ടാറ്റ പണ്ടേ മുത്തല്ലേ... ഹെവി ട്രക്കുകളിലും ADAS വൻ ഹിറ്റ്! വിഡീയോ കാണാം
ഇന്ത്യയിൽ കാറുകൾ വാങ്ങുമ്പോൾ സേഫ്റ്റി നോക്കി വാങ്ങുന്ന ട്രെൻഡിന് തുടക്കമായിട്ട് കാലം ഇമ്മിണിയായൊള്ളൂവെങ്കിലും ഇന്ന് ഏവരും പുത്തൻ കാർ വാങ്ങുമ്പോൾ സുരക്ഷാ ഫീച്ചറുകൾക്ക് കൂടുതൽ പ്രാധാന്യം നൽകി തുടങ്ങി. അങ്ങനെ ഇന്ത്യയിലെ മാസ്-സെഗ്‌മെന്റ് വാഹനങ്ങളിലേക്ക് കുടിയേറിയവരാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS).
എംജി ഗ്ലോസ്റ്ററിലൂടെ ഇന്ത്യയിൽ സുപരിചിതമായ ഈ സംവിധാനം പിന്നീട് മഹീന്ദ്ര XUV700, എംജി ആസ്റ്റർ പോലുള്ള മോഡലുകളിലേക്കും എത്തിയതോടെ ഈ ഫീച്ചർ കൂടുതൽ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുകയും ജനപ്രിയമാവുകയും ചെയ്‌തു. ഇന്ന് പാസഞ്ചർ കാർ വിപണിയിൽ ADAS ഏറെ ഹിറ്റായെങ്കിലും ഇതുവരെ വാണിജ്യ വാഹനങ്ങളിൽ ഈ ഫീച്ചർ ഉള്ളതായി ആരും കേട്ടറിഞ്ഞിട്ടുണ്ടാവില്ല. ഇപ്പോൾ രാജ്യത്തെ ഹെവി ഡ്രൈവർമാരെ സുരക്ഷിതരാക്കാനായി ടാറ്റ മോട്ടോർസ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഈ സെഗ്മെന്റിലേക്ക് പോയ വർഷം അവതരിപ്പിച്ചിരുന്നു.

സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിലെ അഗ്രകണ്യരായ ടാറ്റ തങ്ങളുടെ പ്രീമിയം പ്രൈമ ട്രക്കുകളിലേക്ക് ADAS സേഫ്റ്റി ഫീച്ചർ പരിചയപ്പെടുത്തി കഴിഞ്ഞു. ഇത് എങ്ങനെ ട്രക്കുകളെ സുരക്ഷിതമാക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ പുതിയൊരു ടെലിവിഷൻ പരസ്യ വീഡിയോയും കമ്പനി പുറത്തിറക്കിയിരിക്കുകയാണ്. ട്രക്ക് ഡ്രൈവറും അവന്റെ സഹായിയും ആളൊഴിഞ്ഞ ഹൈവേയിലൂടെ പോവുന്നതാണ് വീഡിയോയുടെ പഞ്ചാത്തലം. എന്നാൽ ഇരുവരും പരസ്പരം സംസാരിച്ച് ഡ്രൈവിംഗിൽ നിന്നും പതിയെ ശ്രദ്ധ തിരിയുകയാണ്.
ട്രക്ക് മുന്നോട്ടു പോവുമ്പോൾ മുന്നിലുണ്ടായിരുന്ന മറ്റൊരു ലോറി വേഗം കുറച്ച് വാഹനം നിർത്തുകയാണ്. ഏകാഗ്രതയില്ലാതെ വണ്ടിയോടിച്ച ടാറ്റ ട്രക്ക് ഡ്രൈവർ ഇതൊന്നും ശ്രദ്ധിച്ചില്ല. വലിയ അപകടത്തിലേക്ക് നീങ്ങുന്ന ട്രക്ക് മുന്നിൽ നിർത്തിയ ലോറിയുടെ സാമീപ്യം സ്വയമേ മനസിലാക്കി ADAS സിസ്റ്റം പ്രവർത്തിപ്പിക്കും. അങ്ങനെ കൂട്ടിയിടി ഒഴിവാക്കാനായി വാഹനം ഓട്ടോണമസ് ബ്രേക്കുകൾ പ്രയോഗിക്കുകയും അപകടം ഒഴിവാക്കുകയും ചെയ്യുന്നു.

കൊളിഷൻ മിറ്റിഗേഷൻ സിസ്റ്റം (CMS) കൂടാതെ ടാറ്റ പ്രൈമ ശ്രേണിയിലുള്ള ട്രക്കുകൾ ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് സിസ്റ്റം (LDWS), ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം (DMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയ സേഫ്റ്റി ഫീച്ചേഴ്‌സുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലകളിൽ ഒന്നാണ് ഇന്ത്യ. ട്രക്കുകളും ട്രെയിലറുകളും പോലുള്ള ഭാരവാഹനങ്ങൾ രാജ്യത്തിന്റെ ജീവനാഡി കൂടിയാണ്.
ഇത്തരം വാഹനങ്ങളാണ് റോഡ് ശൃംഖല ഉപയോഗിച്ച് രാജ്യമെമ്പാടും ആവശ്യമായ വസ്തുക്കൾ എത്തിക്കുന്നത്. മിക്ക ഭാരവാഹനങ്ങളും ഇന്ത്യയിൽ അപകടത്തിൽപ്പെടുന്നത് ഡ്രൈവർമാർ അനുഭവിക്കുന്ന സമ്മർദ്ദം മൂലമാണ്. മണിക്കൂറുകളോളം നീണ്ട ഡ്രൈവിംഗും ചെറിയ വിശ്രമവും ക്ഷീണമുണ്ടാക്കുകയും തുടർന്ന് പലവിധ അപകടങ്ങളുമുണ്ടാക്കുന്ന വാർത്തകളും നമുക്ക് ഏറെ സുപരിചിതമാണ്. ഇത്തരം അപകടങ്ങൾ പാടെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ മോട്ടോർസ് തങ്ങളുടെ വാഹനങ്ങളിലേക്ക് ADAS പോലുള്ള സുരക്ഷാ സംവിധാനങ്ങൾ അവതരിപ്പിക്കുന്നത്.

ട്രക്കുകളിൽ ADAS അവതരിപ്പിക്കുന്നത് ഇന്ത്യൻ റോഡുകളിൽ അനന്തമായി മണിക്കൂറുകൾ ഡ്രൈവ് ചെയ്യുന്ന ട്രക്ക് ഡ്രൈവർമാരെ തീർച്ചയായും സഹായിക്കുകയും അപകടങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും. ഹെവി വാഹനങ്ങളിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം നിർബന്ധമല്ലെങ്കിലും, ഭാവിയിൽ ഇത്തരം സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ട്രക്കുകൾ വാങ്ങാൻ ട്രക്ക് ഫ്ലീറ്റ് ഉടമകളെ സഹായിക്കുന്നതിനായി ഇൻഷുറൻസ് കമ്പനികൾ ഇൻഷുറൻസിൽ കിഴിവുകൾ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് നാം കണ്ടേക്കാം.
മാസ്-സെഗ്‌മെന്റ് കാറുകളിൽ ADAS ഫീച്ചറുകളുടെ വരവോടെ, നിരവധി കാർ ഉടമകൾ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതും വ്യാപകമായിട്ടുണ്ട്. സോഷ്യൽ മീഡിയയിലെല്ലാം കൂടുതൽ റീച്ചിനു വേണ്ടി അപകടങ്ങൾക്ക് കാരണമായേക്കാവുന്ന സുരക്ഷിതമല്ലാത്ത പല കാട്ടിക്കൂട്ടലും നാം കാണാറുണ്ട്. ഇതൊരു ഡ്രൈവിംഗ് സഹായ സംവിധാനമാണ്. ഓൺബോർഡ് റഡാറും ക്യാമറയും പോലുള്ള വിവിധ സെൻസറുകൾ നൽകുന്ന ഡാറ്റ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സവിശേഷത തികച്ചും അപകടങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാനായി വികസിപ്പിച്ച കാര്യമാണ്. ആയതിനാൽ ഇവ ദുരപയോഗം ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണം.
വാഹന നിർമാതാക്കൾ ഇന്ത്യയിൽ ലെവൽ-1, ലെവൽ-2 ADAS ഫംഗ്‌ഷനുകളാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഇത് വാഹനത്തിന്റെ ചലനത്തിന്റെ ഭാഗിക നിയന്ത്രണം ഏറ്റെടുക്കുന്നതിലൂടെ ആളുകളെ സെമി ഓട്ടോണമസ് ഡ്രൈവിംഗ് അനുഭവം നേടാൻ അനുവദിക്കുന്ന സംവിധാനമാണിത്. നമ്മുടെ ഡ്രൈവിംഗ് അനുഭവം എളുപ്പവും സുരക്ഷിതവുമാക്കുന്നതിനാണ് ഈ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇവയുടെ ദുരുപയോഗം മറ്റ് വാഹനങ്ങളിലെ യാത്രക്കാരെ വരെ അപകടത്തിലാക്കുമെന്ന് പ്രത്യേകം ഓർമിക്കേണ്ടതാണ്.


Click it and Unblock the Notifications








