Slavia, Kushaq മോഡലുകൾ കളറാക്കി സ്കോഡ; ഇനി കളികൾ വേറെ ലെവൽ
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളെന്ന് തെളിയിച്ച രണ്ട് മോഡലുകളാണ് സ്കോഡ സ്ലാവിയയും കുഷാഖും. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മുഴുവൻ സ്കോറും സ്വന്തമാക്കിയാണ് ഇരുവരും തങ്ങളുടെ കഴിവ് തെളിയിച്ച് ഈ കിരീടം ചൂടിയത്. രാജ്യത്ത് കാര്യമായി പച്ചതൊടാതിരുന്ന ചെക്ക് ബ്രാൻഡിന്റെ തുറുപ്പുചീട്ടുകളായാണ് കുഷാഖും സ്ലാവിയയും പിറവിയെടുത്തത്.
ക്രെറ്റയും സെൽറ്റോസുമെല്ലാം അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ തന്റെ സ്ഥാനം നിഷ്പ്രയാസം കണ്ടെത്താൻ കുഷാഖിന് സാധിച്ചപ്പോൾ ഇന്ത്യയിൽ സെഡാനുകൾ മരിക്കുകയാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് സ്ലാവിയയിലൂടെ സ്കോഡ നൽകിയത്. ഹോണ്ട സിറ്റിക്കും ഹ്യുണ്ടായി വെർണയ്ക്കും ബദലായി ആളുകളെ കൈയിലെടുക്കാനും ഈ സി-സെഗ്മെന്റ് സെഡാനായി. അങ്ങനെ ആഭ്യന്തര വിപണിയിൽ സ്കോഡയ്ക്ക് ഇരുവരും പുതുജീവനേകി.

ദേ ഇപ്പോൾ കുഷാഖ്, സ്ലാവിയ മോഡലുകളുടെ വിൽപ്പന വർധിപ്പിക്കുന്നതിനും കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനുമായി കുഷാഖ്, സ്ലാവിയ മോഡലുകളുടെ സ്പെഷ്യൽ എഡിഷനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ. രണ്ട് വാഹനങ്ങളും 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനോടെ മാത്രമാവും വിപണിയിലെത്തുക. അതോടൊപ്പം ലാവ ബ്ലൂ കളർ ഓപ്ഷനും ഇരുകാറുകളിലും ലഭ്യമാവുകയും ചെയ്യും.
സ്‌കോഡ സ്ലാവിയ ആനിവേഴ്‌സറി എഡിഷന്റെ മാനുവൽ വേരിയന്റിന് 17.28 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 18.68 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം കുഷാഖ് ലാവ ബ്ലൂ എഡിഷന്റെ മാനുവൽ വകഭേദത്തിന് 17.99 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 19.19 ലക്ഷം രൂപയമാണ് എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടി വരുന്നത്. ഒക്ടാവിയ, സൂപ്പർബ് സെഡാനുകൾ, കോഡിയാക് എന്നിവയ്‌ക്കൊപ്പം ലഭിച്ചുകൊണ്ടിരുന്ന സ്കോഡയുടെ വളരെ ജനപ്രിയമായ നിറമാണ് ലാവ ബ്ലൂ ഷേഡ്.

സ്കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായുള്ള കാറുകൾക്ക് ഈ സിഗ്നേച്ചർ ഷേഡ് ലഭിക്കുന്നത് ഇതാദ്യമാണ്. സ്ലാവിയ ആനിവേഴ്‌സറി എഡിഷൻ ടോപ്പ് സ്റ്റൈൽ വേരിയന്റിന് മുകളിലായാണ് സ്ഥാനംപിടിച്ചിരിക്കുന്നത്. കൂടാതെ സ്റ്റൈലിന്റെ എല്ലാ സുഖസൗകര്യങ്ങളും സുരക്ഷാ സവിശേഷതകളുടെയും അധിക അലങ്കാരങ്ങളോടെയാണ് ഈ പുതിയ മോഡലിനെ കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. സെഡാന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സ്ലാവിയ ആനിവേഴ്‌സറി എഡിഷൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
സാധാരണ മോഡലിനെ അപേക്ഷിച്ച് ചില എക്സ്റ്റീരിയർ പരിഷ്ക്കാരങ്ങൾ സ്ലാവിയയുടെ ആനിവേഴ്‌സറി എഡിഷനിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ക്രോം സ്ലാറ്റുകളോട് കൂടിയ സ്കോഡയുടെ സ്ഗ്നേച്ചർ ഗ്രിൽ വിഭാഗം, ഡോറുകളുടെ താഴത്തെ ഭാഗത്തായുള്ള ക്രോം അലങ്കാരം, ആനിവേഴ്‌സറി എഡിഷൻ സി-പില്ലർ ഫോയിൽ എന്നിവയാണ് പ്രധാന അപ്‌ഡേറ്റുകളിൽ ചിലത്. സ്റ്റിയറിംഗ് വീലിലെ ആനിവേഴ്‌സറി എഡിഷൻ ബാഡ്ജ്, പ്രത്യേക ആനിവേഴ്‌സറി എഡിഷൻ സ്‌കഫ് പ്ലേറ്റ്, ആനിവേഴ്‌സറി എഡിഷൻ കുഷ്യൻ പില്ലോകൾ എന്നിവയാണ് മറ്റ് കൂട്ടിച്ചേർക്കലുകൾ.

ഇനി കുഷാഖിന്റെ ലാവ ബ്ലൂ എഡിഷനിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്നും വേറിട്ടുനിർത്താനായി ക്രോം ഗ്രിൽ, ലോവർ ക്രോം ഗാർണിഷ്, പ്ലഷ് എഡിഷൻ കുഷ്യൻ പില്ലോകൾ, ബി പില്ലറുകളിൽ ഒരു എഡിഷൻ ബാഡ്ജ് എന്നിവ സ്‌കോഡ എസ്‌യുവിക്ക് സമ്മാനിക്കുകയുണ്ടായി. ഇത്തരം മാറ്റങ്ങൾ മാത്രമാണ് രണ്ട് കാറുകളുടെയും സ്പെഷ്യൽ എഡിഷൻ മോഡലുകളിൽ ബ്രാൻഡ് ഒരുക്കിയിട്ടുള്ളത്.
സ്‌കോഡ സ്ലാവിയ ഒരു വർഷം മുമ്പാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അതേസമയം കുഷാഖ് 2021 ജൂലൈയിൽ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള ആദ്യ വാഹനമായി വിപണിയിൽ ഇടംപിടിച്ചു. സ്‌കോഡയും ഫോക്‌സ്‌വാഗനും വികസിപ്പിച്ച കനത്ത പ്രാദേശികവൽക്കരിച്ച MQB A0 IN പ്ലാറ്റ്‌ഫോമാണ് ഈ രണ്ട് മോഡലുകൾക്കും അടിസ്ഥാനമായിരിക്കുന്നത്. മിഡ്‌സൈസ് സെഡാനും എസ്‌യുവിക്കും എഞ്ചിൻ, ഗിയർബോക്‌സ്, ഫീച്ചറുകൾ എന്നിവ ഉൾപ്പെടെ നിരവധി സാമ്യതകളുണ്ട്.

എഞ്ചിൻ പെർഫോമൻസിലേക്ക് നോക്കിയാൽ കുഷാഖ്, സ്ലാവിയ എന്നിവയ്ക്ക് 1.0 ലിറ്റര്‍ ടിഎസ്ഐ, 1.5 ടിഎസ്ഐ എഞ്ചിന്‍ എന്നിവയാണ് ലഭിക്കുന്നത്. ഇതിൽ ആദ്യത്തേത് 113 bhp കരുത്തിൽ 178 Nm torque വരെ സൃഷ്ടിക്കുമ്പോൾ രണ്ടാമത്തെ 1.5 പതിപ്പിൽ 148 bhp പവറിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, DSG ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ കോമ്പോ.


Click it and Unblock the Notifications








