ബലേനോ വിയർക്കും, 6.90 ലക്ഷത്തിന് ഫീച്ചറുകളുടെ ആറാട്ടുമായി ആൾട്രോസിന് രണ്ട് പുത്തൻ വേരിയന്റുകൾ
പ്രീമിയം ഹാച്ച്ബാക്കുകൾ (Premium Hatchback) എന്നാൽ നമുക്ക് മാരുതി ബലോനോയും ഹ്യുണ്ടായി i20-യും ആയിരുന്ന കാലത്താണ് ടാറ്റ മോട്ടോർസ് (Tata Motors) ഒരു വജ്രായുധത്തെ സെഗ്മെന്റിലേക്ക് കൊണ്ടുവരുന്നത്. ആൾട്രോസ് (Altroz) എന്നുപേരിട്ട് പുറത്തിറക്കിയ മോഡൽ ഡിസൈനിലും സേഫ്റ്റിയിലും വേറെ തലമാണ് ഇന്ത്യയിൽ സൃഷ്‌ടിച്ചത്.
2020-ൽ പുറത്തിറങ്ങിയ കാലത്ത് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിക്കുന്ന രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന കാറായിരുന്നു ആൾട്രോസ്. തുടക്ക കാലത്ത് ഓട്ടോമാറ്റിക് വേരിയന്റ് ഇല്ലാതിരുന്നിട്ടും വിൽപ്പന ചാർട്ടുകളിൽ അതിവേഗം കുതിച്ച ആൾട്രോസ് സെഗ്മെന്റ് കിങായ മാരുതി ബലേനോയ്ക്ക് വരെ ഭീഷണിയായി വളർന്നു. ഡീസൽ, പെട്രോൾ എഞ്ചിൻ കോമ്പിനേഷനും വിജയത്തിന് മേമ്പൊടിയേകി.

പിന്നെ ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സും കൂടി ടാറ്റ അവതരിപ്പിച്ചു. ആൾട്രോസിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് സ്പോർട്ടി ഡിസൈനാണ്. എന്തായാലും വിപണിയിൽ തന്റേതായ സ്ഥാനം കണ്ടെത്തി കുതിക്കുന്ന ഹാച്ചിന് കാലാതീതമായ മാറ്റങ്ങൾ സമ്മാനിക്കുന്നതിലും ടാറ്റ മോട്ടോർസ് ഒരിക്കലും പിശുക്ക് കാട്ടിയിട്ടില്ല. അടുത്തിടെ പ്രീമിയം ഹാച്ച്ബാക്കിന് സൺറൂഫും സിഎൻജി ഫ്യുവൽ ഓപ്ഷനും അവതരിപ്പിച്ച് ടാറ്റ കാറിനെ പുതുക്കിയിരുന്നു.
ഇതിനു പിന്നാലെയിതാ ഇപ്പോൾ ആൾട്രോസിന് രണ്ട് പുതിയ ഫീച്ചർ പായ്ക്ക്ഡ് മിഡ് വേരിയന്റുകൾ കൂടി പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. XM, XM(S) എന്നിങ്ങനെ രണ്ട് പുതിയ പ്രീമിയം വേരിയന്റുകൾ വരും ദിവസങ്ങളിൽ കൂടുതൽ വിൽപ്പന പിടിക്കാൻ കമ്പനിയെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ XM വേരിയന്റുകൾക്ക് യഥാക്രമം 6.90 ലക്ഷം രൂപയും 7.35 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

ആൾട്രോസിന്റെ XE, XM+ വേരിയന്റുകൾക്കിടയിൽ ഇടംപിടിച്ചിരിക്കുന്ന XM(S)-ൽ ഇലക്ട്രിക് സൺറൂഫ് ഉൾപ്പെടെയുള്ള കൂടുതൽ ഫീച്ചറുകളാണ് ഉപഭോക്താക്കൾക്കായി ടാറ്റ മോട്ടോർസ് കൊണ്ടുവന്നിരിക്കുന്നത്. പുതിയ വേരിയന്റുകൾ അവതരിപ്പിക്കുന്നതിലൂടെ വിശാലമായ ശ്രേണിയും ആകർഷകത്വവുമുള്ള ഉപഭോക്താക്കളെയും ബ്രാൻഡിലേക്ക് അടുപ്പിക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.2 ലിറ്റർ ത്രീ-സിലിണ്ടർ റെവോട്രോൺ പെട്രോൾ എഞ്ചിനിലാണ് പുതിയ വേരിയന്റുകൾ പ്രത്യേകമായി ലഭ്യമാകുക.
5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 86 bhp പവറിൽ പരമാവധി 113 Nm torque നൽകാനാവും. ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം ആൾട്രോസ് XM പതിപ്പിൽ സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, 16 ഇഞ്ച് വീലുകൾ എന്നിവയുണ്ടാകും. ടാറ്റ ആൾട്രോസ് XM(S) വേരിയന്റിന് XM പതിപ്പിൽ ലഭ്യമാക്കിയിട്ടുള്ള മറ്റെല്ലാ ഫീച്ചറുകൾക്കൊപ്പം ഒരു ഇലക്ട്രിക് സൺറൂഫ് അധികമായി ഒരുക്കിയിട്ടുണ്ട്.

ഇതുകൂടാതെ ഹാച്ച്ബാക്കിലെ ആക്സസറികളുടെ കാറ്റലോഗിൽ നിന്ന് ഉപഭോക്താക്കൾക്ക് വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തെരഞ്ഞെടുക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു. കൂടാതെ, ആൾട്രോസിന്റെ എല്ലാ വേരിയന്റുകളിലും മാനുവൽ പെട്രോൾ ട്രിമ്മുകളിൽ സ്റ്റാൻഡേർഡായി നാല് പവർ വിൻഡോകളും റിമോട്ട് കീലെസ് എൻട്രിയും ലഭിക്കും.ആൾട്രോസ് 1.2 പെട്രോൾ മാനുവലിന്റെ മറ്റ് വകഭേദങ്ങളും ടാറ്റ പുനഃക്രമീകരിച്ചതായി അറിയിച്ചിട്ടുണ്ട്.
XE വേരിയന്റിന് ഇപ്പോൾ പിൻ പവർ വിൻഡോകളും റിമോട്ട് കീലെസ് എൻട്രിയും ഫോളോ-മീ-ഹോം ഹെഡ്‌ലാമ്പുകളും ബ്രാൻഡ് നൽകുന്നുണ്ട്. അതേസമയം XM+, XM+ S വേരിയന്റുകൾക്ക് റിവേഴ്‌സ് ക്യാമറ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, പ്രീമിയം ലുക്കിംഗ് ഡാഷ്‌ബോർഡ് എന്നിവ ലഭിക്കും. ആൾട്രാസിന്റെ XT ട്രിമ്മിന് ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും 16 ഇഞ്ച് ഹൈപ്പർസ്റ്റൈൽ വീലുകളും പിൻ ഡീഫോഗറും ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നു.

സബ്-4 മീറ്റർ എസ്‌യുവി മോഡലുകളുടെ വരവോടെ ഇന്ത്യൻ വിപണിയിലെ പ്രീമിയം ഹാച്ച്ബാക്ക് വിപണിക്ക് ചെറിയ ഇടിവുണ്ടായിട്ടുണ്ടെങ്കിലും ഇതെല്ലാം നികത്താനുള്ള ശ്രമങ്ങളും അതത് ബ്രാൻഡുകൾ നടത്താറുണ്ട്. സെഗ്മെന്റിൽ മാരുതി സുസുക്കി ബലേനോയാണ് ഒന്നാമതുള്ളതെങ്കിലും ആൾട്രോസിന്റെ പ്രധാന്യത്തെ തള്ളിക്കളയാനാവില്ല. ഡീസൽ, പെട്രോൾ, സിഎൻജി എന്നിങ്ങനെയുള്ള വ്യത്യസ്‌തമാർന്ന എഞ്ചിൻ ഓപ്ഷനുകളും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമാണ് ഹാച്ചിനെ വേറിട്ടു നിർത്തുന്ന ഘടകം.


Click it and Unblock the Notifications