Tata Altroz i-CNG കിടുക്കും! വരവ് സൺറൂഫും ഡിജിറ്റൽ ഡിസ്പ്ലേയും ഒരുക്കി
ഒരു വർഷത്തിനു മുകളിലായി ഇന്ധന വില ഉയർന്നു നിൽക്കുമ്പോൾ മൈലേജുള്ള കാറുകൾ തേടിയെത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിരിക്കുകയാണ്. ചെറിയ ചെലവിൽ യാത്ര ചെയ്യാൻ ഏവരും ആഗ്രഹിക്കുന്നതിനുള്ള തെളിവാണിത്. എന്നാൽ ഇന്ധനവില കൂടുന്നതല്ലാതെ കാര്യമായ കുറവൊന്നും അടുത്തകാലത്ത് ഉണ്ടാവാൻ പോവുന്നില്ലെന്നു വേണം പറയാൻ.
ഇത്തരം സന്ദർഭങ്ങളിൽ മികച്ച മൈലേജുള്ള വാഹനങ്ങൾ കണ്ടെത്തുക എന്നതാണ് പ്രധാനം. അല്ലെങ്കിൽ ഇതര ഇന്ധന ബദലുകളിലേക്ക് ചേക്കേറുകയുമാവാം. ഇവിടെയാണ് സിഎൻജി കാറുകൾക്ക് പ്രാധാന്യമർഹിക്കുന്നത്. കുറഞ്ഞ വിലയിൽ കൂടുതലോടാം എന്നത് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡലുകളുടെ വിൽപ്പന വർധിക്കുന്നതിനും കാരണമായിട്ടുണ്ട്. അടുത്തിടെ ടാറ്റ ആൾട്രോസിന്റെ പുതിയ ഐ-സിഎൻജി പതിപ്പ് വിപണിയിൽ അവതരിപ്പിച്ചത് ഇതിനുള്ള ചെറിയ ഉദാഹരണം മാത്രം.

ഒരുകാലത്ത് എൻട്രി ലെവൽ കാറുകളിൽ മാത്രം നൽകിയിരുന്ന സിഎൻജി സാങ്കേതികവിദ്യ ഇപ്പോൾ പ്രീമിയം കാറുകളിലേക്കും എസ്‌യുവികളിലേക്കും വരെ എത്തി നിൽക്കുകയാണ്. ആൾട്രോസ് സിഎൻജിക്കായുള്ള ബുക്കിംഗ് ആരംഭിച്ച കമ്പനി കാറിനെ വെറുതേയൊന്നുമല്ല വിപണിയിൽ അണിനിരത്തുന്നതെന്ന് വ്യക്തമാക്കുകയാണ്. ചില കിടിലൻ ഫീച്ചറുകൾ കോർത്തിണക്കിയാണ് ഐ-സിഎൻജി വേരിയന്റ് വിൽപ്പനയ്ക്ക് എത്തുന്നത്. മെയ് മാസത്തിൽ ഡെലിവറി ആരംഭിക്കാനിരിക്കുന്ന ആൾട്രോസ് സിഎൻജിക്കായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടിപ്പോൾ.
വിപണിയിൽ വൻ ജനപ്രീതിയുള്ള സൺറൂഫ് ഫീച്ചർ കൂടി ആൾട്രോസിന് ലഭിക്കുമെന്നതാണ് ആ സന്തോഷകരമായ വാർത്ത. ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന് ശേഷം സൺറൂഫ് ലഭിക്കുന്ന സെഗ്മെന്റിലെ രണ്ടാമത്തെ മോഡലാണിത്. എന്നാൽ XZ+ S എന്ന് നാമകരണം ചെയ്യപ്പെടുന്ന ആൾട്രോസിന്റെ ടോപ്പ് എൻഡ് വേരിയന്റിലേക്ക് മാത്രമാണ് ഈ ഫീച്ചർ ആദ്യഘട്ടത്തിൽ എത്തുകയെന്ന് മാത്രം. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ടീസർ വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.

ആൾട്രോസിലേക്ക് സൺറൂഫ് കൊണ്ടുവരുന്ന കാര്യം ടാറ്റ മോട്ടോർസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വരുംദിവസങ്ങളിൽ ഇതുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ആൾട്രോസ് ഐ-സിഎൻജിയിലും സൺറൂഫ് ഉണ്ടായിരുന്നു എന്നതും ഇവിടെ ഓർത്തെടുക്കാം. ഈ ഫീച്ചർ സിഎൻജി മോഡലിൽ മാത്രമായി പരിമിതപ്പെടുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. എന്നിരുന്നാലും ആദ്യ ഘട്ടത്തിൽ ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താവും മറ്റ് വേരിയന്റുകളിലേക്കും അവതരിപ്പിക്കുക.
ഉടൻ തന്നെ പെട്രോൾ, ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകളിലും സൺറൂഫ് കൊണ്ടുവന്നാൽ മാത്രമേ വിശാലമായ ഉപഭോക്താക്കളെ കമ്പനിക്ക് ആകർഷിക്കാനാവൂ. സൺറൂഫിന് പുറമെ ആൾട്രോസ് ഐ-സിഎൻജിക്ക് ടിയാഗോ സിഎൻജിയിൽ നിന്ന് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും ലഭിക്കും. ഇതും ഏറെ സ്വീകാര്യമായ നടപടികളിൽ ഒന്നാണെന്നു വേണം പറയാൻ. ആൾട്രോസ് സിഎൻജിയുടെ യുഎസ്പി അതിന്റെ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയാണെന്ന് ഏവർക്കും അറിയാമല്ലോ?

വലിയ 60 ലിറ്റർ യൂണിറ്റിന് പകരം രണ്ട് 30 ലിറ്റർ സിഎൻജി ടാങ്കുകളാണ് ടാറ്റ മോട്ടോർസ് ആൾട്രോസ് ഐ-സിഎൻജിയിൽ ഉപയോഗിക്കുന്നത്. ഇത് ബൂട്ട് സ്പേസ് ഗണ്യമായ രീതിയിൽ സ്വതന്ത്രമാക്കാനും സഹായിച്ചിട്ടുണ്ട്. ഇത് മറ്റ് സിഎൻജി കാറുകളിൽ നിന്നും ആൾട്രോസിന് മേൽകൈ നേടാൻ സഹായകരമാവും. മികച്ച ബൂട്ട് സ്പേസ് ഉറപ്പാക്കാൻ ടാങ്കുകൾ ലഗേജ് ഏരിയയ്ക്ക് താഴെയായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്.
കൂടാതെ സിംഗിൾ ECU, പെട്രോളിൽ നിന്ന് സിഎൻജി മോഡിലേക്കും അതു പോലെ തിരിച്ചും സ്വിച്ച് ചെയ്യുമ്പോൾ തടസങ്ങളില്ലാത്തതും ജെർക്ക്-ഫ്രീയുമായ ഡ്രൈവ് എക്സ്പീരിയൻസ് ഉറപ്പാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ആൾട്രോസ് ഐ-സിഎൻജി പത്പിപ് നേരിട്ട് സിഎൻഡി മോഡിൽ തന്നെ സ്റ്റാർട്ട് ചെയ്യാൻ കഴിയുമെന്നതും ഹൈലൈറ്റാണ്. ഇത് ആദ്യമായാണ് ഒരു വാഹനത്തിലേക്ക് എത്തുന്നത്. കൂടാതെ സേഫ്റ്റിയുടെ കാര്യത്തിലും ഉപഭോക്താക്കൾക്ക് ആശങ്കവേണ്ടന്നാണ് ടാറ്റ പറയുന്നത്. അതിനായി ചില അധിക പൊടികൈകളാണ് ബ്രാൻഡ് പയറ്റിയിരിക്കുന്നത്.

എങ്ങനെയെന്ന് ചോദിച്ചാൽ തെർമൽ ഇൻസിഡന്റ് പ്രൊട്ടക്ഷൻ, ഗ്യാസ് ലീക്ക് ഡിറ്റക്ഷൻ ഫീച്ചർ, ഫ്യുവൽ നിറയ്ക്കുന്ന സമയത്ത് കാർ സ്വിച്ച് ഓഫ് ആണെന്ന് ഉറപ്പാക്കാനുള്ള മൈക്രോ സ്വിച്ച് എന്നിവ കാറിൽ ഉൾപ്പെടുത്തിയാണ് സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.2 ലിറ്റർ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇത് 73.5 bhp പവറിൽ 103 Nm torque വരെ നൽകും.


Click it and Unblock the Notifications








