കാർ വാങ്ങാനും സർവീസിനും ഷോറൂമിൽ പോവേണ്ട, റെനോയുടെ തന്ത്രം കണ്ടോ
ഇന്ത്യയിൽ ചെറുകാർ വിപ്ലവത്തിലൂടെ ഇന്ത്യയെ കൈയിലെടുത്തവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. പിന്നീട് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് ഡസ്റ്റർ കൊണ്ടുവന്ന് രാജ്യത്തെ പ്രധാന സാന്നിധ്യങ്ങളിൽ ഒന്നായി ബ്രാൻഡ് വളർന്നു. ഇന്ന് മൂന്ന് വ്യത്യസ്‌ത സെഗ്മെന്റുകളിൽ കാറുകളുള്ള റെനോ ബ്രാൻഡിലേക്ക് കൂടുതൽ ആളുകളെ അടുപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
അതിന്റെ ഭാഗമായി പുതിയൊരു പദ്ധതിക്കാണ് റെനോ (Renault) ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. ഷോറൂം ഓൺ വീൽസ് എന്ന അതുല്യമായ സെയിൽസ്, സർവീസ് സംരംഭമാണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. 'റെനോ എക്സ്പീരിയൻസ് ഡേയ്‌സ്' ക്യാമ്പയിനിന്റെ ഭാഗമായാണ് യൂറോപ്യൻ ബ്രാൻഡ് ഇത്തരത്തിലൊരു സേവനം ആരംഭിച്ചിരിക്കുന്നത്. കൂടാതെ വിപണിയിൽ സജീവമാവാനും കമ്പനിക്ക് ഇതിലൂടെ സാധിക്കും.

പുതിയ കാർ വാങ്ങാനുള്ള സേവനങ്ങൾക്കൊപ്പം റെനോ കാറുകളുടെ സർവീസ് സൗകര്യങ്ങളും ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കുന്നതാണ് ഈ സംരംഭം. ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും റെനോയുടെ 625 കേന്ദ്രങ്ങളിലൂടെ രാജ്യവ്യാപകമായി ഷോറൂം ഓൺ വീൽസ് പ്രചാരണം നടത്തും. ഇതാദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി ഇന്ത്യൻ വാഹന വിപണിയിൽ നടപ്പിലാക്കുന്നത് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.
ഒരു കാർ വാങ്ങുന്നതിനുള്ള ഷോറൂം അനുഭവം ഉപഭോക്താക്കൾക്ക് അവർ ഇരിക്കുന്ന സ്ഥലത്ത് എത്തിക്കുകയാണ് ഇതിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. ബ്രാൻഡിന്റെ ലൈനപ്പിലെ ഏറ്റവും പുതിയ വാഹനങ്ങൾ അവരുടെ സൗകര്യത്തിനനുസരിച്ച് പര്യവേക്ഷണം ചെയ്യാനും എക്‌സ്പീരിയൻസ് ചെയ്യാനും ഷോറൂം ഓൺ വീൽസ് എന്ന പദ്ധതി ഉപഭോക്താക്കൾക്ക് അവസരം നൽകും.

അതോടൊപ്പം ഓൺബോർഡ് സെയിൽസ് ഉദ്യോഗസ്ഥർ ഉപഭോക്താക്കളെ വാഹനം തെരഞ്ഞെടുക്കാനും മറ്റ് കാര്യങ്ങൾക്കുമായി നയിക്കുകയും സഹായിക്കുകയും ചെയ്യും. വാഹനം വാങ്ങാൻ താത്പര്യമുള്ളയാളുകൾക്ക് ഓൺ-സ്പോട്ട് ടെസ്റ്റ് ഡ്രൈവ്, ബുക്കിംഗ്, കാർ ഫിനാൻസ് ഓപ്ഷനുകൾ എന്നിവയും ഇതിലൂടെ ഒരുക്കും. മൊബൈൽ ഷോറൂമിൽ റെനോ കാർ മോഡലുകളുടെ സംവേദനാത്മക ഡിസ്‌പ്ലേകളും പ്രദർശിപ്പിക്കും.
അത് ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ, സുരക്ഷാ ഫീച്ചറുകൾ, നവയുഗ സാങ്കേതികവിദ്യ എന്നിവ പര്യവേക്ഷണം ചെയ്യാനും അതുപോലെ തന്നെ അവരുടെ മോഡലുകളുടെ ടെസ്റ്റ് ഡ്രൈവ് ചെയ്യാനും അനുവദിക്കും. ഇത്തരത്തിൽ കാർ വാങ്ങൽ അനുഭവത്തെ മറ്റൊരു തലത്തിൽ എത്തിക്കുക എന്നതാണ് റെനോ ലക്ഷ്യംവെക്കുന്നത്. 'വർക്ക്‌ഷോപ്പ് ഓൺ വീൽസ്' എന്ന സംരംഭം ഒരു തടസമില്ലാത്ത കാർ ഉടമസ്ഥത അനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്.

വർക്ക്‌ഷോപ്പ് ഓൺ വീൽസ് സംരംഭത്തിലൂടെ ഉപഭോക്താക്കളുടെ വീട്ടുമുറ്റങ്ങളിൽ റെനോ വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും സേവനവും നൽകും. മൊബൈൽ വർക്ക്‌ഷോപ്പിൽ അത്യാധുനിക ഉപകരണങ്ങളും അവ പ്രവർത്തിപ്പിക്കുന്നതിന് വിദഗ്ധരായ സാങ്കേതിക വിദഗ്ധരുടെ സഹായവും ഉണ്ടാവും. രാജ്യത്തുടനീളം നിലവിലുള്ള 530 റെനോ ടച്ച്‌പോയിന്റുകളെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ജനങ്ങളുമായുള്ള തങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനും, രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനുമായാണ് കമ്പനി പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും റെനോ ഇന്ത്യയുടെ സെയിൽസ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുധീർ മൽഹോത്ര പറഞ്ഞു. റെനോ നിലവിൽ ഇന്ത്യയിൽ ക്വിഡ്, ട്രൈബർ, കൈഗർ എന്നീ മൂന്ന് മോഡലുകളാണ് വാഗ്ദാനം ചെയ്യുന്നത്. വിൽപ്പന പതിയെ ഇടിഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായുള്ള പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്.

രണ്ട് പെട്രോൾ കാറുകളും ഒരു ഇലക്ട്രിക് വാഹനവും ഉൾപ്പെടെ 2025 ഓടെ മൂന്ന് പുതിയ മോഡലുകൾ ഇവിടെ പുറത്തിറക്കാനാണ് ഫ്രഞ്ച് ബ്രാൻഡ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതോടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അതിന്റെ വാഹന നിര ആറ് മോഡലുകളായി ഉയർത്തും. ഇതിൽ രണ്ടാം വരവിനായി തയാറെടുത്തിരിക്കുന്ന ഡസ്റ്ററിലാണ് ഏവരുടേയും കണ്ണ്. വൻതോതിൽ പ്രാദേശികവൽക്കരിക്കുന്ന CMF-B പ്ലാറ്റ്ഫോമിലാണ് മിഡ്-സൈസ് എസ്‌യുവിയുടെ പുതുതലമുറയെ ഒരുക്കുന്നത്.
ബിഗ്സ്റ്റർ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാവും പുത്തൻ ഡസ്റ്ററിന്റെ ഡിസൈൻ പണികഴിപ്പിക്കുക. 5,7 സീറ്റർ ഓപ്ഷനുകളും മോഡലിനുണ്ടാവുമെന്നാണ് വിവരം. മോഡുലാർ CMF-B ആർക്കിടെക്ച്ചറിന് ഒരു ഇവി പതിപ്പും ഉൾക്കൊള്ളാനുമെന്നതിനാൽ ഇലക്ട്രിക് വേരിയന്റിനെയും നമുക്ക് പ്രതീക്ഷിക്കാം. 2012 ജൂലൈയിലാണ് റെനോ ഇന്ത്യയില്‍ ഡസ്റ്റര്‍ അവതരിപ്പിച്ചത്. ഹ്യുണ്ടായി ക്രെറ്റ വരുന്നതു വരെ ഇന്ത്യയിലെ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ മുമ്പനായിരുന്നു ഡസ്റ്റര്‍. പിന്നീട് ആധുനിക എതിരാളികൾക്കിടയിൽ പെട്ടുപോവുകയായിരുന്നു വാഹനം.


Click it and Unblock the Notifications








