ഹാരിയറിന്റെയും സഫാരിയുടെയും വിൽപ്പന കുറഞ്ഞു, കാശുവാരി മഹീന്ദ്രയും എംജിയും
ഇന്ത്യയിൽ എസ്‌യുവി വിപണിയിൽ ഇന്നേവരെ കാണാത്തത്ര മത്സരമാണ് നടക്കുന്നത്. സബ്-4 മീറ്റർ മുതൽ ലക്ഷ്വറി സെഗ്മെന്റിൽ വരെ ഓരോ മോഡലുകളും തമ്മിൽ ഇഞ്ചോടിഞ്ചാണ് മത്സരിക്കുന്നത്. രാജ്യത്തെ മാസ്-മാർക്കറ്റ് വിഭാഗത്തിൽ ടാറ്റ മോട്ടോർസും മഹീന്ദ്രയും എംജിയുമെല്ലാം കട്ടകട്ടയ്ക്കു നിൽക്കുകയാണ്. ഓരോ മാസവും വിൽപ്പന കണക്കുകൾ മാറിമറിയുമ്പോൾ അടുത്തിടെ നഷ്‌ട കണക്കുകൾ ഉണ്ടായിരിക്കുന്നത് ടാറ്റക്കാണ്.
പ്രീമിയം മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ടാറ്റ ഹാരിയർ, സഫാരി മോഡലുകളെ അണിനിരത്തി കളിക്കുമ്പോൾ മഹീന്ദ്രയാവട്ടെ XUV700, സ്കോർപിയോ ശ്രേണി എന്നിവയിലൂടെ നിറഞ്ഞുനിൽക്കുന്നു. മറുവശത്ത് ചൈനീസ് വാഹന നിർമാതാക്കളായ എംജി മോട്ടോർസാവട്ടെ ഹെക്‌ടർ, ഹെക്ടർ പ്ലസ് മോഡലുകളിലൂടെയും നിറഞ്ഞുനിൽക്കുകയാണ്. മഹീന്ദ്ര XUV700, പുതിയ സ്‌കോർപിയോ N എന്നിവ പുറത്തിറക്കുന്നതിന് മുമ്പ്, ഈ എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചിരുന്നത് ടാറ്റ സഫാരിയും ഹാരിയറുമായിരുന്നു.

പക്ഷേ ഇപ്പോൾ കാര്യങ്ങളാകെ ടാറ്റ മോട്ടോർസിൽ നിന്നും കൈവിട്ടുപോയിരിക്കുകയാണ്. മഹീന്ദ്ര എസ്‌യുവികൾ സെഗ്‌മെന്റിൽ ആധിപത്യം പുലർത്തുമ്പോൾ സഫാരിയുടെയും ഹാരിയറിന്റെയും വിൽപ്പന കാര്യമായി കുറഞ്ഞു. മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്ന സേഫ്റ്റിയും, ഫീച്ചറുകളും അതുപോലെ തന്നെ കിടിലൻ ഡിസൈനും താങ്ങാനാവുന്ന വിലയും എല്ലാം എതിരാളികൾക്ക് വൻതിരിച്ചടിയാണ് നൽകിയത്. ഏഴ് സീറ്റർ മോഡലുകൾക്കെല്ലാം വർധിച്ചു വരുന്ന ഡിമാന്റ് എല്ലാ ബ്രാൻഡുകൾക്കും ഗുണകരമായിട്ടുണ്ട്.
ടാറ്റ ഹാരിയർ, സഫാരി, എംജി ഹെക്ടർ, ഹെക്ടർ പ്ലസ് എന്നിവയ്‌ക്കൊപ്പം മഹീന്ദ്ര സ്‌കോർപിയോ N, XUV700 എന്നിവയുടെ മൊത്തം വിൽപ്പന 2022 ജനുവരിയിൽ വിറ്റ 13,449 യൂണിറ്റുകളിൽ നിന്ന് 45.34 ശതമാനം വർധിച്ച് 19,547 യൂണിറ്റായി ഈ വർഷം ജനുവരിയിൽ ഉയർന്നിരിക്കുകയാണ്. മഹീന്ദ്ര സ്കോർപിയോയാണ് കൂടുതൽ നേട്ടം കൈവരിക്കുന്നത്. പോയ ജനുവരിയിൽ വിറ്റ 3,026 യൂണിറ്റുകളിൽ നിന്ന് 2023 ജനുവരിയിൽ വിൽപ്പന 188 ശതമാനം മെച്ചപ്പെട്ട് 8,715 യൂണിറ്റായി.

XUV700 എസ്‌യുവിയുടെ വിൽപ്പനയും യഥാക്രമം 40.50 ശതമാനവും വർധിച്ചു. 2022 ജനുവരിയിൽ 4,119 യൂണിറ്റുകൾ നിരത്തിലെത്തിയപ്പോൾ ഒരു വർഷത്തിനിപ്പുറം മോഡലിന്റെ 5,787 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. എന്നിരുന്നാലും വിപണി വിഹിതം 31.53 ശതമാനത്തിൽ നിന്ന് 29.61 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നത് കമ്പനിയെ സബന്ധിച്ച് ചെറിയ തിരിച്ചടിയാണ്. വേരിയന്റിനെ ആശ്രയിച്ച് 24-48 ആഴ്ച്ച വരെ നീളുന്ന ബുക്കിംഗ് പിരീഡാണ് വാഹനത്തിനിപ്പോഴുള്ളത്.
എംജി ഹെക്ടർ, ഹെക്ടർ പ്ലസ് എന്നിവയും വിൽപ്പനയിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 2022 ജനുവരിയിൽ വിറ്റ 2,039 യൂണിറ്റുകളിൽ നിന്ന് 19.72 ശതമാനം വർധിച്ച് 2023 ജനുവരിയിൽ വിൽപ്പന 2,441 യൂണിറ്റായി ഉയരുകയാണ് ചെയ്‌തിരിക്കുന്നത്. 12.49 ശതമാനം വിപണി വിഹിതത്തോടെ 402 യൂണിറ്റുകൾ ഇത്തവണ ചൈനീസ് ബ്രാൻഡിന് അധികം വിൽക്കാനായി. പോയ മാസം മോഡൽ നിരയിൽ വില വർധനവ് ഉൾപ്പടെയുള്ള കാര്യങ്ങളും കമ്പനി നടപ്പിലാക്കിയിരുന്നു.

ഹെക്ടർ പെട്രോൾ, ഡീസൽ വേരിയന്റുകൾ ഇപ്പോൾ 14.73 മുതൽ 20.66 ലക്ഷം രൂപ വരെയാണ് മുടക്കേണ്ടി വരുന്നത്. അതേസമയം ഹെക്‌ടർ പ്ലസിന് 18.03 ലക്ഷം മുതൽ 20.65 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടി വരും. മറുവശത്ത് എതിരാളികളായ ടാറ്റ ഹാരിയറിന്റെയും സഫാരിയുടെയും വിൽപ്പന 2023 ജനുവരിയിൽ കുറഞ്ഞു. ഈ രണ്ട് മോഡലുകളുടെയും മൊത്തം വിൽപ്പന പോയ മാസം വെറും 2,604 യൂണിറ്റുകൾ മാത്രമായിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിൽ വിറ്റ 4,265 യൂണിറ്റുകളെ അപേക്ഷിച്ച് 38.94 ശതമാനം ഇടിവാണ് ഈ എസ്‌യുവികൾക്കുണ്ടായിരിക്കുന്നത്. പ്രതിമാസ കണക്കുകളിലും ബ്രാൻഡിന് കാര്യമായ നഷ്‌ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022 ഡിസംബറിലുണ്ടായിരുന്ന 20.36 ശതമാനത്തിൽ നിന്ന് കഴിഞ്ഞ മാസത്തെ വിപണി വിഹിതം 13.32 ശതമാനമായി കുറഞ്ഞു. ഈ മാസമാദ്യം ഹാരിയറിന്റെയും സഫാരിയുടെയും വില ടാറ്റ വർധിപ്പിച്ചിരുന്നു. ഈ കുറഞ്ഞുവരുന്ന വിൽപ്പന കണക്കിലെടുത്ത് ടാറ്റ മോട്ടോർസ് റെഡ് ഡാർക്ക് എഡിഷനുമായി ഹാരിയറും സഫാരിയും ഉടൻ പുറത്തിറക്കും. ഈ വേരിയന്റുകളിൽ ADAS ഫീച്ചറുകളൾ വരെ കമ്പനി വാഗ്‌ദാനം ചെയ്യുമെന്നതാണ് ഹൈലൈറ്റ്.


Click it and Unblock the Notifications








