കാർ നിർമിക്കാൻ വലിയ ചെലവാണ്, ഇരുട്ടടിയായി സ്കോഡയുടെ ആ തീരുമാനം; നടപ്പിലാക്കുക ജനുവരിയിൽ
അടുത്ത വർഷം പുത്തനൊരു കാർ വാങ്ങണമെന്ന് വിചാരിച്ചിരിക്കുന്നവരായിരിക്കും അധികവും അല്ലേ. പുതുവർഷത്തിൽ പുതിയ തുടക്കങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് വാഹന വിപണിയിൽ നിന്നും അത്ര സുഖകരമായ വാർത്തയല്ല പുറത്തുവരുന്നത്. എന്താണന്നല്ലേ, പലരും ഇതിനോടകം അറിഞ്ഞുകഴിഞ്ഞ വില വർധനവ് തന്നെയാണ് വില്ലൻ. ഇതിനോടകം തന്നെ രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം വില വർധനവ് പ്രഖ്യാപിച്ചു കഴിഞ്ഞു.
പതിയെ മറ്റ് കമ്പനികളും ഇതേ തീരുമാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ ഫോക്‌സ്‌വാഗൺ വില വർധനവ് പ്രഖ്യാപിച്ചതിനു പുറമെ ഇപ്പോഴിതാ ജർമൻ ബ്രാൻഡിന്റെ അനുബന്ധ സ്ഥാപനമായ സ്കോഡയും വില പരിഷ്ക്കാരം നടത്താൻ ഒരുങ്ങുകയാണെന്ന വാർത്തകൾ പുറത്തുവിട്ടിരിക്കുകയാണ്. സ്‌കോഡ ഓട്ടോ ഇന്ത്യ അതിന്റെ പാസഞ്ചർ വാഹന ശ്രേണിയിൽ 2024 ജനുവരി 1 മുതൽ രണ്ട് ശതമാനം വരെ വില വർധിപ്പിക്കും.

നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന സ്‌കോഡ സ്ലാവിയ, കുഷാഖ്, കൊഡിയാക് എന്നിവയുടെ വിലകൾ പുതുവർഷം മുതൽ വർധിക്കും. വാഹനങ്ങളുടെ എക്സ്ഷോറൂം വിലയിൽ എത്രത്തോളം വില ഉയർച്ച ഉണ്ടാവുമെന്ന് ഇപ്പോൾ വ്യക്തമല്ല. സപ്ലൈ, ഇൻപുട്ട്, പ്രവർത്തനച്ചെലവ് എന്നിവ വർധിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് സ്‌കോഡ ഓട്ടോ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
ഫോക്‌സ്‌വാഗൺ, ഔഡി, മാരുതി സുസുക്കി, മഹീന്ദ്ര, ടാറ്റ മോട്ടോർസ്, സിട്രൺ, എംജി മോട്ടോർ ഇന്ത്യ, ഹ്യുണ്ടായി പോലുള്ള പ്രമുഖർ പുതുവർഷത്തിൽ വില വർധനവ് പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ബ്രാൻഡുകളാണ്. പുതിയ കലണ്ടർ വർഷത്തിൽ വാഹന വിപണിയിലുണ്ടാവുന്ന ഇത്തരം വില വർധനവ് സാധാരണമായ കാര്യമാണ്. എന്നാൽ ആഗോളതലത്തിൽ വർധിച്ചുവരുന്ന പണപ്പെരുപ്പ നിരക്ക് കാരണം ഒരു വർഷത്തിൽ പലതവണയായി കാർ ബ്രാൻഡുകൾ വിലയിൽ സ്ഥിരമായ പരിഷ്ക്കാരം നടത്താറുണ്ടിപ്പോൾ.

സ്‌കോഡ ഓട്ടോയുടെ ശ്രേണി ആരംഭിക്കുന്നത് സ്ലാവിയ, കുഷാഖ് എസ്‌യുവി എന്നിവയിൽ നിന്നാണ്. 10.89 ലക്ഷം രൂപ മുതലാണ് ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലായ സെഡാന്റെ വില തുടങ്ങുന്നത്. രണ്ട് മോഡലുകളും MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ 1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ഈ മോഡലുകൾ പങ്കിടുന്നു. ആദ്യത്തേത് 113 bhp പവറോളം ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തേത് 148 bhp പെർഫോമൻസാണ് നൽകുന്ന്ത്.
ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 1.0 ടിഎസ്ഐയിൽ 6-സ്പീഡ് മാനുവലും ടോർക്ക് കൺവെർട്ടറും ഉൾപ്പെടുമ്പോൾ സ്കോഡയുടെ 1.5 ടിഎസ്ഐ പെട്രോളിന് 6-സ്പീഡ് മാനുവലും 7-സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക്കും ലഭിക്കുന്നു. 7-സ്പീഡ് ഡിസ്‌ജി ഗിയർബോക്‌സുമായി ജോടിയാക്കിയ 188 bhp പവർ നൽകുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനോടെയാണ് സ്‌കോഡയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ കൊഡിയാക് വരുന്നത്.

അടുത്ത വർഷത്തോടെ എന്യാക് ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് സ്കോഡ ഇപ്പോൾ. ഇതോടൊപ്പം തന്നെ പുതുക്കിയ എതിരാളികൾക്കിടയിൽ മോഡലുകളെ പുതുമ നിലനിർത്തിക്കൊണ്ട് സ്ലാവിയയിലും കുഷാഖിലും കൂടുതൽ അപ്‌ഡേറ്റുകളും സ്പെഷ്യൽ എഡിഷൻ മോലുകൾ കൊണ്ടുവരാനും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന് പദ്ധതിയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.
മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കുന്നതിനു മുന്നോടിയായി സ്റ്റോക്ക് ക്ലിയറൻസിനായി കിടിലൻ ഇയർ എൻഡ് ഓഫറുകളും സ്കോഡ വാഗ്ദാനം ചെയ്യുന്നുണ്ട്. വില വർധനവിന് മുന്നോടിയായി തന്നെ സ്ലാവിയയും കുഷാഖുമെല്ലാം സ്വന്തമാക്കാനുള്ള സുവർണാവസരമാണിത്. മിഡ്-സൈസ് എസ്‌യുവിക്ക് 1.25 ലക്ഷം രൂപ വരെയുള്ള കിഴിവുകളും ആനുകൂല്യങ്ങളുമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം നാല് വർഷത്തെ അല്ലെങ്കിൽ 60,000 കിലോമീറ്റർ സർവീസ് പാക്കേജും വണ്ടിക്കൊപ്പം ലഭിക്കും.

1.50 ലക്ഷം രൂപ വരെയുള്ള ഇയർ എൻഡ് ഓഫറാണ് സ്ലാവിയയ്ക്ക് ഡിസംബർ മാസത്തിൽ ഒരുക്കിയിരിക്കുന്നത്. കുഷാഖിനെ പോലെ നാല് വർഷത്തെ അല്ലെങ്കിൽ 60,000 കിലോമീറ്റർ സർവീസ് പാക്കേജും സെഡാനൊപ്പം ബ്രാൻഡ് നൽകുന്നുണ്ട്. ഡിസംബറിൽ സ്കോഡയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയുടെ L&K വേരിയന്റ് വാങ്ങാനെത്തുന്നവർക്ക് 39.99 ലക്ഷം രൂപയ്ക്ക് കൊഡിയാക് സ്വന്തമാക്കാനാവും.
നേരത്തെയുണ്ടായിരുന്ന 41.95 ലക്ഷം രൂപയിൽ നിന്ന് വാഹനത്തിന്റെ വില 1.96 ലക്ഷം രൂപയായി വെട്ടിക്കുറച്ചു. അതേസമയം ബേസ്, മിഡിൽ വേരിയന്റുകൾ 40,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും 30,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യങ്ങളോടെയും സ്വന്തമാക്കാം. കോംപ്ലിമെന്ററിയായി 7 സീറ്റർ എസ്‌യുവി വാങ്ങുന്നവർക്ക് നാല് വർഷത്തെ അല്ലെങ്കിൽ 60,000 കി.മീ സർവീസ് പാക്കേജും സ്കോഡ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








