ഈ കിടിലൻ എസ്‌യുവി വാങ്ങാൻ 65,000 രൂപ കുറവ് മതി, വിട്ടാലോ റെനോ ഷോറൂമിലേക്ക്?
ഇന്ത്യൻ വിപണിയിൽ മിഡ്-സൈസ് എസ്‌യുവി ട്രെൻഡിന് തുടക്കമിട്ടവരാണ് റെനോ. അങ്ങനെ നിരത്തുകൾ മുഴുവൻ ഡസ്റ്റർ നിറഞ്ഞൊരു കാലം നമുക്കുണ്ടായിരുന്നു. പിന്നീട് ക്വിഡ് എന്ന ചെറുകാറിലൂടെ വിപ്ലവം തീർത്ത കമ്പനി ഇന്ത്യക്കാരുടെ മനസിൽ അങ്ങ് കുടിയേറി പാർത്തു. ഇന്നും റോഡിൽ ഇറങ്ങിയാൽ ഏറ്റവും കൂടുതൽ കാണാനാവുന്ന മോഡലുകളിൽ ഒന്നാണ് ഡസ്റ്ററും ക്വിഡും.
ബ്രാൻഡിന്റെ മറ്റ് വാഹനങ്ങൾ ഇത്രയും വമ്പൻ ഹിറ്റായില്ലെങ്കിലും ഒരു പ്രീമിയം ഹാച്ച്ബാക്കിന്റെ വിലയിൽ എത്തിയ കോംപാക്‌ട് എംപിവി മോഡലായ ട്രൈബറും കോംപാക്‌ട് എസ്‌യുവിയായ കൈഗറും മോശമല്ലാത്ത രീതിയിൽ വിൽപ്പന പിടിക്കുന്നുണ്ട്. എങ്കിലും എതിരാളികളുടെ എണ്ണത്തിലെല്ലാം വലിയ വർധനവ് സംഭവച്ചിരിക്കുന്നതിനാൽ റെനോയുടെ സ്ഥാനം അൽപം പിന്നിലായെന്നു വേണം പറയാൻ. ഡസ്റ്റർ നിർത്തിയതും ക്വിഡിന്റെ ഡിമാന്റ് കുറഞ്ഞതുമെല്ലാം കമ്പനിക്ക് ക്ഷീണമായിട്ടുണ്ട്.

എന്നാൽ ഇതിനെ മറികടക്കാനായി എല്ലാ മാസവും കിടിലൻ ഓഫറുകൾ അണിനിരത്താനും റെനോ താത്പര്യം കാണിക്കുന്നുണ്ട്. ഇപ്പോഴിതാ ഉത്സവ സീസണിനോട് അനുബന്ധിച്ച് പുതിയ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രാൻഡ്. 2023 നവംബർ മാസം മുഴുവൻ ലഭ്യമാവുന്ന ഈ ആനുകൂല്യങ്ങൾ കാർ വാങ്ങാൻ പോവുന്നവർക്ക് വലിയ അനുഗ്രഹമാവും. നിങ്ങളൊരു പുത്തൻ വണ്ടി വാങ്ങാൻ പ്ലാനിട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും റെനോയുടെ ഡിസ്‌കൗണ്ട് പരിഗണിക്കാം. അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതാ...
രാജ്യത്തുടനീളമുള്ള ഏതാനും റെനോ ഡീലർഷിപ്പുകൾ 2023 നവംബറിൽ അതിന്റെ എല്ലാ മോഡലുകൾക്കും ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, ലോയൽറ്റി ഡിസ്‌കൗണ്ടുകൾ എന്നിവയുടെ രൂപത്തിലാണ് വാഗ്ദാനം ചെയ്യുന്നത്. കൂടുതൽ വിശദാംശങ്ങൾ പറയാം. രാജ്യത്തെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ക്വിഡിൽ 50,000 രൂപ വരെയാണ് ആനുകൂല്യങ്ങൾ ലഭിക്കുക.

20,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ഈ മാസം ഉപയോഗപ്പെടുത്താനാവും. ഇതുകൂടാതെ റെനോ ക്വിഡിൽ എക്സ്ചേഞ്ച് ബോണസായി 20,000 രൂപയും ലോയൽറ്റി ഡിസ്‌കൗണ്ടായി 10,000 രൂപയുമാണ് വാഗ്‌ദാനം ചെയ്യുന്നത്. 4.70 ലക്ഷം രൂപ മുതൽ 6.45 ലക്ഷം രൂപ വരെയാണ് നിലവിൽ ഈ കാറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇതിൽ നിന്നാണ് 50,000 രൂപ വരെ നവംബർ മാസം ലാഭിക്കാനാവുന്നത്.
ഇനി കൈഗറിലേക്ക് നോക്കിയാൽ കോംപാക്‌ട് എസ്‌യുവിക്ക് ഈ മാസം 65,000 രൂപ വരെയുള്ള ഓഫറുകളാണ് റെനോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 25,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസായി 20,000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ടായി 20,000 രൂപ എന്നിങ്ങനെയാണ് ലഭ്യമാവുന്നത്. അതേസമയം ട്രൈബറിനും 50,000 രൂപ വരെയാണ് ആനുകൂല്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഇതിൽ കോംപാക്‌ട് എംപിവിക്ക് ക്യാഷ് ഡിസ്‌കൗണ്ടായി 20,000 രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം എക്സ്ചേഞ്ച് ബോണസായി 20,000 രൂപയും ലോയൽറ്റി ഡിസ്‌കൗണ്ടായി 10,000 രൂപയും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താനാവും. നിലവിൽ ഈ മൂന്ന് മോഡലുകൾക്കും ലഭിക്കുന്ന മോശമല്ലാത്ത വിൽപ്പനയാണ് ഇന്ത്യയിൽ റെനോയെ താങ്ങി നിർത്തിയിരിക്കുന്നത്. അധികം വൈകാതെ പുത്തൻ മോഡുകൾ കൊണ്ടുവന്നില്ലെങ്കിൽ മറ്റൊരു ഫോർഡായി കമ്പനി മാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഈ മാസം ആദ്യം റെനോ ഇന്ത്യൻ വിപണിക്കായി ഒരു പുതിയ മോഡുലാർ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചിട്ടുണ്ട്. അത് പ്രാദേശികമായി വിൽക്കാൻ ലക്ഷ്യമിട്ടുള്ള സി-എസ്‌യുവികളുടെ അടിത്തറയായി മാറുമെന്നാണ് വിലയിരുത്തൽ. ഫ്രഞ്ച് വാഹന നിർമാതാക്കൾ ഈ മാസം അവസാനം ഡസ്റ്ററിനെ പുതുതലമുറ പതിപ്പിനെ വെളിപ്പെടുത്താൻ ഒരുങ്ങുകയാണ്. ആദ്യം ആഗോള വിപണികൾക്കായാണ് ഒരുങ്ങുന്നതെങ്കിലും അടുത്ത വർഷത്തോടെ പുത്തൻ ഡസ്റ്റർ ഇന്ത്യയിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ അവതരിപ്പിച്ചിരുന്ന ബിഗ്സ്റ്റർ കൺസെപ്റ്റിലാണ് വാഹനം ഇത്തവണ ഒരുങ്ങുന്നത്. ആയതിനാൽ രണ്ടാംവരവിൽ 7 സീറ്റർ മോഡലും ഡസ്റ്റർ എസ്‌യുവിക്ക് ഉണ്ടാവും. ഇതിനായി മൂന്നാം തലമുറ പതിപ്പിന്റെ വലിപ്പം കൂട്ടാനാണ് ബ്രാൻഡിന്റെ ഉദ്ദേശം. വാഹനത്തിന്റെ നിലവിലെ മോഡലിന് 4,341 മില്ലീമീറ്റർ ആണ് നീളമുള്ളത്. മൂന്നാംനിരയെ ഉൾക്കൊള്ളുന്നതിനായി 4.4 മുതല്‍ 4.5 മീറ്റര്‍ വരെ പുതുതലമുറ പതിപ്പിന്റെ നീളം വർധിപ്പിക്കും.
സൗത്ത് അമേരിക്കൻ വിപണിയിലും ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലുമായിരിക്കും ആദ്യം റെനോ പുതിയ ഡസ്റ്റർ അവതരിപ്പിക്കുക. പിന്നീട് അടുത്ത വർഷം ആദ്യത്തോടെ യൂറോപ്പിൽ ഡാസിയ ബാഡ്‌ജിംഗോടെ ഇത് ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. ഇതിനുശേഷമായിരിക്കും ഇന്ത്യയെ പരിഗണിക്കുകയെന്നാണ് വിവരം. അടുത്ത വർഷം അവസാനത്തോടെ വരുമ്പോഴേക്കും സെഗ്മെന്റിലെ എതിരാളികളുടെ എണ്ണത്തിലും വർധനവുണ്ടാവാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications