ഒക്‌ടാവിയ ഇനി ഓർമ; ഇന്ത്യൻ നിരത്തൊഴിഞ്ഞ് സ്കോഡയുടെ ഇതിഹാസം
ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയ്ക്ക് ഇന്ത്യയിൽ അഡ്രസുണ്ടാക്കി കൊടുത്ത വാഹനമായിരുന്നു ഒക്‌ടാവിയ. കാർ വിപണിയിൽ സെഡാനുകൾ അരങ്ങുവാണിരുന്ന കാലത്ത് യൂറോപ്യൻ പാരമ്പര്യവുമായി എത്തിയ മോഡലായിരുന്നു ഒക്‌ടാവിയ എന്ന എക്‌സിക്യൂട്ടീവ് സെഡാൻ. ഈ സെഗ്മെന്റിന്റെ കാഴ്ച്ചപ്പാട് തന്നെ മാറ്റിമറിച്ച ഇതിഹാസം ഒരിടയ്ക്ക് നമ്മുടെ നിരത്തുകളിലുണ്ടാക്കിയെടുത്ത ഓളം ചെറുതൊന്നുമല്ലായിരുന്നു.
സെക്കൻഡ് ഹാൻഡ് വിപണിയിലും ഒക്‌ടാവിയ സ്റ്റാറായിരുന്നു. വില, ഡിസൈൻ, സേഫ്റ്റി, സാങ്കേതികവിദ്യ, പെർഫോമൻസ്, സ്പേസ്, സുഖസൗകര്യങ്ങൾ എന്നിവ ഒരുമിച്ചൊരുക്കിയാണ് സെഡാൻ വിസ്‌മയം ഒരുക്കിയത്. ഇന്ത്യയിൽ മാത്രം ഏതാണ്ട് ഒരു ലക്ഷം യൂണിറ്റുകൾക്ക് മുകളിൽ ഒക്‌ടാവിയയും കമ്പനി വിറ്റഴിച്ചിട്ടുണ്ട്. എന്നാൽ മെയിന്റനെൻസ് ചെലവിന്റെ കാര്യത്തിൽ സ്കോഡയ്ക്കുണ്ടായിരുന്ന ചീത്തപ്പേരും ഒക്‌ടാവിയയിലൂടെയാണ് പടർന്നത്. വിപണിയിൽ എത്തി 21 വർഷങ്ങൾക്കിപ്പുറം ഇന്ത്യയിൽ നിന്നും ഔദ്യോഗികമായി പടിയിറങ്ങിയിരിക്കുകയാണ് ഒക്‌ടാവിയ.

ഇന്ത്യയിൽ CKD കിറ്റുകളിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ കൂടിയായിരുന്നു ഇത്. പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് എക്‌സിക്യൂട്ടീവ് സെഡാൻ വിപണിയൊഴിയുന്നത്. ഒക്ടാവിയ നിർത്തലാക്കിയതോടെ ചെക്ക് ബ്രാൻഡ് നിരയിൽ ഇനി മുതൽ സ്ലാവിയ, കുഷാഖ്, കൊഡിയാക്, സൂപ്പർബ് എന്നിവ മാത്രമേ വിൽപ്പനയ്ക്ക് എത്തുകയുള്ളൂ. ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന പുതിയ മലിനീകരണ നിയന്ത്രണങ്ങൾ ഒക്ടാവിയയുടെ എഞ്ചിൻ പാലിച്ചിട്ടില്ലാത്തതിനാൽ വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
എന്നാൽ സൂപ്പർബും ഉടൻ നിരത്തുകൾ ഒഴിയുമെന്നാണ് ലഭിക്കുന്ന വിവരം. പോയ വർഷമാണ് ഒക്‌ടാവിയയുടെ നാലാം തലമുറ ഒക്‌ടാവിയ മോഡൽ ഇന്ത്യയിലേക്ക് വരുന്നത്. ദീർഘകാലമായി വിപണിയിൽ നിന്നും വിട്ടുനിന്നതിനു ശേഷം 2021 ജൂണിലാണ് ഡി-സെഗ്മെന്റിലേക്ക് ഒക്‌ടാവിയ തിരിച്ചെത്തുന്നത്. CKD റൂട്ടിലൂടെ വരുന്നതിനാല്‍ തന്നെ വളരെ പരിമിതമായ യൂണിറ്റുകളിൽ മാത്രമാണ് വാഹനം വിൽപ്പനയ്ക്ക് എത്തിയിരുന്നത്. കാറിന്റെ നാലാം തലമുറ ആവർത്തനത്തിന് ഏറെ സ്വീകാര്യതയും ലഭിച്ചിരുന്നു.

ശരിക്കും രാജ്യത്തെ പല ലക്ഷ്വറി കാറുകളോടും കിടപിടിക്കുന്ന രാജകീയ യാത്രയാണ് ഒക്‌ടാവിയ സമ്മാനിക്കുന്നത്. സ്‌കോഡയുടെ MQB EVO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ നിര്‍മാണം. ലാവ ബ്ലൂ, മാജിക് ബ്ലാക്ക്, കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, മേപ്പിള്‍ ബ്രൗണ്‍ എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് സെഡാൻ ലഭ്യമാകുന്നത്. സ്റ്റൈൽ, ലോറിൻ ആൻഡ് ക്ലെമന്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന കാറിന് യഥാക്രമം 27.35 ലക്ഷം രൂപയും 30.45 ലക്ഷം രൂപയുമായിരുന്നു എക്സ്ഷോറൂം വില.
190 bhp കരുത്തിൽ 320 Nm torque വരെ നല്‍കുന്ന 2.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനായിരുന്നു സ്കോഡ ഒക്‌ടാവിയ ഉപയോഗിച്ചിരുന്നത്. 7 സ്പീഡ് DSG എന്നറിയപ്പെടുന്ന ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരുന്ന എഞ്ചിൻ പെർഫോമൻസിന്റെ കാര്യത്തിലും മിടുക്കനായിരുന്നു. 0 മുതൽ 100 കിലോമീറ്റർ വേഗത വെറും 9.3 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവുന്ന കാറിന് 15.8 കിലോമീറ്റർ മൈലേജാണ് സ്കോഡ വാഗ്‌ദാനം ചെയ്‌തിരുന്നത്.

എസ്‌യുവി മോഡലുകളോട് ആളുകള്‍ കാണിച്ചു തുടങ്ങിയ ഭ്രമം സെഡാന്‍ സെഗ്‌മെന്റിനെ തളര്‍ത്തിയിരുന്നു. ആയതിനാൽ ഇന്ത്യയിലെ ഡി-സെഗ്മെന്റിലുണ്ടായിരുന്ന ഹോണ്ട സിവിക്, റെനോ ഫ്ലൂയൻസ്, ഫോക്‌സ്‌വാഗൺ ജെറ്റ, ഹ്യുണ്ടായി എലാൻട്ര, ടൊയോട്ട കൊറോള എന്നിവ പല കാലങ്ങളായി നിർത്തലാക്കിയിരുന്നു. അങ്ങനെ രാജ്യത്തെ ഏക എക്‌സിക്യൂട്ടീവ് സെഡാനായി വാഴുകയായിരുന്നു ഒക്‌ടാവിയ. 2022 സാമ്പത്തിക വർഷത്തിൽ സ്കോഡ ഒക്ടാവിയയുടെ മൊത്തം 1,915 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റുവെന്നാണ് കണക്കുകൾ.
നിർത്തലാക്കിയെങ്കിലും സ്കോഡയുടെ ഒരു സെഡാൻ കാർ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് നിലവില്‍ സ്ലാവിയയിലേക്ക് ചേക്കേറാനാവും. വില്‍പ്പനയില്‍ തിളങ്ങി നില്‍ക്കുന്ന സ്ലാവിയ, കുഷാക്ക് എന്നിവയുടെ വില്‍പ്പനയില്‍ കാര്യമായി ശ്രദ്ധകൊടുക്കാനും ഇതോടെ ബ്രാൻഡിനാവും. രണ്ട് വാഹനങ്ങളും കമ്പനിക്ക് ഇന്ത്യയിൽ പുതുജീവനേകിയവരാണ്. പെർഫോമൻസ്, സേഫ്റ്റി, കിടിലൻ വില എന്നിവ കോർത്തിണക്കിയ സ്കോഡയുടെ ബജറ്റ് ഫ്രണ്ട്ലി കാറുകൾ ഇന്ന് ജനപ്രിയമാണ്. ഉയർന്ന മെയിന്റനെൻസ് ചെലവുകളുണ്ടെന്ന പേരുദോഷവും ഇവയിലൂടെ കമ്പനി മറികടക്കുകയും ചെയ്‌തു.


Click it and Unblock the Notifications