പെട്രോളിലും ഡീസലിലും സിഎൻജിയിലും വാങ്ങാം, ഫീച്ചറുകൾ കുത്തിനിറച്ച് ആൾട്രോസിന്റെ പുത്തൻ വേരിയന്റ്
ഇന്ത്യൻ ജനതയുടെ മനസിനുള്ളിൽ പ്രത്യേക സ്ഥാനമുള്ളവരാണ് ടാറ്റ മോട്ടോർസ്. വാഹന വിപണിയിലെ അതികായകൻമാരായി വളരുന്ന കമ്പനി സുരക്ഷിതമായ കാറുകൾ ഒരുക്കിയാണ് ജനമനസുകൾ കീഴടക്കിയത്. ഏത് മോഡലിറക്കിയാലും ഹിറ്റടിക്കുന്ന ഫോർമുലയും ടാറ്റയുടെ പുതിയ ചേരുവയാണ്. ടിയാഗോ മുതൽ അങ്ങ് സഫാരി വരെ നീളുന്ന മോഡൽനിര ഒരേപോലെ വിജയം ആസ്വദിക്കുന്നവയാണ്.
പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്‌ട്രിക് തുടങ്ങിയ സാധ്യമായ എല്ലാ ഇന്ധനതരങ്ങളിലും കാലുറപ്പച്ചവർകൂടിയാണ് ടാറ്റ മോട്ടോർസ്. ഇന്ത്യയിൽ ഇത്രയും വ്യത്യസ്‌ത വിഭാഗങ്ങളിലായി കാറുകൾ പുറത്തിറക്കുന്ന ചുരുക്കം ചില ബ്രാൻഡുകളിൽ ഒന്നാണ് ടാറ്റ. iCNG സാങ്കേതികവിദ്യയിൽ വിപണിയിൽ എത്തിയ ടിയാഗോയ്ക്കും ടിഗോറിനും ശേഷം തങ്ങളുടെ മൂന്നാമത്തെ സിഎൻജി മോഡൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനിയിപ്പോൾ. ജനപ്രിയനായ ആൾട്രോസിന്റെ നാച്ചുറൽ ഗ്യാസ് വേരിയന്റ് ഉടൻ വിപണിയിലേക്ക് എത്തും.

ഇതിനൊപ്പം ആൾട്രോസിന് കൂടുതൽ ജനസമ്മതനാക്കാനായി വേരിയൻ്റ് നിരയിലേക്ക് പുതിയ അതിഥികളും എത്തും. പ്രീമിയം ഹാച്ച്ബാക്കിലേക്ക് ടാറ്റ മോട്ടോർസ് ഒരു പുതിയ മിഡ്-സ്പെക്ക് XM+ (S) വേരിയന്റിനെയാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. പെട്രോൾ, ഡീസൽ, CNG എന്നീ മൂന്ന് ഇന്ധന ഓപ്ഷനുകളിലും ലഭ്യമാകുമെന്നതാണ് പ്രധാന ഹൈലൈറ്റ്. നൈറ്റഡ് റൂഫ് ലൈനർ, ഷാർക്ക് ഫിൻ ആന്റിന, റെയിൻ സെൻസിംഗ് വൈപ്പറുകൾ തുടങ്ങിയ അധിക ഫീച്ചറുകൾ വാഗ്ദാനം ചെയ്‌താവും ഈ മോഡൽ വേറിട്ടുനിൽക്കുക.
അതേസമയം ആൾട്രോസ് XM+ (S) സിഎൻജി പതിപ്പ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സൺറൂഫ് തുടങ്ങിയ പ്രത്യേക ഫീച്ചറുകളുമായാണ് വരുന്നത് എന്നും ടാറ്റ അറിയിച്ചിട്ടുണ്ട്. ലതറെറ്റ് സീറ്റുകൾ, ഹൈപ്പർ-സ്റ്റൈൽ വീലുകൾ, റിവേഴ്‌സ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ്കൺട്രോൾ, സൺഗ്ലാസ് ഹോൾഡർ, ക്രമീകരിക്കാവുന്ന പിൻ ഹെഡ്‌റെസ്റ്റുകൾ എന്നിവയുൾപ്പെടെയുള്ള അധിക സവിശേഷതകളോടെ ടാറ്റ നിലവിൽ ലഭ്യമായ XT വേരിയന്റിനെ മെച്ചപ്പെടുത്തുമെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്. അതേസമയം XT ഡാർക്ക് എഡിഷന് ലെതർ സ്റ്റിയറിംഗ് കവറും കമ്പനി സമ്മാനിക്കും.

നിലവിൽ ടാറ്റ ആൾട്രോസിന്റെ XM+, XT വേരിയന്റുകൾ തമ്മിൽ ഏകദേശം 55,000 രൂപയുടെ വില വ്യത്യാസമുണ്ട്. XM+ (S) ഈ രണ്ട് വേരിയന്റുകൾക്ക് ഇടയിലായിരിക്കും സ്ഥാപിക്കുക. എന്നാൽ XM+ വേരിയന്റിനേക്കാൾ 15,000 രൂപ മുതൽ 20,000 രൂപ വരെ മാത്രമായിരിക്കും പുതിയ പതിപ്പിനായി മുടക്കേണ്ടി വരികയെന്നാണ് പ്രതീക്ഷിക്കുന്നത്. ആൾട്രോസിന്റെ മൂന്ന് എഞ്ചിൻ ഓപ്‌ഷനുകളിലും ലഭ്യമായ ഏതാനും വേരിയന്റുകളിൽ ഒന്നായി XM+ (S) മാറുമെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം.
നിലവിലെ ആൾട്രോസിന് 1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ, 1.2 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. ആദ്യത്തെ NA യൂണിറ്റിന് 86 bhp പവറിൽ 113 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുന്നത്. അതേസമയം ഡീസലിന് 90 bhp kരുത്തിൽ ഏകദേശം 200 Nm torque നിർമിക്കാനാണാവുന്നത്.

ഇനി ടർബോ പെട്രോൾ മോഡലിലേക്ക് നോക്കിയാൽ 109 bhp കരുത്തിൽ 140 Nm torque ആണ് വികസിപ്പിക്കുന്നത്. എല്ലാ എഞ്ചിൻ ഓപ്ഷനുകളും 5-സ്പീഡ് മാനുവലുമായി വരുമ്പോൾ NA പെട്രോൾ പതിപ്പിൽ മാത്രം 6 സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് ഓപ്ഷണലായി ടാറ്റ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം മൈലേജ് ഹൈലൈറ്റായതിനാൽ വരാനിരിക്കുന്ന സിഎൻജി പതിപ്പിന് 74 bhp പവറിൽ 103 Nm torque വരെ നൽകാനാവും.
ട്രാൻസ്മിഷനായി 5-സ്പീഡ് മാനുവൽ ഗിയബോക്‌സ് സംവിധാനമായിരിക്കും ടാറ്റ കരുതിവെച്ചിരിക്കുന്നത്. വലിയ 60 ലിറ്റർ യൂണിറ്റിന് പകരം രണ്ട് 30 ലിറ്റർ സിഎൻജി ടാങ്കുകളാണ് ബ്രാൻഡ് ആൾട്രോസ് ഐ-സിഎൻജിയിൽ ഉപയോഗിക്കുന്നത്. ഇത് ബൂട്ട്സ്പേസ് ലാഭിക്കാനും സഹായിച്ചിട്ടുണ്ട്. തെർമൽ ഇൻസിഡന്റ് പ്രൊട്ടക്ഷൻ, ഗ്യാസ് ലീക്ക് ഡിറ്റക്ഷൻ ഫീച്ചർ, ഫ്യുവൽ നിറയ്ക്കുന്ന സമയത്ത് കാർ സ്വിച്ച് ഓഫ് ആണെന്ന് ഉറപ്പാക്കാനുള്ള മൈക്രോ സ്വിച്ച് തുടങ്ങിയ അധിക സുരക്ഷയും വാഹനത്തിലുണ്ട്.


Click it and Unblock the Notifications








