മാരുതി ഈക്കോയും എംജി കോമെറ്റും വരെ ലിസ്റ്റിൽ, ഇവ റിയർ വീൽ ഡ്രൈവ് കാറുകളാണെന്ന് അറിയാമായിരുന്നോ?
സ്ഥിരമായി വാഹനം ഉപയോഗിക്കുന്നവരാണെങ്കിലും അവയിലെ ഘടകങ്ങളുടെ പേരും അതിന്റെ ഉപയോഗവും പലർക്കും അറിയണമെന്നില്ല. നാം ഉപയോഗിക്കുന്ന കാറുകളിൽ പലതും ഫ്രണ്ട് വീൽ ഡ്രൈവാണെന്ന കാര്യം പലർക്കും അറിയാവുന്ന ഒന്നായിരിക്കും. ടയർമാറാൻ പോയപ്പോഴെല്ലാം നാം ചിലപ്പോൾ ഇതിനെപ്പറ്റി കേട്ടിട്ടുണ്ടാവും. എന്നാൽ എന്തായാരിക്കും ഇന്ത്യയിൽ കൂടുതലും ഫ്രണ്ട് വീൽ ഡ്രൈവുള്ള കാറുകൾ ഇറങ്ങുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
FWD ലേഔട്ടുള്ള കാറുകളും എസ്‌യുവികളും നിർമിക്കാൻ എളുപ്പവും ചെലവ് കുറഞ്ഞതുമാണ് എന്നതു തന്നെയാണ് ഇതിന്റെ പിന്നിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യം. എന്നാൽ എല്ലാ മോഡലുകളും അങ്ങനെയല്ല കേട്ടോ. യൂട്ടിലിറ്റി വാഹനങ്ങൾ, എസ്‌യുവികൾ, പ്രീമിയം സെഡാനുകൾ, സ്‌പോർട്‌സ് കാറുകൾ എന്നിവയിൽ റിയർ-വീൽ ഡ്രൈവ് അല്ലെങ്കിൽ RWD സജ്ജീകരണവും പലപ്പോഴും കാണപ്പെടുന്നവയാണ്.

ഈ ലേഔട്ട് അണ്ടർസ്റ്റീറിലും ടോർക്ക് സ്റ്റിയറിലും മികച്ച കൺട്രോളാണ് നൽകുന്നത്. ഭാര വിതരണവും മികച്ച ടോവിംഗ് ശേഷിയും റിയർ-വീൽ ഡ്രൈവ് വാഹനങ്ങളുടെ ഒരു പ്രത്യേകതയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ RWD ഏറ്റവും സാധാരണമായ ഡ്രൈവിംഗ് സംവിധാനമായിരുന്നു എങ്കിലും ഇന്ന് മിക്ക വാഹനങ്ങളും ഫ്രണ്ട്-വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് അല്ലെങ്കിൽ ഓൾ-വീൽ ഡ്രൈവ് എന്നിവയോടെയാണ് വരുന്നത്.
പ്രത്യേകിച്ച് കാറുകളിൽ റിയർ വീൽ സംവിധാനത്തിന് അതിന്റേയായ നേട്ടമുണ്ടെങ്കിലും ആളുകൾക്ക് വാഹനങ്ങൾ വില കുറച്ച് കൊടുക്കുക എന്നതാണല്ലോ പ്രധാന ഉദ്ദേശം. എങ്കിലും നമ്മുടെ വിപണിയിൽ 15 ലക്ഷം രൂപയിൽ താഴെ വിലയിൽ റിയർ വീൽ സംവിധാനമുള്ള കാറുകളും ലഭ്യമാണ്. അത്തരം ചില മോഡലുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

മാരുതി ഈക്കോ: രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന വിലയിൽ റിയർ വീൽ ഡ്രൈവ് ഓപ്ഷൻ വാഗ്‌ദാനം ചെയ്യുന്ന കാറാണ് ഈക്കോ. RWD സജ്ജീകരണമുള്ള 1.2 ലിറ്റർ, NA പെട്രോൾ എഞ്ചിനാണ് വാനിന്റെ ഹൃദയം. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന വാഹനത്തിന് 5.20 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്.
റിക്ലൈനിംഗ് ഫ്രണ്ട് സീറ്റുകൾ, ക്യാബിൻ എയർ ഫിൽട്ടർ, പുതിയ ബാറ്ററി സേവർ ഫംഗ്‌ഷനോടുകൂടിയ ഡോം ലാമ്പ്, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ സ്റ്റിയറിംഗ് വീൽ, എസിക്കും ഹീറ്ററിനും റോട്ടറി കൺട്രോളുകൾ തുടങ്ങിയ ഫീച്ചറുകളോടെയാണ് മാരുതി സുസുക്കി ഈക്കോ ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

എംജി കോമെറ്റ്: ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കുറവുള്ള ഇലക്‌ട്രിക് പാസഞ്ചർ കാറാണ് കോമെറ്റ് ഇവി. 8 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന ഈ കുഞ്ഞൻ കാറും റിയർ വീൽ ഡ്രൈവ് സംവിധാനവുമായാണ് നിരത്തിലേക്ക് ഓടിയിറങ്ങുന്നത്. എംജി കോമെറ്റിന് കരുത്തേകുന്നത് 17.3 കിലോവാട്ട് ബാറ്ററി പായ്ക്കാണ്. പിഎംഎസ്എം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഇത് റിയർ വീലിലേക്കാണ് പവർ കൈമാറുന്നതും.
ഫീച്ചറുകളുടെ കാര്യത്തിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകളുമായാണ് വരുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കീലെസ് എൻട്രി, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, മൂന്ന് യുഎസ്ബി പോർട്ടുകൾ, 55 കണക്റ്റഡ് ഫീച്ചറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിവേഴ്സ് ക്യാമറ എന്നിവ പോലുള്ള കിടിലൻ സവിശേഷതകളുമായാണ് കോമെറ്റിന്റെ വരവ്.

മഹീന്ദ്ര ബൊലേറോ നിയോ: RWD-ന്റെ കാര്യം പറഞ്ഞപ്പോഴെ പലരുടേയും മനസിലേക്ക് ഓടിയെത്തിയ പേരാവുമിത്. സബ്-കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ റിയർ വീൽ ഡ്രൈവ് ഓപ്ഷൻ നൽകുന്ന ഒരേയൊരു എസ്‌യുവിയാണ് ബൊലേറോ നിയോ. 9.6 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന വാഹനത്തിന് . 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്.
മഹീന്ദ്ര ബൊലേറോ: 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ലഭിക്കുന്ന ബൊലേറോയ്ക്കും റിയർ വീൽ ഡ്രൈവ് ഓപ്ഷനാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. 9.8 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന ഈ എംയുവി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ ഡിൻ ബ്ലൂടൂത്ത് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെൻട്രൽ ലോക്കിംഗ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവ പോലുള്ള ഫീച്ചറുകളുമായാണ് വിപണിയിൽ എത്തുന്നത്.

മഹീന്ദ്ര ഥാർ: റിയർ വീൽ ഡ്രൈവ് ഓപ്ഷൻ വാഗ്‌ദാനം ചെയ്യുന്ന കൂടുതൽ കാറുകളും മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ നിന്നാണ് പുറത്തിറങ്ങുന്നത്. ഈ സവിശേഷതയുള്ള കമ്പനിയുടെ നിരയിലെ മറ്റൊരു മോഡലാണ് ഥാർ RWD വേരിയന്റ്. 1.5 ലിറ്റർ ഡീസൽ, 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് എസ്‌യുവി പിൻ വീൽ ഡ്രൈവുമായി എത്തുന്നത്. 10.90 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.
മാരുതി ജിംനി: റിയർ വീലിലേക്ക് പവർ അയക്കുന്ന 1.5 ലിറ്റർ, NA പെട്രോൾ എഞ്ചിനാണ് ജിംനിയുടെ കരുത്ത്. പെട്ടന്ന് വാഹനം 4X4 ആണെന്ന് ചിലരെങ്കിലും ഒർക്കുമെങ്കിലും സംഭവം അങ്ങനെയല്ല. എസ്‌യുവിക്ക് 12.8 ലക്ഷം മുതലാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്. ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലാമ്പുകൾ, 9.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി എന്നിവയും അതിലേറെയും ഫീച്ചറുകളുമായാണ് ജിംനി വരുന്നത്.

മഹീന്ദ്ര സ്കോർപിയോ: ക്ലാസിക്, N എന്നിങ്ങനെ രണ്ട്തലമുറ പതിപ്പുകളിലും വരുന്ന സ്കോർപിയോ റിയർ-വീൽ ഡ്രൈവുള്ള കിടിലൻ എസ്‌യുവിയാണ്. 2.2 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാണ് മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന് കരുത്തേകുന്നത്. ഇതിന് 13.30 ലക്ഷം മുതലാണ് വില വരുന്നത്. മറുവശത്ത് പുതുതലമുറ N മോഡലിന് 2.2 ലിറ്റർ ടർബോ-ഡീസൽ, 2.0 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്. 13.30 ലക്ഷം രൂപ മുതലാണ് വരുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications