർകാറിൽ കൂടുതൽ ആകൃഷ്‌ടനായെന്നു വേണം പറയാൻ. ഇവികളാണോ ഭാവി എന്ന ചോദ്യത്തിന് പിനിൻഫരിന ബാറ്റിസ്റ്റയ്ക്ക് കൃത്യമായ ഉത്തരം ഉണ്ടായിരുന്നുവെന്നാണ് സച്ചിൻ ഇതിനു ശേഷം ട്വീറ്റ് ചെയ്‌തത്.
ആനന്ദ് മഹീന്ദ്രയുടെയും സംഘത്തിന്റെയും ഒരു അത്ഭുതകരമായ നേട്ടമാണിതെന്നും ഇന്ത്യൻ കമ്പനികൾ അത്യാധുനിക, ലോകോത്തര വാഹനങ്ങൾ നിർമിക്കുന്നതിൽ പ്രത്യേക താത്പര്യം കാണിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നും സച്ചിൻ ട്വീറ്റിൽ കൂട്ടിച്ചേർത്തു. സ്പോർട്സ്, റേസിംഗ് കാറുകളോട് പ്രത്യേക താത്പര്യമുള്ള വ്യക്തിയാണ് ക്രിക്കറ്റ് ഇതിഹാസം. ഇവി ഹൈപ്പർകാറിനെ കുറിച്ച് പറയുകയാണെങ്കിൽ ഏകദേശം 1900 bhp കരുത്തിൽ 2300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് പിനിൻഫരീന ബാറ്റിസ്റ്റ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ക്വാഡ് മോട്ടോർ സജ്ജീകരണമാണ് പിനിൻഫരീന ബാറ്റിസ്റ്റ ഹൈപ്പർ ഇവിക്ക് തുടിപ്പേകുന്നത്. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത കൈവരിക്കാനും മഹീന്ദ്രയുടെ ഈ കാളകൂറ്റനാവും. വെറും രണ്ട് സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത എത്തിപ്പിടിക്കാനും ഇതിനാവും. അതേസമയം പരമാവധി വേഗതയായി 349 കി.മീ. ആണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. 120 kWh ബാറ്ററി പായ്ക്ക് ഉള്ള ഇലക്ട്രിക് ഹൈപ്പർകാർ ഒറ്റ ചാർജിൽ 476 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
സാക്ഷാൽ ഫെറാറിയുടെ കളിത്തൊട്ടിലിലാണ് മഹീന്ദ്രയുടെ തേരോട്ടം എന്നത് ഏതായാലും ഇന്ത്യക്കാർക്ക് അഭിമാനിക്കാനുള്ള കാര്യമാണ്. അതായത് എക്കാലത്തെയും ഏറ്റവും മനോഹരവും ആദരണീയവുമായ ഫെറാറി കാറുകൾ ഡിസൈൻ ചെയ്‌തിരുന്ന ഇറ്റാലിയൻ ബ്രാൻഡായിരുന്നു ശരിക്കും പിനിൻഫരിന. 2015-ൽ ഫെറാറിയുമായി പിനിൻഫരിന വേർപിരിഞ്ഞ ശേഷം കമ്പനിയെ മഹീന്ദ്ര ഏറ്റെടുക്കുകയായിരുന്നു. യൂട്ടിലിറ്റി വാഹനങ്ങൾ നിർമിക്കുന്നതിൽ പേരെടുത്ത ഇന്ത്യൻ ബഹുരാഷ്ട്ര വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ ഏറ്റവും വില കൂടിയ കാർ കൂടിയാണ് ബാറ്റിസ്റ്റ.

ഏകദേശം 20 കോടി രൂപയോളമാണ് ബാറ്റിസ്റ്റ സ്വന്തമാക്കാനായി ചെലവഴിക്കേണ്ടി വരിക. ഇറ്റാലിയൻ ബ്രാൻഡ് പിനിൻഫരിന S.p.A.യുടെ 76.06 ശതമാനം ഓഹരിയും ഏകദേശം 168 ദശലക്ഷം യൂറോയ്ക്കാണ് ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര സ്വന്തമാക്കുന്നത്. ഇനി ഹൈപ്പർ കാറിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് കടന്നാൽ ഭാരം കുറയ്ക്കാൻ കാർബൺ ഫൈബർ മോണോകോക്ക് ഷാസിയിലും കാർബൺ ഫൈബർ ബോഡി പാനലിലുമാണ് കാർ നിർമിച്ചെടുത്തിരിക്കുന്നത്.
2019-ന്റെ തുടക്കത്തിൽ ആഗോളതലത്തിൽ വെളിപ്പെടുത്തിയ ബാറ്റിസ്റ്റ മൂന്ന് വർഷങ്ങൾക്കിപ്പുറമാണ് ഇന്ത്യയിൽ പ്രത്യക്ഷപ്പെടുന്നത്. ഹൈദരാബാദിൽ നടന്ന ഇ-മോട്ടോർ ഷോയിൽ സച്ചിന് പുറമെ ശിഖർ ധവാൻ, യുസ്വേന്ദ്ര ചാഹൽ എന്നിവരുൾപ്പെടെ നിരവധി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും പങ്കെടുത്തിരുന്നു. കൂടാതെ നാഗാർജുന, രാം ചരൺ, മലയാളത്തിൻ്റെ സ്വന്തം നടൻ ദുൽഖർ സൽമാൻ എന്നിവരുൾപ്പെടെയുള്ള സിനിമാ താരങ്ങളും ഇലക്ട്രിക് കാർ റേസ് കാണാനെത്തിയ പ്രമുഖരായിരുന്നു.


Click it and Unblock the Notifications








