റെനോ ഇന്ത്യയിൽ വിറ്റ കാറുകളുടെ കണക്ക് കണ്ട് ഞെട്ടരുതേ, സംഭവം ഉള്ളതാണ്
ഇന്ത്യൻ വാഹന വിപണിയിൽ ഫ്രഞ്ച് വിപ്ലവം തീർത്ത നിർമാതാക്കളാണ് റെനോ. ഫ്ലൂയൻസ് എന്ന സെഡാൻ മോഡലിലൂടെയാണ് കമ്പനി അരങ്ങേറ്റം കുറിച്ചതെങ്കിലും ഡസ്റ്റർ, ക്വിഡ് മോഡലുകളിലൂടെയാണ് റെനോ ജനഹൃദയങ്ങൾ കീഴടക്കിയത്. പിന്നീട് കമ്പനിക്ക് ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എസ്‌യുവി മോഡലുകൾക്ക് രാജ്യത്ത് വഴിതുറന്നുകൊടുത്തതും ഡസ്റ്ററായിരുന്നു.
അതേസമയം ക്വിഡാവട്ടെ ചെറുകാർ സെഗ്മെന്റിൽ ചരിത്രം കുറിക്കുകയും ചെയ്‌തു. ഡസ്റ്റർ, ക്വിഡ് എന്നിവ കൂടാതെ ഒരുപാട് സെഗ്മെന്റുകളിൽ പലതരത്തിലുള്ള വാഹനങ്ങൾ പുറത്തിറക്കി പരീക്ഷിച്ചെങ്കിലും അധികം വിജയം നേടാനായില്ല. പക്ഷേ ഈ രണ്ട് മോഡലുകൾക്ക് ശേഷം 2019-ൽ കോംപാക്‌ട് എംപിവി വിഭാഗത്തിലേക്ക് രംഗപ്രവേശം ചെയ്‌ത ട്രൈബറാണ് പിന്നീട് കമ്പനിക്ക് വലിയൊരു വിജയം സമ്മാനിച്ചത്. അതിനുശേഷം 2021-ൽ കൈഗർ എന്ന സബ്-4 മീറ്റർ എസ്‌യുവിയും വിജയഗാഥ കുറിച്ച് ഇന്ത്യയിൽ റെനോയുടെ വേരോട്ടം ശക്തമാക്കി.

ഇപ്പോഴിതാ ഇന്ത്യയിൽ 9 ലക്ഷം കാറുകൾ വിറ്റഴിച്ച നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് റെനോ. 2012-ൽ ആദ്യ വാഹനം പുറത്തിറക്കിയ കമ്പനി 11 വർഷത്തെ പ്രവർത്തനത്തിനിടെയാണ് ഇന്ത്യയിൽ ഒമ്പത് ലക്ഷം യൂണിറ്റുകളുടെ സഞ്ചിത വിൽപ്പന നാഴികക്കല്ല് കൈവരിച്ചിരിക്കുന്നത്. ഡസ്റ്ററും ക്വിഡുമാണ് ഫ്രഞ്ച് ബ്രാൻഡിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പ്രധാന മോഡലുകൾ. ഇതോടൊപ്പം ഹിറ്റായ ട്രൈബറും കൈഗറും പ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്.
കമ്പനിയുടെ നിലവിലെ ശ്രേണിയിൽ ക്വിഡ്, കൈഗർ, ട്രൈബർ എന്നീ മൂന്ന് കാറുകൾ മാത്രമാണ് വിൽപ്പനയ്ക്ക് എത്തുന്നത്. പുതിയ കാറുകൾ പുറത്തിറക്കുന്നതിനോടൊപ്പം തന്നെ ഡീലർ നെറ്റ്‌വർക്ക് വിപുലീകരണവും സാങ്കേതികവിദ്യാധിഷ്ഠിത നവീകരണം, വ്യക്തിഗതമാക്കിയ ഉപഭോക്തൃ സേവനം എന്നിവ സുഗമമാക്കുന്നതിലും റെനോ പ്രത്യേകം പരിശ്രമിക്കുന്നുണ്ട്. ഇക്കാരങ്ങളാലാണ് ഇന്നും മോശമാക്കാതെ വിൽപ്പന മുന്നോട്ടുകൊണ്ടുപോവാൻ ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് സാധിക്കുന്നത്.

റെനോയ്ക്ക് നിലവിൽ 450-ലധികം ഡീലർഷിപ്പ് ശൃഖലയും 530 സർവീസ് ടച്ച് പോയിന്റുകളും ഇന്ത്യയിലുണ്ട്. അതേസമയം എല്ലാ മേഖലകളിലെയും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി കമ്പനിയുടെ സാന്നിധ്യം വിപുലീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. കൂടാതെ കേന്ദ്ര സർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ' ദൗത്യത്തിന് അനുസൃതമായി വരാനിരിക്കുന്ന ഉൽപ്പന്നങ്ങൾക്ക് 90 ശതമാനം പ്രാദേശികവൽക്കരണം നേടാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ.
"ഇന്ത്യയ്‌ക്കായി തങ്ങൾ ശക്തമായ ഉൽപ്പന്ന-ആക്രമണ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്" എന്ന് റെനോ 9 ലക്ഷം വാഹനങ്ങളുടെ വിൽപ്പന പൂർത്തീകരിച്ച വേളയിൽ ഉറപ്പുനൽകി. കമ്പനിയുടെ രണ്ട് ജനപ്രിയ മോഡലുകളായ കൈഗറും ട്രൈബറും ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ 4-സ്റ്റാർ അഡൽറ്റ് സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. 20.62 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്ന ടർബോചാർജ്ഡ് 1.0 ലിറ്റർ പെട്രോൾ എഞ്ചിനും രണ്ട് വാഹനങ്ങളുടെയും പൊതുവായ സവിശേഷതയാണ്.

ഈ 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിന് 72 bhp പവറിൽ പരമാവധി 96 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പാഡ് മാനുവൽ അല്ലെങ്കിൽ എഎംടി യഥേഷ്‌ടെ തെരഞ്ഞെടുക്കാനുമാവും. ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡൽ ക്വിഡ് അടുത്തിടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന യൂസ്ഡ് കാറുകളിലൊന്നായി മാറിയതും ശ്രദ്ധേയമായ കാര്യമാണ്.
യൂസ്‌ഡ് കാർ റീട്ടെയിലിംഗ് പ്ലാറ്റ്‌ഫോമായ സ്പിന്നിയുടെ പഠനമനുസരിച്ചാണ് ഈ നേട്ടം ക്വിഡിനെ തേടിയെത്തിയിരിക്കുന്നത്. ഇത് 98 ശതമാനം പ്രാദേശികവൽക്കരണ നിലവാരം കൈവരിച്ചതായി കമ്പനിയുടെ ആദ്യ കാറുകളിൽ ഒന്നാണ്. നിലവിൽ 4,70 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് റെനോ ക്വിഡിന്റെ വില ആരംഭിക്കുന്നത്. 2023 ഏപ്രിൽ മുതൽ നടപ്പിലാക്കിയ പുതിയ എമിഷൻ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനി ഈ വർഷമാദ്യം തങ്ങളുടെ ഉൽപ്പന്ന നിര പരിഷക്കരിക്കുകയും ചെയ്‌തിട്ടുണ്ട്.

2023 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ബിഎസ്-VI ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായാണ് മോഡലുകളിൽ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയത്. ഭാവിയിലെ നിയന്ത്രണങ്ങൾ പാലിക്കുന്നതിന് സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളായി ESP, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, TPMS എന്നിവ പോലുള്ള മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകൾ റെനോ തങ്ങളുടെ കാറുകളിലേക്ക് സ്റ്റാൻഡേർഡായി കൂട്ടിച്ചേർത്തതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്ന്.


Click it and Unblock the Notifications








