ഇക്കാര്യത്തിൽ മാരുതിയെ തൂക്കും... കാറുകൾക്ക് മൈലേജ് വർധിപ്പിച്ച് ടാറ്റ മോട്ടോർസ്
സേഫ്റ്റിയുടെ കാര്യത്തിൽ ടാറ്റ കാറുകളെ വെല്ലാൻ കഴിഞ്ഞേ മറ്റ് ബ്രാൻഡുകളുള്ളൂവെന്നാണ് നിലവിലെ പൊതുധാരണ. ടിയാഗോ മുതൽ സഫാരി വരെ നീളുന്ന ലൈനപ്പിൽ ഒരു വണ്ടിക്കും സുരക്ഷയുടെ ഒരു കുറവുമില്ലെന്നു വേണം പറയാൻ. എന്നാൽ സർവീസിനെയും എഞ്ചിന്റെ റിഫൈൻമെന്റിനെയും കുറിച്ചുള്ള പോരായ്‌മകളും പരാതികളും അടിക്കടി ഉപഭോക്താക്കൾ ഉന്നയിക്കാറുണ്ട്.
ഇക്കാര്യത്തിൽ മാരുതിയാണ് മിടുക്കനെന്ന് പറയുന്ന പക്ഷമാണ് നമുക്ക് കൂടുതലായുള്ളത്. എന്നാൽ 2023 ഏപ്രിൽ ഒന്നിന് രാജ്യത്ത് നടപ്പിലാക്കാൻ പോവുന്ന കർശനമായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തെ തുടർന്ന് കമ്പനികളെല്ലാം തങ്ങളുടെ മോഡൽ നിരയിലാകെ എഞ്ചിൻ പരിഷ്ക്കരണം നടപ്പിലാക്കി വരികയാണ്. ടാറ്റയും തങ്ങളുടെ കാറുകളുടെ എഞ്ചിൻ നവീകരണത്തിന് വിധേയമാക്കിയതോടെ കൂടുതൽ റിഫൈൻമെന്റും കൈവരിച്ചിരിക്കുകയാണ്. ത്രീ സിലിണ്ടർ എഞ്ചിനുള്ള കാറുകളുടെ വൈബ്രേഷനും കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

എഞ്ചിൻ പരിഷ്ക്കരണത്തിലുണ്ടായ ചെലവുകളുടെ ഉയർച്ച നിയന്ത്രിക്കാനായി ടാറ്റ മോട്ടോർസ് ഉൾപ്പെടെയുള്ള മിക്ക കാർ നിർമാതാക്കളും ഈ വർഷം വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് ടാറ്റ ശ്രേണിയിലുടനീളം വില വർധനവ് നടപ്പിലാക്കുന്നത്. വില ഉയർത്തിയിട്ടുണ്ടെങ്കിലും ഉപഭോക്താക്കളെ കൈയിലെടുക്കാനുള്ള ഒരു പൊടികൈ ബ്രാൻഡ് പ്രയോഗിച്ചിരിക്കുകയാണ്. നെക്‌സോൺ, ആൾട്രോസ്, പഞ്ച്, ടിയാഗോ, ടിഗോർ എന്നിവയുടെ ബിഎസ്-VI ഫേസ് II പതിപ്പുകൾക്ക് മൈലേജ് കൂട്ടിയെന്നാണ് ടാറ്റയുടെ അഭിപ്രായം.
ഈ കാറുകളുടെ പെട്രോൾ, ഡീസൽ വേരിയന്റുകളിലുടനീളം ഇനി മുതൽ മൈലേജ് 0.60 കിലോമീറ്റർ മുതൽ 2.40 കിലോമീറ്റർ വരെ അധികമായി ലഭിക്കുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. വർധിച്ച മൈലേജ് ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്ന കാര്യമാണ്. മുൻമോഡലിനെ അപേക്ഷിച്ച് ടിഗോറിv് അധികമായി 0.60 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കും. 19.60 കി.മീ ആണ് സെഡാന്റെ പുതിയ മൈലേജ്. അതേസമയം ആൾട്രോസ് പെട്രോളിൽ 0.70 കി.മീ ഉയർന്ന് പുതിയ മൈലേജ് ലിറ്ററിന് 19.30 കിലോമീറ്ററായി.

ജനപ്രിയമായ നെക്‌സോൺ പെട്രോൾ മോഡലിന് 0.75 കിലോമീറ്റർ വർധിച്ച് ഇപ്പോൾ ലിറ്ററിന് 17.10 കിലോമീറ്റർ മൈലേജ് നൽകും. ടിയാഗോ ഹാച്ച്ബാക്കിന് 1 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഇനി അധികമായി ലഭിക്കുക. അങ്ങനെ കാറിന്റെ പുതിയ മൈലേജ് 20.01 കി.മീ. ആയി മാറി. പഞ്ചിന് 1.13 കിലോമീറ്റർ മൈലേജാണ് ഉയർന്നിരിക്കുന്നത്. അങ്ങനെ മൈക്രോ എസ്‌യുവി മോഡലിന് പുതിയ മൈലേജ് 20.10 കിലോമീറ്ററായും ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നു.
ഇനി ടാറ്റയുടെ ഡീസൽ എഞ്ചിൻ മോഡലുകളിലേക്ക് നോക്കിയാലും അവിടെയും വർധനവ് ഉണ്ടായിട്ടുണ്ട്. ആൾട്രോസ് ഡീസലിന് 0.60 കിലോമീറ്ററോളം ഉയർന്ന് പുതിയ മൈലേജ് ലിറ്ററിന് 23.60 കിലോമീറ്ററായി മാറി. നെക്സോൺ ഡീസൽ മാനുവലിന് 2.10 കിലോമീറ്ററിന്റെ വർധനവാണ് ഇന്ധനക്ഷമതയിൽ ഉണ്ടായിരിക്കുന്നത്. അങ്ങനെ എസ്‌യുവിക്ക് 23.20 കി.മീ. മൈലേജ് ഇനി മുതൽ ഉണ്ടാവും. ഡീസൽ എഎംടിയിലും 2.40 കിലോമീറ്ററിന്റെ വർധനവ് കൈവരിച്ച് 24.10 കി.മീ. എന്ന കണക്കിലേക്ക് മൈലേജ് എത്തിയിട്ടുണ്ട്.

മൈലേജ് ഉയർത്തിയതിനൊപ്പം പഞ്ച്, ആൾട്രോസ് എന്നിവയുടെ പെട്രോൾ വേരിയന്റുകളുടെ കാര്യത്തിൽ ലോ എൻഡ് ഡ്രൈവബിലിറ്റിയും മെച്ചപ്പെടുത്തിയതായി ടാറ്റ അവകാശപ്പെടുന്നു. ടിയാഗോ, ടിഗോർ, പഞ്ച്, ആൾട്രോസ് എന്നിവയിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വ്യത്യസ്‌ത ട്യൂണുകളിൽ കമ്പനി ഉപയോഗിക്കുന്നത്. ഇത് പരമാവധി 88 bhp പവർ വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 4 കാറുകളിലും 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ സ്റ്റാൻഡേർഡാണ്.
ഓട്ടോമാറ്റിക് പ്രേമികൾക്കായി ആൾട്രോസിൽ 6-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് (DCA) ഓപ്ഷൻ നൽകുമ്പോൾ മറ്റ് മൂന്ന് കാറുകൾക്ക് 5-സ്പീഡ് എഎംടി ഓട്ടോമാറ്റിക് യൂണിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ആൾട്രോസിൽ ടർബോ പെട്രോൾ യൂണിറ്റും ടാറ്റ നൽകുന്നുണ്ട്. ബിഎസ്-VI ഫേസ് II എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനുമൊപ്പം ടാറ്റ തങ്ങളുടെ എല്ലാ കാറുകളുടേയും വാറണ്ടി കാലയളവ് ഉയർത്തുകയും ചെയ്‌തു.

2 വർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ എന്ന മുമ്പത്തെ വാറണ്ടി കാലയളവിനെ അപേക്ഷിച്ച്, പുതിയ വാറണ്ടി 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കി.മീ. ആയാണ് ടാറ്റ മോട്ടോർസ് പരിഷ്ക്കരിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ബ്രാൻഡിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കുമെന്നതിൽ സംശയമൊന്നുമില്ല. സേഫ്റ്റിക്കൊപ്പം മികച്ച മൈലേജ് കിട്ടുന്ന കാര്യം കാറുകൾ വാങ്ങുന്ന ആളുകളെ സംബന്ധിച്ച് മികച്ചൊരു കാര്യമാണ്.


Click it and Unblock the Notifications