ചെറുകാർ സങ്കൽപം മാറ്റിമറിച്ച ക്വിഡ് 800 പടിയിറങ്ങി, റെനോയ്ക്ക് ഇനി എന്ത് പ്ലാൻ?
ചെറുകാറുകളുടെ സങ്കൽപം തന്നെ മാറ്റിമറിച്ച വാഹനമായിരുന്നു റെനോ ക്വിഡ്. ഇന്ത്യയില്‍ പത്താം വാര്‍ഷികത്തിന്റെ നിറവിലോടുന്ന ഈ ഇത്തിരി കുഞ്ഞന് ഇന്ന് ഏതാണ് അഞ്ചു ലക്ഷത്തോളം ഉപഭോക്താക്കളുമുണ്ട്. ഡസ്റ്ററിന് ശേഷം രാജ്യത്ത് ഫ്രഞ്ച് ബ്രാൻഡിന് വേരോട്ടം സാധ്യമാക്കിയ ഇതിഹാസ പരിവേഷവും ചാർത്തി ക്വിഡിന് കൊടുക്കാം.
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ റെനോയെ ഒരു ബ്രാൻഡായി ജനപ്രിയമാക്കിയ മോഡലുകളിലൊന്നായ ക്വിഡ് നിർത്തലാക്കിയിരിക്കുകയാണ് ഇപ്പോൾ. എന്നാൽ പേടിക്കേണ്ട, 800 സിസി എഞ്ചിൻ ഓപ്ഷനുള്ള ക്വിഡാണ് നിരത്തൊഴിയുന്നത്. ഇതിനുള്ള കാരണം ഇതിനോടകം തന്നെ പലരും ഊഹിച്ചുകഴിഞ്ഞിട്ടുമുണ്ടാവുമല്ലോ. 2023 ഏപ്രിൽ ഒന്നിന് രാജ്യത്ത് നടപ്പിലാക്കിയ പുതുക്കിയ RDE അല്ലെങ്കിൽ ബിഎസ്-VI രണ്ടാംഘട്ട മലിനീകരണ മാനദണ്ഡങ്ങൾ കാരണമാണ് റെനോ ക്വിഡിന്റെ 800 സിസി പതിപ്പ് വിപണിയിൽ നിന്നും പിൻവലിച്ചിരിക്കുന്നത്.

പല നിർമാതാക്കളെയും പോലെ സാമ്പത്തികമായി ലാഭകരമല്ലാത്തതിനാലാണ് പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി 800 സിസി പതിപ്പിൽ എഞ്ചിൻ നവീകരിക്കുന്നതിൽ നിന്നും റെനോ വിട്ടുനിന്നത്. പ്രധാന എതിരാളിയായ ആൾട്ടോ 800 പിൻവാങ്ങിയതും ഇതിന് സമാനമായ മാരുതി സുസുക്കിയുടെ നീക്കമായിരുന്നു. 800 സിസി എഞ്ചിൻ എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നവീകരിക്കുന്നതിലൂടെ, ഉൽപ്പന്നത്തിന്റെ വില വർധിക്കുകയും ഡിമാൻഡ് കുറയുകയും ചെയ്യും. ഈ സാഹചര്യം കമ്പനിക്ക് വലിയ നഷ്‌മാവും വരുത്തിവെക്കുക.
നിർമാതാവ് ഇപ്പോൾ ക്വിഡിന്റെ 800 സിസി പതിപ്പ് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ക്വിഡിന്റെ 0.8 ലിറ്റർ പതിപ്പ് RXL, RXL(O) വേരിയന്റുകളിലായിരുന്നു വിപണിയിൽ എത്തിയിരുന്നത്. ചരിത്രത്തിലേക്ക് എത്തിനോക്കിയാൽ 2015-ൽ ഇന്ത്യയിലെത്തിയ ഈ എൻട്രി ലെവൽ ഹാച്ച്ബാക്ക് അതിന്റെ കോംപാക്‌ട് എസ്‌യുവി-ഇഷ് രൂപവും താങ്ങാനാവുന്ന വിലയിലൂടെയുമാണ് ജനഹൃദയങ്ങളിൽ ഇടംപിടിച്ചത്. പിന്നീട് നാല് വർഷങ്ങൾക്കപ്പുറം 2019 ഒക്ടോബറിൽ ആദ്യത്തെ മിഡ്-ലൈഫ് പരിഷക്കാരവും കാറിൽ ഒരുക്കി.

RXE, RXL, RXT, RXT (O) എന്നീ നാല് വകഭേദങ്ങളിലായി 10 വേരിയന്റുകളിൽ റെനോ ക്വിഡ് ലഭ്യമായിരുന്നുവെങ്കിൽ ഇനി മുതൽ ക്വിഡ് ഇപ്പോൾ അഞ്ച് വേരിയന്റുകളിലായി 1.0 ലിറ്റർ പതിപ്പിൽ മാത്രമേ സ്വന്തമാക്കാനാവൂ. വിപണിയിൽ നിന്നും പിൻവാങ്ങിയc മോഡലിന്റെ 800 സിസി വേരിയന്റിലെ ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 52 bhp കരുത്തിൽ പരമാവധി 72 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.
5-സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമാണ് ക്വിഡ് 800 വാഗ്ദാനം ചെയ്തത്. ഓട്ടോമാറ്റിക് ഓപ്ഷൻ വേണ്ടവർ 1.0 ലിറ്റർ പതിപ്പിലേക്ക് ചേക്കേറണമായിരുന്നു. റെനോ ക്വിഡിന്റെ 1.0 ലിറ്റർ പതിപ്പിന് 999 സിസി, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 67 bhp പവറിൽ 91 Nm torque ആണ് നൽകുന്നത്. ഇതിൽ 5-സ്പീഡ് മാനുവൽ, 5-സ്പീഡ് AMT ഗിയർബോക്‌സ് ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് കിട്ടും.

കുറഞ്ഞ വിലയിൽ ഒരു കാർ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നവരുടെ സ്വപ്നം യാഥാർഥ്യമാക്കി കൊടുത്ത വാഹനം ശരിക്കും ഒരു അടിപൊളി സിറ്റി കാറായിരുന്നു. മൈലേജായാലും മെയിന്റനെൻസായാലും സാധാരണക്കാരൻ വിചാരിക്കുന്നതിടത്ത് നിൽക്കുമായിരുന്നു. 800 സിസി എഞ്ചിന് വലിവ് കുറവാണെന്ന് പറയുന്നവർക്കാണ് ഇനി 1000 സിസി എഞ്ചിൻ ക്വിഡ് വരുന്നത്. ഇതും മോശമല്ലാത്ത ഫീലാണ് നൽകുന്നത്. ഓട്ടോമാറ്റിക് ഗിയർബോക്‌സ് കൂടി ചേരുന്നതോടെ സിറ്റി യാത്രകൾ മികച്ചതാവും.
സേഫ്റ്റി കുറവാണെന്ന് എതിരാളികൾ മുറുമുറുക്കുന്നുണ്ടെങ്കിലും ഇരട്ട എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇലക്‌ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ സെൻസറുകൾ എന്നിവയോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ ക്വിഡിന്റെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളായി റെനെ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് ഫീച്ചറുകളുടെ കാര്യത്തിലായാലും കൊടുക്കുന്ന വിലയ്ക്കുള്ള സംവിധാനങ്ങൾ ഫ്രഞ്ച് ബ്രാൻഡ് ഈ ചെറുകാറിൽ ഒരുക്കിയിട്ടുണ്ട്.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പിൻസീറ്റ് ആംറെസ്റ്റ്, പിൻ പാർക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകൾ കാറിൽ കോർത്തിണക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ആൾട്ടോ K10, എസ്-പ്രെസോ പോലുള്ള വമ്പൻ എൻട്രി ലെവൽ കാറുകളുമായാണ് ക്വിഡ് മത്സരിക്കുന്നത്. മാരുതിക്ക് പകരം എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് നിസംശയം റെനോ ക്വിഡ് സ്വന്തമാക്കാം.


Click it and Unblock the Notifications








