7.55 ലക്ഷത്തിന് 27 കി.മീ. മൈലേജ്! ആൾട്രോസ് സിഎൻജിയുമായി ടാറ്റ മോട്ടോർസ്
കുറഞ്ഞ വിലയിൽ കിടിലൻ സേഫ്റ്റി നൽകുന്ന കാറുകൾ സ്വപ്‌നം കാണാൻ ഇന്ത്യക്കാരെ പഠിപ്പിച്ചവരാണ് ടാറ്റ മോട്ടോർസ്. നാനോയും ഇൻഡിക്കയുമെല്ലാം പുറത്തിറക്കി വിപ്ലവം സൃഷ്‌ടിച്ച ടാറ്റ ഒരുകാലത്ത് പിന്നോക്കം പോയിരുന്നു. മുഖംതിരിച്ചുനിന്നവരെ ബ്രാൻഡിലേക്ക് ആകർഷിച്ച് വിപണിയുടെ നെറുകയിലേക്ക് ഓടിക്കയറുന്ന കാഴ്ച്ചയാണ് പിന്നീട് നാം കണ്ടത്.
ഹെക്‌സയിൽ തുടങ്ങിയ ഈ വീരഗാഥ പിന്നീട് ടിയാഗോയും ടിഗോറും നെക്സോണുമെല്ലാം ഏറ്റെടുത്തു. അതിനിടയ്ക്ക് മാരുതി ബലേനോയും ഹ്യുണ്ടായി i20 എന്നീ മോഡലുകൾ അരങ്ങുവാണ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് ടാറ്റ ആൾട്രോസുമായി ഇറങ്ങി. ശരിക്കും ഒരു സ്പോർട്‌സ് കാറിന്റെ വശ്യസൗന്ദര്യത്തോടെ എത്തിയ ആൾട്രോസിനെ ഇന്ത്യക്കാർ ഇരുകൈയുംനീട്ടി സ്വീകരിച്ചു. പുത്തൻ മോഡലുകൾക്കായി നിർമിച്ച ആൽഫാ പ്ലാറ്റ്ഫോമിലെത്തിയ മോഡൽ ഡിസൈൻ മികവിനൊപ്പം ഗ്ലോബൽ NCAP ക്രാഷ്ടെസ്റ്റിലെ 5-സ്റ്റാർ റേറ്റിംഗും പേരിനൊപ്പം ചേർത്ത് വിജയചരിത്രം രചിച്ചു.

ഡീസൽ, പെട്രോൾ, ടർബോ പെട്രോൾ എന്നിങ്ങനെ വ്യത്യസ്‌ത വേഷങ്ങളിൽ തിമിർത്താടുന്ന ആൾട്രോസിന്റെ സിഎൻജി വേരിയന്റിനെ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ മോട്ടോർസ് ഇപ്പോൾ. പ്രീമിയം ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പിന് 7.55 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി മുടക്കേണ്ടി വരുന്നത്. അതേസമയം ടോപ്പ് എൻഡിന് 10.55 ലക്ഷം വരെയും മുടക്കേണ്ടി വരും. ടിയാഗോ, ടിഗോർ മോഡലുകളുടെ സിഎൻജി പതിപ്പുകൾക്ക് ശേഷം ടാറ്റ വ്യക്തിഗത സെഗ്‌മെന്റിൽ നൽകുന്ന മൂന്നാമത്തെ സിഎൻജി ഓഫറാണ് ആൾട്രോസ് ഐ-സിഎൻജി.
വോയ്‌സ് അസിസ്റ്റഡ് ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ തുടങ്ങിയ സവിശേഷതകളോടെയാണ് ഈ സിഎൻജി കാർ വരുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. കൂടാതെ സിഎൻജി ടാങ്കുകൾക്കായി ടാറ്റയുടെ പുതിയ ഡ്യുവൽ സിലിണ്ടർ സജ്ജീകരണവും ഇത് അവതരിപ്പിക്കുന്നുവെന്ന കാര്യവും എടുത്തു പറയേണ്ട കാര്യമാണ്. XE, XM+, XM+(S), XZ, XZ+(S), XZ+O(S) എന്നീ ആറ് വേരിയന്റുകളിലുടനീളം ആൾട്രോസിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.

ഓപ്പറ ബ്ലൂ, ഡൗൺടൗൺ റെഡ്, ആർക്കേഡ് ഗ്രേ, അവന്യൂ വൈറ്റ് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ആൾട്രോസി സിഎൻജി മോഡൽ ലഭ്യമാക്കിയിരിക്കുന്നത്. മൂന്ന് വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കി.മീ. സ്റ്റാൻഡേർഡ് വാറണ്ടിയോടെയാണ് കാറിനെ കമ്പനി അണിനിരത്തിയിരിക്കുന്നത്. കാഴ്ച്ചയിൽ പെട്രോൾ-പവർ ആൾട്രോസിന് സമാനമാണ് സിഎൻജി വേരിയന്റ്. ടെയിൽഗേറ്റിൽ 'iCNG' ബാഡ്ജ് നൽകിയിരിക്കുന്നത് മാത്രമാണ് മാറ്റമായി ചൂണ്ടിക്കാണിക്കാനാവുന്നത്.
പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, R16 ഡയമണ്ട് കട്ട് അലോയ് വീലുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള ഹർമന്റെ എട്ട് സ്പീക്കർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് സിഎൻജി ഹാച്ച്ബാക്കിൽ ലഭ്യമായ ഫീച്ചറുകൾ. പ്രീമിയം ലെതറെറ്റ് സീറ്റുകൾ, ഫുൾ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും ആൾട്രോസി സിഎൻജിയുടെ സവിശേഷതകളാണ്.

ആൾട്രോസ് ഐ-സിഎൻജി 1.2 ലിറ്റർ റെവോട്രോൺ എഞ്ചിനാണ് കാറിന്റെ ഹൃദയം. ഇത് 6000 rpm-ൽ 73.5 bhp പവറും 3500 rpm-ൽ 103 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന വാഹനത്തിന്റെ മൈലേജ് കണക്കുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ടിയാഗോ സിഎൻജിക്ക് ലഭിക്കുന്നപോലെ 27 കിലോമീറ്റർ ഇന്ധനക്ഷമത വരെ സിഎൻജി മോഡിൽ ആൾട്രോസ് നൽകിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
മോഡലിന്റെ ട്വിൻ സിലിണ്ടറുകൾ ലഗേജ് ഏരിയകൾക്ക് കീഴിൽ സ്ഥാപിച്ചിരിക്കുന്നത് മികച്ച ബൂട്ട് സ്പേസ് കൈവരിക്കാനും സഹായിച്ചിട്ടുണ്ട്. ടാങ്കുകൾ പരസ്പരം സമാന്തരമായി ക്രമീകരിച്ചിരിക്കുന്നു എന്നതാണ് പ്രത്യേകത. ഓരോന്നിനും 30 ലിറ്റർ ഫ്യുവൽ കപ്പാസിറ്റിയാണ് ടാറ്റ മോട്ടോർസ് ഒരുക്കിയിരിക്കുന്നത്. വിപുലമായ സിംഗിൾ ഇസിയു ലഭിക്കുന്നുവെന്നതും ആൾട്രോസിന്റെ ഹൈലൈറ്റാണ്.

കൂടാതെ സിഎൻജി മോഡിൽ ഡയറക്ട് സ്റ്റാർട്ട് ഫീച്ചറും ടാറ്റ അവകാശപ്പെടുന്നുണ്ട്. മാരുതി സുസുക്കി ബലേനോയുടെ സിഎൻജി വകഭേദങ്ങളുമായാവും ആൾട്രോസ് ഐ-സിഎൻജി വിപണിയിൽ മത്സരിക്കുക. ബനേലോ ഡെൽറ്റ സിഎൻജിക്ക് 8.35 ലക്ഷം രൂപയും ടോപ്പ് എൻഡ് സീറ്റ പതിപ്പിന് 9.28 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. ഇതുവെച്ചു നോക്കുമ്പോൾ ആൾട്രോസ് സിഎൻജിക്ക് കൂടുതൽ മേൽകൈ നേടാനാവും.


Click it and Unblock the Notifications