35 കി.മീ. മൈലേജുള്ള കാറിന് 50,000 രൂപ വിലക്കുറവ്, ഇങ്ങനൊരു ഓഫർ ഇനികിട്ടിയേക്കില്ല! വാങ്ങിയാൽ ഇരട്ടിലാഭം
ഇന്ത്യയിൽ കാർ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയങ്ങളിൽ ഒന്നാണ് ഡിസംബർ മാസം. അതത് വർഷങ്ങളിലെ സ്റ്റോക്കുകൾ വിറ്റഴിക്കാനും വിൽപ്പന വർധിപ്പിക്കാനുമെല്ലാമായി കമ്പനികൾ കിടുക്കാച്ചി ഇയർ എൻഡ് ഓഫറുകൾ നൽകുന്ന മാസമാണിത്. പക്ഷേ ഇന്ധന വില ഉയർന്ന നിലയിൽ തന്നെ നിൽക്കുമ്പോൾ ആളുകൾക്ക് കാറുകൾ വാങ്ങാൻ അൽപം മടികാണിക്കുന്നുണ്ട്.
പരമ്പരാഗത വാഹനങ്ങൾക്ക് ബദലായി ഇവികളും നിരവധി വിപണിയിലുണ്ട് താനും. പക്ഷേ സാധാരണ വണ്ടികൾ വാങ്ങുന്ന വിലയ്ക്ക് ഇതൊരെണ്ണം വാങ്ങാനിവില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. എന്നാൽ ഇവിടെയാണ് സിഎൻജി കാറുകളുടെ മേൻമ മനസിലാക്കാനാവുന്നത്. സാധാരണ പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഉഗ്രൻ മൈലേജാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത.

കൂടാതെ രണ്ട് ഇന്ധനങ്ങളിൽ ഉപയോഗിക്കാനും സാധിക്കുമെന്നത് പ്രായോഗികത വർധിപ്പിക്കുന്ന കാര്യവുമാണ്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ്, ടൊയോട്ട തുടങ്ങിയ കാർ നിർമാതാക്കൾ അവരുടെ സിഎൻജി സാങ്കേതികവിദ്യയുള്ള കാറുകൾ നല്ല ഡിസ്കൗണ്ടുകൾ നൽകുന്ന മാസമാണിത്. നിങ്ങളൊരു പുത്തൻ കാർ വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്ന ആളാണെങ്കിൽ എന്തുകൊണ്ട് സിഎൻജി നോക്കിക്കൂടാ.... ഈ മാസം വാങ്ങാനാവുന്ന ഏറ്റവും ഓഫറുള്ള സിഎൻജി മോഡലുകളിതാ.
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ നിരയിലാണ് ഏറ്റവുമധികം സിഎൻജി കാറുകളുള്ളത്. ഇതിൽ ഏറ്റവും ഡിമാന്റുളള സ്വിഫ്റ്റ് ഈ മാസം 25,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടോടെ വീട്ടിലെത്തിക്കാം. അതേസമയം സെലേറിയോ, എസ്-പ്രെസോ സിഎൻജി വേരിയന്റുകൾ 30,000 രൂപ വരെയുള്ള ക്യാഷ് ഡിസ്കൗണ്ടോടെയാണ് വിൽക്കുന്നത്. ഇതോടൊപ്പം 20,000 രൂപ എക്സ്ചേഞ്ച് ബോണസും ഉപയോഗപ്പെടുത്താം. അങ്ങനെ മൊത്തത്തിൽ അരലക്ഷം രൂപയാണ് മാരുതിയുടെ സിഎൻജി കാറുകളിലെ ഓഫർ.

ഫാമിലി കാറായി അറിയപ്പെടുന്ന വാഗൺആർ സിഎൻജി 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടോടെയാണ് ഡിസംബറിൽ വിൽക്കുന്നത്. ഇതോടൊപ്പം 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ഉപഭോക്താക്കൾക്ക് കിട്ടും. ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോ സിഎൻജിക്ക് 25,000 രൂപയാണ് ക്യാഷ് ഡിസ്കൗണ്ട് കിട്ടുന്നത്. അതോടൊപ്പം എക്സ്ചേഞ്ച് ബോണസായി 10,000 രൂപ അല്ലെങ്കിൽ സ്ക്രാപ്പേജ് ആനുകൂല്യമായി 15,000 രൂപയും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 2,000 രൂപയും ഇയർ എൻഡ് ഓഫറിനു കീഴിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
മാരുതിക്ക് ശേഷം സിഎൻജി കാറുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി ഈ മാസം ഗ്രാൻഡ് i10 നിയോസ് സിഎൻജിക്ക് 35,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 3,000 രൂപയും വാഹനം വാങ്ങാനെത്തുന്നവർക്ക് ലഭാക്കും. മൊത്തം 48,000 രൂപ വരെ ലാഭിക്കാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ രണ്ടാമത്തെ സിഎൻജി കാറായ ഓറയിലും ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ മാസം കോംപാക്‌ട് സെഡാന്റെ സിഎൻജി മോഡൽ സ്വന്തമാക്കാൻ എത്തുന്നവർക്ക് മൊത്തം 33,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ സ്വന്തമാക്കാനാവും. ഇതിൽ ക്യാഷ് ഡിസ്കൗണ്ടായി 20,000 രൂപ, എക്സ്ചേഞ്ച് ബോണസായി രൂപ 10,000 രൂപയും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 3,000 രൂപ വരെയുമാണ് ഉപയോഗപ്പെടുത്താനാവുക.
2023 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ ആൾട്രോസ് സിഎൻജി, പഞ്ച് സിഎൻജി എന്നിവയുൾപ്പെടെ ടാറ്റ മോട്ടോർസ് ഈ കലണ്ടർ വർഷം പുതിയ മോഡലുകളുടെ ഒരു വമ്പൻ നിര തന്നെയാണ് അവതരിപ്പിച്ചത്. അതിനുശേഷം ബ്രാൻഡിന്റെ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ അതിന്റെ ലൈനപ്പിലുടനീളം വിപുലീകരിച്ച് ആളുകളെ കൈയിലെടുക്കുകയും ചെയ്‌തു. ആൾട്രോസ് സിഎൻജിയിൽ ഈ മാസം 25,000 രൂപ വരയുള്ള ഡിസ്‌കൗണ്ട് ഓഫറുകളാണ് കമ്പനി നൽകുന്നത്.

അതിൽ 10,000, രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് ലഭിക്കുക. ടിയാഗോ സിഎൻജി ട്വിൻ സിലിണ്ടർ പതിപ്പ് വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത് 50,000 രൂപയുടെ ആനുകൂല്യങ്ങളാണ്. ഇതിൽ 30,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസായി 15,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 5,000 രൂപ എന്നിവയാണ് ഉൾപ്പെടുന്നത്. ടിഗോർ സിഎൻജിയും ഇതേ ഓഫറിൽ സ്വന്തമാക്കാം.
ടൊയോട്ടയുടെ കാര്യത്തിലേക്ക് വന്നാൽ മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തിൽ പുറത്തിറക്കുന്ന ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്കിന്റെ സിഎൻജി വേരിയന്റുകളിലാണ് ഇയർ എൻഡ് ഓഫർ ലഭിക്കുന്നത്. ഇതിൽ ക്യാഷ് ഡിസ്കൗണ്ടായി 20,000 രൂപ, എക്സ്ചേഞ്ച് ബോണസായി 20,000 രൂപ എന്നിവയെല്ലാം ലഭിക്കും. ഇതുകൂടാതെ 11,000 രൂപ വിലയുള്ള നാലാമത്തെയും അഞ്ചാമത്തെയും വർഷത്തേക്കുള്ള എക്സ്റ്റൻഡഡ് വാറണ്ടിയും ഉപഭോക്താക്കൾക്ക് ഡിസംബർ മാസത്തിൽ സ്വന്തമാക്കാനാവും.


Click it and Unblock the Notifications








